Saturday, April 27, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംദമ്പതികൾക്ക് അന്യോന്യം അസത്യം പറയാമോ?

ദമ്പതികൾക്ക് അന്യോന്യം അസത്യം പറയാമോ?

ചോദ്യം – നല്ലവനാണെന്റെ ഭർത്താവ്. പക്ഷേ, ആൾ വലിയ സംശയാലുവാണ്. ഞാൻ അദ്ദേഹത്തെയല്ലാതെ മറ്റു വല്ലവരെയും സ്‌നേഹിക്കുന്നുണ്ടോ എന്ന് പലപ്പോഴും ചോദിക്കും. ഞാനദ്ദേഹത്തെ ആത്മാർഥമായി സ്‌നേഹിക്കുന്നുവെന്നും ഒരന്യപുരുഷനെ എത്തിനോക്കുകപോലും ചെയ്യാറില്ലെന്നും ഞാൻ പറയും. അപ്പോൾ അത് സത്യം ചെയ്യാൻ ആവശ്യപ്പെടും. അക്ഷോഭ്യയായി ഞാൻ സത്യംചെയ്യും.

പക്ഷേ അദ്ദേഹം തൃപ്തനായില്ല. അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിനുമുമ്പ് മറ്റു വല്ലവരെയും സ്‌നേഹിച്ചിരുന്നോ എന്ന് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചുതുടങ്ങി. ഞാൻ നിഷേധിക്കും. അപ്പോഴൊക്കെ അത് സത്യംചെയ്തു പറയാൻ ആവശ്യപ്പെടും. ഞാൻ സത്യംചെയ്യും. ഒരിക്കൽ ഞാൻ പറഞ്ഞു: ‘ഇമ്മാതിരി വർത്തമാനത്തിന്റെയൊന്നും ആവശ്യമില്ല. എനിക്ക് അങ്ങയോടുള്ള സ്‌നേഹവും ആത്മാർഥതയും പലവുരു ഞാൻ തീർത്തു പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ ദാമ്പത്യം സൗഭാഗ്യപൂർണമായിത്തീരുവാനുള്ള കൊതിയും ഞാനങ്ങയോട് പറഞ്ഞിട്ടുണ്ട്.’ പക്ഷേ, അതൊന്നും അദ്ദേഹത്തിന് സ്വീകാര്യമായില്ല. ഞാൻ ഓരോ തവണയും സത്യംചെയ്‌തേ പറ്റൂ എന്ന വാശിയിലാണദ്ദേഹം.

ഇനി അങ്ങയോട് ഞാൻ സത്യം പറയട്ടെ; ഒരുകാലത്ത് എന്റെ അകന്ന കുടുംബത്തിൽപെട്ട ഒരു യുവാവിനെ ഞാൻ സ്‌നേഹിച്ചിരുന്നു. പക്ഷേ, അത് വിവാഹത്തിൽ കലാശിക്കുവാൻ വിധിയുണ്ടായില്ല. വർഷങ്ങൾക്കു മുമ്പാണിത്. വെറുമൊരു വൈകാരിക ബന്ധം. എന്റെ വിവാഹത്തിനുശേഷം അത് നിശ്ശേഷം കെട്ടടങ്ങി. ഇപ്പോൾ പ്രശ്‌നമിതാണ്: ഭർത്താവിനെ ഗ്രസിച്ച സംശയത്തിന്റെ അസ്വസ്ഥതയിൽനിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുവാൻ അദ്ദേഹം ആവശ്യപ്പെടുന്ന വിധം എനിക്കൊരു സത്യം ചെയ്യാമോ? സത്യം ചെയ്താൽ അത് ദൈവകോപം ക്ഷണിച്ചുവരുത്തലാണ്. ചെയ്യാതിരുന്നാലോ ഞങ്ങളുടെ ദാമ്പത്യം പൂർവാധികം അസ്വസ്ഥമാകും. ഞാനെന്തു ചെയ്യണം?

