Tuesday, March 26, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംദമ്പതികൾ തമ്മിലുള്ള ലൈംഗിക ബന്ധം

ദമ്പതികൾ തമ്മിലുള്ള ലൈംഗിക ബന്ധം

ചോദ്യം- മതകാര്യങ്ങളിൽ ലജ്ജ പാടില്ലെന്നും രഹസ്യജീവിതത്തിലെ പ്രശ്‌നങ്ങളിൽപോലും മതവിധികളാരായേണ്ടത് മുസൽമാന്റെ ബാധ്യതയാണെന്നും താങ്കളിൽനിന്നുതന്നെ ഞാൻ കേട്ടുപഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യത്തിന് ധൈര്യപ്പെടുന്നത്. ദമ്പതികൾ തമ്മിലുള്ള ലൈംഗികബന്ധമാണ് പ്രശ്‌നം. ഞാനും ഭാര്യയും തമ്മിൽ ഇത് പലപ്പോഴും വഴക്കിനിടയാക്കുന്നു. ഞാനത് ശക്തിയായി ആഗ്രഹിക്കുന്ന മിക്ക സന്ദർഭങ്ങളിലും ഭാര്യ വിസമ്മതിക്കുന്നു. ചിലപ്പോൾ ക്ഷീണംകൊണ്ട്; മറ്റു ചിലപ്പോൾ താൽപര്യക്കുറവുകൊണ്ടും- അവൾ തടസ്സമായി കാണുന്ന മറ്റു നിമിത്തങ്ങളുമുണ്ടാവാം. ശാരീരിക ബന്ധത്തിൽ ദമ്പതികൾ പാലിക്കേണ്ടുന്ന വല്ല വ്യവസ്ഥകളുമുണ്ടോ ശർഇൽ? ഓരോരുത്തരും അപരന്റെ ആവശ്യം അറിഞ്ഞ് പെരുമാറുന്നത് സംബന്ധിച്ച നിയമങ്ങൾ? അതോ, ഇരുവരും യോജിക്കുന്ന സന്ദർഭത്തിൽ മാത്രമേ പറ്റൂ എന്നാണോ? ഇരുവരും യോജിക്കുന്നില്ലെങ്കിൽ എന്താണതിന്റെ വിധി? ജനങ്ങളുടെ മാധ്യസ്ഥ്യത്തിനു വിട്ടുകൊടുക്കാൻ നിർവാഹമില്ലാത്ത ആഭ്യന്തരകലഹമാണല്ലോ ഇത്. അതിനാൽ പ്രശ്‌നം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുവാൻ ഞാനും ഭാര്യയും തീരുമാനിച്ചിരിക്കയാണ്. ഒരു വിശദീകരണം തന്നാലും!

ഉത്തരം- മതവിഷയങ്ങളിൽ ലജ്ജ പാടില്ല എന്നത് സംശയരഹിതമായ കാര്യം തന്നെ. ഉമ്മുൽ മുഅ്മിനീൻ ആഇശ(റ) അൻസാരി സ്ത്രീകളെ ഇക്കാര്യത്തിൽ അഭിനന്ദിക്കുകയുണ്ടായി: ‘മതവിഷയങ്ങളിൽ അറിവ് നേടുന്നതിന് ലജ്ജ അവർക്കൊരു തടസ്സമല്ല.’ ആർത്തവം, പ്രസവം, ജനാബത്ത്, സ്ഖലനം, കുളി ആദിയായ കാര്യങ്ങളെക്കുറിച്ച് അവർ ചോദിക്കുമായിരുന്നു. വാചികമായിരുന്നു, ഈ ചോദ്യങ്ങൾ. ലിഖിതരൂപേണയോ ടെലഫോണിലൂടെയോ ചോദിക്കുന്നതിനേക്കാൾ തീർച്ചയായും പ്രയാസകരമാണത്. വൃദ്ധന്മാരും വൃദ്ധകളും കുട്ടികളും വിധവകളും ഭർത്തൃമതികളും യുവതികളുമെല്ലാം സന്നിഹിതരാവുന്ന പള്ളികളിൽ ശുദ്ധി, കുളി, ആർത്തവം, പ്രസവം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച ക്ലാസുകൾ നടക്കാറുണ്ട്. അതിൽ മലമൂത്ര പഥങ്ങളിലൂടെ വല്ലതും നിർഗമിക്കുക, ലിംഗം സ്പർശിക്കുക, വികാരപൂർവമോ അല്ലാതെയോ സ്ത്രീകളെ സ്പർശിക്കുക തുടങ്ങി വുദൂ ദുർബലമാവുന്ന കാര്യങ്ങൾ പ്രതിപാദിക്കപ്പെടുന്നു. കുളി നിർബന്ധമാകുന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ സംയോഗം, സ്വപ്നസ്ഖലനം, സ്വയംഭോഗം ആദിയായവയും പരാമർശവിധേയമാകും. പ്രസ്തുത കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഖുർആൻ സൂക്തമോ ഹദീസോ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ ചെയ്യേണ്ടിവരുമ്പോൾ, അത് ചെയ്യുന്നതിൽ ഖുർആൻ വ്യാഖ്യാതാവിനോ ഹദീസ് പണ്ഡിതനോ ഒരു വിഷമവും തോന്നാറില്ല.

