Sunday, May 5, 2024
Homeഅനുഷ്ഠാനംസകാതുല്‍ ഫിത്വ്‌ര്‍ പണമായി നൽകാമോ?

സകാതുല്‍ ഫിത്വ്‌ര്‍ പണമായി നൽകാമോ?

ചോദ്യം: ഞങ്ങളുടെ മഹല്ലിൽ ദരിദ്രരും അഗതികളുമായ മിക്കവാറും എല്ലാ കുടുംബങ്ങളിലും സൗജന്യ റേഷനായും, റമദാൻ കിറ്റുകളായും ധാരാളം ഭക്ഷ്യവിഭവങ്ങൾ ലഭിച്ചിട്ടുണ്ട്. പെരുന്നാൾ വരെയും അതിലപ്പുറവും കഴിഞ്ഞു കൂടാനുള്ള വക ഇപ്പോൾ അവർക്കുണ്ട് എന്നർഥം. അതേ സമയം അവരിൽ പലർക്കും പണത്തിന് ആവശ്യമുണ്ടു താനും. ഇവർക്ക് സകാതുൽ ഫിത്വ്‌ര്‍ പണമായി നൽകാമോ?

സമാനമായ മറ്റൊരു ചോദ്യം: തങ്ങളുടെ താമസ സ്ഥലത്ത് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ സ്ഥിരമായി ഹോട്ടലിലും മെസ്സിലും പോയി ഭക്ഷണം കഴിക്കുന്ന ധാരാളം തൊഴിലാളികൾ ഞങ്ങളുടെ പരിസരത്തുണ്ട്. അവർ സകാതുൽ ഫിത്വ്‌റിന് അർഹരുമാണ്. അവർക്ക് പക്ഷെ അരി കിട്ടിയതുകൊണ്ട് കാര്യമില്ല, കിട്ടിയാൽ തന്നെ അത് വിറ്റ് കാശാക്കി ആ കാശ് കൊണ്ട് ഭക്ഷണം മേടിച്ച് കഴിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ളവർക്ക് സകാതുൽ ഫിത്വ്‌ര്‍ പണമായി നൽകാമോ?

ഉത്തരം: പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്‌റിന്റേതായി ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഒന്ന്, നോമ്പുകാരുമായി ബന്ധപ്പെട്ടതാണ്. എത്ര സൂക്ഷ്മത പുലര്‍ത്തിയാലും എന്തെങ്കിലും അല്ലറ ചില്ലറ വീഴ്ചകള്‍ പറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഒരു മാസം പൈതാഹങ്ങള്‍ സഹിച്ച് കാമവികാരങ്ങള്‍ നിയന്ത്രിച്ച് എടുത്ത ഒരു ഇബാദത്തിന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ വിശ്വാസികള്‍ക്ക് ലഭിക്കണമെന്ന കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാണ് അത്. അതുകൊണ്ടു തന്നെ നമസ്‌കാരത്തില്‍ മറവി പറ്റിയാല്‍ ചെയ്യുന്ന സൂജൂദിനോട് ചില പണ്ഡിതന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നു (മുഗ്‌നി അല്‍ മുഹ്താജ്).

قَالَ وَكِيعُ بْنُ الْجَرَّاحِ: زَكَاةُ الْفِطْرَةِ لِشَهْرِ رَمَضَانَ كَسَجْدَةِ السَّهْوِ لِلصَّلَاةِ تَجْبُرُ نُقْصَانَ الصَّوْمِ كَمَا يَجْبُرُ السُّجُودُ نُقْصَانَ الصَّلَاةِ.-مُغْنِي الْمُحْتَاجِ: بَابُ زَكَاةِ الْفِطْرِ.
പെരുന്നാള്‍ ദിവസം യാചകരോ പട്ടിണി കിടക്കുന്നവരോ ഉണ്ടാവരുതെന്ന് മാത്രമല്ല, അവരവരുടെ വീടുകളില്‍ സദ്യയൊരുക്കി സന്തോഷത്തോടെ ഭക്ഷണം കഴിക്കാനും ഊട്ടാനും അവസരം ഉണ്ടാവട്ടെ എന്ന സാമൂഹിക ലക്ഷ്യമാണ് രണ്ടാമത്തേത്.

അതിനാൽ ആഹാരത്തിന് ഉപയുക്തമായ ഭക്ഷ്യധാന്യങ്ങൾ തന്നെ നൽകണമെന്നതാണ് മൗലികമായ വിധി. എങ്കിലും ചോദ്യത്തിൽ പരാമർശ്ശിച്ചതു പോലെ ഭക്ഷ്യധാന്യങ്ങൾ കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് മാത്രമല്ല, അതൊരു പ്രയാസം കൂടി ആയി തീരുന്ന ചില സാഹചര്യങ്ങൾ വന്നു പെട്ടേക്കാം. അത്തരം സാഹചര്യങ്ങളിൽ മഹാനായ ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ്, ഇമാം ബുഖാരി തുങ്ങിയ മഹാന്മാരുടെയും, ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ പിന്തുടരുന്ന മദ്ഹബായ ഹനഫീമദ്ഹബിന്‍റെയും, സലഫീ ആശയക്കാർക്ക് അഭിമതനായ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും വീക്ഷണമനുസരിച്ച് പണമായി നൽകുന്നതായിരിക്കും ഉത്തമം എന്നാണ് നമുക്ക് പറയാനുള്ളത്.

