ചോദ്യം- ”സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ കല്യാണം കഴിച്ചുകൊടുക്കാൻ രക്ഷിതാക്കൾക്ക് ഇസ്‌ലാം അനുവാദം നൽകുന്നുണ്ടെന്ന് പറയുന്നത് ശരിയാണോ?”
ഉത്തരം – അല്ല. സ്ത്രീയുടെ അനുവാദമോ സമ്മതമോ ഇല്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അഥവാ, അങ്ങനെ ചെയ്താൽ അത് സ്വീകരിക്കാനെന്ന പോലെ നിരസിക്കാനും സ്ത്രീക്ക് അവകാശമുണ്ട്.
പ്രവാചകൻ (സ) പറയുന്നു: ”കന്യകയല്ലാത്ത സ്ത്രീയെ സംബന്ധിച്ചേടത്തോളം അവൾക്കുതന്നെയാണ് രക്ഷിതാവിനേക്കാൾ സ്വന്തം കാര്യം തീരുമാനിക്കാനുള്ള അവകാശം. കന്യകയെ കല്യാണം കഴിച്ചു കൊടുക്കാൻ അവളുടെ അനുവാദം ആരായേണ്ടതാണ്. അവളുടെ മൗനം അനുവാദമായി ഗണിക്കും”(മുസ്‌ലിം, തിർമിദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
ഒരിക്കൽ ഒരു പെൺകുട്ടി പ്രവാചക സന്നിധിയിൽ വന്ന്, പിതാവ് തന്റെ സമ്മതം കൂടാതെ ഒരാളെ വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കുന്നതായി പരാതിപ്പെട്ടു. അപ്പോൾ അവൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ പ്രവാചകൻ അനുമതി നൽകി.
ഒരു യുവതി നബിയുടെ സന്നിധിയിൽ വന്നു പറഞ്ഞു: ‘എന്റെ പിതാവ് സ്വന്തം സഹോദരപുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്നെ കല്യാണം കഴിച്ചുകൊടുത്തിരിക്കുന്നു.’ അങ്ങനെ നബി കാര്യം തീരുമാനിക്കാനുള്ള അവകാശം അവൾക്ക് നൽകി. അപ്പോൾ അവൾ പറഞ്ഞു: പിതാവിന്റെ പ്രവൃത്തി ഞാൻ അംഗീകരിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ പിതാക്കന്മാർക്ക് ഒരു അധികാരവുമില്ലെന്ന് സ്ത്രീകളെ പഠിപ്പിച്ചുകൊടുക്കലാണ് എന്റെ ഉദ്ദേശ്യം.