ഇക്കാര്യങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ദോഷഫലങ്ങൾ ഭയപ്പെടേണ്ടതില്ല. പ്രയോജനപ്രദവും തുറന്നതും ജ്ഞാനവ്യഗ്രവുമായ ഒരന്തരീക്ഷത്തിലാണ് അത് കൈകാര്യം ചെയ്യപ്പെടുന്നത്. ദീനിന്റെ മഹത്വവും പള്ളിയുടെ ഗാംഭീര്യവും പണ്ഡിതന്റെ ഗൗരവവും അതിനെ ചൂഴ്ന്നു നിൽക്കുകയും ചെയ്യും. ഇക്കാലത്ത് ലൈംഗിക വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നവരോട് എനിക്ക് നൽകാനുള്ള ഉപദേശമിതാണ്; ലൈംഗിക കാര്യങ്ങളെ ആവരണം ചെയ്തുനിൽക്കുന്ന കനത്ത തിരശ്ശീലയും അവ്യക്തതയും നീക്കപ്പെടേണ്ടതുണ്ട്. വിദ്യാർഥികൾക്ക് അതിശയോക്തിയും അശ്ലീലതയും കലരാത്ത മിതമായ ലൈംഗികജ്ഞാനം ലഭിക്കുമാറാകണം.

ഇനി, ചോദ്യകർത്താവിന്റെ പ്രശ്‌നമെടുക്കാം: ദാമ്പത്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ് ദമ്പതികളുടെ ലൈംഗികജീവിതം. അതിന് അർഹമായ പ്രാധാന്യം നൽകാതിരിക്കുന്നതും അമിതപ്രാധാന്യം നൽകുന്നതും ദാമ്പത്യത്തെ കലുഷമാക്കും. ഇവ്വിഷയത്തിൽ നിരന്തരം തെറ്റുകൾ ആവർത്തിക്കുന്നത് ദാമ്പത്യസൗധത്തെത്തന്നെ തരിപ്പണമാക്കിയെന്നും വരും. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തെ ഇസ്‌ലാം അവഗണിക്കുന്നുവെന്ന് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്നത് ഇസ്‌ലാമിന്റെ പരിശുദ്ധിക്കും ഉൽകൃഷ്ടതക്കും ചേർന്നതല്ല എന്നാണ് മറ്റു ചിലരുടെ ധാരണ. ലൈംഗിക വികാരത്തെ ‘മ്ലേച്ഛമായ ഒരു ജന്തുവാസന’യായി കാണുന്ന മറ്റു ചില മതങ്ങളുടെ വീക്ഷണത്തിന്റെ സ്വാധീനഫലമാണത്. മനുഷ്യ ജീവിതത്തിലെ ഈ വൈകാരികവശത്തെ ഇസ്‌ലാം ഒട്ടും അവഗണിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇവ്വിഷയത്തിൽ ഇസ്‌ലാമിന് സ്വന്തമായ ആജ്ഞകളും നിരോധങ്ങളുമുണ്ട്. അവയിൽ ധർമോപദേശത്തിന്റെ സ്വഭാവമുള്ളതും നിർബന്ധ നിയമത്തിന്റെ പ്രകൃതമുള്ളതും കാണാം.