സുൽത്വാനുൽ ഉലമാ എന്നറിയപ്പെടുന്ന ഇമാം കാസാനി പറയുന്നു:
പെരുന്നാൾ പോലുള്ള ദിവസത്തിൽ യാചിക്കാൻ ഇടവരാത്ത വിധം അവരെ സുഭിക്ഷതയുളളവരാക്കുക എന്ന പ്രവാചക വചനത്തിന്‍റെ അടിസ്ഥാനത്തിൽ ദരിദ്രർക്ക് സുഭിക്ഷത നൽകി സ്വയം പര്യാപ്തനാക്കുക എന്നതാണ് യഥാർഥ വാജിബ്. ഈ സ്വയം പര്യാപ്തത വില കൊടുത്താലും സംഭവിക്കും. എന്നല്ല അതാണ് ഏറ്റവും അന്യൂനവും ഏറ്റവും സമൃദ്ധവും. കാരണം ആവശ്യപൂർത്തീകരണത്തിന് അതാണ് ഏറ്റവും സൗകര്യം. ഇതിലൂടെ സുഭിക്ഷതയുണ്ടാക്കലാണ് നബിവചനത്തിന്‍റെ യുക്തി എന്നും, അല്ലാതെ പണമായി നൽകുക എന്നതിലല്ലെന്നും വ്യക്തമായി.-(ബദാഇഉസ്വനാഇഅ്: 4/129).

يَقُولُ الْإِمَامُ عَلَاءُ الدِّينِ الْكَاسَانِيّ:
وَلَنَا أَنَّ الْوَاجِبَ فِي الْحَقِيقَةِ إغْنَاءُ الْفَقِيرِ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَغْنُوهُمْ عَنْ الْمَسْأَلَةِ فِي مِثْلِ هَذَا الْيَوْمِ }، وَالْإِغْنَاءُ يَحْصُلُ بِالْقِيمَةِ بَلْ أَتَمَّ وَأَوْفَرَ ؛ لِأَنَّهَا أَقْرَبُ إلَى دَفْعِ الْحَاجَةِ وَبِهِ تَبَيَّنَ أَنَّ النَّصَّ مَعْلُولٌ بِالْإِغْنَاءِ وَأَنَّهُ لَيْسَ فِي تَجْوِيزِ الْقِيمَةِ يُعْتَبَرُ حُكْمُ النَّصِّ فِي الْحَقِيقَةِ.وَاَللَّهُ الْمُوَفِّقُ.- : بَدَائِعُ الصَّنَائِعِ: 4/129.

ഇമാം നവവി പറയുന്നു: പണമായി നൽകാം എന്ന് വാദിക്കുന്നവർ തെളിവാക്കുന്നത്, നബി (സ) മുആദ് (റ) നെ സകാത് പിരിക്കുവാനും മറ്റുമായി യമനിലേക്ക് നിയോഗിച്ചയച്ചപ്പോൾ, അദ്ദേഹം യമൻ നിവാസികളോട് പറഞ്ഞതാണ്. അദ്ദേഹം അവരോട് പറഞ്ഞു: ബാർളിക്കും ചോളത്തിനും പകരം ഉടയാടകളും വസ്ത്രങ്ങളും കൊണ്ടുവരിക. അതാണ് നിങ്ങൾക്ക് ഏറ്റവും സൗകര്യം. മദീനയിലുള്ള നബി (സ) യുടെ സ്വഹാബിമാർക്ക് ഏറ്റവും ഗുണകരവും അതാണ്.-(ബുഖാരി). അതുപോലെ ഇരുപത്തിയഞ്ച് ബിൻതു മഖാളിനു (ഒരു വയസ്സുതികഞ്ഞ പെണ്ണൊട്ടകക്കുട്ടി) പകരം അവ ലഭ്യമല്ലെങ്കിൽ ഇബിനു ലബൂൻ (രണ്ടുവയസ്സു കഴിഞ്ഞ ആണൊട്ടകം) മതിയാവും. എന്ന സ്വഹീഹായ ഹദീസും അവർ തെളിവാക്കിയിരിക്കുന്നു. അവർ പറയുന്നു: മൂല്ല്യം നോക്കി നൽകാമെന്നതിന് വ്യക്തമായ തെളിവാണിത്. കാരണം ഇത് സകാത് മുതലാണ്. ആ നിലക്ക് കച്ചവടച്ചരക്കുകളെപ്പോലെ മുല്ല്യം നോക്കി പണമായി കൊടുക്കുന്നത് സാധുവാകും. അതുപോലെ തുല്ല്യമുല്ല്യമുള്ള ധനം തന്നെയാണ്. അപ്പോൾ അത് നൽകുന്നതും നസ്സ്വിൽ വന്നതു പോലെ തന്നെയായി.

നസ്സ്വിൽ വ്യക്തമായി പറയപ്പെട്ടതിൽ നിന്ന് അതേ വർഗ്ഗത്തിൽ പെട്ട മറ്റിനത്തിലേക്ക് മാറുന്നത് – തന്‍റെ ഒരു ആട്ടിൻ പറ്റത്തിന് പകരം മറ്റൊരാട്ടിൻ പറ്റത്തിൽ നിന്ന് നിന്ന് നൽകുന്നത് പോലെ – അനുവദനീയമാണെന്ന കാര്യത്തിൽ ഇജ്മാഉണ്ടെങ്കിൽ ഒരിനത്തിൽ നിന്ന് വേറെ ഇനത്തിലേക്ക് മാറുന്നതും സാധുവാകും.-( ശർഹുൽ മുഹദ്ദബ്: ആടിന്‍റെ സകാത് എന്ന അധ്യായം).

