Tuesday, July 23, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?

ഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?

ചോദ്യം: ഒരു യുവാവ് എന്നെ വിവാഹാലോചന നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, വിവാഹോലചന വേണ്ട വിധത്തിൽ പുരോഗമിക്കുന്നില്ല. ഞാൻ അല്ലാഹുവിനോട് ഞങ്ങളെ നന്മയിൽ ഒരുമിപ്പിക്കാൻ പ്രാർഥിക്കാറുണ്ടായിരുന്നു. ആ യുവാവ് വിവാഹലോചന നടത്താൻ എന്റെ സഹോദരി പ്രാർഥിക്കുന്നുണ്ടെന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഞാനറിഞ്ഞു. അവളുടെ പ്രാർഥന എന്റെ വിവാഹാലോചനക്ക് തടസ്സമാകുമോ? ഇപ്രകാരം പ്രാർഥിക്കുകയെന്നത് അതിരുകടന്ന പാർഥനയായി പരിഗണിക്കപ്പെടുമോ? ഈയൊരു സാഹചര്യത്തിൽ ഞാനെന്താണ് ചെയ്യേണ്ടത്? ദുനിയാവിന്റെ കാര്യത്തിൽ മത്സരിക്കാതിരിക്കാൻ ഞാൻ പ്രാർഥന ഒഴിവാക്കേണമോ? ഹദീസിൽ വന്നിട്ടുള്ളതുപോലെ, ആർ അല്ലാഹുവിനോട് തേടുന്നില്ലയോ അവന്റെ മേൽ അല്ലാഹുവിന്റെ കോപമുണ്ടാകും – പ്രാർഥനയിൽ നിന്ന് വിട്ടുനിന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകലെയാകുമോയെന്ന് ഞാൻ ഭയപ്പെടുന്നു.

മറുപടി: അല്ലാഹുവിലേക്ക് അടുക്കാനുള്ളതാണ് പ്രാർഥന. നന്മകൾ സാക്ഷാത്കരിക്കാനും, ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും, ചീത്തയായത് തടയാനുമുള്ള മഹത്തായ മാർഗവുമാണത്. എന്നാൽ, നിശ്ചിത വ്യക്തിയുമായുള്ള വിവാഹം എളുപ്പമാക്കണമേയെന്ന് പ്രാർഥിക്കാതിരിക്കലാണ് നല്ലത്. ഉപാധികൾ വെച്ച് – എനിക്ക് അത് നന്മയാണെങ്കിൽ, അല്ലെങ്കിൽ അതിൽ നന്മയുണ്ടെങ്കിൽ സംഭവ്യമാക്കിതരേണമേ – നിങ്ങൾ പ്രാർഥിക്കുക. കാരണം ആ വിവാഹലോചന എളുപ്പമാകുന്നതിൽ ചിലപ്പോൾ നന്മയുണ്ടായിരിക്കണമെന്നില്ല. നിങ്ങളുടെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് പ്രയാസകരമായി തീരുന്നതുമാണ്.

അല്ലാഹു പറയുന്നു: ‘എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) നിങ്ങൾക്കത് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല.’ (അൽബഖറ: 216)