ഉത്തരം – അസത്യം പറയൽ അടിസ്ഥാനപരമായി നിഷിദ്ധമാണ്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അത് ദ്രോഹം ചെയ്യും. പക്ഷേ, സവിശേഷമായ ചില കാരണങ്ങളാൽ, നിർണിതമായ ചില സാഹചര്യങ്ങളിൽ ഈ വിഷയത്തിൽ ഇസ്‌ലാം ഇളവ് അനുവദിച്ചിരിക്കുന്നു. ഉമ്മുകുൽസൂമിൽ നിന്ന് ബുഖാരി ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിൽ ഇപ്രകാരം കാണാം: ‘മൂന്ന് കാര്യങ്ങളിലൊഴിച്ച് തിരുദൂതർ അസത്യം പറയുന്നതിൽ ഇളവ് നൽകിയതായി ഞാൻ കേട്ടിട്ടില്ല. ജനങ്ങൾക്കിടയിൽ അനുരഞ്ജനമുദ്ദേശിച്ച്; യുദ്ധരംഗത്ത്; ദമ്പതികൾ തമ്മിൽ.’ ഇസ്‌ലാമിക ശരീഅത്ത് ഉൾക്കൊള്ളുന്ന യാഥാർഥ്യബോധത്തിനും യുക്തിദീക്ഷക്കും മികച്ച ഉദാഹരണമത്രെ ഇത്.

രണ്ടു കക്ഷികൾക്കിടയിൽ അനുരഞ്ജനത്തിന് ശ്രമിക്കുന്ന മധ്യസ്ഥൻ, കക്ഷികളിലോരോരുത്തരുടെയും അവകാശവാദങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും അപ്പടി മറുകക്ഷിയെ കേൾപ്പിക്കുന്നപക്ഷം എരിതീയിൽ എണ്ണയൊഴിക്കുന്ന അനുഭവമായിരിക്കും ഫലം. മറിച്ച്, അവയിൽ അൽപമൊക്കെ വെട്ടിക്കുറച്ചും കൂട്ടിച്ചേർത്തുമാണ് മറുകക്ഷിയുടെ മുമ്പിൽ അവതരിപ്പിക്കുന്നതെങ്കിൽ അത് അനുരഞ്ജനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഏറെ സഹായകമാവും. ഒരു കക്ഷി പറഞ്ഞ കാര്യം മറുകക്ഷിയോട് നിഷേധിക്കേണ്ടിവരും. അല്ലെങ്കിലതിന്റെ ഗൗരവം കുറച്ച് പറയേണ്ടതായും വരും.

സൈനിക രഹസ്യങ്ങൾ ശത്രുക്കൾ അറിയാനിടവരുന്നത് നന്നല്ല. രാജ്യത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ, സൈനിക നീക്കങ്ങൾ, ആഭ്യന്തരരംഗത്തെ ദൗർബല്യങ്ങൾ തുടങ്ങി ശത്രുസൈന്യത്തിന് ശരിയായ അറിവ് ലഭിച്ചുകൂടാത്ത കാര്യങ്ങൾ പലതുണ്ട്. അവ മറച്ചുവെക്കേണ്ടത് നിർബന്ധവുമാണ്. കാരണം യുദ്ധമെന്നാൽ തന്ത്രമാണ്. അപ്രകാരം തന്നെ, കാലം മായ്ച്ചുകളഞ്ഞ തന്റെ പൂർവകാല വൈകാരികബന്ധങ്ങളെക്കുറിച്ച് ഒരു ഭാര്യ സ്വന്തം ഭർത്താവിനോട് തുറന്നടിക്കുന്നത് യുക്തമായ നടപടിയല്ല. സത്യം പറയുക എന്ന നിർബന്ധബാധ്യത ചിലപ്പോൾ അവരുടെ ദാമ്പത്യത്തെത്തന്നെ തകർത്തുകളയും. അതിനാൽ മുൻചൊന്ന തിരുവചനത്തിലടങ്ങിയ ആശയം തികച്ചും പ്രായോഗികവും യുക്തിനിഷ്ഠവുമത്രെ. വിശുദ്ധമായ ദാമ്പത്യബന്ധത്തിന്റെ ഭദ്രത മുൻനിർത്തി ദമ്പതികൾ തമ്മിലുള്ള സംസാരത്തിൽ അസത്യം കലരുന്നതിൽ പ്രസ്തുത ഹദീസ് ഇളവു നൽകിയിരിക്കയാണ്.

