ചോദ്യം: പുരുഷന്മാർക്ക് സ്വർണവും പട്ടും നിഷിദ്ധമാക്കിയതിന്റെ യുക്തിയെന്താണ്? പുരുഷന്മാർ അതുപയോഗിച്ചാൽ വല്ല ഭവിഷ്യത്തുമുണ്ടാകുമോ?
ഉത്തരം: പുരുഷന്മാർക്ക് പട്ടും സ്വർണവും നിരോധിച്ചതിന്റെ യുക്തി ശരീഅത്ത് പ്രാമാണികമായി വെളിപ്പെടുത്തിത്തന്നിട്ടില്ല. ആർഭാടം, ആലസ്യം, സ്ത്രൈണത എന്നിവയുടെ പ്രതീകമായാണ് പട്ടും കനകവും പൊതുവിൽ ഗണിക്കപ്പെടുന്നത്. പട്ടിലും സ്വർണത്തിലും വളർത്തപ്പെടുന്നവർ എന്ന് സ്ത്രീകളെക്കുറിച്ച് പണ്ടു മുതലേ ഒരു പ്രായോഗമുണ്ടല്ലോ. ഈ പ്രായാഗം സ്ത്രൈണതയുടെ ഓമനത്തവും സൗന്ദര്യ മൂല്യവും മാത്രമല്ല, നിഷ്ക്രിയതയും കൂടി പ്രകടിപ്പിക്കുന്നുണ്ട്. പൗരുഷത്തിനോ ഗൗരവപ്രകൃതിക്കാ കഠിനാധ്വാനത്തിനോ ഇണങ്ങുന്നതല്ല പട്ടും കനകവും. മിക്കവാറും ഇക്കാരണം കൊണ്ടുതന്നെയായിരിക്കണം ഇസ്ലാം പുരുഷന്മാർക്ക് പട്ടും സ്വർണവും നിരോധിച്ചത്. ലളിത ജീവിതവും വിചാര ഗൗരവവും കഠിനാധ്വാനവുമാണല്ലോ പൗരുഷം ആവശ്യപ്പെടുന്നത്.