ചോദ്യം- ”ഇന്ത്യയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായതിനാലല്ലേ ഞങ്ങള്‍ക്കെതിരെ ജിഹാദ് നടത്താത്തത്? ഇസ്‌ലാം കാഫിറുകള്‍ക്കെതിരെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നില്ലേ?”
ഉത്തരം- ഇന്ത്യയിലെ മുസ്‌ലിംകള്‍ ജിഹാദ് നടത്തുന്നില്ലെന്ന ധാരണ ശരിയല്ല. കാരണം മുഴുവന്‍ വിശ്വാസികളും ജിഹാദ് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: ”വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചു തരട്ടെയോ? നിങ്ങള്‍ ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.” (61: 10-11)
‘ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു’ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (3: 142). മുസ്‌ലിംസമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹിക്കലത്രെ. ”ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൗത്യത്തിനുവേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ലിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല.”(22: 78)
ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനുള്ള നിരന്തരയത്‌നമാണത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യഥാര്‍ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ”നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു”. പ്രവാചക ശിഷ്യന്‍മാര്‍ ചോദിച്ചു: ”ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്?” നബിതിരുമേനി അരുള്‍ ചെയ്തു: ”മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത്.”
കുടുംബത്തിന്റെ ഇസ്‌ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്‌കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്‍മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതില്‍പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യംവെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്‌കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദുതന്നെ. ദൈവിക സന്‍മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്. സമഗ്രമായൊരു പദമാണത്. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ലവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്‌കരിക്കാനും, അവരുടെ വീക്ഷണം ദൈവിക സന്‍മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ്തന്നെ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.
അതിനാല്‍, മുസ്‌ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായാലും മഹാഭൂരിപക്ഷമായാലും ജിഹാദ് നിര്‍ബന്ധമാണ്. സാഹചര്യമാണ് അതിന്റെ രീതി നിശ്ചയിക്കുക. അത് അമുസ്‌ലിംകള്‍ക്കെതിരെയുള്ള സായുധ സമരമോ യുദ്ധമോ അല്ല. ദൈവികമാര്‍ഗത്തിലെ ത്യാഗപരിശ്രമമാണ്.
ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടപോലെ അമുസ്‌ലിംകളെല്ലാം കാഫിറുകളല്ല. കാഫിര്‍ എന്നത് ഇസ്‌ലാമിലെ ഒരു സാങ്കേതികപദമാണ്. സത്യവും സന്‍മാര്‍ഗവും യഥാവിധി മനസ്സിലാക്കിയ ശേഷവും ബോധപൂര്‍വം അതിനെ നിഷേധിക്കുന്നവനാണ് കാഫിര്‍. കാഫിറുകളോടും അനിവാര്യമായ കാരണമില്ലാതെ ആയുധമെടുത്ത് അടരാടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ മുസ്‌ലിംഭൂരിപക്ഷ പ്രദേശത്തായാലും ന്യൂനപക്ഷ നാടുകളിലായാലും ശരി.
ചോദ്യം- ”മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ? ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് ആയുധപ്രയോഗമല്ലേ?”
ഉത്തരം- മുഹമ്മദ് നബി പ്രവാചകത്വ ലബ്ധിക്കുശേഷം നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ ഘട്ടത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രവാചകനെയും അനുയായികളെയും നിര്‍ദയം മര്‍ദിച്ചു. കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. അസഹ്യമാംവിധം അവഹേളിക്കുകയും നാട്ടില്‍നിന്ന് ബഹിഷ്‌കരിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രവാചകന്‍ അവയെ പ്രതിരോധിക്കുകയോ പ്രതികാര നടപടികള്‍ സ്വീകരിക്കുകയോ പ്രത്യാക്രമണങ്ങള്‍ നടത്തുകയോ ചെയ്തില്ല. അനുയായികള്‍ തിരിച്ചടിക്കാന്‍ അനുവാദം ആരാഞ്ഞെങ്കിലും നബിതിരുമേനി അംഗീകരിച്ചില്ല. ‘കൈകള്‍ അടക്കിവയ്ക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക’ എന്നതായിരുന്നു അവരോടുള്ള ദൈവശാസന.
മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ നബിതിരുമേനിയും അനുയായികളും നാടുവിട്ടു. അവര്‍ മദീനയില്‍ അഭയം തേടി. അവിടെ അവര്‍ സ്ഥാപിച്ച ഇസ്‌ലാമിക സമൂഹത്തിനും രാഷ്ട്രത്തിനുമെതിരെ ശത്രുക്കള്‍ തങ്ങളുടെ എതിര്‍പ്പും അതിക്രമവും തുടര്‍ന്നു. അപ്പോള്‍ മാത്രമാണ് പ്രവാചകന്നും അനുചരന്‍മാര്‍ക്കും തിരിച്ചടിക്കാന്‍ അനുവാദം ലഭിച്ചത്. അല്ലാഹു അറിയിച്ചു: ”തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്കുവേണ്ടി പ്രതിരോധിക്കുന്നു. അല്ലാഹു കൃതഘ്‌നരായ വഞ്ചകരെയാരെയും ഇഷ്ടപ്പെടുകയില്ല. ആര്‍ക്കെതിരെ യുദ്ധം നടത്തപ്പെടുന്നുവോ ആ അക്രമത്തിനിരയാകുന്നവര്‍ക്ക് തിരിച്ചടിക്കാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നു. കാരണം അവര്‍ മര്‍ദിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അവരെ സഹായിക്കാന്‍ കഴിവുറ്റവനത്രെ അല്ലാഹു. ഞങ്ങളുടെ നാഥന്‍ ദൈവമാണ് എന്നു പറഞ്ഞതല്ലാതെ യാതൊരു ന്യായവുമില്ലാതെ സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹു ചിലരെക്കൊണ്ട് മറ്റു ചിലരെ തടഞ്ഞിരുന്നില്ലെങ്കില്‍ മഠങ്ങളും ദേവാലയങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളും ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും ശക്തനും അജയ്യനുമാകുന്നു അല്ലാഹു.” (22: 38-40)
ഇസ്‌ലാം യുദ്ധം അനുവദിച്ചത് എല്ലാവരുടെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണെന്ന് ഈ വിശുദ്ധ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
അതിക്രമം കാണിക്കാത്തവരാരെയും അക്രമിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ആരോടാണ്, എപ്പോഴാണ് യുദ്ധം അനുവദിക്കപ്പെട്ടതും ആജ്ഞാപിക്കപ്പെട്ടതുമെന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ വാക്യങ്ങളുണ്ട്. ചിലതു മാത്രമിവിടെ ഉദ്ധരിക്കാം:
”നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. അതിക്രമകാരികളെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല. യുദ്ധത്തില്‍ ഏറ്റുമുട്ടുമ്പോള്‍ അവരെ കണ്ടിടത്തുവച്ച് നിങ്ങള്‍ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറംതള്ളിയ മാര്‍ഗത്തിലൂടെ നിങ്ങള്‍ അവരെയും പുറന്തള്ളുക. കുഴപ്പം കൊലപാതകത്തെക്കാള്‍ ഗുരുതരമത്രെ. മക്കയിലെ പള്ളിയുടെ പരിസരത്തുവച്ച് നിങ്ങളവരോട് യുദ്ധം ചെയ്യരുത്, അവര്‍ അവിടെ വച്ച് നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ. ഇനി, നിങ്ങേളാടവര്‍ യുദ്ധം ചെയ്താല്‍ ആ യുദ്ധത്തില്‍ നിങ്ങള്‍ക്കവരെ വധിക്കാം. അപ്രകാരമാണ് നിഷേധികളുടെ പ്രതിഫലം. അഥവാ, അവര്‍ വിരമിച്ചാല്‍ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു അല്ലാഹു. നാശം ഇല്ലാതാവുകയും വിധേയത്വം ദൈവത്തിനാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം ചെയ്യുക. അഥവാ അവര്‍ വിരമിച്ചാല്‍ പിന്നെ അക്രമികളോടല്ലാതെ ശത്രുതയില്ല.”(2: 190-192)
”അവര്‍ സമാധാനത്തിലേക്ക് തിരിഞ്ഞാല്‍ നീയും അതിലേക്കു തിരിയുക”(8: 61). ഇങ്ങോട്ടു യുദ്ധത്തിനൊരുങ്ങിയ ശത്രുക്കളോട് യുദ്ധത്തിന് ഈ വിധം അനുമതിയും ആജ്ഞയും നല്‍കുമ്പോഴും അതിക്രമമോ അനീതിയോ അരുതെന്ന് മതമനുശാസിക്കുന്നു. ”നിങ്ങളെ പുണ്യഭവനത്തില്‍ നിന്ന് തടഞ്ഞുവെന്നതിന്റെ പേരില്‍ ഒരു ജനതയോടുള്ള വിദ്വേഷം, അതിക്രമം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. പുണ്യത്തിനും സൂക്ഷ്മതയോടു കൂടിയ ജീവിതത്തിനും വേണ്ടി നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിനും ശത്രുതയ്ക്കും വേണ്ടി നിങ്ങള്‍ സഹകരിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും കഠിനമായി ശിക്ഷിക്കുന്നവനാകുന്നു അല്ലാഹു.” (5: 2)
”ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ഭക്തിക്ക് അനുയോജ്യം. ദൈവഭക്തിയുള്ളവരായി വര്‍ത്തിക്കുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.” (5: 8)
തങ്ങളോട് യുദ്ധത്തിനു വരാത്തവരോട് സ്വീകരിക്കേണ്ട സമീപനമെന്തെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്: ”മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് നിങ്ങള്‍ നന്മ ചെയ്യുന്നതിനെയോ നീതി കാണിക്കുന്നതിനെയോ അല്ലാഹു വിലക്കുന്നില്ല. നിശ്ചയമായും അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറംതള്ളാന്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്തവരെ മിത്രങ്ങളാക്കുന്നതിനെ മാത്രമേ അല്ലാഹു നിരോധിക്കുന്നുള്ളൂ. അക്കൂട്ടരെ ആരെങ്കിലും മിത്രങ്ങളാക്കിയാല്‍ അവരത്രെ അക്രമികള്‍”(60:8-9).