ഒന്ന്: ലൈംഗികവികാരം ജന്മസഹജവും നൈസർഗികവുമായ ഒരു ചോദനയാണെന്ന് ആദ്യമായി ഇസ്‌ലാം അംഗീകരിക്കുന്നു. അതിനെ മ്ലേച്ഛവും മലിനവും ആയി പരിഗണിക്കുകയും തീരെ നിർവീര്യമാക്കണമെന്ന് കരുതുകയും ചെയ്യുന്ന തീവ്രവാദികളുടെ വാദമുഖങ്ങളെ ഇസ്‌ലാം നിരാകരിക്കുന്നു. അതുകൊണ്ടാണ് ഷണ്ഡീകരണം വഴി ലൈംഗിക വികാരത്തെ നിർവീര്യമാക്കാനുദ്ദേശിച്ചവരെ ഇസ്‌ലാം തടഞ്ഞത്. സ്ത്രീ സംസർഗവും വിവാഹവും ഉപേക്ഷിക്കാൻ തുനിഞ്ഞവരോട് തിരുദൂതർ പറഞ്ഞു: ‘അല്ലാഹുവിനെ ഏറ്റവും നന്നായി അറിയുന്നവനും അവനെ ഏറ്റവും കൂടുതലായി ഭയപ്പെടുന്നവനുമാണ് ഞാൻ. പക്ഷേ, ഞാൻ രാത്രി നിന്ന് നമസ്‌കരിക്കുന്നു; ഉറങ്ങുന്നു; വ്രതം അനുഷ്ഠിക്കുന്നു; ഉപേക്ഷിക്കുന്നു; വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്റെ ചര്യ വെടിഞ്ഞവൻ നമ്മിൽ പെട്ടവനല്ല.’

രണ്ട്: വിവാഹാനന്തരം ഈ വികാരം ശമിപ്പിക്കുന്നതിൽ ഭാര്യക്കും ഭർത്താവിനുമുള്ള അവകാശവും ബാധ്യതയും നിശ്ചയിക്കുകയും അത് അല്ലാഹുവിനുള്ള ആരാധനയും പുണ്യകർമവും ആയിപ്പോലും പരിഗണിച്ച് അതിൽ താൽപര്യം ജനിപ്പിക്കുകയും ചെയ്തു. ‘നിങ്ങളുടെ ജനനേന്ദ്രിയങ്ങളിൽപോലും നിങ്ങൾക്ക് പുണ്യമുണ്ട്’ എന്ന് തിരുദൂതർ അരുളുകയുണ്ടായി. അനുചരർ ചോദിച്ചു: ‘തിരുദൂതരേ, ഒരാൾ തന്റെ ലൈംഗികവികാരം ശമിപ്പിച്ചതിന് ദൈവത്തിന്റെ പ്രതിഫലമോ?’ അദ്ദേഹം പ്രതിവചിച്ചു: ‘അതെ, നിഷിദ്ധ മാർഗേണയാണ് നിങ്ങളത് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ശിക്ഷയുണ്ടാവില്ലേ? അപ്പോൾ അനുവദനീയ മാർഗങ്ങളവലംബിക്കുന്നതിന് പ്രതിഫലവുമുണ്ട്. തിന്മകൾ വിചാരണക്ക് പരിഗണിക്കുകയും നന്മകൾ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നതെങ്ങനെ?’

ലൈംഗിക വികാരശമനത്തിന് പുരുഷൻ ഒരിണയെ അന്വേഷിക്കുകയാണ് പതിവ്. പ്രകൃതിയുടെ താൽപര്യവും അതുതന്നെ. ഇണയോടുള്ള പുരുഷന്റെ അഭിനിവേശം ശക്തമാണ്. ലൈംഗികവികാരപരമായും അവനാണ് ശക്തൻ. ഇക്കാര്യത്തിൽ സ്ത്രീയാണ് പുരുഷനേക്കാൾ മുൻപന്തിയിൽ നിൽക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്; സംഭവലോക യാഥാർഥ്യങ്ങൾ അതിനെതിരാണ്. ഈ വസ്തുത ഇസ്‌ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തിൽ നിയമങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.

1. ഭർത്താവ് ഭാര്യയെ സഹശയനത്തിന് ക്ഷണിച്ചാൽ അതനുസരിക്കുവാൻ ഭാര്യ ബാധ്യസ്ഥയാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ‘ഭർത്താവ് തന്റെ ആവശ്യനിർവഹണത്തിന് ഭാര്യയെ ക്ഷണിച്ചാൽ അവൾ അത് സ്വീകരിച്ചുകൊള്ളട്ടെ- അവൾ അടുക്കളയിലാണെങ്കിലും ശരി'( തിർമിദി) എന്ന് തിരുദൂതർ പറയുകയുണ്ടായി.

