ചില ആളുകള്‍ തങ്ങളെ കഫന്‍ ചെയ്യാനുള്ള തുണി സംസം വെള്ളത്തില്‍ നനച്ചെടുക്കാന്‍ ഹജ്ജേിനോ ഉംറക്കോ പോകുമ്പോള്‍ കൂടെ കരുതാറുണ്ട്. മറ്റു ചിലര്‍ സംസത്തില്‍ നനച്ചെടുക്കുന്നതിനായി സൗദിയില്‍ നിന്ന് കഫന്‍ തുണി വാങ്ങാറുമുണ്ട്. ഹജ്ജിനോ ഉംറക്കോ വരുന്നയാള്‍ തന്നെ കഫന്‍ ചെയ്യാനുള്ള തുണി സംസം വെള്ളത്തില്‍ കഴുകിയെടുക്കുകയും പുണ്യം ഉദ്ദേശിച്ച് അത് സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?
മറുപടി:
1. ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയം ആരാധനാ കാര്യങ്ങളുടെ പരിധിയില്‍ വരുന്ന ഒന്നാണ്. ആരാധനാ കാര്യങ്ങളുടെ അടിസ്ഥാനം അല്ലാഹുവും അവന്റെ ദൂതനുമാണ്. അല്ലാഹു അനുവദിക്കാത്ത ഒരു കാര്യം നമ്മുടെ ഇച്ഛക്കനുസരിച്ച് ദീനില്‍ കൂട്ടിചേര്‍ക്കാന്‍ നമുക്ക് അനുവാദമില്ല. അത്തരത്തിലുള്ള കൂട്ടിചേര്‍ക്കലുകള്‍ വഴികേടുമാണ്. കഫന്‍ പുടവ സംസം വെള്ളത്തില്‍ നനച്ചെടുക്കുന്നത് നിര്‍ബന്ധമോ അഭികാമ്യമോ ആയ ഒരു കര്‍മമായി ഖുര്‍ആനോ പ്രവാചകചര്യയോ പരിചയപ്പെടുത്തി തരുന്നില്ല.
2. സഹാബികളോ അവരെ തുടര്‍ന്നു വന്ന താബിഉകളോ അങ്ങനെ ചെയ്തതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവരാണല്ലോ അവര്‍. അതില്‍ വല്ല നന്മയും ഉണ്ടായിരുന്നെങ്കില്‍ അവരായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്.
3. സംസം വെള്ളം കുളിക്കാനോ വൃത്തിയാക്കാനോ ഉള്ളതല്ല, മറിച്ച് കുടിക്കാനുള്ളതാണ്. സംസം കുടിക്കാനുള്ളതാണെന്ന് വ്യക്തമാക്കുന്ന പ്രവാചക വചനങ്ങളുണ്ട്. നബി(സ) കുടിക്കാന്‍ വേണ്ടി മാത്രമാണ് അതുപയോഗിച്ചിരുന്നത് എന്നും കാണാം. അംഗശുദ്ധി വരുത്തുന്നതിനോ ശുചീകരണം പോലുള്ള കാര്യങ്ങള്‍ക്കോ നബിതിരുമേനി സംസം ഉപയോഗിച്ചിരുന്നില്ല.
4. പരലോകത്തെ വിജയത്തിന്റെയോ രക്ഷയുടെയോ അടിസ്ഥാനം കഫന്‍ പുടവയോ സംസം വെള്ളമോ അല്ല. ഒരാളുടെ വിശ്വാസവും സല്‍കര്‍മങ്ങളും മാത്രമാണ് അവിടെ പരിഗണിക്കപ്പെടുക. ”അണുഅളവ് നന്മ ചെയ്തിട്ടുള്ളവന്‍ അതവിടെ കാണും. അണുഅളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും.” (അസ്സല്‍സല: 7,8)
ഇഹത്തിലോ പരത്തിലോ യാതൊരു പ്രയോജനവും ചെയ്യാത്ത പുറംതോടുകളില്‍ മുസ്‌ലിംകള്‍ കടിച്ചു തൂങ്ങിയപ്പോള്‍ യഥാര്‍ഥ കാമ്പാണ് അവര്‍ക്ക് നഷ്ടമായിട്ടുള്ളത്.
വിവ: നസീഫ്