Home ദൈവം ഭൂമിയിലെ വൈകല്യം സ്വർഗത്തിലുമുണ്ടാകുമോ?

ഭൂമിയിലെ വൈകല്യം സ്വർഗത്തിലുമുണ്ടാകുമോ?

ചോദ്യം- “ഭൂമിയിലെ അതേ അവസ്ഥയിലായിരിക്കുമോ മനുഷ്യരെല്ലാം പരലോകത്തും? വികലാംഗരും വിരൂപരുമെല്ലാം ആ വിധം തന്നെയാകുമോ?”

ഉത്തരം- ഭൗതിക പ്രപഞ്ചത്തിലെ പദാർഥനിഷ്ഠമായ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനാവശ്യമായ പഞ്ചേന്ദ്രിയങ്ങളും ബൗദ്ധിക നിലവാരവുമാണ് നമുക്ക് നൽകപ്പെട്ടിരിക്കുന്നത്. അതുപയോഗിച്ച് തീർത്തും വ്യത്യസ്തമായ പരലോകത്തെ അവസ്ഥ മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ദിവ്യബോധനങ്ങളിലൂടെ ലഭ്യമായ അറിവുമാത്രമേ ഇക്കാര്യത്തിൽ അവലംബനീയമായുള്ളൂ. പരലോക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളൊക്കെയും അതിൽ വിശദീകരിക്കപ്പെട്ടിട്ടില്ല. സ്വർഗം സുഖസൗകര്യങ്ങളുടെ പാരമ്യതയും നരകം കൊടിയ ശിക്ഷയുടെ സങ്കേതവുമായിരിക്കുമെന്ന ധാരണ വളർത്താനാവശ്യമായ സൂചനകളും വിവരണങ്ങളുമാണ് വിശുദ്ധ ഖുർആനിലും പ്രവാചകവചനങ്ങളിലുമുള്ളത്. ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനസ്സും സങ്കൽപിക്കാത്തതുമായ സുഖാസ്വാദ്യതകളായിരിക്കും സ്വർഗത്തിലുണ്ടാവുകയെന്ന് അവ വ്യക്തമാക്കുന്നു. പരലോകത്തെ സ്ഥിതി ഭൂമിയിൽ വച്ച് പൂർണമായും ഗ്രഹിക്കാനാവില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

എന്നാൽ സ്വർഗാവകാശികളായ സുകർമികൾ വാർധക്യത്തിന്റെ വിവശതയോ രോഗത്തിന്റെ പ്രയാസമോ വൈരൂപ്യത്തിന്റെ അലോസരമോ മറ്റെന്തെങ്കിലും വിഷമതകളോ ഒട്ടുമനുഭവിക്കുകയില്ല. നരകാവകാശികളായ ദുഷ്കർമികൾ നേരെ മറിച്ചുമായിരിക്കും. സങ്കൽപിക്കാനാവാത്ത ദുരന്തങ്ങളും ദുരിതങ്ങളുമായിരിക്കും അവരെ ആവരണം ചെയ്യുക.

Previous articleകാരണം കൂടാതെ നോമ്പുകൾ നോറ്റുവീട്ടിയില്ലെങ്കിൽ
Next articleയാത്രക്കാരന് നോമ്പ് ഒഴിവാക്കാവുന്ന ദൂരം
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
error: Content is protected !!