ചോദ്യം- ജമാഅത്ത് നടക്കുമ്പോൾ മഅ്മൂം സ്വഫ്ഫിന് പിന്നിൽ ഏകനായി നമസ്കരിച്ചാൽ അത് സ്വീകാര്യമാവുമോ?
ഉത്തരം- അലിയ്യുബ്നു ശൈബാനിൽനിന്ന് അഹ്മദും ഇബ്നുമാജയും ഉദ്ധരിക്കുന്നു: സ്വഫ്ഫിനു പിന്നിൽ ഒരാൾ ഏകനായി നമസ്കരിക്കുന്നത് തിരുദൂതർ കണ്ടു. അയാൾ നമസ്കാരത്തിൽനിന്ന് വിരമിക്കുവോളം നബി(സ) കാത്തിരുന്നു. എന്നിട്ട് പറഞ്ഞു: “”ഒന്നുകൂടി നമസ്കരിക്കൂ. സ്വഫ്ഫിന് പിന്നിൽ ഏകനായി നമസ്കരിച്ചവന് നമസ്കാരമേയില്ല.”
വാബിസ്വതുബ്നു മാഅ്ബദിൽ നിന്ന് അഹ്മദ്, അബൂദാവൂദ്, തിർമിദി, ഇബ്നുമാജ എന്നിവർ ഉദ്ധരിക്കുന്നു: സ്വഫ്ഫിനു പിന്നിൽ ഒരാൾ ഏകനായി നമസ്കരിക്കുന്നത് തിരുദൂതർ കണ്ടു. വീണ്ടും നമസ്കരിക്കുവാൻ നബി അദ്ദേഹത്തോട് ആജ്ഞാപിച്ചു.
അഹ്മദിന്റെ ഒരു നിവേദനത്തിൽ ഇപ്രകാരം കാണാം: സ്വഫ്ഫിനു പിന്നിൽ ഏകനായി നമസ്കരിക്കുന്ന ഒരാളെക്കുറിച്ച് തിരുദൂതരോട് ചോദിച്ചപ്പോൾ അയാൾ വീണ്ടും നമസ്കരിക്കണമെന്നാണ് തിരുദൂതർ മറുപടി പറഞ്ഞത്.
മുകളിലുദ്ധരിച്ച രണ്ട് ഹദീസുകളും സ്വീകാര്യമാണെന്ന് പണ്ഡിതൻമാരിൽ ഒരു വൃന്ദം സ്ഥിരീകരിച്ചിട്ടുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യയും അതംഗീകരിക്കുന്നു. സ്വഫ്ഫിന്നുപിന്നിൽ ഏകനായി നമസ്കരിക്കുന്നത് സ്വീകാര്യമോ അനുവദനീയമോ അല്ലെന്ന് സ്ഥാപിക്കുവാൻ പണ്ഡിതരിലൊരുവിഭാഗം തെളിവായുദ്ധരിച്ചിട്ടുള്ളത് ഇൗ ഹദീസുകളാണ്. നഖ്ഇൗ, ഹസനുബ്നു സ്വാലിഹ്, ഇസ്ഹാഖ്, ഹമ്മാദ്, ഇബ്നു അബീലൈല, വകീഅ് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. അഹ്മദുബ്നു ഹമ്പലിന്റെ അഭിപ്രായവും ഇതുതന്നെ. എന്നാൽ, മറ്റു മൂന്ന് മദ്ഹബിന്റെയും ഇമാമുകൾ സ്വഫ്ഫിന്നുപിന്നിൽ ഒറ്റക്കുള്ള നമസ്കാരം സ്വീകാര്യമാണ് എന്ന അഭിപ്രായക്കാരാണ്. അവരുടെ വീക്ഷണത്തിൽ അത് അനഭിലഷണീയം (കറാഹത്ത്) മാത്രമാണ്.
