Friday, March 29, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംവിവാഹനിശ്ചയത്തിനുമുമ്പ് യുവാവ് യുവതിയെ കാണുന്നത് ?

വിവാഹനിശ്ചയത്തിനുമുമ്പ് യുവാവ് യുവതിയെ കാണുന്നത് ?

ചോദ്യം-  വിവാഹനിശ്ചയത്തിനുമുമ്പ് ഒരു യുവാവ് യുവതിയെ കാണുന്നത് അനുവദനീയമാണോ?

ഉത്തരം- സുപ്രധാനമായ ഒരു ചോദ്യമാണിത്. ഇക്കാര്യത്തിൽ തീർത്തും വിരുദ്ധമായ നിലപാടുകളാണ് ജനങ്ങൾ സ്വീകരിച്ചു കാണുന്നത്. ഒരുവിഭാഗം, വിവാഹം അന്വേഷിക്കുന്ന യുവതിയെ കാണുന്നതിൽ മാത്രം തൃപ്തരല്ല. യുവതിയുടെ കൈത്തലം തടവിനോക്കുക, അവളോടൊത്ത് അവിടെയും ഇവിടെയും യാത്ര പോവുക, ഉൽസവസ്ഥലങ്ങളിലും സിനിമാശാലകളിലും കഴിച്ചുകൂട്ടുക തുടങ്ങിയ കാര്യങ്ങളും ഇക്കൂട്ടർക്ക് അനുവദനീയമാണ്. യുവതിയെപ്പറ്റി ശരിയായി പഠിക്കുവാനും അവളുടെ സ്വഭാവഗുണങ്ങൾ പരീക്ഷിച്ചറിയുവാനുമാണ് ഇത്. ഖേദകരവും അനാശാസ്യവുമായ ചില സംഭവങ്ങളും ഇതേത്തുടർന്നുണ്ടാവുന്നു. യുവതിയുമായി ലൈംഗിക ബന്ധം പുലർത്തുകയും ജനദ്യഷ്ടിയിൽ അവളോടൊത്ത് സഞ്ചരിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷം യുവാവ് അവളെ കൈവെടിഞ്ഞെന്നും വരാം. പിന്നെ അവളെപ്പറ്റി പലതും നാട്ടിൽ പാട്ടാവുന്നു. പാശ്ചാത്യസംസ്കാരത്തിന്ദാ സ്യവൃത്തി ചെയ്യുന്നവരാണീ വിഭാഗം.

നേരെ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. വിവാഹമന്വേഷിക്കുന്ന യുവതിയെ ഒന്നൊളിഞ്ഞു നോക്കുന്നതുപോലും അവർ നിഷിദ്ധമായിക്കാണുന്നു. വിവാഹം കഴിച്ച് മണിയറപൂകുംമുമ്പ് യുവതീയുവാക്കൾ പരസ്പരം കണ്ടുകൂടാ, ആണ്ടുപൂണ്ട പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും തടവുകാരാണ് ഇക്കൂട്ടർ.

ഈ രണ്ട് വിഭാഗവും സ്വീകരിക്കുന്ന വിരുദ്ധ നിലപാടുകാർക്കു മധ്യേയാണ് ശഷ്ഠവും സ്വീകാര്യവു മായ രീതി-ഇസ്ലാമിക ശരീഅത്ത് നിർദേശിച്ച രീതി. യുവാവ് താൻ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന യുവതിയെ കാണണമെന്ന് തിരുദൂതർ ആജ്ഞാപിച്ചു. ഒരിക്കലൊരനുചരൻ തിരുദൂതരെ സമീപിച്ച് പറഞ്ഞു: “തിരുദൂതരേ, ഞാനും ഒരു അൻസാരീ വനിതയുമായി വിവാഹമുറപ്പിച്ചിരിക്കുന്നു. അദ്ദേഹം ചോദിച്ചു: “നീ അവളെ കണ്ടുവോ?’ അയാൾ പറഞ്ഞു: ‘ഇല്ല.’ അപ്പോൾ തിരുദൂതർ നിർദേശിച്ചു: ‘എന്നാൽ അവളെ പോയി കാണു. അൻസാരീ വനിതകളുടെ കണ്ണുകൾക്ക് ചില പ്രത്യകതകളുണ്ട്.