2. കാരണംകൂടാതെ ഭർത്താവിന്റെ ആവശ്യം നിരസിക്കുന്നതിനെതിരെ ഇസ്‌ലാം ഭാര്യക്ക് മുന്നറിയിപ്പ് നൽകുന്നു. ഭർത്താവ് രാവു നീളെ അവളോടുള്ള രോഷവുമായി കഴിഞ്ഞുകൂടുകയാണതിന്റെ ഫലം. തന്റെ വികാരശമനത്തിനും ആഗ്രഹപൂർത്തീകരണത്തിനും വന്ന ഭംഗം നികത്തുവാൻ ഭർത്താവ് പിഴച്ച വഴികളിലേക്ക് വഴുതിപ്പോകുവാനോ അത്തരം മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുവാനോ അതിടയാക്കും. ഏറ്റവും ചുരുങ്ങിയത് ആ രാത്രി അയാൾ അസ്വസ്ഥനും വിഷണ്ണനുമായി കഴിച്ചുകൂട്ടേണ്ടിവരും. തന്റെ വിരിപ്പിലേക്കുള്ള ക്ഷണം ഭാര്യ നിരസിക്കുന്നതു മൂലം ഭർത്താവിന് അവളോട് രോഷം ജനിക്കുകയാണെങ്കിൽ പുലരുന്നതുവരെ മലക്കുകൾ അവളെ ശപിച്ചുകൊണ്ടേയിരിക്കുമെന്ന്( ബു​ഖാരി, മുസ്ലിം) പ്രവാചകപ്രഭു അരുൾ ചെയ്തത് സ്മരണീയമാണ്. എന്നാൽ ഇത് ഭാര്യക്ക് രോഗം, മനോവിഷമം തുടങ്ങിയ ന്യായമായ കാരണങ്ങളോ ശർഇയ്യായ മറ്റു വല്ല തടസ്സങ്ങളോ ഇല്ലാതിരിക്കുമ്പോഴാണ്. ഇക്കാര്യം ഭർത്താവ് കണക്കിലെടുക്കേണ്ടതുണ്ട്. മനുഷ്യരുടെ സ്രഷ്ടാവും അന്നദാതാവും മാർഗദർശകനുമായ അല്ലാഹു ന്യായമായ കാരണങ്ങളുടെ പേരിൽ അവനോടുള്ള ബാധ്യതകളിൽനിന്ന് പോലും അവരെ ഒഴിവാക്കിയിരിക്കുന്നു. ചിലതിന് പ്രതിവിധി നൽകണം. ചിലതിന് അതുമില്ല. ദൈവദാസന്മാർ ഇവ്വിഷയത്തിൽ ദൈവത്തെ അനുധാവനം ചെയ്തുകൊള്ളട്ടെ.

3. ഭർത്താവ് നാട്ടിലുണ്ടായിരിക്കെ, അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഭാര്യ ഐച്ഛികവ്രതങ്ങൾ അനുഷ്ഠിക്കുന്നത് ഇസ്‌ലാം നിരോധിക്കുന്നു. കാരണം, ഐച്ഛികവ്രതം നൽകുന്ന പ്രതിഫലത്തെക്കാൾ ഭർത്താവിന്റെ അവകാശങ്ങളാണിവിടെ ദീക്ഷിക്കേണ്ടത്. ‘ഭർത്താവ് നാട്ടിലുള്ളപ്പോൾ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഭാര്യ വ്രതമനുഷ്ഠിച്ചുകൂടാ’ എന്നാണ് തിരുമൊഴി. ഈ തിരുമൊഴിയിൽ വ്രതം എന്നു പറഞ്ഞത് ഐച്ഛികവ്രതത്തെ ഉദ്ദേശിച്ചാണെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിച്ചിട്ടുള്ളതാണ്. മാത്രമല്ല മറ്റൊരു തിരുവചനം അങ്ങനെ ഉണ്ടുതാനും.

മൂന്ന്: ലൈംഗികശക്തിയിൽ പുരുഷനുള്ള മികവ് പരിഗണിച്ചപ്പോൾ ലൈംഗികസംതൃപ്തി ലഭിക്കുവാനുള്ള സ്ത്രീയുടെ അവകാശം ഇസ്‌ലാം വിസ്മരിച്ചില്ല. പകലത്രയും വ്രതാനുഷ്ഠാനവും രാവുനീളെ നമസ്‌കാരവുമായി കഴിഞ്ഞുകൂടുന്ന, അബ്ദുല്ലാഹിബ്‌നു ഉമറിനെപ്പോലുള്ള ആളുകളോട് ‘നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്; നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്’ എന്ന് തിരുദൂതർ കൽപിച്ചത് ഇക്കാരണത്താലാണ്. ഇമാം ഗസ്സാലി പറയുന്നു: ‘നാലു ദിവസത്തിലൊരിക്കൽ ഭാര്യയെ സമീപിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും നീതിയുക്തമായിട്ടുള്ളത്. ഭാര്യമാരുടെ എണ്ണത്തിൽ അനുവദനീയമായ പരിധി നാലാണ്. അതിനാൽ അത്രയും ദിവസം താമസിപ്പിക്കുന്നത് അനുവദനീയമാണ്. എങ്കിലും ഈ പരിധി അവളുടെ ചാരിത്ര്യ സംരക്ഷണത്തിന്റെ ആവശ്യം പരിഗണിച്ച് കൂട്ടുകയോ കുറക്കുകയോ ആവാം. അവളുടെ ചാരിത്ര്യം സംരക്ഷിക്കേണ്ടത് അവന് നിർബന്ധമാണ്.'( ഇഹ്‌യാ ഉലൂമിദ്ദീൻ ഭാഗം 2, പുറം 50, ദാറുൽ മഅ്‌രിഫ: ബൈറൂത്ത്.
)

