ചോദ്യം- ” ഇന്ത്യ ഒരു മതാധിഷ്ഠിത ഇസ്‌ലാമിക രാഷ്ട്രമായാൽ മറ്റു മതാനുയായികൾ രണ്ടാംതരം പൗരന്മാരാവുകയോ മതംമാറാൻ നിർബന്ധിതരാവുകയോ ചെയ്യില്ലേ?”
ഉത്തരം- സമൂഹത്തിൽ നിലനിൽക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങൾക്ക് കാരണം. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്‌ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്‌ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങൾ മാത്രമേ ഇസ്‌ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അർഹമാവുകയുള്ളൂ. നിലവിലുള്ള മുസ്‌ലിം നാടുകൾ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്‌ലാമിക രാഷ്ട്രങ്ങൾ കാണപ്പെടാത്തത്. ഭാഗികമായി ഇസ്‌ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്‌ലാമികമാവുകയുള്ളൂ.
ഇസ്‌ലാമികരാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാർക്ക് തങ്ങളുടെ വിശ്വാസങ്ങൾ വച്ചുപുലർത്താനും ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കാനും ആചാരങ്ങൾ പിന്തുടരാനും സ്വാതന്ത്ര്യമുണ്ടായിരിക്കും. ആരുടെ മേലും ഇസ്‌ലാമിനെ അടിച്ചേൽപിക്കുകയോ ആരെയെങ്കിലും മതം മാറാൻ നിർബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്‌ലാം കണിശമായി വിലക്കിയിരിക്കുന്നു: ”മതത്തിൽ ഒരുവിധ നിർബന്ധവുമില്ല. സന്മാർഗം മിഥ്യാധാരണകളിൽ നിന്ന് വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.”(ഖു. 2: 256).
”നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനിൽനിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവർക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവർക്ക് നിഷേധിക്കാം.” (ഖു. 18:29).
ദൈവദൂതന്മാർക്കുപോലും മതം സ്വീകരിക്കാൻ ആരെയും നിർബന്ധിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: ”ജനങ്ങൾ വിശ്വാസികളാകാൻ നീ അവരെ നിർബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാൾക്കും വിശ്വസിക്കുക സാധ്യമല്ല”(ഖു. 6: 69).
”നബിയേ, നീ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്‌ബോധകൻ മാത്രമാകുന്നു. നീ അവരെ നിർബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.”(ഖു. 88: 21,22).
ലോകത്തിലെ ആദ്യത്തെ ഇസ്‌ലാമികരാഷ്ട്രമായ മദീനയിൽ, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്ര്യവും സൗകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തിൽ ഇങ്ങനെ കാണാം: ”നമ്മുടെ ഭരണസാഹോദര്യസീമയിൽപെടുന്ന ജൂതന്മാർക്ക് വർഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളിൽനിന്നും ദ്രോഹങ്ങളിൽനിന്നും രക്ഷ നൽകും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്‌ലിം സമുദായാംഗങ്ങളെപ്പോലെ അവർക്കും അവകാശമുണ്ട്. മുസ്‌ലിംകളുമായി ചേർന്ന് അവർ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്‌ലിംകളെപ്പോലെത്തന്നെ അവർക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.”
സർ തോമസ് ആർണൾഡ് എഴുതുന്നു: ”മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേർപ്പെട്ടിരുന്നു. അവർക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി”(ഇസ്‌ലാം: പ്രബോധനവും പ്രചാരവും, പുറം 60).
പ്രവാചകന്റെ പാത പിന്തുടർന്ന് മുഴുവൻ മുസ്‌ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമർശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തിൽ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്‌സാണ്ടർ ഹാമിൽട്ടൺ എഴുതുന്നു: ”ഹിന്ദുക്കൾക്ക് പരിപൂർണമായ മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവർ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. മീററ്റ് നഗരത്തിൽ മാത്രം ഹൈന്ദവവിഭാഗത്തിൽ നൂറിൽപരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവർ തമ്മിൽ പ്രാർഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരിൽ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാൾക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാർച്ചനകൾ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മതധ്വംസനങ്ങൾ അജ്ഞാതമത്രെ” (Alaxander Hamilton, A new Account of the East Indies, Vol. 1, PP. 159, 162, 163).
മുസ്‌ലിം ഭരണാധികാരികൾ മതപരിവർത്തനത്തിന് നിർബന്ധിക്കുകയോ സമ്മർദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കിൽ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്‌ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.
