Thursday, May 16, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംമിശ്രവിവാഹത്തെ എന്തുകൊണ്ടെതിർക്കുന്നു?

മിശ്രവിവാഹത്തെ എന്തുകൊണ്ടെതിർക്കുന്നു?

ചോദ്യം- ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കാത്തതെന്തുകൊണ്ട്? ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ?”

ഉത്തരം-  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് ദാമ്പത്യപ്പൊരുത്തം അനിവാര്യമത്രെ. അതുണ്ടാവണമെങ്കിൽ ദമ്പതികളെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും കാരുണ്യവുമായിരിക്കണം. ഖുർആൻ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: ”അവൻ നിങ്ങൾക്കു നിങ്ങളിൽനിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും – അവരുടെ സാന്നിധ്യത്തിൽ നിങ്ങൾക്ക് ശാന്തി ലഭിക്കാനായി- നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതിൽ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്”(ഖുർആൻ 30: 21).

സ്‌നേഹബന്ധം സുദൃഢമാവണമെങ്കിൽ ആദർശൈക്യം അനിവാര്യമാണ്. കലവറയില്ലാതെ രഹസ്യങ്ങൾ കൈമാറാനും കരുതിവയ്പില്ലാതെ ആത്മാർഥവും ഊഷ്മളവുമായ സ്‌നേഹബന്ധം സ്ഥാപിക്കാനും ആദർശപ്പൊരുത്തം കൂടിയേ തീരൂ. ഗണിതശാസ്ത്രത്തിൽ ഒന്നും ഒന്നും ചേർന്നാൽ രണ്ടാണല്ലോ. എന്നാൽ ഇസ്‌ലാം വിഭാവന ചെയ്യുന്ന ദാമ്പത്യലോകത്ത് അത് ‘ഇമ്മിണി വലിയ ഒന്നാ’ണ്. ഖുർആൻ പറയുന്നു: ”സ്ത്രീകൾ പുരുഷന്മാർക്ക് വസ്ത്രമാകുന്നു. പുരുഷന്മാർ സ്ത്രീകൾക്കും വസ്ത്രമാകുന്നു.”(2: 187) ”നിങ്ങൾ പരസ്പരം ഇഴുകിക്കഴിഞ്ഞവരത്രെ.”(4: 21)

രണ്ട് പ്രവാഹങ്ങൾ ചേർന്ന് ഒന്നായി മാറുന്നപോലെ രണ്ടാൾ ചേർന്ന് ഒന്നായി മാറി കൂട്ടായി ജീവിക്കുന്ന അതിമഹത്തരവും അനിർവചനീയവുമായ ഒന്നാണല്ലോ ദാമ്പത്യം. വിശ്വാസ, വീക്ഷണ, ആചാര, ആരാധനാനുഷ്ഠാനങ്ങളിൽ വൈവിധ്യവും വൈരുധ്യവുമുള്ളവർ ചേർന്നുണ്ടാവുന്ന ദാമ്പത്യം ഭദ്രമോ ഊഷ്മളമോ ആവുകയില്ല. അസുഖകരമായ അവസ്ഥയ്ക്കും അനാരോഗ്യകരമായ പരിണതിക്കുമാണ് അത് വഴിവയ്ക്കുക.

താൻ സ്വീകരിച്ചംഗീകരിച്ച ആദർശമാണ് ഇഹപര വിജയത്തിന്റെ മാർഗമെന്നും പരമമായ സത്യമെന്നും വിശ്വസിക്കുന്ന സത്യസന്ധതയും ആത്മാർഥതയുമുള്ള ഏതൊരാളും തന്റെ മക്കളും പിൻമുറക്കാരും അതിന്റെ വക്താക്കളും പ്രയോക്താക്കളുമാകണമെന്ന് ആഗ്രഹിക്കുക അനിവാര്യമത്രെ. സ്വന്തക്കാരും സന്താനങ്ങളും തന്നെപ്പോലെ ആവണമെങ്കിൽ ജീവിത പങ്കാളിയും അതേ ആദർശ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നവരാകണം. അതിനാൽ ദാമ്പത്യ ഭദ്രതയ്ക്കും കുടുംബത്തിന്റെ കെട്ടുറപ്പിനും പിൻമുറക്കാരുടെ ആദർശ പ്രതിബദ്ധതയ്ക്കും ഇണകൾക്കിടയിലെ ആദർശൈക്യം അനിവാര്യമാണ്. മിശ്രവിവാഹത്തിൽ അതുണ്ടാവില്ലെന്നത് സുവിദിതമാണല്ലോ. ഇസ്‌ലാം അതിനെ അംഗീകരിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!