നാല്: ഭാര്യയുടെ ആവശ്യവും ലൈംഗികസംതൃപ്തിയും കണക്കിലെടുക്കാതെ പുരുഷൻ സ്വന്തം വികാരശമനം മാത്രം ലക്ഷ്യമാക്കി പെരുമാറുന്നത് അഭികാമ്യമല്ല. സംയോഗം ആരംഭിക്കുന്നതിനു മുമ്പ് ലൈംഗികകേളികളിൽ ഏർപ്പെടുന്നത് പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം അതത്രെ. അല്ലാത്തപക്ഷം ലൈംഗികബന്ധം മൃഗീയമായ ഒരു സംസർഗം മാത്രമായി തരംതാഴും. പല പുരുഷന്മാരും അവഗണിക്കുന്ന ഈ വശത്തെപ്പറ്റി അവരെ ബോധവാന്മാരാക്കുന്നതിൽ ഇസ്‌ലാമിലെ വിഖ്യാതരായ കർമശാസ്ത്രപണ്ഡിതന്മാരിലാരും തെറ്റോ കുറ്റമോ കാണുന്നില്ല. കർമശാസ്ത്രജ്ഞനും സൂഫിവര്യനുമായ ഹുജ്ജതുൽ ഇസ്‌ലാം അബൂഹാമിദുൽ ഗസ്സാലി ദൈവഭക്തരും സൂക്ഷ്മാലുക്കളും പാരത്രികമോക്ഷം കൊതിക്കുന്നവരുമായ ആളുകൾക്ക് ഒരു മാർഗദർശനമാകാൻ വേണ്ടി രചിച്ച തന്റെ ‘ഇഹ്‌യാ’യിൽ പറയുന്നതു നോക്കൂ: ‘ദൈവനാമത്തിൽ ആരംഭിക്കുന്നതാണ് അഭികാമ്യം. തിരുദൂതർ പറയുകയുണ്ടായി: ”നിങ്ങളാരെങ്കിലും സ്വന്തം ഭാര്യയെ ലൈംഗികബന്ധത്തിനായി സമീപിക്കുകയാണെങ്കിൽ ‘അല്ലാഹുവേ, എന്നിൽനിന്നും പിശാചിനെ അകറ്റേണമേ! നീ ഞങ്ങൾക്ക് പ്രദാനം ചെയ്യുന്ന സന്താനത്തിൽനിന്നും പിശാചിനെ അകറ്റേണമേ!’ എന്നു പറയുക. എന്നാൽ ആ ബന്ധത്തിൽ നിങ്ങൾക്കൊരു സന്താനമുണ്ടാകുന്ന പക്ഷം അതിനെ പിശാച് സ്പർശിക്കുകയേ ഇല്ല.”( ബുഖാരി, മുസ്‌ലിം) ഇരുവരും വല്ല തുണിയുംകൊണ്ട് ശരീരം മൂടിക്കൊള്ളട്ടെ… സ്‌നേഹം വഴിയുന്ന സംഭാഷണവും ചുംബനവുംകൊണ്ട് വേണം ആരംഭിക്കാൻ. മൃഗങ്ങളെപ്പോലെ നിങ്ങളാരും സ്വന്തം ഇണയുടെ മേൽ ചാടിവീഴരുത്; അവർക്കിടയിൽ ഒരു ‘ദൂതൻ’ വേണം എന്ന് തിരുദൂതർ പറയുകയുണ്ടായി. ‘ആരാണീ ദൂതൻ തിരുദൂതരേ?’ അനുചരർ ചോദിച്ചു: അദ്ദേഹം പറഞ്ഞു: ‘ചുംബനവും സംസാരവും.'( അബൂമൻസൂർ, ദൈലമി) തിരുദൂതർ തുടർന്നു: ‘പുരുഷനിൽ മൂന്ന് ബലഹീനതകളുണ്ട്…’ അദ്ദേഹം എണ്ണിപ്പറഞ്ഞ മൂന്ന് ബലഹീനതകളിലൊന്ന് ഇതാണ്: ‘ഭാര്യയോട് വല്ലതും സംസാരിക്കുകയോ സ്‌നേഹപ്രകടനം നടത്തുകയോ ഒന്നിച്ച് ശയിക്കുകയോ ചെയ്യാതെ അവളെ പ്രാപിക്കുകയും അവൾക്ക് ലൈംഗിക സംതൃപ്തി വരുന്നതിനുമുമ്പ് താൻ വികാരശമനം വരുത്തി വിരമിക്കുകയും ചെയ്യുക.'( ദൈലമിയുടെ മുൻചൊന്ന ഹദീസിന്റെ ബാക്കി ഭാഗം. നിദാനശാസ്ത്രപരമായി ഹദീസ് അസ്വീകാര്യമാണ്. പക്ഷേ, അതിലടങ്ങിയ ആശയം മനുഷ്യപ്രകൃതി ആവശ്യപ്പെടുന്ന ഒന്നത്രെ.)

