ചോദ്യം- റമദാനിലെ ഇരുപതു ദിവസം ഒരു നാട്ടിലും ശിഷ്ടദിനങ്ങളും പെരുന്നാളും മറ്റൊരുനാട്ടിലും കഴിക്കുകയാണെങ്കിൽ ഫിത്വ് ർ സകാത്ത് എവിടെ നൽകണം.
ഉത്തരം- ശവ്വാലിന്റെ ആദ്യദിനത്തിൽ എവിടെയാണോ അവിടെയാണ് അത് നൽകേണ്ടത്. കാരണം, ഈ സകാത്തിന്റെ ഹേതു നോമ്പല്ല. നോമ്പിൽ നിന്നുള്ള വിരാമമാണ്. അതുകൊണ്ടാണ് അതിന് “സകാത്തുൽ ഫിത്വ് ർ ‘ എന്ന് പേരുവന്നത്. റമദാനിലെ ഒടുവിലത്തെ ദിനത്തിൽ മഗ്രിബിനു മുമ്പ് ഒരാൾ മരിച്ചാൽ അയാളുടെ വിഹിതം ഫിത്വ് ർ സകാത്തായി നൽകാൻ ബാധ്യതയില്ലാത്തതും അതിനാൽതന്നെ. അതേദിവസം മഗ്രിബിന് ശേഷം – ശവ്വാലിലെ ആദ്യരാത്രി – ജനിക്കുന്ന കുഞ്ഞിനു വേണ്ടി ഫിത്വ് ർ സകാത്ത് വിഹിതം നൽകേണ്ടതുമുണ്ട്. ഫിത്വ് ർ സകാത്ത് പെരുന്നാളുമായി ബന്ധപ്പെട്ട ഒന്നാണെന്നും പാവപ്പെട്ടവനും പണക്കാരനും ആ ദിവസത്തെ സന്തോഷം പങ്കിടുകയാണതിന്റെ ലക്ഷ്യമെന്നും കാണാം. “അവരെ നിങ്ങൾ ഈ ദിവസം സമ്പന്നരാക്കുക’ എന്നു തിരുവചനമുണ്ട്.