ചോദ്യം- വിവാഹിതയായ ഒരു പുത്രി സ്വന്തം പിതാവുമായി പിണങ്ങി. അവൾ പിതാവുമായി കുടുംബബന്ധം ചേർക്കുകയോ സംസാരിക്കുകപോലുമോ ചെയ്യുന്നില്ല. പക്ഷേ മാതാവ്, ഭർത്തൃഗൃഹത്തിൽ താമസിക്കുന്ന ആ പുത്രിക്ക്, പിതാവറിയാതെ വേണ്ടതെല്ലാം നൽകുന്നു. ‘എന്നോട് സംസാരിക്കുകയോ ഞാനുമായി ബന്ധം സ്ഥാപിക്കുകയോ ചെയ്യാത്തവർ എന്റെ മുതൽ അനുഭവിക്കുകയും വേണ്ട’ എന്നാണ് പിതാവിന്റെ നിലപാട്. ഈ നിലപാട് ന്യായമാണോ?
ഉത്തരം- പിതാവിന്റെ നിലപാട് ന്യായവും ശരിയുമാണ്. ഒരു പുത്രി പിതാവിനോട് ബന്ധം മുറിക്കുകയും പിണങ്ങി നിൽക്കുകയും ചെയ്യുമ്പോൾ മാതാവ് പിതാവിന്റെ കണ്ണുവെട്ടിച്ച്, അയാളുടെ ധനം അയാളറിയാതെ മകൾക്ക് നൽകുന്നത് രണ്ടു കാരണങ്ങളാൽ ശരിയല്ല. ഒന്നാമതായി ഭർത്താവിന്റെ ധനം അയാളുടെ അനുമതി കൂടാതെ കൈകാര്യം ചെയ്യുവാൻ-ദാനം ചെയ്യുവാൻ പോലും- ഭാര്യക്ക് അവകാശമില്ല. വാചികമോ സന്ദർഭം ദ്യോതിപ്പിക്കുന്നതോ ആയ അനുമതി ഉണ്ടെങ്കിൽ ആവാം. എന്നാൽ ഭർത്താവിന് അപ്രിയമുണ്ടെന്ന് അറിവുള്ളതോ അയാൾ വിലക്കിയതോ ആയ ഒരു ആവശ്യത്തിന് അയാളുടെ ധനം ഭാര്യ വിനിയോഗിച്ചുകൂടാ.
രണ്ടാമതായി, പിതാവിന്റെ ധനം രഹസ്യമായി പുത്രിക്ക് നൽകുന്നതുവഴി മാതാവ്, പിതാവുമായുള്ള പിണക്കം തുടർന്നുപോകാൻ മകളെ പ്രോത്സാഹിപ്പിക്കുകയാണ്. പിതൃസഹായത്തിന്റെ അനിവാര്യതയും പിതാവുമായി ബന്ധം പുനഃസ്ഥാപിച്ചു അദ്ദേഹത്തെ സന്തോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പുത്രിക്ക് പിതാവിനോടുള്ള കടപ്പാടുകളും വിവരിച്ചു കൊടുത്ത് അവരെ ഇണക്കാനായിരുന്നു മാതാവ് ശ്രമിക്കേണ്ടിയിരുന്നത്.
അന്യർ തമ്മിൽ പിണങ്ങിയാൽ പോലും, അവർ സുകൃതികളായ ദൈവദാസരും പാപമുക്തിക്കർഹരുമാവണമെങ്കിൽ പരസ്പര ബന്ധം നന്നാക്കേണ്ടത് നിർബന്ധമാണ്. അപ്പോൾ പിന്നെ രക്തബന്ധുക്കൾ തമ്മിലും പിതാവും പുത്രിയും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച് പറയാനെന്തിരിക്കുന്നു? ഒരു തിരുവചനത്തിൽ ഇപ്രകാരം കാണാം: ”എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും മനുഷ്യകർമങ്ങൾ ദൈവസമക്ഷം വിചാരണക്കു വരും. അല്ലാഹുവിന് സമന്മാരെ കൽപിക്കാത്ത എല്ലാവർക്കും അവൻ പൊറുത്തുകൊടുക്കും. എന്നാൽ പരസ്പരം വൈരം പുലർത്തുന്ന രണ്ടുപേരെ അല്ലാഹു മാറ്റിനിർത്തും. അവരോട് അല്ലാഹു ഇപ്രകാരം പറയും: ‘ഇവർ പരസ്പര ബന്ധം നന്നാക്കുന്നതുവരെ കാത്തിരിക്കട്ടെ. ഇവർ പരസ്പരബന്ധം നന്നാക്കുന്നതുവരെ കാത്തിരിക്കട്ടെ. ഇവർ പരസ്പരബന്ധം നന്നാക്കുന്നതു വരെ കാത്തിരിക്കട്ടെ.”