എന്നാൽ ചോദ്യമുന്നയിച്ച യുവതിയുടെ ഭർത്താവ്, തന്റെ ഭാര്യയോട് സത്യംചെയ്യാൻ ആവശ്യപ്പെടുക വഴി രണ്ടുവിധത്തിൽ അബദ്ധം പ്രവർത്തിച്ചിരിക്കുന്നു. ഒന്നാമതായി, താനുമായി ഒരു ബന്ധവുമില്ലാത്ത ഭൂതകാലത്തിന്റെ കുഴിമാന്തുകയാണയാൾ. അതുയർത്തുന്ന പൊടിപടലങ്ങൾ അയാൾക്ക് ദോഷകരമായി ഭവിച്ചേക്കാൻ സാധ്യതയുണ്ട്. യുവതീയുവാക്കൾക്ക് ധാരാളമായി ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. ബന്ധുവോ അയൽക്കാരനോ ആയ ഒരു യുവാവിനെ തന്റെ സ്വപ്നകാമുകനായിക്കരുതി പല യുവതികളുടെയും ഹൃദയങ്ങൾ അയാളോടൊപ്പം വിഹരിക്കുക പതിവാണ്. പിന്നീട് ഓരോരുത്തരും സ്വന്തം വഴിക്ക് പോകും. അവർ മറ്റാരെങ്കിലുമായി വിവാഹിതരാവുമ്പോൾ വിശേഷിച്ചും. കാലത്തിനൊപ്പം മരിച്ചുപോയ ഈ വികാരങ്ങളും സ്മരണകളും പുനർജനിക്കാനിടകൊടുക്കുന്നത് നന്നല്ല. ഭാര്യ ഭർത്താവിന് ആത്മാർഥമായ സ്‌നേഹം കാഴ്ചവെക്കുകയും അയാളോടുള്ള ബാധ്യതകൾ നിർവഹിക്കുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ഒരു കാര്യത്തിലും വീഴ്ച വരുത്താതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതുതന്നെ ധാരാളമാണ്. രണ്ടാമതായി, സത്യം ചെയ്യുന്നതുകൊണ്ട് വിശേഷിച്ച് പ്രയോജനമൊന്നുമില്ല. അവരുടെ ബന്ധത്തെ അത് മുന്നോട്ടോ പിന്നോട്ടോ നയിക്കാൻ പോകുന്നില്ല. കാരണം, ദൈവഭയമോ രക്ഷാശിക്ഷകളിൽ വിശ്വാസമോ ഇല്ലാത്ത ഒരു യുവതി എത്ര കടുത്ത വ്യാജസത്യം ചെയ്യാനും മടിക്കില്ല. യുവതി ദൈവശിക്ഷ ഭയപ്പെടുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്ന ഒരു മതഭക്തയാണെങ്കിലോ ഭർത്താവിന് അവളുടെ വിശ്വസ്തതയിലും ആത്മാർഥതയിലും വിശ്വാസം കൊള്ളാൻ അതുതന്നെ ധാരാളം മതിയാവുകയും ചെയ്യും.

