ചോദ്യം- “അല്ലാഹു ചിലരെ സമ്പന്നരും ചിലരെ ദരിദ്രരും ആക്കിയതെന്ത്?’ ഈ പ്രശ്നം എന്നെ വല്ലാതെ കുഴക്കുന്നു. ഞാൻ നമസ്കാരം ഉപേക്ഷിച്ചു. പക്ഷേ ഞാനിപ്പോഴും ചിന്താകുഴപ്പത്തിലാണ്. ഉറച്ച വിശ്വാസം തിരിച്ചുകിട്ടാനെന്തു വഴി?
ഉത്തരം- വിശ്വാസി സംശയത്തിനും ആശയക്കുഴപ്പത്തിനും വിധേയനാകാം. പക്ഷേ, വിശ്വാസം ഉറച്ചതും ആത്മാർഥവുമാണെങ്കിൽ അയാൾക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവുമെന്ന് തീർച്ച. തദ്വാരാ സംശയങ്ങളും ചിന്താകുഴപ്പങ്ങളും അതിദ്രുതം നീങ്ങുകയും വിശ്വാസത്തിന്റെ ശക്തിയും പ്രകാശവും തജ്ജന്യമായ ശാന്തിയും പൊടുന്നനെ തിരിച്ചുകിട്ടുകയും ചെയ്യും.
ഈ സംശയം രണ്ട് ഭീമാബദ്ധങ്ങളിൻമേലാണ് പടുക്കപ്പെട്ടിരിക്കുന്നത്. ഒന്ന്: ഭൗതികമായ ഐശ്വര്യം ജീവിതത്തിന്റെ സർവസ്വവുമാണെന്നും ധനിക – ദരിദ്ര വ്യത്യാസമില്ലാതെ ജനങ്ങളെല്ലാം സമൻമാരായിരിക്കുകയെന്നതാണ് ദൈവിക നീതിയുടെ താൽപര്യമെന്നും അയാൾ ധരിക്കുന്നു.
സമ്പത്ത് ജീവിതത്തിന്റെ സർവസ്വവുമല്ലെന്ന് ആദ്യമായി മനസ്സിലാക്കുക. ബുദ്ധിയോ വിജ്ഞാനമോ ആരോഗ്യമോ സൗഖ്യമോ കുടുംബസൗഭാഗ്യമോ സന്താനങ്ങളോ ഇല്ലാത്ത എത്രയെത്ര സമ്പന്നൻമാരുണ്ടീ ലോകത്തിൽ? സന്താനങ്ങളുള്ളവർതന്നെ ഒരു നല്ല സന്താനത്തെ ലഭിക്കാൻ കൊതിക്കുന്നു. ഒരു നല്ല ഭാര്യയെ കിട്ടാൻ ആഗ്രഹിക്കുന്നു. അങ്ങനെയെന്തെല്ലാം? ലക്ഷപ്രഭുക്കളായ സമ്പന്നരുണ്ട്. ഒരു പൈസപോലും സമ്പാദ്യമില്ലാത്ത ഒരു ദരിദ്രൻ തിന്നുന്നപോലെ ഒന്നു തിന്നാൻ കഴിഞ്ഞെങ്കിൽ എന്നാണ് അവരുടെ കൊതി. ഡോക്ടർമാർ അവർക്ക് എണ്ണയും മധുരവും നിഷിദ്ധമാക്കിയിരിക്കുന്നു. സ്വർണവും വെള്ളിയും നിറച്ച ഖജനാവുകളുണ്ടവർക്ക്. പക്ഷേ, എന്തു പ്രയോജനം? ഇനി അയാൾ ആരോഗ്യവാനാണെന്നു തന്നെ വെച്ചോളൂ. അയാളുടെ വയറിൽ കൊള്ളുന്നതാല്ലാതെ തിന്നാനൊക്കുമോ? അയാളുടെ വശം ഒരു നാണ്യശേഖരം തന്നെയുണ്ടെന്ന് വെക്കുക. അത് തിന്നാൻ പറ്റുമോ? ഖബ്റിലേക്ക് കൊണ്ടുപോകുമോ? ഒരിക്കലുമില്ല. സമ്പത്ത് ഒരു ജീവിത മാർഗം മാത്രമാണ്.
വലിയ സമ്പന്നന് വലിയ ഉത്തരവാദിത്വവുമുണ്ട്. അന്ത്യനാളിൽ അവൻ നേരിടുന്ന വിചാരണ മറ്റുള്ളവരെ അപേക്ഷിച്ച് ഗൗരവമുള്ളതായിരിക്കും.
“”നിഷ്കളങ്കമായ ഹൃദയത്തോടെ ദൈവസന്നിധിയിലെത്തിയവർക്കൊഴിച്ച് സ്വസന്താനങ്ങളും സമ്പത്തും ഉപകാരപ്പെടാത്ത ആ ദിവസം!” അന്ന് നാല് കാര്യങ്ങളെക്കുറിച്ച് ചോദ്യംചെയ്യപ്പെടാതെ അവന്റെ കാലുകൾ ചലിക്കുന്നതല്ല. തന്റെ ജീവിതകാലം എന്തിന് ചെലവഴിച്ചു? തന്റെ യുവത്വം എന്തിന് വിനിയോഗിച്ചു? തന്റെ ധനം എവിടെനിന്ന് സമ്പാദിക്കുകയും എങ്ങനെ ചെലവഴിക്കുകയും ചെയ്തു? തന്റെ വിജ്ഞാനംകൊണ്ടെന്തു ചെയ്തു?
സമ്പന്നതകൊണ്ട് എല്ലാം ആയില്ല. സമ്പത്തല്ലാത്ത പലതും വേണം മനുഷ്യന്ന്. അവയിൽ പലതും സമ്പത്തിനേക്കാൾ വിലപിടിപ്പുള്ളതുമാണ്. ഉപരിപ്ലവമായി മാത്രം ചിന്തിക്കുന്ന, അവധാനതയില്ലാത്ത ആളുകൾ ദൈവാനുഗ്രഹങ്ങൾ വിസ്മരിക്കുന്നു. ദൈവാനുഗ്രഹങ്ങൾ എണ്ണാൻ തുടങ്ങിയാൽ തളർന്നുപോകും. വിലമതിക്കാനാവാത്ത എത്രയെത്ര കാര്യങ്ങൾ! കണ്ണിനെപ്പറ്റി ഓർത്തുനോക്കൂ. ആർക്കാണ് അതിന്റെ വില നിർണയിക്കാനാവുക? ഞാൻ ആയിരമോ പത്തുലക്ഷമോ തരാം, കണ്ണിങ്ങ് തരൂ എന്നു പറഞ്ഞാൽ വല്ലവരും നൽകുമോ? ബുദ്ധിശക്തി, സംസാരശേഷി, അധ്വാനശേഷി എന്നിവക്കു പുറമെ കേൾവി, ഘ്രാണശക്തി, രുചി, വിരലുകൾ, പല്ലുകൾ, ശരീരാന്തർഭാഗത്തെ അവയവങ്ങൾ തുടങ്ങി എന്തെല്ലാമുണ്ട് ദൈവദത്തമായി. മനുഷ്യശരീരത്തിൽ മാത്രമുള്ള ദൈവാനുഗ്രഹങ്ങളുടെ കണക്കെടുത്ത് അവയുടെ മൂല്യം നിർണയിക്കന്ന പക്ഷം തുക നൂറുകണക്കിൽ മില്യൻ വരും. സത്യത്തിൽ അമൂല്യമാണവ.
മനുഷ്യൻ പദാർഥപരമായ ഐശ്വര്യത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു; അതാണബദ്ധവും. സംശയങ്ങളും ചിന്താകുഴപ്പങ്ങളും ഉണ്ടാവുന്നതും അതിനാൽ തന്നെ.
സാമ്പത്തികസമത്വം ദൈവികനീതിയുടെ താൽപര്യമായിരിക്കണം എന്നതും, ജനങ്ങളെല്ലാം സാമ്പത്തികമായി തുല്യരായിരിക്കുക എന്നതും യഥാർഥത്തിൽ യുക്തിനിഷ്ഠമാണോ? അല്ലതന്നെ. ഇന്നിക്കാണുന്ന അസമത്വം ദൈവമുദ്ദേശിക്കുന്ന പരീക്ഷണത്തിന്റെയും പ്രതിഫലദാനത്തിന്റെയും അനിവാര്യതയാണ്.
ദൈവമുദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെ ആഹാരം ആവശ്യമില്ലാത്ത ജീവികളായി സൃഷ്ടിച്ചേനെ. പിന്നെ സമ്പത്തും ആവശ്യമായി വരില്ല. പക്ഷേ, അല്ലാഹു മനുഷ്യനിൽ ആഗ്രഹങ്ങളും നൈസർഗിക വാസനകളും സൃഷ്ടിച്ചു. ഭക്ഷണവും പാനീയവും സന്താനങ്ങളും സമൂഹവും ആവശ്യമുള്ള ജീവിയാക്കി. ഈ വിധം മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് സ്തുതി. എല്ലാവരും എല്ലാ അർഥത്തിലും തുല്യരായിരുന്നുവെങ്കിൽ ജീവിതത്തിന് എന്തർഥം? അതിലെന്ത് യുക്തിയാണുള്ളത്? സഹനത്തിന്റെ രുചി ആസ്വദിക്കണമെങ്കിൽ സഹിക്കാൻ എന്തെങ്കിലും വേണം. പരജീവി സ്നേഹവും സഹാനുഭൂതിയും പുലരണമെങ്കിൽ അത് ലഭിക്കാൻ അർഹതയുള്ളവർ സമൂഹത്തിൽ ഉണ്ടായേ തീരു. ജീവിത വിഭവങ്ങളുടെ ഏറ്റക്കുറച്ചിൽ ഉള്ളേടത്തു മാത്രമേ മാനുഷിക ഗുണങ്ങളുടെ സ്വാദ് അനുഭവിക്കാനാവൂ. ജീവിതം മുഴുവൻ പകലും വെളിച്ചവും ആയിരുന്നെങ്കിൽ മനുഷ്യർക്ക് ആത്മനിർവൃതി കൊള്ളാൻ രാത്രി ഉണ്ടാകുമായിരുന്നില്ല. അതിനാൽ, പകലിനു ശേഷം രാത്രിയും വെളിച്ചത്തിനൊപ്പം ഇരുട്ടും അത്യാവശ്യമാണ്.
ചോദ്യകർത്താവിന്ന് പിണഞ്ഞ രണ്ടാമത്തെ അബദ്ധം അല്ലാഹുവിന്റെ യുക്തിദീക്ഷയെയും നീതിബോധത്തെയും കുറിച്ച വിഭാവനയിലാണ്.
അല്ലാഹുവിന്റെ യുക്തിദീക്ഷക്ക് അതിര് നിശ്ചയിക്കുവാനും അത് നമ്മുടെ ഇച്ഛയ്ക്കൊത്താവണമെന്ന് ശഠിക്കുവാനും നമുക്കെന്തധികാരമാണുള്ളത്? “”സത്യം അവരുടെ ഇഷ്ടാനിഷ്ടങ്ങളെ പിന്തുടർന്നിരുന്നുവെങ്കിൽ ആകാശഭൂമികൾ താറുമാറായിപ്പോയേനെ.”( അൽ മുഅ്മിനൂൻ 71 ) കാരണം, കാര്യങ്ങൾ തങ്ങളുടെ ഇച്ഛയ്ക്കൊത്ത് നടക്കണം എന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. അത് നടക്കുന്ന പക്ഷം ജീവിതത്തിന്റെ സന്തുലിതത്വം പമ്പകടക്കും. ആദ്യരാത്രി മണിയറയിൽ കടക്കുന്ന യുവാവ് നേരം പുലരാതിരുന്നെങ്കിൽ എന്നു കൊതിക്കുന്നു. വേദനയാൽ പുളയുന്ന ഒരു രോഗി ദൈവമേ! നേരമൊന്നു പുലർന്നെങ്കിൽ എന്നു പ്രാർഥിക്കുന്നു. അല്ലാഹു ആരുടെ ആഗ്രഹമാണ് സാക്ഷാത്കരിച്ചുകൊടുക്കേണ്ടത്? അല്ലാഹുവിന്റെ ചര്യ ഇരുവരുടെയും ഇച്ഛയ്ക്കൊത്ത് ആയിക്കൂടാ. അവന് അവന്റേതായ ഒരു രീതിയുണ്ട്. നമുക്കത് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം; കഴിയാതെയും വരാം.
