ചോദ്യം- “യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് മുസ് ലിംകളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവൽക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ?”
ഉത്തരം- ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഇൗ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവൻ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുർആൻ പറയുന്നത്, “ലോകർക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്.
അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരാണ്. അവർക്കിടയിൽ ഒരുവിധ വിവേചനവും കൽപിക്കാവതല്ല. മുസ്ലിംകൾ ഇപ്രകാരം പ്രഖ്യാപിക്കാൻ ശാസിക്കപ്പെട്ടിരിക്കുന്നു: “”പറയുക: ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഇൗൽ, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്റെ സന്തതികൾ എന്നിവർക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശെ, യേശു എന്നിവർക്കും ഇതര പ്രവാചകന്മാർക്കും അവരുടെ നാഥങ്കൽനിന്നവതരിപ്പിച്ചിട്ടുള്ള മാർഗദർശനങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളല്ലോ.”(ഖുർആൻ 3:84)
ഖുർആൻ പറയുന്നു: “”ദൈവദൂതൻ തന്റെ നാഥനിൽനിന്ന് തനിക്ക് അവതരിച്ച മാർഗദർശനത്തിൽ വിശ്വസിച്ചിരിക്കുന്നു. ഇൗ ദൂതനിൽ വിശ്വസിക്കുന്നവരാരോ അവരും ആ മാർഗദർശനത്തെ വിശ്വസിച്ചംഗീകരിച്ചിരിക്കുന്നു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അവരുടെ പ്രഖ്യാപനമിവ്വിധമത്രെ: ഞങ്ങൾ ദൈവദൂതന്മാരിൽ ആരോടും വിവേചനം കാണിക്കുന്നില്ല. ഞങ്ങൾ വിധി ശ്രവിച്ചു. വിധേയത്വമംഗീകരിച്ചു. നാഥാ, ഞങ്ങൾ നിന്നോട് മാപ്പിരക്കുന്നവരാകുന്നു. ഞങ്ങൾ നിന്നിലേക്കുതന്നെ മടങ്ങുന്നവരാണല്ലോ”(2: 285).
പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവർ ദൈവികസന്ദേശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഇൗ വിശുദ്ധവാക്യങ്ങൾ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാൽ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകൻ. ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യൻ മുതൽ മുഴുവൻ മനുഷ്യർക്കും ദൈവം നൽകിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങൾക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാർ. അവർ ദൈവത്തിന്റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരിൽനിന്നു തന്നെ ദൈവത്താൽ നിയുക്തരായ സന്ദേശവാഹകർ മാത്രമാണ്. ഭൂമിയിൽ ജനവാസമാരംഭിച്ചതു മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇത്തരം അനേകായിരം ദൈവദൂതന്മാർ നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബിതിരുമേനി.