വെള്ളിയാഴ്ച്ചകളില്‍ ജുമുഅ നടക്കുന്ന സമയത്ത് നടത്തുന്ന കച്ചവടത്തെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്. ആ സമയത്ത് കച്ചവടം ചെയ്യാന്‍ പാടില്ലെന്നും അത് വ്യക്തമാക്കുന്ന ഖുര്‍ആന്‍ ആയത്തുണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തവും അതിന്റെ ഉദ്ദേശ്യവും വ്യക്തമാക്കാമോ? അത് എല്ലാ കാര്യത്തിലും ബാധകമാണോ എന്നതാണ് എന്റെ രണ്ടാമത്തെ ചോദ്യം. ആളുകള്‍ക്ക് നീട്ടിവെക്കാന്‍ പറ്റാത്തവിധമുള്ള മരുന്നുകള്‍ പോലുള്ളവയുടെ ഇടപാടില്‍ അതിന് ഇളവുണ്ടോ?
അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരിക. കൊള്ളക്കൊടുക്കകളുപേക്ഷിക്കുക. അതാണ് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്, നിങ്ങള്‍ അറിയുന്നുവെങ്കില്‍.” (അല്‍ജുമുഅ: 9) വെള്ളിയാഴ്ച്ച ജുമുഅക്കുള്ള ബാങ്ക് വിളിക്കപ്പെട്ടാല്‍ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായിട്ടുള്ള മുഴുവന്‍ ആളുകളും മറ്റു പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന് ഈ സൂക്തത്തില്‍ നിന്ന് വ്യക്തമാണ്. പിന്നെയും ഒരാള്‍ തന്റെ കച്ചവട കാര്യങ്ങളില്‍ മുഴുകുകയാണെങ്കില്‍ ജുമുഅയില്‍ പങ്കെടുക്കുകയെന്ന അയാളുടെ നിര്‍ബന്ധ ബാധ്യതയെ അത് ബാധിക്കും.
മേല്‍പറയപ്പെട്ട സൂക്തത്തില്‍ ‘അല്ലാഹുവിനെ കുറിച്ച സ്മരണയിലേക്ക് ഓടിവരിക’ എന്നാണ് പറഞ്ഞിട്ടുള്ളത്. ‘അല്ലാഹുവിനെ കുറിച്ച സ്മരണ’ (ദിക്‌റുല്ലാഹ്) നമസ്‌കാരം മാത്രമല്ല, ഖുതുബയും കൂടിയാണെന്നാണ് പ്രമുഖ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ എത്തിയാല്‍ മതിയാവില്ല. മറിച്ച് നിര്‍ബന്ധമായും ജുമുഅ ഖുതുബ കൂടി കേള്‍ക്കേണ്ടതുണ്ട്. ജുമുഅ നമസ്‌കാരത്തിന്റെ രണ്ട് റക്അത്തുകളുടെ സ്ഥാനത്താണ് ഖുതുബ എന്ന് പറയാറുണ്ട്. അതുകൊണ്ട് ജുമുഅ പൂര്‍ണമായി ലഭിക്കുന്നതിന് ബാങ്കു കൊടുത്താല്‍ ഉടന്‍ ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ ഉടന്‍ തന്നെ അവ പുനരാരംഭിക്കുന്നതിന് തെറ്റില്ലെന്നാണ് അടുത്ത സൂക്തത്തില്‍ അല്ലാഹു പറയുന്നത്: ”പിന്നെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തു കൊള്ളുക.” (അല്‍ജുമുഅ: 10)
താങ്കള്‍ പറഞ്ഞതു പോലെ അതില്‍ വല്ല ഇളവും ഉണ്ടോ എന്ന ചോദ്യം പ്രധാനമാണ്. നിങ്ങളുടെ മെഡിക്കല്‍ ഷോപ്പ് ഏതെങ്കിലും ആശുപത്രിയുടെ അടിയന്തിര വിഭാഗത്തോട് ചേര്‍ന്നുള്ള ഒന്നാണെങ്കില്‍ നിങ്ങളത് അടക്കരുത്. മരുന്നുകള്‍ അത്യാവശ്യമായിട്ടുള്ള നിരവധി രോഗികള്‍ അവിടെയുണ്ടാവും. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കണം. എന്നാല്‍ ആ സമയത്തെ പ്രവര്‍ത്തനത്തിന് ജുമുഅ നിര്‍ബന്ധമില്ലാത്ത സ്ത്രീകളെയോ മുസ്‌ലിംകളല്ലാത്തവരെയോ അവിടെ നിശ്ചയിക്കണം. ഇനി സ്‌റ്റോറിന്റെ ചുമതലയേല്‍പ്പിക്കാന്‍ പറ്റിയ സ്ത്രീകളോ അമുസ്‌ലിംകളോ ഇല്ലാത്ത സാഹചര്യത്തില്‍ ഒരാള്‍ക്ക് തന്നെ തുടര്‍ച്ചയായി രണ്ടോ അതിലധികമോ ജുമുഅ നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ വരുത്തണം. തുടര്‍ച്ചയായി മൂന്ന് ജുമുഅ നഷ്ടപ്പെടുത്തിയ ആളുടെ ഹൃദയത്തിന് അല്ലാഹു മുദ്രവെക്കുമെന്ന് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അത്ര ലാഘവത്തോടെ കാണാന്‍ പറ്റിയ ഒരു മുന്നറിയിപ്പല്ല ഇത്.
അതേസമയം നിങ്ങളുടെ മെഡിക്കല്‍ ഷോപ്പ് അടക്കുന്നത് ബാധിക്കാത്ത വിധം വേറെ ഷോപ്പുകള്‍ സമീപത്തുണ്ടെങ്കില്‍, ബാങ്കു വിളിച്ചാല്‍ നിങ്ങള്‍ കടയടച്ച് ജുമുഅ നിര്‍വഹിക്കാന്‍ പോവുകയാണ് വേണ്ടത്. പിന്നീട് ജുമുഅ കഴിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെ അവന്റെ മഹത്തായ അനുഗ്രഹത്തിന് നാം അര്‍ഹരായി തീരും. ഭൗതികമായും വലിയ സഹായം നമുക്കതിലൂടെ ലഭിക്കും.
വിവ: നസീഫ്