ഭർത്താവിന്റെ ദുർവാശി ഒരു വ്യാജസത്യം ചെയ്യുവാൻ ഭാര്യയെ നിർബന്ധിതയാക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. അങ്ങനെ സംഭവിക്കുന്നപക്ഷം അതിന്റെ കുറ്റം ഭാര്യക്കല്ല, ഭർത്താവിനാണ്. ഇക്കാര്യം ഇവിടെ ഊന്നിപ്പറയുന്നത്, ചോദ്യത്തിൽ സൂചിപ്പിച്ച വിധം ഭർത്താവ് സത്യം ചെയ്യാൻ സമ്മർദം ചെലുത്തിക്കൊണ്ടേയിരിക്കുകയാണെങ്കിൽ ഭാര്യ ഒരു വ്യാജസത്യം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല എന്ന് വ്യക്തമാക്കുവാനാണ്. കാരണം, അവൾ യഥാർഥമായ സത്യംചെയ്താൽ അത് തകർക്കുന്നത് ഒരു ദാമ്പത്യബന്ധത്തെയായിരിക്കും. അതാകട്ടെ അല്ലാഹു വെറുക്കുകയും ഇസ്‌ലാം ചെറുക്കുകയും ചെയ്യുന്ന കാര്യമത്രെ. ഇവിടെ സത്യംചെയ്യൽ ഒരു നിർബന്ധിതാവസ്ഥയുടെ ഫലമാണ്. നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും അത് സത്യംചെയ്തു പറയാൻ ആവശ്യപ്പെടുകയുമാണെങ്കിലും ഈ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത്. ഇത്തരം പുരുഷന്മാർ സത്യംചെയ്തു പറഞ്ഞാലല്ലാതെ തൃപ്തരാവുകയില്ല- അതൊരു വ്യാജസത്യമായാൽപോലും അവർക്കതു മതി. അതിനാൽ മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ സത്യം ചെയ്തുകൊൾക. എന്നിട്ട് അല്ലാഹുവിനോട് പശ്ചാത്തപിക്കുക; അവൻ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ.

ഉമറി(റ)ന്റെ കാലത്തുണ്ടായ ഒരു സംഭവം ഇവിടെ പരാമർശിക്കുന്നത് തികച്ചും സംഗതമാണ്. ഇബ്‌നു അബീ ഉദ്‌റതുദ്ദുഅലി താൻ വിവാഹം ചെയ്യുന്ന സ്ത്രീകളെയെല്ലാം ഒഴിവാക്കുക പതിവായിരുന്നു. തന്മൂലം അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശമായ കഥകൾ പ്രചരിച്ചു. ഇത് അറിയാനിടയായ ഇബ്‌നു അബീഉദ്‌റ, അബ്ദുല്ലാഹിബ്‌നു അർഖമിനെയും കൂട്ടി സ്വഭവനത്തിലെത്തി. ഇബ്‌നു അബീഉദ്‌റ ഭാര്യയെ വിളിച്ച് പറഞ്ഞു: ‘അല്ലാഹുവിൽ സത്യംചെയ്ത് ഞാൻ ചോദിക്കുന്നു: നീയെന്നെ വെറുക്കുന്നില്ലേ?’ അവർ പറഞ്ഞു: ‘അല്ലാഹുവിൽ സത്യംചെയ്ത് ചോദിക്കരുത്’. അദ്ദേഹം വീണ്ടും പറഞ്ഞു: ‘അല്ലാഹുവിൽ സത്യംചെയ്ത് ഞാൻ ചോദിക്കുന്നു.’ അപ്പോൾ അവർ പറഞ്ഞു: ‘അതെ. ഞാൻ താങ്കളെ വെറുക്കുന്നു.’ ഇതുകേട്ട് അദ്ദേഹം അബ്ദുല്ലാഹിബ്‌നു അർഖമിന്റെ നേരെ തിരിഞ്ഞ് ചോദിച്ചു: ‘അവൾ പറഞ്ഞത് അങ്ങ് കേട്ടില്ലേ?’ അനന്തരം അവർ ഇരുവരും ഉമറിന്റെ സന്നിധിയിലെത്തി. ഇബ്‌നു അബീഉദ്‌റ പറഞ്ഞു: ‘ഞാൻ സ്ത്രീകളോട് അക്രമം കാണിക്കുകയും അവരെ ഒഴിവാക്കുകയും ചെയ്യുന്നവനാണെന്ന് നിങ്ങളൊക്കെ പറയുന്നുണ്ടല്ലോ. കാര്യമെന്താണെന്ന് ഇബ്‌നു അർഖമിനോട് ഒന്നു ചോദിച്ചുനോക്കൂ’- ഇബ്‌നു അർഖം സംഭവം വിവരിച്ചു. ഉടനെ ഉമർ ഉദ്‌റയുടെ ഭാര്യക്ക് ആളയച്ചു. ഭാര്യയും അവരുടെ പിതൃവ്യയും ഹാജരായി. ‘ഭർത്താവിനെ വെറുക്കുന്നുവെന്ന് അദ്ദേഹത്തോട് നീ സമ്മതിച്ചുവോ?’ ഉമർ ചോദിച്ചു. അവൾ പറഞ്ഞു: ‘അല്ലാഹുവിന്റെ ഒരു കൽപനക്ക് വിധേയമാകേണ്ടിവന്നതാണ് ഞാൻ. അല്ലാഹുവിൽ സത്യം ചെയ്താണ് അദ്ദേഹം എന്നോട് ചോദിച്ചത്. അതിനാൽ കള്ളം പറയുന്നത് എനിക്ക് പ്രയാസമായി തോന്നി. അല്ലയോ അമീറുൽ മുഅ്മിനീൻ, ഞാൻ അസത്യം പറയണമായിരുന്നുവോ?’ ‘അതെ, നീ അസത്യം പറയണമായിരുന്നു’- ഉമർ പറഞ്ഞു: ‘നിങ്ങൾ ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയരുത്. സ്‌നേഹത്തിൽ പടുത്ത കുടുംബങ്ങൾ തുലോം കുറവാണ്. ഇസ്‌ലാമും കുലീനതയും നിമിത്തമാണ് ജനങ്ങൾ നല്ല നിലയിൽ സഹവസിച്ച് കഴിഞ്ഞുകൂടുന്നത്.’