ഇസ്‌ലാമിക ഭരണത്തിൽ മതന്യൂനപക്ഷങ്ങൾക്ക് പൂർണമായ ആരാധനാസ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു. നജ്‌റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളിൽ ഇങ്ങനെ കാണാം. ”നജ്‌റാനിലെ ക്രൈസ്തവർക്കും അവരുടെ സഹവാസികൾക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവൻ, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരിൽ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങൾക്കും നിവേദകസംഘങ്ങൾക്കും കുരിശ്, ചർച്ച് പോലുള്ള മതചിഹ്നങ്ങൾക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയിൽ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചർച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.”
ഒന്നാം ഖലീഫ അബൂബക്ർ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: ”അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളിൽനിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.”
മധ്യപൂർവദേശത്തെ ക്രൈസ്തവവിശ്വാസികൾ മുസ്‌ലിം ഭരണത്തിന് കീഴിൽ സമ്പൂർണ മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നതിനാൽ വളരെയേറെ സംതൃപ്തരായിരുന്നു. നീണ്ട അഞ്ചു നൂറ്റാണ്ടുകാലം ഇസ്‌ലാമികാധിപത്യം അനുഭവിച്ചശേഷവും ഈ അവസ്ഥയിലൊരു മാറ്റവും സംഭവിച്ചിരുന്നില്ലെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അന്തോക്യയിലെ യാക്കോബായ പാത്രിയാർക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റോമൻ ഭരണാധികാരിയായിരുന്ന ഹിരാക്ലിയസിന്റെ മർദന കഥകൾ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: ”ഇങ്ങനെയാണ് സർവശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങൾ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവർക്ക് സാമ്രാജ്യം നൽകുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്‌മേലിന്റെ സന്താനങ്ങളെ റോമൻ കരങ്ങളിൽനിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാർ നമ്മുടെ ചർച്ചുകളും മഠങ്ങളും കവർച്ച ചെയ്യുന്നതും നമ്മെ നിർദയം മർദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാർഥത്തിൽ നമുക്കൽപം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കാൽസിഡോണിയൻ പക്ഷത്തുനിന്ന് ഏൽപിക്കപ്പെട്ട നമ്മുടെ ചർച്ചുകൾ അവരുടെ കൈയിൽ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികൾ നഗരങ്ങൾ അധീനപ്പെടുത്തിയപ്പോൾ ഓരോരുത്തരുടെയും കൈവശമുള്ള ചർച്ചുകൾ അങ്ങനെത്തന്നെ നിലനിർത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയിൽനിന്നും നീചത്വത്തിൽനിന്നും രോഷത്തിൽനിന്നും മതാവേശത്തിൽനിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തിൽ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല”(Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സർ തോമസ് ആർണൾഡ്, ഇസ്‌ലാം പ്രബോധനവും പ്രചാരവും, പുറം 67).
ഇന്ത്യയിലെ മുസ്‌ലിം ആധിപത്യത്തെ സംബന്ധിച്ച് ശ്രീ. ഈശ്വരി പ്രസാദ് പറയുന്നു: ”മുസ്‌ലിംകൾ കീഴടക്കപ്പെട്ട ജനതയ്ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും അവരോട് സഹിഷ്ണുതാപൂർവം പെരുമാറുകയുമുണ്ടായി.”(History of Muslim Rule, Page 46).
ഡോക്ടർ താരാചന്ദ് എഴുതുന്നു: ”മുസ്‌ലിം ജേതാക്കൾ പരാജിതരോട് വളരെ നന്നായി പെരുമാറി. ഹിന്ദു പണ്ഡിതന്മാർക്കും പൂജാരിമാർക്കും തങ്ങളുടെ ദേവാലയങ്ങൾക്കും ചട്ടപ്പടിയുള്ള അവകാശം നൽകാൻ കർഷകരെ അനുവദിച്ചു.”(Ibid, Page 49).