وَقَالَ الإِمَامُ النَّوَوِيُّ:
وَاحْتَجَّ الْمُجَوِّزُونَ لِلْقِيمَةِ بِأَنَّ مُعَاذًا رَضِيَ اللَّهُ عَنْهُ قَالَ لِأَهْلِ الْيَمَنِ حَيْثُ بَعَثَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأَخْذِ زَكَاتِهِمْ وَغَيْرِهَا: « ائْتُونِي بِعَرَضٍ ثِيَابٍ خَمِيصٍ أَوْ لَبِيسٍ فِي الصَّدَقَةِ مَكَانَ الشَّعِيرِ وَالذُّرَةِ أَهْوَنُ عَلَيْكُمْ وَخَيْرٌ لِأَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْمَدِينَةِ ».- ذَكَرَهُ الْبُخَارِيُّ فِي صَحِيحِهِ تَعْلِيقًا بِصِيغَةِ جَزْمٍ. وَبِالْحَدِيثِ الصَّحِيحِ « فِي خَمْسٍ وَعِشْرِينَ بِنْتُ مَخَاضٍ فَإِنْ لَمْ تَكُنْ فَابْنُ لَبُونٍ ». قَالُوا : وَهَذَا نَصٌّ عَلَى دَفْعِ الْقِيمَةِ قَالُوا: وَلِأَنَّهُ مَالٌ زَكَوِيٌّ، فَجَازَتْ قِيمَتُهُ كَعُرُوضِ التِّجَارَةِ، وَلِأَنَّ الْقِيمَةَ مَالٌ، فَأَشْبَهَتْ الْمَنْصُوصَ عَلَيْهِ، وَلِأَنَّهُ لَمَّا جَازَ الْعُدُولُ عَنْ الْعَيْنِ إلَى الْجِنْسِ بِالْإِجْمَاعِ بِأَنْ يُخْرِجَ زَكَاةَ غَنَمِهِ عَنْ غَنَمٍ غَيْرَهَا جَازَ الْعُدُولُ مِنْ جِنْسٍ إلَى جِنْسٍ. -شَرْحُ الْمُهَذَّبِ: بَابُ زَكَاةِ الْغَنَمِ.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ പറഞ്ഞു: സകാത്ത് മൂല്ല്യം നോക്കി പണമായി നൽകുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ മൂന്ന് വീക്ഷണങ്ങളാണുള്ളത്:
ഒന്ന്: ഏതവസ്ഥയിലും അതനുവദനീയമാണ്. ഇമാം അബൂഹനീഫയുടെ വീക്ഷണം ഇതാണ്.
രണ്ട്: ഒരവസ്ഥയിലും അനുവദനീയമല്ല. ഇതാണ് ഇമാം ശാഫിഈയുടെ വീക്ഷണം.
മൂന്ന്: ആവശ്യമുണ്ടെങ്കിലല്ലാതെ അനുവദനീയമാവുകയില്ല. ഉദാഹരണമായി സകാത് ബാധകമാവുന്ന ഒട്ടകങ്ങൾ ഉള്ള വ്യക്തിയുടെ അടുത്ത് ആട് ഇല്ലാതിരിക്കുക. അതു പോലെ ഉണക്ക സൂക്ഷിക്കുന്നതിന് മുമ്പ് മുന്തിരിയും ഈത്തപ്പഴവും വിൽക്കുന്നവനെപ്പോലെ. ഇമാം അഹ്മദിൽ നിന്ന് വ്യക്തമായി രേഖപ്പെടുത്തപ്പെട്ട അഭിപ്രായം ഇതാണ്. അദ്ദേഹം മുല്ല്യം നോക്കി പണമായി നൽകുന്നത് തടഞ്ഞിട്ടുണ്ട് എന്നാൽ അവശ്യ സന്ദർഭത്തിൽ ചിലയിടങ്ങളിൽ അതനുവദിച്ചിരിക്കുന്നു…… ഇതത്രെ ഏറ്റവും സന്തുലിതമായ അഭിപ്രായം….. ഹദീസുകളിൽ വന്ന അതേ ദ്രവ്യങ്ങൾ തന്നെ നൽകൽ നിർബന്ധമാണെന്നതിലെ ഗുണത്തോട് പണമായി നൽകുന്നതിലെ പല ഗുണങ്ങളും ഏറ്റുമുട്ടുന്നു. ഹദീസുകളിൽ വന്ന അതേ ദ്രവ്യങ്ങൾ തന്നെ നൽകണമെന്ന് ശഠിക്കുന്നതിൽ ശരീഅത്ത് നിരാകരിച്ച ഞെരുക്കമുണ്ടാക്കലാണ്.- (മുജ്മൂഉൽ ഫതാവാ: 25/46).

قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: وَلِلنَّاسِ فِي إخْرَاجِ الْقِيَمِ فِي الزَّكَاةِ ثَلَاثَةُ أَقْوَالٍ: أَحَدُهَا: أَنَّهُ يُجْزِئُ بِكُلِّ حَالٍ. كَمَا قَالَهُ أَبُو حَنِيفَةَ. وَالثَّانِي: لَا يُجْزِئُ بِحَالِ. كَمَا قَالَهُ الشَّافِعِيِّ. وَالثَّالِثُ: أَنَّهُ لَا يُجْزِئُ إلَّا عِنْدَ الْحَاجَةِ مِثْلُ مَنْ تَجِبُ عَلَيْهِ شَاةٌ فِي الْإِبِلِ وَلَيْسَتْ عِنْدَهُ وَمِثْلُ مَنْ يَبِيعُ عِنَبَهُ وَرُطَبَهُ قَبْلَ الْيُبْسِ. وَهَذَا هُوَ الْمَنْصُوصُ عَنْ أَحْمَد صَرِيحًا. فَإِنَّهُ مَنَعَ مِنْ إخْرَاجِ الْقِيَمِ. وَجَوَّزَهُ فِي مَوَاضِعَ لِلْحَاجَةِ؛ لَكِنَّ مِنْ أَصْحَابِهِ مَنْ نَقَلَ عَنْهُ جَوَازَهُ. فَجَعَلُوا عَنْهُ فِي إخْرَاجِ الْقِيمَةِ رِوَايَتَيْنِ. وَاخْتَارُوا الْمَنْعَ. لِأَنَّهُ الْمَشْهُورُ عَنْهُ كَقَوْلِ الشَّافِعِيِّ. وَهَذَا الْقَوْلُ أَعْدَلُ الْأَقْوَالِ كَمَا ذَكَرْنَا مِثْلَهُ فِي الصَّلَاةِ فَإِنَّ الْأَدِلَّةَ الْمُوجِبَةَ لِلَعِينِ نَصًّا وَقِيَاسًا: كَسَائِرِ أَدِلَّةِ الْوُجُوبِ. وَمَعْلُومٌ أَنَّ مَصْلَحَةَ وُجُوبِ الْعَيْنِ قَدْ يُعَارِضُهَا أَحْيَانًا فِي الْقِيمَةِ مِنْ الْمَصْلَحَةِ الرَّاجِحَةِ وَفِي الْعَيْنِ مِنْ الْمَشَقَّةِ الْمَنْفِيَّةِ شَرْعًا.-مَجْمُوعُ الْفَتَاوَى: 25/46.

ഇമാം അബൂഹനീഫയും കൂട്ടുകാരും, ഹസൻ ബസ്വരി, സുഫ്‌യാനുസ്സൗരി, ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ് തുടങ്ങിയവരെല്ലാം സകാത്തിന്റെ വില നൽകിയാൽ മതിയെന്ന അഭിപ്രായക്കാരാണ്. ഫിത്വർ സകാത്തും അതിൽ പെടുമല്ലോ. മാലികി മദ്ഹബുകാരായ അശ്അബിന്റെയും ഇബ്നുൽ ഖാസിമിന്റെയും അഭിപ്രായവും അതുതന്നെയാണ്. നവവി പറയുന്നു: ബുഖാരിയുടെ മദ്ഹബും ഇതാണെന്നാണ് മനസ്സിലാവുന്നത്.

قَالَ الْبُخَارِيُّ: بَاب الْعَرْضِ فِي الزَّكَاةِ: وَقَالَ طَاوُسٌ: قَالَ مُعَاذٌ رَضِيَ اللَّهُ عَنْهُ لِأَهْلِ الْيَمَنِ: « ائْتُونِي بِعَرْضٍ ثِيَابٍ خَمِيصٍ أَوْ لَبِيسٍ فِي الصَّدَقَةِ مَكَانَ الشَّعِيرِ وَالذُّرَةِ أَهْوَنُ عَلَيْكُمْ وَخَيْرٌ لِأَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْمَدِينَةِ ». وَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « وَأَمَّا خَالِدٌ فَقَدْ احْتَبَسَ أَدْرَاعَهُ وَأَعْتُدَهُ فِي سَبِيلِ اللَّهِ ». وَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « تَصَدَّقْنَ وَلَوْ مِنْ حُلِيِّكُنَّ ». فَلَمْ يَسْتَثْنِ صَدَقَةَ الْفَرْضِ مِنْ غَيْرِهَا، فَجَعَلَتْ الْمَرْأَةُ تُلْقِي خُرْصَهَا وَسِخَابَهَا، وَلَمْ يَخُصَّ الذَّهَبَ وَالْفِضَّةَ مِنْ الْعُرُوضِ.- الْبُخَارِيُّ: 3/480.

മുആദ് (റ) ഭക്ഷ്യ ധാന്യങ്ങൾക്കു പകരമായി വസ്ത്രങ്ങൾ ആവശ്യപ്പെട്ടതും മറ്റും എടുത്തുപറഞ്ഞു കൊണ്ട് മറ്റു ചരക്കുകളും സകാതായി നൽകാമെന്ന തലക്കെട്ടിൽ പ്രത്യേകമായ ഒരു അധ്യായം തന്നെ ഇമാം ബുഖാരി തന്‍റെ സ്വഹീഹിൽ കൊടുത്തിട്ടുണ്ട്, അതിനെ വിശദീകരിച്ചുകൊണ്ട് ബുഖാരിയുടെ വ്യഖ്യാതാവായ അല്ലാമാ ബദ്റുദ്ദീനിൽ ഐനി പറയുന്നു:

സകാതിൽ മൂല്ല്യം നോക്കി സമാനമായ മറ്റു ഇനങ്ങളും നൽകാമെന്നതിന് നമ്മുടെയാളുകൾ ഇത് തെളിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇബ്നു റഷീദ് പറഞ്ഞത്: ഈ വിഷയത്തിൽ ഇമാം ബുഖാരി ഹനഫികളോട് യോജിച്ചിരിക്കുന്നു. പല കാര്യങ്ങളിലും അദ്ദേഹം അവർക്ക് എതിരാണെങ്കിൽ കൂടി. കാരണം, പ്രമാണമാണ് അദ്ദേഹത്തെ ആ നിലപാടിലേക്ക് എത്തിച്ചത്.- (ഉംദത്തുൽ ഖാരി: ചരക്കുകളുടെ സകാത് എന്ന അധ്യായം). ഇതേ കാര്യം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനിയും പറയുന്നുണ്ട്: (ഫത്ഹുൽ ബാരി: ചരക്കുകളുടെ സകാത് എന്ന അധ്യായം).