ഉമറിന്റെ ആകർഷകമായ പ്രസ്താവനകളിലൊന്നാണിതെന്ന കാര്യത്തിൽ സംശയമില്ല. ഉമർ രാഷ്ട്രത്തലവൻ മാത്രമായിരുന്നില്ല. ഒരു പണ്ഡിതനും ശിക്ഷകനും കർമശാസ്ത്രജ്ഞനും മുഫ്തിയും എല്ലാമായിരുന്നു. ദമ്പതികൾ തമ്മിലുള്ള സംഭാഷണങ്ങളിൽ അസത്യം കലരുന്നതിൽ ഇളവ് നൽകിയ ഹദീസ് ഉമർ ഈ പ്രശ്‌നത്തിൽ ബാധകമാക്കി. ദാമ്പത്യം നിലനിർത്തുന്നതിന് ആവശ്യമെങ്കിൽ അസത്യം പറയാമെന്ന് ആ സ്ത്രീക്ക് വിധി നൽകുവാൻ ഒന്നും അദ്ദേഹത്തിന് തടസ്സമായില്ല. തുടർന്നദ്ദേഹം ഒരു ശാശ്വതസത്യം പറയുന്നു: ‘സ്‌നേഹത്തിൽ പടുത്ത കുടുംബങ്ങൾ തുലോം വിരളമാണ്; ഇസ്‌ലാമും കുലീനതയും നിമിത്തമാണ് ജനങ്ങൾ നല്ല നിലയിൽ സഹവസിച്ച് വരുന്നത്.’

എല്ലാ സ്ത്രീപുരുഷന്മാരും സ്‌നേഹാനുരാഗങ്ങളുടെ കാര്യത്തിൽ ‘ഖൈസും ലൈലയും’ ആകണമെന്നില്ല. ആയിരുന്നെങ്കിൽ ഖൈസിനെയും ലൈലയെയും പോലെ, ഒരു വിവാഹം കൂടാതെത്തന്നെ എല്ലാവർക്കും സ്വന്തം ഗതി തീരുമാനിക്കാമായിരുന്നു. ഉമർ ഫാറൂഖ് പറഞ്ഞതുപോലെ മതബോധത്തിന്റെയും ധർമനിഷ്ഠയുടെയും തണലിൽ – ഇസ്‌ലാമിന്റെയും കുലീനതയുടെയും സ്വാധീനത്തിൽ -ദമ്പതികൾ നല്ല നിലയിൽ ഒന്നിച്ച് ജീവിക്കുകയാണ് അഭികാമ്യം.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!