ഇമാം ഗസ്സാലി തുടരുന്നു: ‘ഭർത്താവ് വികാരശമനം വരുത്തിക്കഴിഞ്ഞാൽ ഭാര്യ സംതൃപ്തയാവുംവരെ അയാൾ കാത്തിരിക്കണം. ചിലപ്പോൾ ഭാര്യക്ക് രതിമൂർച്ഛ അനുഭവപ്പെടാൻ സമയം എടുത്തേക്കും. അതിനാൽ അവളുടെ വികാരം ഇളക്കിവിട്ട് അത് ശമിക്കുന്നതിനു മുമ്പ് പുരുഷൻ വിരമിക്കുന്നത് അവളെ പീഡിപ്പിക്കലാണ്. പുരുഷൻ നേരത്തെ രതിമൂർച്ഛ പ്രാപിക്കുന്ന കാലത്തോളം, രതിമൂർച്ഛ പ്രാപിക്കുന്നതിൽ ഇരുവരും തമ്മിലുള്ള സ്വാഭാവികമായ അന്തരം അസംതൃപ്തിയുളവാക്കും. ഇരുവർക്കും ഒരേസമയം രതിമൂർച്ഛ അനുഭവപ്പെടുന്നതും അതുവരെ പുരുഷൻ വിരമിക്കാതിരിക്കുന്നതുമാണ് സ്ത്രീക്ക് അത്യധികം രസാനുഭൂതി പകരുന്നത്. നാണം നിമിത്തം അവളത് ആവശ്യപ്പെട്ടില്ലെന്നു വരും.’

ഭക്തനും സാത്വികനുമായ മറ്റൊരു സലഫീ പണ്ഡിതൻ, ഇമാം ഇബ്‌നുൽ ഖയ്യിം തന്റെ ‘സാദുൽ മആദി ഫീ ഹുദാ ഖൈരിൽ ഇബാദ്’ എന്ന ഗ്രന്ഥത്തിൽ സംയോഗത്തെ സംബന്ധിച്ച് പറയുന്നതു കാണാം. അതു പറയുന്നതിൽ മതപരമായ വല്ല തടസ്സമോ ധാർമികമായ സങ്കോചമോ സാമൂഹികമായ വല്ല കുഴപ്പമോ അദ്ദേഹം ദർശിക്കുന്നില്ല. ഇക്കാലത്ത് ചില ആളുകൾ അങ്ങനെയൊക്കെ ധരിച്ചുവെച്ചിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം പറയുന്നു:

‘സംയോഗവും മറ്റു ദാമ്പത്യകാര്യങ്ങളും സംബന്ധിച്ചുള്ള തിരുദൂതരുടെ നിർദേശങ്ങൾ ഏറ്റവും സമഗ്രവും ആരോഗ്യസംരക്ഷണത്തിനും രസാനുഭൂതിക്കും ആത്മസംതൃപ്തിക്കും ഉതകുന്നതും ദാമ്പത്യത്തിന്റെ മൗലികലക്ഷ്യം സാക്ഷാത്കരിക്കുവാൻ പര്യാപ്തവുമത്രെ. സംയോഗത്തിന്റെ മൗലികലക്ഷ്യങ്ങൾ മൂന്നാണ്. ഒന്ന്: സന്താനോൽപാദനം. ഈ ലോകത്ത് വെളിച്ചം കാണുവാൻ അല്ലാഹു കണക്കാക്കിയ എണ്ണം പൂർത്തിയാകുംവരെ അത് തുടരുക. രണ്ട്: കെട്ടിനിന്നാൽ ശരീരത്തിന് ദോഷം ചെയ്യുന്ന ജലം പുറത്തുകളയുക. മൂന്ന്: വികാരശമനവും രസാസ്വാദനവും. സ്വർഗത്തിൽ ഇതൊന്നു മാത്രമായിരിക്കും ഇണചേരലിന്റെ ലക്ഷ്യം. ഗുണഫലങ്ങൾ ഇവയാണ്: സദാചാരനിഷ്ഠയും ആത്മനിയന്ത്രണവും നിഷിദ്ധകാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള കഴിവും നേടിക്കൊടുക്കുന്നു. സ്ത്രീകൾക്കും ഇത് ലഭ്യമാകുന്നു. പുരുഷന് ഇഹലോകത്തും പരലോകത്തും അത് ഉപകരിക്കുന്നപോലെ സ്ത്രീകൾക്കും അതുപകരിക്കുന്നു. ഇക്കാരണത്താൽ തിരുദൂതർ അത് നിർവഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. പത്‌നിമാരും സുഗന്ധദ്രവ്യങ്ങളും എനിക്ക് പ്രിയങ്കരങ്ങളാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സമുദായത്തെ അദ്ദേഹം വിവാഹത്തിന് പ്രേരിപ്പിച്ചു. അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ വിവാഹം കഴിക്കുക. നിങ്ങൾ നിമിത്തം മറ്റു സമൂഹങ്ങളോട് എനിക്ക് പെരുമ നടിക്കുവാൻ കഴിയണം.’ മറ്റൊരിക്കൽ പറഞ്ഞു: ‘യുവസമൂഹമേ, നിങ്ങളിൽ ഭാര്യക്ക് ജീവിതവിഭവങ്ങൾ നൽകാൻ കഴിവുള്ളവരെല്ലാം വിവാഹം കഴിക്കേണ്ടതാണ്. അത് ധർമനിഷ്ഠയും ലൈംഗിക സദാചാരവും പാലിക്കുവാൻ ഏറ്റവും സഹായകമത്രെ.’ ജാബിർ പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തതറിഞ്ഞപ്പോൾ തിരുദൂതർ ചോദിച്ചു: ‘എന്തേ, ഒരു കന്യകയെ വിവാഹം കഴിച്ചില്ല? നിങ്ങൾക്ക് പരസ്പരം കേളികളിലേർപ്പെടാമായിരുന്നില്ലേ?’

ഇബ്‌നുൽ ഖയ്യിം തുടരുന്നു: ‘സംയോഗത്തിനു മുമ്പ് ഇണയുമായി കേളികളിലേർപ്പെടുന്നതും ഇണയെ ഉമ്മവെക്കുന്നതും ഇണയുടെ നാവ് നുകരുന്നതും അഭികാമ്യമാണ്. തിരുദൂതർ സ്വന്തം പത്‌നിമാരുമായി വിനോദത്തിലേർപ്പെടുകയും അവരെ ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു. അബൂദാവൂദ് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: ‘റസൂൽ(സ) ആഇശയെ ചുംബിക്കുകയും അവരുടെ നാവ് നുകരുകയും ചെയ്യാറുണ്ടായിരുന്നു.’ ‘കേളികളിലേർപ്പെടുംമുമ്പ് ഇണചേരുന്നത് തിരുദൂതർ വിലക്കുകയുണ്ടായി’ എന്ന് ജാബിറുബ്‌നു അബ്ദില്ലയെ ഉദ്ധരിച്ച് അബൂദാവൂദ് തന്നെ റിപ്പോർട്ട് ചെയ്യുന്നു.'( സാദുൽ മആദ് ഭാഗം 3, പുറം 309.)

ഇസ്‌ലാമിക കർമശാസ്ത്രജ്ഞർ പിന്തിരിപ്പൻമാരും യാഥാസ്ഥിതികരും ആയിരുന്നില്ലെന്നും ഇമ്മാതിരി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ, ഒരാധുനിക പ്രയോഗമനുസരിച്ച് യാഥാർഥ്യബോധമുള്ള പുരോഗമനവാദികളായിരുന്നു എന്നുമാണ് ഇത്തരം പരാമർശങ്ങൾ ബോധിപ്പിക്കുന്നത്.

