Homeഅനുഷ്ഠാനംനമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ്

നമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ്

ചോദ്യം- നമസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ? ഒന്നുപേക്ഷിച്ചാൽ മറ്റൊന്നു സ്വീകാര്യമാവാത്ത വിധം ആരാധനകൾ പരസ്പരം ബന്ധമുള്ളവയാണോ?

ഉത്തരം- നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ നിർബന്ധമായ എല്ലാ ആരാധനകളും അനുഷ്ഠിക്കാൻ ബാധ്യസ്ഥനാണ് മുസ്ലിം. അകാരണമായി ഇതിലൊന്നുപേക്ഷിക്കുന്നവൻ അല്ലാഹുവിനെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. അത്തരക്കാരെ സംബന്ധിച്ച് ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായങ്ങൾ വിഭിന്നമാണ്. ആരാധനകളിൽ ഏതെങ്കിലും ഒന്നുപേക്ഷിക്കുന്നവൻ കാഫിറാണെന്ന് കരുതുന്നവർ അക്കൂട്ടത്തിലുണ്ട്. നമസ്കരിക്കാത്തവരെയും സകാത്ത് നല്കാത്തവരെയും കാഫിറായിക്കാണുന്നു ചിലർ. മറ്റു ചിലർ നമസ്കരിക്കാത്തവരെ മാത്രമേ കാഫിറായി ഗണിക്കുന്നുള്ളൂ. ഇസ്ലാമിൽ നമസ്കാരത്തിനുള്ള പ്രാധാന്യവും, “ഒരു ദാസനും കുഫ്റും തമ്മിലുള്ള അകലം നമസ്കാരം ഉപേക്ഷിക്കലാണ്’ എന്ന തിരുവചനവുമാണ് അതിന്നടിസ്ഥാനം.

കാരണമില്ലാതെ നമസ്കാരം ഉപേക്ഷിക്കുന്നവർ കാഫിറുകളാണെന്ന് കരുതുന്ന പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ, അത്തരക്കാരുടെ നോമ്പും സ്വീകാര്യമല്ല. കാരണം, കാഫിറിൽനിന്ന് ആരാധനകൾ സ്വീകരിക്കപ്പെടുന്നതല്ല. എന്നാൽ, മറ്റു ചിലരുടെ വീക്ഷണത്തിൽ അല്ലാഹുവിലും അവന്റെ ദൂതനിലും ദൈവിക സന്ദേശത്തിലും അടിസ്ഥാനപരമായി വിശ്വാസമുണ്ടായിരിക്കുകയും അതേസമയം ആരാധനകളിൽ വീഴ്ചവരുത്തുകയും ചെയ്യുന്നവർ ദൈവധിക്കാരികൾ മാത്രമാണ്. ഇതാണ് താരതമ്യേന നീതിപൂർവവും ശരിയുമായ വീക്ഷണം എന്നു തോന്നുന്നു. ഇതനുസരിച്ച് അലസതമൂലമോ ഇച്ഛയ്ക്കടിപ്പെട്ടോ ചില നിർബന്ധ ബാധ്യതയിൽ – അവയുടെ നിർബന്ധ സ്വഭാവത്തെ നിഷേധിക്കാതെയും അതിനെ അവഹേളിക്കാതെയും – വീഴ്ചവരുത്തുകയും മറ്റു ബാധ്യതകൾ നിർവഹിക്കുകയും ചെയ്യുന്നവർ ഇസ്ലാമികമായി അപൂർണരും വിശ്വാസപരമായി ബലഹീനരും മാത്രമാണ്. അവർ അതേ അവസ്ഥയിൽ തന്നെ നിരതരായിപ്പോകുന്ന പക്ഷം വിശ്വാസരാഹിത്യം ആശങ്കിക്കേണ്ടതുണ്ട്. പക്ഷേ, ഒരാളുടെയും കർമഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയില്ല. അനുഷ്ഠിച്ച കർമത്തിന്റെ പ്രതിഫലവും വീഴ്ചവരുത്തിയതിനുള്ള ശിക്ഷയും അയാൾക്കു ലഭിക്കും. “”ആർ അണുത്തൂക്കം നൻമചെയ്യുന്നുവോ അതവൻ കാണും. ആർ അണുത്തൂക്കം തിൻമ ചെയ്യുന്നുവോ അതും അവൻ കാണും.”

Also Read  തല മറക്കാതെ നമസ്‌കരിക്കുന്നത് കറാഹത്താണോ?
ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

Also Read  ഫിത്വ് ർ സകാത്ത് അനുപാതം മാറുമോ?
error: Content is protected !!