ഒരുദാഹരണം നോക്കൂ:
ഒരു പിതാവും പുത്രനും ഈത്തപ്പനയുടെ ചുവട്ടിൽ വിശ്രമിക്കുകയാണ്. പുത്രൻ പിതാവിനോട് ഒരു കുസൃതി ചോദിച്ചു: “”പിതാവേ നോക്കൂ! ഇതെന്തൊരു അനീതിയാണ്? അങ്ങെന്നോട് ഉപദേശിക്കാറുള്ള നീതിബോധം ഇവിടെ കാണുന്നില്ലല്ലോ? അല്ലാഹു യുക്തിമാനും സർവജ്ഞനുമാണെന്ന് അങ്ങ് പറയാറില്ലേ? ഈ കൊച്ചു ചെടി കണ്ടില്ലേ – വത്തക്കാവള്ളി. അതിന്റെ കായക്ക് എന്തൊരു വലുപ്പം? പക്ഷേ, ഭീമാകാരനായ ഈത്തപ്പനയുടെ കായ എത്ര ചെറുത്? ഈത്തപ്പഴവും വത്തക്കയും തമ്മിലുള്ള ഈ അന്തരം ശരിയല്ല. ഈത്തപ്പനമേൽ വത്തക്കയോളം വലുപ്പമുള്ള ഒരു ഫലം ഉണ്ടാവണമെന്നല്ലേ സാമാന്യബുദ്ധിയും യുക്തിയും ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ തടിയും അതിന്റെ ഫലവും തമ്മിലുള്ള അനുപാതം ശരിയാകൂ. അതുപോലെ കാരക്കയുടെ വലുപ്പമുള്ള ഒരു ഫലമേ വത്തക്കാവള്ളിയുടെ വലുപ്പത്തിന് ചേരൂ.” അപ്പോൾ പിതാവ് പറഞ്ഞു: “”അതിൽ നമുക്കറിയാത്ത ഒരു യുക്തി അല്ലാഹു കണ്ടിരിക്കാം.”
തെല്ലുനേരം കഴിഞ്ഞ് യുവാവ് മരച്ചുവട്ടിൽ മലർന്നുകിടന്നു; തൊട്ടടുത്ത് പിതാവും. യുവാവ് ഒന്നു മയങ്ങിയതേയുള്ളൂ. ഒരീത്തപ്പഴം അയാളുടെ മുഖത്ത് പതിച്ചു. വേദനകൊണ്ട് അയാൾ നിലവിളിച്ചുപോയി. “”എന്തുപറ്റി?” -പിതാവ് ചോദിച്ചു. “”ഒരീത്തപ്പഴം എന്റെ മുഖത്ത് വീണു!” -അയാൾ പറഞ്ഞു. അപ്പോൾ പിതാവ് തിരിച്ചടിച്ചു: “”അതൊരു വത്തക്ക ആവാതിരുന്നതിൽ ദൈവത്തിന് സ്തുതി.”
ദൈവികനീതി മനസ്സിലാക്കുവാൻ ഉതകുന്ന ഒരുദാഹരണമത്രേ ഇത്. ഈ യുക്തി മനസ്സിലാക്കുവാൻ മനുഷ്യൻ പലപ്പോഴും അശക്തനാണ്. “”നീയെത്ര പരിശുദ്ധൻ! നീ ഞങ്ങളെ പഠിപ്പിച്ചതല്ലാതൊന്നും ഞങ്ങൾക്കറിയില്ല. നിശ്ചയം! നീ സർവജ്ഞനും യുക്തിമാനുമത്രേ”( അൽ ബഖറ 32 ) എന്ന് മലക്കുകൾ പറഞ്ഞത് ആവർത്തിക്കാനേ നമുക്ക് കഴിയൂ. അല്ലെങ്കിൽ നിന്നും ഇരുന്നും കിടന്നും ദൈവത്തെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിമാൻമാർ പറഞ്ഞത് നമുക്ക് പറയാം: “”ഞങ്ങളുടെ നാഥാ! നീയിത് വൃഥാ സൃഷ്ടിച്ചതല്ല; നീയെത്ര പരിശുദ്ധൻ! ഞങ്ങളെ നീ നരകശിക്ഷയിൽനിന്ന് കാത്തുകൊള്ളേണമേ!”( ആലു ഇംറാൻ 191 )