‘ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് തിരുദൂതരെ അറിയിക്കുവാനോ അദ്ദേഹത്തോട് അനുവാദം ചോദിക്കുവാനോ വേണ്ടി മുഗീറതുബ്നു ശുഅ്ബ നബി(സ)യെ സമീപിച്ചു. “നീ അവളെ കണ്ടുവോ?’ നബി ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. അപ്പോൾ അവിടുന്ന് പറഞ്ഞു; “എന്നാൽ അവളെ കാണു. നിങ്ങളുടെ ബന്ധം ശാശ്വതവും സുദൃഢവുമാകുവാൻ ഏറ്റവും പര്യാപ്തമാണത്. ‘ കണ്ണുകൾ മനസ്സിന്റെ സന്ദേശവാഹകരും വികാരവിചാരങ്ങളുടെ ദൂതന്മാരുമാണ്. അതിനാൽ വിവാഹത്തിന് മുമ്പ് യുവതീ യുവാക്കൾ പരസ്പരം കണ്ടേ പറ്റു. തിരുദൂതരുടെ ആജ്ഞയാണിത്. ഈ ആജ്ഞ പ്രത്യക്ഷമായും അടിസ്ഥാനപരമായും നിർബന്ധത്തെ കുറിക്കുന്നു. തിരുദൂദർ പറഞ്ഞതിന്റെ അർഥം ഇതാണ്. നിങ്ങളൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുകയും അന്വേഷിക്കുകയുമാണങ്കിൽ , നിങ്ങളെ വിവാഹത്തിന് പ്രേരിപ്പിക്കുന്ന ചിലതെങ്കിലും അവളിലുണ്ടോ എന്ന് നോക്കേണ്ടതാണ്. ഇക്കാരണത്താൽ യുവതിയുവാക്കൾക്ക്പ രസ്പരം കാണുന്നതിന് സൗകര്യം ചെയ്തുകൊടുക്കുവാൻ യുവതിയുടെ കുടുംബത്തിന് ബാധ്യതയുണ്ട്. യുവതിയെ വേണ്ടന്ന് വെക്കുവാൻ യുവാവിനും യുവാവിനെ വേണ്ടന്ന് വെക്കുവാൻ യുവതിക്കും അവകാശമുണ്ട്. ചുരുങ്ങിയത് രണ്ടിലൊരാൾ മറ്റേയാളെ നിർബന്ധമായും കണ്ടിരിക്കണം.

എന്നാൽ, യുവാവ് യുവതിയെ കാണുന്നത് യുവതിയോ യുവതിയുടെ കുടുംബമോ അറിഞ്ഞിരിക്കണമെന്നില്ല. യുവതി അറിയാതെത്തന്നെ യുവാവിന് അവളെ കാണാവുന്നതാണ്. യുവതിയുടെ വികാരങ്ങൾ വ്രണപ്പെടാതെയും ആത്മാഭിമാനത്തിന് മുറിവേൽക്കാതെയുമിരിക്കാൻ അത് സഹായകവുമാണ്. ചിലർ ഇക്കാര്യം തീരെ ഉത്തരവാദിത്തമില്ലാതെ നിസ്സാരമട്ടിൽ കയ്യാളുന്നത് കാണാം. ഇരുപതിലേറെ യുവതികളെ ഞാൻ കണ്ടുവെന്നും മനസ്സിനിണങ്ങിയ ഒന്നിനെയും കണ്ടുകിട്ടിയില്ലെന്നും ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അയാൾ ഇരുപതിലേറെ മുസ്ലിം യുവതികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്നാണതിനർഥം. അതിനാൽ യുവതി വീട്ടിൽനിന്ന് പുറത്തുപോകുമ്പോഴോ, അയൽ വീട്ടിൽ വെച്ചോ, ആരെന്നോ എന്തിനെന്നോ അറിയാനവസരം നൽകാതെ കാണുന്നതാണുത്തമം. ജാബിർ(റ) തന്റെ ഭാര്യയെപ്പറ്റി ഇപ്രകാരം പറഞ്ഞതായുദ്ധരിക്കപ്പെടുന്നു: “അവളെ കാണാൻ വേണ്ടി ഞാൻ മരച്ചുവട്ടിൽ ഒളിച്ചിരിക്കാറുണ്ടായിരുന്നു. അങ്ങനെ അവളെ
വിവാഹം ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ചിലത് ഞാനവളിൽ കണ്ടു. അവൾ അറിയാതെയും കാണാതെയുമാണ് ജാബിർ മരച്ചുവട്ടിൽ ഒളിച്ചിരുന്നത്, സ്വപുത്രിയുടെ വികാരങ്ങൾ മാനിച്ച്, പിതാവിന് ഇക്കാര്യത്തിൽ യുവാവിനെ സഹായിക്കുവാൻ കഴിയും.

ഇതാണ് ശരിയും ഋജുവുമായ മധ്യമാർഗം. ഇസ്ലാമിക നിയമങ്ങളെല്ലാം ഒരു മധ്യമ നിലപാടിലുള്ളവയാണ്. മുസ്ലിംകൾ ഒരു മധ്യമ സമുദായമാണ്. ‘അപ്രകാരം നിങ്ങളെ നാം ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് മാതൃകയാകുവാൻ വേണ്ടി’ എന്നാണ് ഖുർആൻ മുസ്ലിംകളെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!