Home സ്ത്രീ, കുടുംബം, വീട് ദുര്‍വൃത്തരായ മക്കളുടെ പേരില്‍ മാതാപിതാക്കള്‍ വിചാരണ ചെയ്യപ്പെടുമോ?

ദുര്‍വൃത്തരായ മക്കളുടെ പേരില്‍ മാതാപിതാക്കള്‍ വിചാരണ ചെയ്യപ്പെടുമോ?

മക്കള്‍ സദ്‌വൃത്തരല്ലെങ്കില്‍ അതിന്റെ പേരില്‍ മാതാപിതാക്കള്‍ വിചാരണ ചെയ്യപ്പെടുമോ? മക്കള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെയും മ്ലേച്ഛകൃത്യങ്ങളുടെയും പേരില്‍ പരലോകത്ത് അവര്‍ ശിക്ഷിക്കപ്പെടുമോ? അപ്രകാരം മക്കള്‍ സദ്‌വൃത്തരാണെങ്കില്‍ മാതാപിതാക്കള്‍ക്ക് അതിന്റെ പേരില്‍ പ്രതിഫലമുണ്ടാകുമോ?

മറുപടി: മക്കളെ നന്മയില്‍ സദ്‌വൃത്തരായി വളര്‍ത്തല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അല്ലാഹു പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്ന് രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു.” (അത്തഹ്‌രീം: 6) ശൈഖ് സഅ്ദി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ വിശദീകരിക്കുന്നു: മാതാപിതാക്കളേ, നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന സൂക്ഷിപ്പുമുതലാണ് നിങ്ങളുടെ മക്കള്‍. അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ വസിയത്ത് ചെയ്തിരിക്കുന്നു. ഐഹികവും പാരത്രികവുമായ അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടത് നിര്‍വഹിക്കേണ്ടതുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും മര്യാദകള്‍ പഠിപ്പിക്കുകയും ദോഷങ്ങളില്‍ നിന്ന് തടഞ്ഞു നിര്‍ത്തുകയും ചെയ്യണം. അല്ലാഹുവിനെ അനുസരിക്കാനും എപ്പോഴും ദൈവഭക്തി പുലര്‍ത്താനും അവരോട് കല്‍പിക്കുകയും വേണം. ‘വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്ന് രക്ഷിക്കുവിന്‍.’ എന്ന് അല്ലാഹു പറയുന്നു. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള വസിയത്താണിത്. ഒന്നുകില്‍ അവര്‍ ഈ വസിയ്യത്ത് നിറവേറ്റണം, അല്ലെങ്കില്‍ അതിനെ അവഗണിച്ച് അല്ലാഹുവിന്റെ താക്കീതിനും ശിക്ഷക്കും അര്‍ഹരാവണം.

ഇബ്‌നു ഉമര്‍(റ)ല്‍ നിന്നും ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ”അറിയുക; നിങ്ങളെല്ലാവരും ഇടയന്മാരാണ്. ഓരോരുത്തരോടും അവന്‍ മേയ്ക്കുന്നവേരെക്കുറിച്ചു ചോദിക്കപ്പെടും. ഒരു നേതാവ് ജനങ്ങളുടെ മേല്‍ ഉത്തരവാദിത്വമുള്ളവനാണ്. അവനോട് തന്റെ പ്രജകളെക്കുറിച്ച് ചോദിക്കപ്പെടും. ഒരു മനുഷ്യന്‍ തന്റെ കുടുംബാംഗങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നവനാണ്. അവരെക്കുറിച്ച് അവനോട് ചോദിക്കപ്പെടും. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെയും മക്കളെയും പരിരക്ഷിക്കുന്നവളാണ്. അവളോട് അവരെക്കുറിച്ച് ചോദിക്കപ്പെടും. ഒരു അടിമ തന്റെ യജമാനന്റെ ധനം പരിപാലിക്കുന്നവനാണ്. അവനോട് അതിനെക്കുറിച്ച് ചോദിക്കപ്പെടും. അറിയുക; നിങ്ങള്‍ എല്ലാവരും ഇടയന്മാരാണ്. ഓരോരുത്തരും അവര്‍ മേയ്ക്കുന്നവരെക്കുറിച്ച് ചോദിക്കപ്പെടും.”

മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഇതില്‍ വല്ല വീഴ്ച്ചയും സംഭവിച്ചാല്‍ അതില്‍ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടും. എന്നാല്‍ അവര്‍ അവര്‍ക്ക് നേരെയുള്ള തങ്ങളുടെ എല്ലാ ബാധ്യതയും നിര്‍വഹിച്ചിട്ടും മക്കള്‍ അധര്‍മികളാവുകയാണെങ്കില്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ആ മാതാപിതാക്കള്‍ നിരപരാധികളായിരിക്കും. മക്കളുടെ വഴികേട് അവര്‍ക്ക് ഒരു ദോഷവും അവിടെയുണ്ടാക്കുകയില്ല. മകന്റെ വഴികേടിന്റെയും നിഷേധത്തിന്റെയും പേരില്‍ ഒരിക്കലും നൂഹ് നബി(സ) ആക്ഷേപിക്കപ്പെടുകയില്ല. കാരണം അദ്ദേഹം മകനെ ഉപദേശിക്കുകയും വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് അത്വിയ്യ മുഹമ്മദ് സാലിം ബുലൂഗുല്‍ മറാമിന് എഴുതിയ വിശദീകരണത്തില്‍ പറയുന്നു: മക്കളുടെ സന്‍മാര്‍ഗം അല്ലാഹുവിന്റെ സമ്മാനമാണ്. മാതാപിതാക്കളുടെ തീരുമാനം കൊണ്ടോ നിശ്ചയദാര്‍ഢ്യം കൊണ്ടോ അതുണ്ടാവില്ല. എന്നാല്‍ അത് കാരണങ്ങളാണ്. നൂഹ് നബിയുടെ ഉദാഹരണം നോക്കൂ. 950 വര്‍ഷം അദ്ദേഹം തന്റെ ജനതയില്‍ പ്രബോധനം നടത്തി. എന്നിട്ടും അദ്ദേഹത്തിന്റെ മകന്‍ സന്‍മാര്‍ഗം സ്വീകരിച്ചില്ല. ഖുര്‍ആന്‍ വിവരിക്കുന്നു: ”നൂഹ് അവനെ വിളിച്ചു: ‘മകനേ, ഞങ്ങളുടെ കൂടെ കപ്പലില്‍ കയറുക; നിഷേധികളോടൊപ്പമാകാതിരിക്കുക.’ അവന്‍ പറഞ്ഞു: ‘ഞാനിതാ ഒരു മലയിലേക്കു കയറാന്‍പോകുന്നു. അതെന്നെ പ്രളയത്തില്‍നിന്ന് രക്ഷിച്ചുകൊളളും.” (നൂഹ്: 43) മകനെ സന്‍മാര്‍ഗത്തിലേക്ക് കൊണ്ടുവന്ന് കപ്പലില്‍ തനിക്കൊപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മക്കളെ സന്‍മാര്‍ഗത്തിലാക്കാന്‍ പിതാവിന് സാധിക്കാത്ത പോലെ പിതാവിനെ സന്‍മാര്‍ഗത്തിലാക്കാന്‍ മക്കള്‍ക്കും സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഇബ്‌റാഹീം നബിയുടെ പിതാവ്. ‘പ്രിയ പിതാവേ’ എന്നു വിളിച്ച് പല തവണ അദ്ദേഹം പിതാവിനെ സമീപിച്ചു. പിതാവ് അദ്ദേഹത്തോട് പറഞ്ഞത്: ‘പിതാവ് പറഞ്ഞു: ‘ഇബ്‌റാഹീം! നീ എന്റെ ആരാധ്യരോട് വിരക്തനായിരിക്കുന്നുവോ? അതില്‍നിന്നു വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിയും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകേണം.” (മര്‍യം: 46) അപ്രകാരം നൂഹ് നബിക്കും ലൂത്വ് നബിക്കും തങ്ങളുടെ ഇണകളെ സത്യമാര്‍ഗത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. സന്മാര്‍ഗം അല്ലാഹുവിന്റെ സമ്മാനമാണ്. അതേസമയം അവര്‍ക്ക് നേരെയുള്ള ഉത്തരവാദിത്വം നിര്‍വഹിക്കപ്പെടേണ്ടതുണ്ട്.

അതുപോലെ മക്കള്‍ സദ്‌വൃത്തരാവുകയാണെങ്കില്‍ ഇഹത്തിലും പരത്തിലും മാതാപിതാക്കള്‍ക്ക് അതിന്റെ ഫലം ലഭിക്കും. പ്രവാചകന്‍(സ) പറഞ്ഞു: ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ എല്ലാ കര്‍മങ്ങളും നിലച്ചു, മൂന്ന് കാര്യങ്ങളൊഴികെ. നിലക്കാത്ത ദാനം, പ്രയോജനപ്രദമായ അറിവ്, അവന് വേണ്ടി പ്രാര്‍ഥിക്കുന്ന മകന്‍. (മുസ്‌ലിം) അബൂഹുറൈറയില്‍ നിന്നുള്ള ഒരു റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം: മരണത്തിന് ശേഷം മയ്യിത്തിന്റെ ഒരു പദവി ഉയര്‍ത്തപ്പെടും. അപ്പോഴത് ചോദിക്കും: നാഥാ, എന്താണിത്? അപ്പോള്‍ അവരോട് പറയപ്പെടും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനം തേടി.

ഏതൊരു പിതാവിനും തന്റെ മകനെ സദ്‌വൃത്തനായി കാണുന്നത് കണ്‍കുളിര്‍മയാണ് നല്‍കുക. അല്ലാഹു പറയുന്നു: ”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും നീ ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ!ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ!.” (അല്‍ഫുര്‍ഖാന്‍: 73) ഇതിനെ വിശദീകരിക്കുന്നിടത്ത് ഹസന്‍ ബസരിയെ ഉദ്ധരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍ പറയുന്നു: അല്ലാഹുവാണ് സത്യം, ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അവന്റെ ഭാര്യയും മക്കളും സഹോദരങ്ങളും ഉറ്റവരും അല്ലാഹുവിനുള്ള അനുസരണത്തിലായിരിക്കുക എന്നതിനേക്കാള്‍ കണ്‍കുളിര്‍മ നല്‍കുന്ന മറ്റൊരു കാര്യവുമില്ല.

അവലംബം: islamweb

error: Content is protected !!