قَالَ الْعَلَّامَةُ بَدْرُ الدِّينِ الْعَيْنِيُّ:
احْتَجَّ بِهِ أَصْحَابُنَا فِي جَوَازِ دَفْعِ الْقِيَمَ فِي الزَّكَوَات. وَلِهَذَا قَالَ اِبْن رَشِيدِ: وَافَقَ الْبُخَارِيّ فِي هَذِهِ الْمَسْأَلَةِ الْحَنَفِيَّةِ مَعَ كَثْرَةِ مُخَالَفَتِهِ لَهُمْ، لَكِنْ قَادَهُ إِلَى ذَلِكَ الدَّلِيل.-عمد الْقَارِئ شَرْحِ صَحِيحِ الْبُخَارِيِّ: بَاب الْعَرْض فِي الزَّكَاةِ. وَفَتْحُ الْبَارِي: بَاب الْعَرْض فِي الزَّكَاةِ.

ആധുനിക പണ്ഡിതനും സകാത് വിഷയത്തിൽ ബുഹത്തായ ഗവേഷണ ഗ്രന്ഥം രചിക്കുകയും ചെയ്ത ശൈഖ് ഖറദാവിയും ഇതേ വീക്ഷണക്കാരനാണ്. അദ്ദേഹം ഇതു സംബന്ധമായി പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ വായിക്കാം.

പണമായി നൽകാം എന്നു പറയുന്നവർക്ക് അവലംബിക്കാൻ തെളിവുകളും ന്യായങ്ങളുമുണ്ട്. അപ്രകാരംതന്നെ, പണമായി നൽകാൻ പാടില്ല എന്ന് പറയുന്നവർക്കും ഇതിന് എതിരായ തെളിവുകളും ന്യായങ്ങളുമുണ്ട്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ഭിന്നാഭിപ്രായക്കാരായ രണ്ടു വിഭാഗങ്ങൾക്കിടയിൽ മിതമായ ഒരു സരണി സ്വീകരിച്ച് പറയുന്നത് ഇങ്ങനെയാണ്; ഇതിൽ ഏറ്റവും പ്രകടമായ അഭിപ്രായം, ആവശ്യത്തിന് വേണ്ടിയല്ലാതെയും പൊതുനന്മക്ക് വേണ്ടിയല്ലാതെയും സകാത്ത് പണമായി നൽകാൻ പാടില്ല. കാരണം, നിരുപാധികം വില നൽകാൻ അനുവാദം നൽകിയാൽ ഉടമസ്ഥൻ സാധനത്തിന് വില നിശ്ചയിക്കുമ്പോൾ അതിൽ അപാകതയുണ്ടാകും. എന്നാൽ, ഒരു ആവശ്യത്തിനു വേണ്ടിയോ അല്ലെങ്കിൽ പൊതുനന്മക്ക് വേണ്ടിയോ വില നൽകുന്നതിന് വിരോധമില്ല. ഒരാൾ തന്റെ തോട്ടത്തിലെ പഴം അല്ലെങ്കിൽ കൃഷി ഒരു സംഖ്യക്ക് വിറ്റു. ആ സംഖ്യയുടെ പത്തിൽ ഒരംശം സകാത്തായി നൽകിയാൽ മതി. അല്ലാതെ അയാൾ സകാത്ത് നൽകാനായി പഴമോ ഗോതമ്പോ വാങ്ങാൻ നിർബന്ധിതനാകുന്നില്ല. ഇത് അനുവദനീയമാണെന്ന് ഇമാം അഹ്മദ് വ്യക്തമാക്കുന്നു.

قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ:
وَيَجُوزُ إخْرَاجُ الْقِيمَةِ فِي الزَّكَاةِ لِعَدَمِ الْعُدُولِ عَنْ الْحَاجَةِ وَالْمَصْلَحَةِ مِثْلُ أَنْ يَبِيعَ ثَمَرَةَ بُسْتَانِهِ أَوْ زَرْعَهُ فَهُنَا إخْرَاجُ عُشْرِ الدَّرَاهِمِ يُجْزِئُهُ وَلَا يُكَلَّفُ أَنْ يَشْتَرِيَ تَمْرًا أَوْ حِنْطَةً فَإِنَّهُ قَدْ سَاوَى الْفَقِيرَ بِنَفْسِهِ. وَقَدْ نَصَّ أَحْمَدُ عَلَى جَوَازِ ذَلِكَ وَمِثْلُ أَنْ تَجِبَ عَلَيْهِ شَاةٌ فِي الْإِبِلِ وَلَيْسَ عِنْدَهُ شَاةٌ فَإِخْرَاجُ الْقِيمَةِ كَافٍ.- الْفَتَاوَى الْكُبْرَى: 2/378.

അപ്രകാരം തന്നെയാണ് അഞ്ച് ഒട്ടകത്തിന്റെ സകാത്തായി ഒരു ആട് നൽകുന്നത്. ഒരാൾക്ക് ആട് വാങ്ങാൻ കിട്ടിയില്ലെങ്കിൽ അതിന്റെ വില കൊടുത്താൽ മതിയാവും. അല്ലാതെ അയാൾ ആടിനെ വാങ്ങാൻ മറ്റൊരു നാട്ടിലേക്ക് പോകാൻ നിർബന്ധിതനാവുകയില്ല.
അതേപോലെയാണ് സകാത്ത് വാങ്ങാൻ അർഹതപ്പെട്ടവർ തങ്ങൾക്ക് വില കിട്ടിയാൽ ഏറെ ഉപകാരമാവും എന്ന് ആവശ്യപ്പെട്ടാലും. അപ്പോൾ അവർക്ക് വിലയാണ് നൽകേണ്ടത്. അല്ലെങ്കിൽ സാധുക്കൾക്ക് വില കൊടുക്കുന്നതാണ് നല്ലത് എന്ന് സകാത്ത് വിതരണക്കാരന് തോന്നിയാലും.

