ചോദ്യം: ജംആയി (ഒരുമിച്ച്) നമസ്‌കരിച്ച ശേഷം ഞാൻ യാത്ര ഒഴിവാക്കുകയും, ജംആക്കുന്നതിനും ഖസ്‌റാക്കുന്നതിനുമുള്ള ദൂരം യാത്ര ചെയ്യാതിരിക്കുകയുമാണെങ്കിൽ അതിന്റെ വിധിയെന്താണ്?
മറുപടി: യാത്രക്ക് തീരുമാനിക്കുകയും നാട്ടിലെ താമസസ്ഥലത്തുനിന്ന് യാത്ര തിരിക്കുകയും ചെയ്തവർക്ക് ഇളവുകൾ സ്വീകരിക്കാവുന്നതാണ്. യാത്രക്ക് തീരുമാനിക്കുന്ന ഒരാൾ നാട്ടിലെ താമസസ്ഥലത്തുനിന്ന് പുറപ്പെടുന്നതുവരെ നോമ്പ് മുറിക്കാനും, ജംആക്കാനും, ഖസ്‌റാക്കാനും അനുവാദമില്ല. എന്നാൽ, താമസസ്ഥലത്തുനിന്ന് പുറപ്പെടുകയാണെങ്കിൽ അവർക്ക് യാത്രയുടെ ഇളവുകൾ സ്വീകരിക്കുന്നത് അനുവദനീയമാണ്. മുഗ്‌നിയിൽ (191/2) ഇബ്‌നു ഖുദാമ പറയുന്നു: ‘യാത്രക്ക് ഉദ്ദേശിക്കുന്ന ഒരുവൻ തന്റെ നാട്ടിലെ വീട്ടിൽ നിന്ന് പുറപ്പെടുന്നതുവരെ ഖസ്‌റാക്കാവതല്ല. ഖസ്‌റ് അവനെ തുടർന്ന് വരുന്നതാണ്. ഇതാണ് മാലിക്, ശാഫിഈ, അൗസാഈ, ഇസ്ഹാഖ്, അബൂ സൗർ എന്നിവരുടെ അഭിപ്രായം; ഒരു വിഭാഗം താബിഉകളുടെയും.’
യാത്രക്ക് ഉദ്ദേശിക്കുന്നവർ തന്റെ നാട്ടിലാണെങ്കിൽ ഖസ്‌റാക്കുന്നത് അനുവദനീയമാണെന്നാണ് അതാഅ്, സുലൈമാൻ ബിൻ മൂസ എന്നിവരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നത്. ഹാരിസ് ബിൻ അബി റബീഅയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ‘അദ്ദേഹം യാത്രക്ക് ഉദ്ദേശിച്ചു. വീട്ടിൽ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു. അവരിൽ അസ്‌വദ് ബിൻ യസീദ്, അബ്ദുല്ലയുടെ കൂട്ടാളികളിൽ ഒരാളല്ലാത്തവരുമുണ്ടായിരുന്നു.’
ഉബൈദ് ബിൻ ജബർ റിപ്പോർട്ട് ചെയ്യുന്നു: ‘റമദാൻ മാസത്തിൽ ഞാൻ ഫുസ്ത്വാതിൽ നിന്നുള്ള കപ്പലിൽ അബൂ ബസ്വറതുൽ ഗിഫാരിയോടൊപ്പമായിരുന്നു. അദ്ദേഹം കപ്പൽ നീക്കുകയും പിന്നീട് തന്റെ ഭക്ഷണത്തിന്റെ അടുക്കലേക്ക് നീങ്ങുകയും ചെയ്തു. അദ്ദേഹം ഭക്ഷണത്തിലേക്ക് ക്ഷണിക്കുമ്പോൾ വീട് വിദൂരത്തായിരുന്നില്ല. തുടർന്ന് അദ്ദേഹം പറഞ്ഞു: അടുത്തേക്ക് വരൂ. ഞാൻ ചോദിച്ചു: താങ്കൾ വീട് കാണുന്നില്ലേ (വീടിന് സമീപത്തല്ലേ)? അബൂ ബസ്വറ പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ റുസൂലിന്റെ സുന്നത്തിൽ നിന്ന് വിട്ടുനിൽക്കുകയാണോ? അങ്ങനെ അദ്ദേഹം ഭക്ഷണം കഴിച്ചു.’ (അബൂദാവൂദ്)
അല്ലാഹു പറയുന്നു: ‘നിങ്ങൾ ഭൂമിയിൽ യാത്ര ചെയ്യുകയാണെങ്കിൽ നമസ്‌കാരം ചുരുക്കി (ഖസ്‌റ്) നിർവഹിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല.’ (അന്നിസാഅ്: 101) അഥവാ താമസസ്ഥലത്തുനിന്ന് പുറപ്പെടുന്നതുവരെ യാത്രചെയ്യുന്നവനാവുകയില്ല. പ്രവാചകൻ(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ‘മദീനയിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹം ചുരുക്കി നമസ്‌കരിക്കാൻ തുടങ്ങി.’ അനസ്(റ) പറയുന്നു: ‘ഞാൻ മദീനയിൽ വെച്ച് പ്രവാചകനൊപ്പം ളുഹർ നാലും ദുൽഹുലൈഫയിൽ വെച്ച് രണ്ടും നമസ്‌കരിച്ചു.’ (ബുഖാരി, മുസ്‌ലിം)
എന്നാൽ, അബൂ ബസറ കപ്പൽ നീക്കുന്നതുവരെ ഭക്ഷണം കഴിച്ചില്ല. ഇത് സ്ഥിരപ്പെടുകയാണെങ്കിൽ, വീടിന് അടുത്താണെങ്കിലും ഖസ്‌റ് ചെയ്യുന്നത് അനുവദനീയമാണ്. ഇബ്‌നു മുൻദിർ പറയുന്നു: ‘യാത്രക്ക് ഉദ്ദേശിക്കുന്നവൻ നാട്ടിലെ വീട്ടിൽനിന്ന് പുറപ്പെടുകയാണെങ്കിൽ ഖസ്‌റ് ചെയ്യാവുന്നതാണെന്ന് നാം റിപ്പോർട്ട് ചെയ്ത മുഴുവൻ പണ്ഡിതരും യോജിച്ചിരിക്കുന്നു.’ ഇതിന്റെ അടിസ്ഥാനത്തിൽ, നാട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ജംആക്കുകയും പിന്നീട് യാത്ര ഒഴിവാക്കുകയും ചെയ്യുകയെന്നതാണ് താങ്കൾ ചോദിച്ചതിന്റെ ഉദ്ദേശമെങ്കിൽ താങ്കളുടെ ജംഅ് ശരിയാവുകയില്ല. യഥാർഥത്തിൽ, നാട്ടിൽ നിന്ന് പുറപ്പെടുമ്പോഴാണ് യാത്രക്കുള്ള ഇളവുകൾ തുടങ്ങുന്നത്.