മകൻ ഹുമയൂണിന് ബാബർ ചക്രവർത്തി നൽകിയ അന്ത്യോപദേശങ്ങളിൽ ഹിന്ദുസഹോദരന്മാരോട് അത്യുദാരമായി പെരുമാറാനാവശ്യപ്പെടുകയുണ്ടായി. ഡോ. രാജേന്ദ്രപ്രസാദ് ഉൾപ്പെടെ ഉദ്ധരിച്ച പ്രസ്തുത അന്ത്യോപദേശങ്ങളിൽ ഇങ്ങനെ കാണാം: ”ഇന്ത്യ മതവൈവിധ്യങ്ങളുടെ നാടാണ്. അതിൽ നീ നന്ദി രേഖപ്പെടുത്തണം. അല്ലാഹു നിനക്ക് അധികാരം നൽകിയാൽ നീ മതപക്ഷപാതിത്വം കാണിക്കരുത്. ഹൈന്ദവരുടെ ഹൃദയം വ്രണപ്പെടും വിധം പശുക്കളെ അറുക്കരുത്. അതു ചെയ്താൽ ജനം നിന്നെ വെറുക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകർക്കരുത്. ഭരണാധികാരി ഭരണീയരെയും ഭരണീയർ ഭരണകർത്താവിനെയും സ്‌നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ദയാഹൃദയം കൊണ്ടാണ് ഇസ്‌ലാമിനെ ധന്യമാക്കേണ്ടത്. അടിച്ചമർത്തലിലൂടെയല്ല”(ഉദ്ധരണം: മിസിസ് നിലോഫർ അഹ്മദ്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ്, ന്യൂഡൽഹി).
ആലംഗീർ നാമയിലിങ്ങനെ വായിക്കാം: ”ഔറംഗസീബ് ബംഗാളിലും ആസാമിലും ചില ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കുകയും ബുദ്ധഗയക്ക് വമ്പിച്ച ഭൂസ്വത്ത് രാജകീയശാസന വഴി നൽകുകയുമുണ്ടായി”(ഉദ്ധരണം: illustrated weekly, 5.10.’75).
പണ്ഡിറ്റ് സുന്ദർലാൽ പറയുന്നു: ”അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നിവരുടെ കാലത്തും ഔറംഗസീബിന്റെയും പിൻഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്‌ലിംകളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്. രണ്ടു മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തിന്റെ പേരിൽ ആരോടും ഒരുവിധ വിവേചനവും കാണിച്ചിരുന്നില്ല. എല്ലാ ചക്രവർത്തിമാരും നിരവധി ക്ഷേത്രങ്ങൾക്ക് ഒട്ടേറെ ഭൂസ്വത്തുക്കൾ നൽകുകയുണ്ടായി. ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ വശം ഔറംഗസീബിന്റെ ഒപ്പുള്ള രാജകൽപന നിലവിലുണ്ട്. അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂസ്വത്തുക്കളും നൽകിയതിന്റെ സ്മരണികയത്രെ. ഇത്തരം രണ്ടു കൽപനകൾ ഇപ്പോഴും ഇലഹാബാദിലുണ്ട്. അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്”.
ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിലും ഇസ്‌ലാമികരാഷ്ട്രം എന്നും എവിടെയും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലർത്തിപ്പോന്നിട്ടുണ്ട്. ഒന്നാം ഖലീഫയായ അബൂബക്ർ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾ, തങ്ങൾ പുതുതായി നിർമിച്ച ചർച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്‌ലാമികാരാധനയായ നമസ്‌കാരം നിർവഹിച്ച് നടത്തിയാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: ”ഞാനത് ഉദ്ഘാടനം ചെയ്താൽ എന്റെ കാലശേഷം യാഥാർഥ്യമറിയാത്തവർ ഞങ്ങളുടെ ഖലീഫ നമസ്‌കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരിൽ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങൾക്കിടവരുത്തുകയും ചെയ്‌തേക്കാം.” ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാർ തങ്ങളുടെ ഉദ്യമത്തിൽനിന്ന് പിൻമാറി.
ഫലസ്തീൻ സന്ദർശിക്കവെ നമസ്‌കാരസമയമായപ്പോൾ രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിനോട് അവിടത്തെ പാത്രിയാർക്കീസ് സ്വഫർനിയൂസ്, തങ്ങളുടെ ചർച്ചിൽവച്ച് നമസ്‌കാരം നിർവഹിക്കാനാവശ്യപ്പെട്ടു. എന്നാൽ ആ നിർദേശം ഖലീഫ നന്ദിപൂർവം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്‌കരിച്ചാൽ പിൽക്കാലത്ത് അവിവേകികളായ മുസ്‌ലിംകളാരെങ്കിലും അതിന്റെ പേരിൽ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്‌തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിർബന്ധമുണ്ടായിരുന്ന ഉമറുൽ ഫാറൂഖ് ചർച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്‌കരിക്കുകയാണുണ്ടായത്.