മുആദുബ്നു ജബൽ (റ) യമൻകാരോട് പറയുമായിരുന്നു: നിങ്ങൾക്ക് സൗകര്യപ്രദമായതും മദീനയിലെ ആളുകൾക്ക് ഉപകാരപ്രദവുമായ സാധനങ്ങൾ കൊണ്ടുവന്നു തരിക. അദ്ദേഹം ഇങ്ങനെ പറഞ്ഞത് സകാത്തിന്റെ വിഷയത്തിലാണെന്നും, അല്ല ജിസ്യയുടെ കാര്യത്തിലാണെന്നും അഭിപ്രായമുണ്ട്. ഇപ്പറഞ്ഞത് സകാത്തിന്റെ കാര്യത്തിലാണെങ്കിൽ അത് ഫിത്വ്ർ സകാത്തിന്റെ കാര്യത്തിലും പ്രയോഗിക്കാം.

അഭിപ്രായവ്യത്യാസത്തിന്റെ കാതൽ രണ്ടു ചിന്താധാരകൾ തമ്മിലാണ്. അതിൽ ഒന്ന്, ഇജ്തിഹാദിൽ ശരീഅത്തിന്റെ പൊതുതാൽപര്യം പരിഗണിക്കുന്നു. ഭാഗികമായ പ്രമാണങ്ങളെ അവഗണിക്കുന്നുമില്ല. രണ്ടാമത്തേത്, ഭാഗികമായ പ്രമാണങ്ങളെ മാത്രം പരിഗണിക്കുന്നു.
സ്വഹാബിമാരും അവർക്കുശേഷം താബിഉകളും, ഖലീഫ ഉമറുബ്നു അബ്ദിൽ അസീസും ഇതനുസരിച്ച് പ്രവർത്തിക്കുകയുണ്ടായി.
ഇബ്നു അബീശൈബ പറയുന്നു: ഉമറുബ്നു അബ്ദിൽ അസീസ് ബസറയിലെ ഗവർണറായിരുന്ന ഉദയ്യിന് ഇപ്രകാരം കത്തയയ്ക്കുകയു ണ്ടായി: സർക്കാർ ജീവനക്കാരായ ഓരോ വ്യക്തിയുടെയും വരുമാനത്തിൽനിന്ന് അര ദിർഹം വീതം പിരിച്ചെടുക്കണം.

عَنِ عَوْفٍ، قَالَ: سَمِعْتُ كِتَابَ عُمَرَ بْنِ عَبْدِ الْعَزِيزِ يُقْرَأُ إلَى عَدِيٍّ بِالْبَصْرَةِ: يُؤْخَذُ مِنْ أَهْلِ الدِّيوَانِ مِنْ أَعْطِيَّاتِهِمْ، عَنْ كُلِّ إنْسَانٍ نِصْفُ دِرْهَمٍ.-رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 10469.
عَنْ قُرَّةَ ، قَالَ : جَاءَنَا كِتَابُ عُمَرَ بْنِ عَبْدِ الْعَزِيزِ فِي صَدَقَةِ الْفِطْرِ : نِصْفُ صَاعٍ عَنْ كُلِّ إنْسَانٍ، أَوْ قِيمَتُهُ نِصْفُ دِرْهَمٍ.-رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 10470.
ഇമാം ഹസനുല്‍ ബസ്വരി പറയുന്നു: ഫിത്വ്ർ സകാത്ത് നാണയമായി കൊടുക്കുന്നതിന് വിരോധമില്ല.
عَنِ الْحَسَنِ، قَالَ: لاَ بَأْسَ أَنْ تُعْطِيَ الدَّرَاهِمَ فِي صَدَقَةِ الْفِطْرِ.-رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 10471.
അബൂ ഇസ്ഹാഖ് പറയുന്നു: ഞങ്ങൾ റമദാനിലെ സദഖയായി ഭക്ഷണത്തിന്റെ വില നൽകാറുണ്ടായിരുന്നു.
عَنْ زُهَيْرٍ، قَالَ: سَمِعْتُ أَبَا إِسْحَاقَ يَقُولُ: أَدْرَكْتُهُمْ وَهُمْ يُعْطُونَ فِي صَدَقَةِ رَمَضَانَ، الدَّرَاهِمَ بِقِيمَةِ الطَّعَامِ.-رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 10472.
അത്വാഅ് ഫിത്ർ സകാത്ത് വെള്ളിനാണയമായി നൽകാറുണ്ടായിരുന്നു.
عَنْ عَطَاءٍ؛ أَنَّهُ كَانَ يُعْطِي فِي صَدَقَةِ الْفِطْرِ وَرِقًا.-رَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ: 10473.
ഇമാം അത്വാഅ് (റ) സകാതുൽ ഫിത്വറയി നൽകാറുണ്ടായിരുന്നത് വെള്ളി നാണയമായിരുന്നു എന്നർഥം.
നബി (സ) പറഞ്ഞു: നിങ്ങൾ അവരെ -പാവങ്ങളെ- ഈ ദിവസത്തിൽ ഐശ്വര്യമുള്ളവരാക്കി മാറ്റുക.
عَنِ ابْنِ عُمَرَ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ وَقَالَ « أَغْنُوهُمْ فِى هَذَا الْيَوْمِ ».- رَوَاهُ الدَّارَقُطْنِيُّ: 2157، وَضَعَّفَهُ الأَلْبَانِيُّ.
ഭക്ഷണം കൊടുത്താലെന്നപോലെ അതിന്റെ വില കൊടുത്താലും ഐശ്വര്യം ഉണ്ടാകുമല്ലോ. ചിലപ്പോൾ വിലയായിരിക്കും കൂടുതൽ ഉപകാരപ്പെടുക. കാരണം, ദരിദന് ഭക്ഷണസാധനങ്ങൾ കൂടു തൽ കിട്ടിയാൽ അതയാൾ വിൽക്കേണ്ടിവരും. വിലയാണ് കിട്ടുന്നതെങ്കിൽ അതുകൊണ്ട് അയാൾക്ക് ഭക്ഷണം, വസ്ത്രം, മറ്റു അത്യാവശ്യകാര്യങ്ങൾ എന്നിവയൊക്കെ വാങ്ങാൻ സാധിക്കും.
ഇബ്നുൽ മുൻദിർ പറയുന്നു: ഗോതമ്പിന്റെ അര സ്വാഅ് നൽകാൻ സ്വഹാബികൾ അനുവദിച്ചിരിക്കുന്നു. കാരണം, അത് കാരക്കയുടെയും ബാർലിയുടെയും ഒരു സാഇന്റെ വിലയോട് തുല്യമാണെന്ന് അവർ മനസ്സിലാക്കി. മുആവിയ പറഞ്ഞു: ശാമിലെ ഗോതമ്പിന്റെ രണ്ട് മുദ്ദ് ഒരു സാഅ് കാരക്കയ്ക്ക് തുല്യമാണ്.