യാത്രക്കാരൻ താമസസ്ഥലത്തുനിന്ന് പുറപ്പെടുകയും ജംഉം ഖസ്‌റുമായി നമസ്‌കരിക്കുകയും പിന്നീട് യാത്ര ഒഴിവാക്കുകയുമാണെങ്കിൽ, രണ്ടാമതും നമസ്‌കരിക്കേണ്ടതില്ല. ഇബ്‌നു ഖുദാമ പറയുന്നു: ‘ ആദ്യ സമയത്ത് ജംഅ് ചെയ്യുമ്പോൾ, അനുവദനീയമായ ഒഴിവുകഴിവുകൾ ആദ്യ സമയത്തിന്റെ തുടക്കത്തിലും അതിൽ നിന്ന് വിരമിച്ചും രണ്ടാമെത്തെ സമയത്തിന്റെ തുടക്കത്തിലും ഉണ്ടാകേണ്ടത് നിബന്ധനയാണ്. ഈ മൂന്നിൽ ഏതെങ്കിലുമൊന്നിൽ (സമയങ്ങളിൽ) ഒഴിവുകഴിവ് നീങ്ങുകയാണെങ്കിൽ ജംഅ് അനുവദനീയമല്ല.
ആദ്യ സമയത്ത് രണ്ട് (ഒരുമിച്ചുള്ള) നമസ്‌കാരം പൂർത്തീകരിക്കുകയും, അവ രണ്ടിൽ നിന്നും വിരമിച്ച ശേഷം, രണ്ടാമത്തെ നമസ്‌കാര സമയത്തിന് മുമ്പ്, ഒഴിവുകഴിവ് നീങ്ങുകയുമാണെങ്കിൽ, അത് മതിയാകുന്നതാണ്. രണ്ടാമത്തെ സമയത്ത് (ഒരുമിച്ച് നമസ്‌കരിച്ച ശേഷം ഒഴിവുകഴിവ് നീങ്ങുകയാണെങ്കിൽ) അവന് അത് നിർവഹിക്കൽ നിർബന്ധമാകുന്നില്ല. കാരണം, അവന്റെ ഉത്തരവാദിത്തത്തെ പൂർത്തീകരിക്കുന്ന ശരിയായ നമസ്‌കാരം നിർവഹിച്ചുകഴിഞ്ഞു. അതിലൂടെ ഉത്തരവാദിത്തത്തിൽ നിന്ന് അവൻ മുക്തനായിരിക്കുന്നു. തുടർന്ന് അവന് ഉത്തരവാദിത്തമില്ല. കാരണം ഒഴിവുകഴിവുണ്ടാകുന്ന അവസ്ഥയിലാണ് അവൻ ഫർദ് നിർവഹിച്ചത്. ഒഴിവുകഴിവ് നീങ്ങിയതിന് ശേഷം അത് ദുർബലമാവുകയില്ല. തയ്യമ്മുമ് ചെയ്ത് വ്യക്തി നമസ്‌കാരത്തിൽ നിന്ന് വിരമിച്ച ശേഷം വെള്ളം കാണുന്നതുപോലെ.’ (മുഗ്‌നി: 207/2)
ശർഹുൽ മുൻതഹയിൽ (294/1) ബുഹൂത്തി പറയുന്നു: ‘നമസ്‌കാരം ചുരുക്കി (ഖസ്‌റ്) നമസ്‌കരിച്ചവൻ ദൂരം (യാത്ര) പൂർത്തീകരിക്കുന്നതിന് മുമ്പ് മടങ്ങുന്നതിലൂടെ നമസ്‌കാരം ആവർത്തിക്കേണ്ടതില്ല. മുമ്പ് വ്യക്തമാക്കിയതുപോലെ, ദൂരത്തിന്റെ (യാത്രയുടെ) ഉദ്ദേശമാണ്, അല്ലാതെ യാഥാർഥ്യമല്ല പരിഗണിക്കുന്നത്.’
വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info