ചോദ്യം- ഓരോ വര്‍ഷവും ഫിത്വ് ർ സകാത്ത് നല്‌കേണ്ടുന്ന വിഹിതത്തില്‍ മാറ്റം സംഭവിക്കുമോ?
ഉത്തരം- ഫിത്വ് ർ സകാത്ത് നല്‌കേണ്ടുന്ന വിഹിതത്തില്‍ മാറ്റം സംഭവിക്കുന്നതല്ല. കാരണം, അതിന് നിശ്ചയിക്കപ്പെട്ട അളവ് ഒരു സ്വാഅ് മാറുന്ന ഒന്നല്ല. ഇത്തരം ഒരളവ് നിശ്ചയിച്ചതിന് രണ്ട് കാരണങ്ങളുണ്ട്:
ഒന്ന്: അറബികളുടെ പക്കല്‍ നാണയങ്ങള്‍ ദുര്‍ലഭമായിരുന്നു. വിശിഷ്യാ മരുഭൂവാസികളില്‍. അവരുടെ കൈവശമുണ്ടായിരുന്നത് ഈത്തപ്പഴം, മുന്തിരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളായിരുന്നു.
രണ്ട്: നാണയങ്ങളുടെ മൂല്യം കാലദേശങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. റിയാലിന് ചിലപ്പോള്‍ വിലയിടിയുന്നത് നാം കാണാറുണ്ട്. അപ്പോള്‍ അതിന്റെ ക്രയശേഷി കുറയുന്നു. മറ്റു ചിലപ്പോള്‍ മൂല്യം വര്‍ധിക്കും. അപ്പോള്‍ നാണ്യവിലയെ ആധാരമാക്കി സകാത്ത് വിഹിതം നിശ്ചയിച്ചാല്‍ അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് തിരുമേനി ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകാത്ത അളവ് നിശ്ചയിച്ചു. അതാണ് ‘സ്വാഅ്’. ഒരിടത്തരം കുടുംബത്തിന്റെ ഒരു ദിവസത്തെ ആഹാരത്തിന് ഒരു സ്വാഅ് മിക്കവാറും മതിയാകും.
തന്റെ കാലത്ത് ലഭ്യമായ ചില ഭക്ഷ്യപദാര്‍ഥങ്ങളാണ് ഫിത്വ് ർ സകാത്തിനായി തിരുമേനി നിശ്ചയിച്ചത്. അതു മാത്രമേ നല്കാവൂ എന്ന ഉദ്ദേശ്യത്തോടയല്ല അത്. അതുകൊണ്ടാണ് ഒരു നാട്ടിലെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവം ഫിത്വ് ർ സകാത്തായി നല്കുന്നത് പണ്ഡിതന്‍മാര്‍ അനുവദിക്കുന്നത്. ഗോതമ്പോ അരിയോ ചോളമോ ഏതുമാവാം. ഒരു സ്വാഅ് രണ്ട് കിലോഗ്രാമോളം തൂക്കം വരും.( സ്വാഇന് 2.176 കി. തൂക്കം വരുമെന്ന് ഖറദാവി തന്റെ ‘ഫിഖ്ഹുസ്സകാത്തി’ല്‍ (വാല്യം 1. പുറം 372) രേഖപ്പെടുത്തിയിട്ടുണ്ട്. ) ഏതാണ്ട് അഞ്ച് റാത്തല്‍.
ഫിത്വ് ർ സകാത്തായി പ്രസ്തുത തൂക്കം ഭക്ഷ്യവിഭവത്തിന്റെ വില നല്കാവുന്നതാണെന്ന് ഇമാം അബൂഹനീഫക്ക് അഭിപ്രായമുണ്ട്.