ചുരുക്കത്തിൽ, ദമ്പതികളുടെ ലൈംഗികജീവിതം വ്യവസ്ഥാപിതമാക്കുന്നതിൽ ഇസ്‌ലാം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഖുർആൻ പോലും രണ്ടിടങ്ങളിൽ അത് പരാമർശിച്ചു. രണ്ടും അൽബഖറ അധ്യായത്തിലാണ്. വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കവെ ഖുർആൻ പറയുന്നു: ‘നോമ്പിന്റെ രാത്രിയിൽ നിങ്ങൾക്ക് ഭാര്യാസമ്പർക്കം അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്ക് വസ്ത്രമാണ്; നിങ്ങൾ അവർക്കും വസ്ത്രമാണ്. നിങ്ങൾ ആത്മവഞ്ചന ചെയ്തിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. അവൻ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു. ഇനിമേൽ നിങ്ങൾ അവരുമായി സമ്പർക്കം പുലർത്തുകയും അല്ലാഹു നിങ്ങൾക്ക് വിധിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊൾക, പ്രഭാതത്തിലെ വെള്ളനൂൽ കറുപ്പുനൂലുമായി വേർതിരിഞ്ഞു കാണുന്നതുവരെ. പിന്നെ രാത്രിയാകുവോളം നോമ്പെടുത്ത് പൂർത്തീകരിക്കുക. എന്നാൽ നിങ്ങൾ പള്ളിയിൽ ഭജനമിരിക്കുമ്പോൾ സ്ത്രീസംസർഗം അരുത്. ഇതെല്ലാം അല്ലാഹുവിന്റെ പരിധികളാകുന്നു. അതിനാൽ അവയെ സമീപിക്കരുത്.’

ദാമ്പത്യബന്ധത്തെ യഥാവിധി ചിത്രീകരിക്കുവാൻ ‘അവർ നിങ്ങൾക്ക് വസ്ത്രമാണ്; നിങ്ങൾ അവർക്കും വസ്ത്രമാണ്’ എന്നതിനേക്കാൾ അർഥഗർഭവും സത്യസന്ധവും ചേതോഹരവുമായ മറ്റെന്ത് പ്രയോഗമാണുള്ളത്? നഗ്നത മറയ്ക്കുകയും ശരീരത്തിന് ചൂടും സംരക്ഷണവും നൽകുകയും ശരീരത്തോട് ഒട്ടിച്ചേർന്ന് നിൽക്കുകയും അതിന് സൗന്ദര്യം പകരുകയും ചെയ്യുന്നതാണ് വസ്ത്രം. ദാമ്പത്യവും അങ്ങനെത്തന്നെ.

അൽബഖറ അധ്യായത്തിൽതന്നെ മറ്റൊരിടത്ത്: ‘ആർത്തവത്തെക്കുറിച്ചും അവർ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു. അതുകൊണ്ട് ആർത്തവകാലത്ത് സ്ത്രീകളുമായി അകന്നുനിൽക്കുക. അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കരുത്. അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ചവിധം അവരെ സമീപിക്കുക. നിശ്ചയമായും പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. പരിശുദ്ധി പ്രാപിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ സ്ത്രീകൾ നിങ്ങൾക്ക് കൃഷിയിടമാകുന്നു. അതുകൊണ്ട് നിങ്ങളുടെ കൃഷിയിടത്തിൽ നിങ്ങളിച്ഛിക്കുന്നവിധം ചെല്ലുകയും നിങ്ങളുടെ ഭാവിക്കുവേണ്ടി നേടിവെക്കുകയും ചെയ്യുക. (നബീ,) സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുക.’

സൂക്തത്തിലെ ‘അകന്നു നിൽക്കുക’ എന്നതിന്റെ ഉദ്ദേശ്യം തിരുവചനങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സംയോഗം ഉപേക്ഷിക്കുക എന്ന് മാത്രമാണത്. അതൊഴിച്ചുള്ള ലൈംഗികാസ്വാദനം- ചുംബനം, ആലിംഗനം, സഹശയനം- നിഷിദ്ധമല്ല. അതുപോലെ ‘നിങ്ങളിച്ഛിക്കുന്നവിധം’ എന്നതിന്റെ ഉദ്ദേശ്യമിതാണ്: മൈഥുനരീതി തെരഞ്ഞെടുക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. അത് പക്ഷേ, വിത്ത് മുളക്കാനുതകുന്ന ഇടത്തിലാകണം എന്നു മാത്രം. സ്ത്രീയുടെ ജനനേന്ദ്രിയമാണതെന്ന് സൂക്തം സൂചന നൽകുന്നു.

ഇസ്‌ലാമിന്റെ ഭരണഘടനയായ ഖുർആനിൽ ഇക്കാര്യം ഇത്രയും സ്പഷ്ടമായി പ്രതിപാദിക്കുക എന്നതിലേറെ മറ്റൊരു പരിഗണന ഈ വിഷയത്തിന് ഇനി ലഭിക്കാനില്ല.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!