അമുസ്‌ലിംകൾക്ക് അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുന്ന ഇസ്‌ലാം അവരുടെ ഒരവകാശവും ഹനിക്കാൻ അനുവദിക്കുന്നില്ല. പ്രവാചകൻ തിരുമേനി അരുൾ ചെയ്യുന്നു: ”സൂക്ഷിച്ചുകൊള്ളുക, അമുസ്‌ലിം പൗരന്മാരെ വല്ലവരും അടിച്ചമർത്തുകയോ അവരുടെ മേൽ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കിൽ അന്ത്യവിധി നാളിൽ അവർക്കെതിരെ ഞാൻ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.”(അബൂദാവൂദ്)
”ആർ അമുസ്‌ലിം പൗരനെ അപായപ്പെടുത്തുന്നുവോ അവൻ സ്വർഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല” (അബൂയൂസുഫ്, കിതാബുൽ ഖറാജ്, പേജ് 71).
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ബന്ധപ്പെട്ട കക്ഷികളുടെ മതാചാരപ്രകാരമാണ് ഇസ്‌ലാമിക കോടതികൾ തീർപ്പ് കൽപിക്കുക. ശരീഅത്ത് വിധികൾ അവരുടെ മേൽ നടപ്പിലാക്കുകയില്ല. നബിതിരുമേനിയുടെ കാലത്ത് ജൂതന്മാരുടെ കേസുകൾ വിചാരണയ്ക്കു വന്നാൽ മദീനയിലെ ‘ബൈത്തുൽ മിദ്‌റാസ്’ എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികൾ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീർപ്പ് കൽപിച്ചിരുന്നുള്ളൂ. (ഇബ്‌നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).
സർ തോമസ് ആർണൾഡ് എഴുതുന്നു: ”അമുസ്‌ലിം സമൂഹങ്ങൾ മിക്കവാറും പൂർണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാൽ തങ്ങളുടെ ആഭ്യന്തരകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഭരണകൂടം അവരുടെ കരങ്ങളിൽ തന്നെ ഏൽപിച്ചിരുന്നു. മതപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാർക്ക് ലഭിച്ചു. അവരുടെ ചർച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിർത്താനനുവദിച്ചു”(ഇസ്‌ലാം: പ്രബോധനവും പ്രചാരവും, പുറം 78).
എന്നാൽ ഇസ്‌ലാമികരാഷ്ട്രത്തിൽ അനീതികളും വിവേചനങ്ങളും നടക്കുകയില്ല. ജാതി-മത-കക്ഷി ഭേദമന്യേ നിഷ്‌കൃഷ്ടമായ നീതി നടപ്പിലാക്കപ്പെടും. ഖുർആൻ കൽപിക്കുന്നു: ”വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നേർമാർഗത്തിൽ നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള വിരോധം നീതി നടപ്പിലാക്കപ്പെടാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിൻ. അതാണ് ദൈവഭക്തിക്ക് ഏറ്റവും അനുയോജ്യം”(5:8).
ഇസ്‌ലാമികരാഷ്ട്രത്തിൽ അമുസ്‌ലിം പൗരന്മാർക്കെതിരെ കലാപം നടത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കപ്പെടും. വധിച്ചാൽ പ്രതിക്രിയ നടപ്പാക്കപ്പെടും. ആരാധനാലയങ്ങൾ തകർക്കപ്പെട്ടാൽ തകർത്തവർക്കെതിരെ കടുത്ത ശിക്ഷ വിധിക്കുകയും തകർക്കപ്പെട്ടവ പുനർനിർമിക്കുകയും ചെയ്യും. ആരാധനാലയങ്ങളെപ്പോലെത്തന്നെ മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വിദ്യാസ്ഥാപനങ്ങളും വ്യക്തിനിയമങ്ങളും പൂർണമായും സുരക്ഷിതമായിരിക്കും. അവയുടെയൊന്നും നേരെ ഒരുവിധ കൈയേറ്റവും അനുവദിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ഭരണത്തിൽ മതന്യൂനപക്ഷങ്ങൾ സ്വാതന്ത്ര്യവും സുരക്ഷയും അനുവദിക്കുമെന്നതിലൊട്ടും സംശയമില്ല. അവരൊരിക്കലും അൽപവും അനീതിക്കോ കൈയേറ്റങ്ങൾക്കോ അവഹേളനങ്ങൾക്കോ ഇരയാവുകയില്ല.