« إِنِّى أُرَى أَنَّ مُدَّيْنِ مِنْ سَمْرَاءِ الشَّامِ تَعْدِلُ صَاعًا مِنْ تَمْرٍ فَأَخَذَ النَّاسُ بِذَلِكَ ».- رَوَاهُ مُسْلِمٌ: 2331.
അപ്പോൾ നമ്മുടെ ഈ കാലഘട്ടത്തിൽ-പ്രത്യേകിച്ച് നാണയം മാത്രം ക്രയവിക്രയം ചെയ്യപ്പെടുന്ന വ്യാവസായിക മേഖലകളിൽ ഏറ്റവും സൗകര്യപ്രദമായത് വില നൽകലാണ്. അപ്രകാരംതന്നെ അധിക നാടുകളിലെയും പാവങ്ങൾക്ക് അതായിരിക്കും കൂടുതൽ ഉപകരിക്കുക.
തിരുമേനി (സ) തന്റെ കാലത്തും സാഹചര്യത്തിലും നിലവിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളിൽനിന്ന് ഫിത്ർ സകാത്ത് കൊടുക്കാൻ കൽപിച്ചപ്പോൾ ജനങ്ങളുടെ സൗകര്യവും എളുപ്പവുമാണ് ഉദ്ദേശിച്ചത്. സ്വർണം-വെളളി നാണയങ്ങൾ അറബികൾക്കിടയിൽ ഏറെ വിരളമായിരുന്നു. വളരെക്കുറച്ചു മാത്രമേ അത് ലഭ്യമായിരുന്നുള്ളൂ. പാവങ്ങൾക്കാണ്ടെങ്കിൽ ഗോതമ്പ്, കാരക്ക, മുന്തിരി, പാൽക്കട്ടി എന്നീ ഭക്ഷണസാധനങ്ങളാണ് ആവശ്യമുണ്ടായിരുന്നത്.

അതുകൊണ്ട് ദായകന് ഭക്ഷണസാധനങ്ങൾ കൊടുക്കുന്നത് സൗകര്യപ്രദവും, വാങ്ങുന്നവന് ഉപകാരപ്രദവുമായിരുന്നു. ഇങ്ങനെ സൗകര്യം പരിഗണിച്ചതിന്റെപേരിൽ ഒട്ടകത്തിന്റെയും ആടിന്റെയും ഉടമകൾക്ക് പാൽക്കട്ടി കൊടുക്കാൻ അനുവാദം നൽകി. അപ്പോൾ എല്ലാവർക്കും തനിക്ക് സൗകര്യപ്രദമായത് നൽകാം.

നാണയത്തിന്റെ ക്രയവിക്രയ ശേഷി ഓരോ നാട്ടിലും ഓരോ സാഹചര്യത്തിലും മാറിക്കൊണ്ടിരിക്കും, അപ്പോൾ ഫിത്ർ സകാത്തിൽ നിർബന്ധമായ തോത് തീരുമാനിക്കപ്പെട്ടാൽ അതായിരിക്കും ഗുണകരം.

ഒരു സ്വാഅ് ഭക്ഷണം ഒരാളുടെ മിതമായ ആവശ്യത്തിന് മതിയാകുമെങ്കിൽ ഒരു സാഇന്റെ വില കണക്കാക്കിയാൽ അത് നീതിപൂർവകവും മാറ്റത്തിന് സാധ്യത കുറഞ്ഞതുമായിരിക്കും.