അതുകൊണ്ടാണ് നന്മ തേടികൊണ്ടുള്ള പ്രാർഥനയിൽ നമ്മോട് പറയാൻ കൽപിക്കപ്പെട്ടിരിക്കുന്നത്: ‘അല്ലാഹുവേ, ഈയൊരു കാര്യം എനിക്ക് ദീനിലും, ജീവിതത്തിലും, പരലോകത്തും നന്മയാണെന്ന് നീ അറിയുകയാണെങ്കിൽ, അത് എനിക്ക് സാധിപ്പിച്ച് തരേണമോ. ഈയൊരു കാര്യം ദീനിലും, ജീവിതത്തിലും, പരലോകത്തും തിന്മയാണെന്ന് നീ അറിയുകയാണെങ്കിൽ, അത് എന്നിൽ നിന്നും എന്നെ അതിൽ നിന്നും തട്ടിമാറ്റേണമേ. നന്മയായിരിക്കുവോളം അത് എനിക്ക് സാധിപ്പിച്ച് തരേണമോ, അതുകൊണ്ട് എന്നെ സംതൃപ്തനാക്കേണമേ.’ (ബുഖാരി 6382)
അല്ലാഹുവേ, എനിക്ക് സത്‌സ്വഭാവിയായ ഇണയെ നൽകേണമേയെന്ന് നിങ്ങൾ പറയുകയാണെങ്കിൽ . അതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. അപ്പോൾ അല്ലാഹു നിങ്ങൾക്ക് ഈ യുവാവിനെക്കാൾ – ഈ യുവാവ് നല്ലതാണെങ്കിലും – ശ്രേഷ്ഠമായ യുവാവിനെ നൽകുന്നതാണ്.

എനിക്കും എന്റെ സഹോദരിക്കും
ഒരു വ്യക്തിയെ തന്നെ വിവാഹം കഴിക്കുന്നതിന് എനിക്കും എന്റെ സഹോദരിക്കും പ്രാർഥിക്കാമോ? നിന്റെ സഹോദരിക്ക് നന്മയാവുകയാണെങ്കിൽ ഈ യുവാവുമായുള്ള വിവാഹം എളുപ്പമാകുന്നതിന് പ്രാർഥിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. അല്ലാഹു സാധ്യമാക്കുന്നതാണ് സംഭവിക്കുക. അവൻ എല്ലാം അറിയുന്നവനാകുന്നു. ഒരുപക്ഷേ, ഇത് നിനിക്ക് നന്മയാവാനും വിപരീതമാവാനും സാധ്യതയുണ്ട്. ചിലപ്പോൾ രണ്ടിലൊരാൾക്കും അത് നന്മയാവുകയുമില്ല.

ആ പ്രാർഥന ധിക്കാരത്തിന്റെ പ്രാർഥനയായി പരിഗണിക്കപ്പെടുകയില്ല. നിന്റെ കാര്യം പ്രയാസമാകാനും കാരണമാവുകയില്ല. ആ യുവാവിനെ വിവാഹം കഴിക്കേണ്ടത് നീയാണെങ്കിൽ, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അത് സംഭവിക്കുന്നതാണ്. നിന്റെ സഹോദരി പ്രാർഥിച്ചുകൊണ്ടരിക്കുന്നതോടൊപ്പം നീയും പ്രാർഥിച്ചു കൊണ്ടേയിരിക്കുക. നീ അവളോട് ഉപാധികൾ വെച്ച് പ്രാർഥിക്കാൻ ഉപദേശിക്കുക. നിങ്ങൾ രണ്ടുപേരുടെയും പ്രാർഥനയുടെ സ്വഭാവം ഒരുപോലെയാണ്. അതിൽ ദുനിയാവിന്റെ കാര്യത്തിൽ മത്സരിക്കുകയാണെന്ന് വിലയിരുത്തപ്പെടാവുന്ന ഒന്നും തന്നെയില്ല. വിശുദ്ധി കാത്തുസൂക്ഷിക്കാനും, നല്ല പുരുഷനുമായി ബന്ധപ്പെടാനും പ്രേരിപ്പിക്കുകയെന്നത് അനിവാര്യമായ കാര്യമാണ്. ഈ യുവാവുമായും ഇതര പുരുഷന്മാരുമായും ബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയെന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അന്യ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീ രക്ഷപ്പെടാൻ കഴിയാത്ത രോഗത്തിന് അടിപ്പെടുകയാണ്. അതുപോലെ, നിങ്ങൾ മനസ്സിനെ അസൂയ, വിദ്വേഷം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുക!

വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info

Recent Posts

Related Posts

error: Content is protected !!