മുൻചൊന്ന ഹദീസുകൾ പ്രത്യക്ഷത്തിൽതന്നെ അഹ്മദുബ്നു ഹമ്പലിന്റെ അഭിപ്രായത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, ജമാഅത്തു നമസ്കാരം നിയമമാക്കിയതുവഴി ഇസ്ലാം ഉന്നംവെക്കുന്ന ലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ അഭിപ്രായത്തിന്നുപോദ്ബലകമാണ്. ഇസ്ലാം സംഘടിതജീവിതത്തിന് പ്രധാന്യം കൽപിക്കുന്നു. ഒറ്റപ്പെടൽ വെറുക്കുന്നു. അത് എെക്യം ഇഷ്ടപ്പെടുകയും അനൈക്യം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. വ്യവസ്ഥാപിതത്വത്തെ പ്രോത്സാഹിപ്പിക്കുകയും അരാജകത്വത്തെ തടയുകയും ചെയ്യുന്നു. ഇൗ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്നുതകുംവിധം സ്വന്തം അനുയായികളെ സുശിക്ഷിതരാക്കുന്നതിന് ഇസ്ലാം നിശ്ചയിച്ചിട്ടുള്ള പല മാർഗങ്ങളിലൊന്നാണ് സംഘടിത നമസ്കാരം. അതുകൊണ്ടാണ് തിരുദൂതർ നമസ്കാരം ആരംഭിക്കുന്നതിന്നു മുമ്പായി മഅ്മൂമുകളെ അഭിമുഖീകരിച്ച് “അടുത്തടുത്തു നിൽക്കുകയും നേരെയാക്കുകയും ചെയ്ക’33 എന്നും, “അണികൾ സമമാക്കുക: അണികളുടെ ഒരുമ നമസ്കാരത്തിന്റെ പൂർണതയിൽപെടുന്നു’34 എന്നും “അണികൾ ശിഥിലമാക്കാതിരിക്കുക; അണികൾ ശിഥിലമായാൽ നിങ്ങളുടെ ഹൃദയങ്ങളും ശിഥിലമാകും’35 എന്നും “നിങ്ങൾ അണികൾ ഒരുമയിലാക്കുക; ഇല്ലെങ്കിൽ നിങ്ങൾക്കിടയിൽ അനൈക്യം ഉളവായേക്കും’36 എന്നും പറയാറുണ്ടായിരുന്നത്. സമൂഹഘടനയുടെ ഭദ്രത, ഋജുത്വം, ഒരുമ എന്നിവയുമായി ബന്ധപ്പെട്ട ഇസ്ലാമിക സാമൂഹിക സിദ്ധാന്തങ്ങളുടെ ശക്തമായ ശിക്ഷണ വേദിയാണ് സംഘടിത നമസ്കാരമെന്ന് മുൻചൊന്ന തിരുവചനങ്ങൾ കാണിക്കുന്നു. മുസ്ലിം സമൂഹനിർമിതിയുടെ മൗലിക ചിന്താധാരകൾ പ്രതിഫലിക്കുന്ന ദർപ്പണം കൂടിയാണിത്.
ഇത് മനസ്സിലാക്കിയാൽ അണികൾക്കു പിന്നിൽ ഒറ്റക്കുള്ള നമസ്കാരം അസ്വീകാര്യമാണെന്ന ഇസ്ലാമിക വിധിയിൽ ആശ്ചര്യം തോന്നേണ്ടതില്ല. അങ്ങനെ നമസ്കരിക്കുന്നവർ അത് വീണ്ടും ചെയ്തേ പറ്റൂ. കാരണം, അത് അനൈക്യത്തിന്റെയും ശൈഥില്യത്തിന്റെയും, സംഘടനയിൽനിന്നുള്ള അകൽച്ചയുടെയും പ്രകടമായ ലക്ഷണമാണ്. “കൂട്ടം തെറ്റി ഒറ്റപ്പെട്ടുപോകുന്ന ആട്ടിൻകുട്ടിയെ ചെന്നായ പിടിക്കുന്നു. കൂട്ടം തെറ്റിയ മനുഷ്യരെ പിടിക്കുന്ന ചെന്നായയാണ് പിശാച്’ എന്നും “അല്ലാഹുവിന്റെ സഹായം സംഘടിത സമൂഹത്തിനാണ്. ഒറ്റപ്പെട്ടവൻ നരകത്തിലെറിയപ്പെടും’ എന്നുമത്രേ ഇസ്ലാമിന്റെ അധ്യാപനം.
ഇപ്പറയുന്നതെല്ലാം ന്യായമായ കാരണം കൂടാതെ അണികൾക്കു പിന്നിൽ ഒറ്റക്ക് നമസ്കരിക്കുന്നവരെപ്പറ്റിയാണ്. മുമ്പിലെ അണികളിൽ നില്ക്കാൻ ഇടമില്ലാത്തതു കാരണം പിന്നിൽ ഒറ്റക്ക് നമസ്കരിക്കേണ്ടി വരുന്ന ഒരാളുടെ നമസ്കാരം സ്വീകാര്യമാണ് എന്നത്രേ പ്രബല മതം. അത്തരം സന്ദർഭങ്ങളിൽ മുമ്പിലെ അണിയിൽനിന്ന് ഒരാളെ പിന്നോട്ട് പിടിച്ചുവലിച്ച് തന്നോടൊപ്പം നിറുത്തുന്നത് ചില പണ്ഡിതർ അഭികാമ്യമായി കരുതുന്നു. പിടിച്ചു വലിക്കപ്പെടുന്ന ആൾ അതിൽ സഹകരിക്കേണ്ടതും ആവശ്യമാണ്. ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കരുതുന്ന ഒരു മറുപക്ഷമുണ്ട്. അണിയിൽനിന്ന് ഒരാളെ പിടിച്ചുവലിക്കുന്നത് അക്രമമാണ് എന്നുപോലും അവരിൽചിലർ പറഞ്ഞിരിക്കുന്നു.