സ്ഥലവും കാലവും സന്ദർഭവും മാറുന്നതനുസരിച്ച് ഫത് വയും മാറുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതൊരു അടിസ്ഥാന തത്വമാണ്.
ഈ വിഷയം നമ്മുടെ ‘അവാമിലുസ്സഅതി വൽ മുറൂനത്തി ഫിശ്ശരീഅത്തിൽ ഇസ്‌ലാമിയ്യ’ (ശരീഅത്തിലെ വിശാലതയും വികസന സാധ്യതയും) എന്ന കൃതിയിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. അതിന്റെ സാധ്യതക്ക് നാം ഖുർആനിൽ നിന്നും സുന്നത്തിൽനിന്നും തെളിവുകൾ ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ പണ്ഡിതന്മാരുടെ അഭിപ്രായവും അവരുടെ അംഗീകാരവും രേഖപ്പെടുത്തിയിട്ടുണ്ട്.
ആധുനിക യുഗത്തിന്റെ അവസ്ഥ പരിഗണിച്ച് ഒരാൾ നിഷ്പക്ഷമായി ചിന്തിച്ചാൽ സകാത്ത് ഭക്ഷണമായി നൽകുക എന്നത് വളരെ പരിമിതമായ സമൂഹങ്ങളിലേ നടപ്പാകൂ എന്ന് കാണാൻ കഴിയും. അവിടെ സകാത്ത് ദായകർക്ക് ഭക്ഷണസാധനം കൊടുക്കൽ സൗകര്യപ്രദവും വാങ്ങുന്നവർക്ക് ഉപകാരപ്രദവുമായിരിക്കും.

എന്നാൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സങ്കീർണമായ ജീവിതസാ ഹചര്യങ്ങളിൽ കഴിയുന്ന സമൂഹങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കൽ ബുദ്ധിമുട്ടാണ് . അവിടെ ദരിദ്രന് അത് ഉപകരിക്കുകയുമില്ല. കാരണം, ഇടിക്കുക, പൊടിക്കുക, റൊട്ടിയുണ്ടാക്കുക എന്നിവയൊന്നും അവർക്ക് പരിചയമുണ്ടാവുകയില്ല. അങ്ങനെയാവുമ്പോൾ ഈ അവസ്ഥയിൽ വില നൽകലാണ് ഏറ്റവും നല്ലതെന്ന് നിഷ്പക്ഷമതികൾക്ക് ബോധ്യമാവും.
ആ ഒരാൾ തന്റെ തോട്ടത്തിലെ കാരക്ക ഒരു സംഖ്യക്ക് വിറ്റ ശേഷം അതിന്റെ പത്തിലൊന്ന് നൽകിയാൽ മതിയെന്നും, അയാൾ വേറെ പഴങ്ങൾ വാങ്ങി സകാത്ത് നൽകേണ്ടതില്ലെന്നും ഇബ്നുത്തൈമിയ്യ പറഞ്ഞിട്ടുണ്ട്. അതേ പോലെ തന്റെ ഒട്ടകത്തിന്റെ സകാത്തായി നൽകാൻ ആടിനെ ലഭിക്കുകയില്ലെങ്കിൽ അയാൾ അതിന്റെ വില നൽകിയാൽ മതിയെന്നും, ആടിനെ വാങ്ങാൻ വേണ്ടി മാറ്റൊരു പട്ടണത്തിലേക്ക് പോകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതത്രെ ശരിയായ ഫിഖ്ഹ്.

കൈറോ പോലെ ലക്ഷക്കണക്കിനാളുകൾ തിങ്ങിത്താമസിക്കുന്ന പട്ടണത്തിൽ ഫിത്വ്ർ സകാത്ത് ധാന്യമായി കൊടുക്കാൻ എങ്ങനെയാണ് ഒരു വിശ്വാസിയെ നാം നിർബന്ധിക്കുക? ദായകന് അത് സംഘടിപ്പിക്കാൻ പ്രയാസമാണ്. ദരിദ്രന് അത് ഉപകാരപ്പെടുകയുമില്ല.
ഒരാളുടെ കൈവശം ഭക്ഷണസാധനങ്ങൾ ഉണ്ടാവുകയും അത് ദരിദ്രർക്ക് ഉപകരിക്കുന്നതും, പട്ടണവാസികളെപ്പോലെ പണം മാത്രം കൈവ ശമുണ്ടാവുകയും അത് പാവങ്ങൾക്ക് സൗകര്യപ്രദമായി നൽകുകയും ചെയ്യുന്നവനും തമ്മിൽ വേർതിരിച്ചുകാണണം.

ഫിത്വ്ർ സകാത്ത് നിർബന്ധമാക്കിയത്, ദരിദ്രൻ പെരുന്നാൾ ദിവസം കറങ്ങിനടക്കാതെ സ്വയംപര്യാപ്തത നേടുവാൻ വേണ്ടിയാണ്. ഇവിടെ ഒരാൾ നിഷ്പക്ഷമായി ചിന്തിക്കട്ടെ: കൈറോ പോലെ ജനസാന്ദ്രതയുള പട്ടണത്തിൽ ദരിദ്രന് ഇക്കാലത്ത് ഒരു സാദ് കാരക്കയോ ഗോതമ്പോ കിട്ടിയാൽ അതുകൊണ്ട് അയാളുടെ പ്രശ്നം തീരുമോ? ദരിദ്രന് അത് കിട്ടിയാൽ അതുമായി ചുറ്റിനടന്ന് തുഛമായ വിലക്ക് വിൽക്കുകയും കിട്ടുന്ന വിലകൊണ്ട് അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്യേണ്ടിവരും ഇത് എത്രമാത്രം പ്രയാസകരമായിരിക്കും? അംഗീകൃത മദ്ഹബിലെ പണ്ഡിതന്മാർ ഒരു നാട്ടിലെ ഭൂരിഭാഗം ഉപയോഗിക്കുന്ന ഭക്ഷണം നൽകൽ അനുവദനീയമാണെന്ന് പറയുകയും ചെയ്തിരിക്കുന്നു.-(ഖറദാവിയുടെ ഫത്വകൾ: ഭാഗം: 2).

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!