വിശുദ്ധ ഖുര്‍ആന്റെ ആജ്ഞകള്‍ക്കും അധ്യാപനങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിച്ച പ്രവാചകന്‍(സ) ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അക്രമിക്കുകയും തങ്ങളോട് യുദ്ധം നടത്തുകയും ചെയ്തവരോട് മാത്രമാണ് അടരാടിയത്. നബിതിരുമേനിയുടെ കാലത്ത് ആകെ എണ്‍പത്തൊന്ന് പോരാട്ടങ്ങളാണ് നടന്നത്. അതില്‍ 27 എണ്ണത്തിലാണ് പ്രവാചകന്‍ നേരിട്ടു പങ്കെടുത്തത്. മറ്റ് 54 എണ്ണം അനുയായികളുടെ സംഘങ്ങള്‍ നയിച്ച സംഘട്ടനങ്ങളായിരുന്നു. ഈ 81 യുദ്ധങ്ങളിലുമായി ആകെ വധിക്കപ്പെട്ടത് 1018 പേരാണ്. 259 മുസ്‌ലിംകളും 759 ശത്രുക്കളും. അനിവാര്യമായ സാഹചര്യത്തില്‍ യുദ്ധം നയിച്ച് നബിതിരുമേനി കൂട്ടക്കൊലകള്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നതെന്ന് ഈ കണക്കുകള്‍ സംശയാതീതമായി വ്യക്തമാക്കുന്നു.
മര്‍ദിതരുടെ മോചനത്തിനായി മര്‍ദകരോട് പൊരുതാന്‍ ഇസ്‌ലാം അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല? ‘ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നല്‍കേണമേ, നിന്നില്‍നിന്നുള്ള ഒരു സഹായിയെ നീ ഞങ്ങള്‍ക്കു തരേണമേ!’ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?”(4: 75).
ഈ ശാസന പാലിച്ച് മുസ്‌ലിംകള്‍ റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പിടിയില്‍പെട്ട് അടിയാളരായി നരകയാതനയനുഭവിച്ച ജനവിഭാഗങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. തദ്ഫലമായി പ്രസ്തുത സാമ്രാജ്യശക്തികള്‍ ഇസ്‌ലാമുമായി ഏറ്റുമുട്ടി. അവ പരാജയമടഞ്ഞ് തകര്‍ന്നപ്പോള്‍ കോളനികളായിരുന്ന ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, ഫലസ്ത്വീന്‍, ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ സ്വതന്ത്രമാവുകയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാവുകയും ചെയ്തു. റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ കഠിനമായി വെറുത്തിരുന്ന തദ്ദേശീയര്‍ മുസ്‌ലിംകളുടെ ആഗമനം ആവശ്യപ്പെടുകയും സഹര്‍ഷം സ്വാഗതം ചെയ്യുകയുമായിരുന്നു. ഈ വിധം ഇസ്‌ലാമിന്റെ കീഴില്‍ വന്ന നിവാസികളിലാരെയും മതംമാറ്റത്തിന് മുസ്‌ലിംകള്‍ നിര്‍ബന്ധിച്ചിരുന്നില്ല. അതിന് ഇസ്‌ലാം ആരെയും അനുവദിക്കുന്നുമില്ല.
ഇസ്‌ലാമില്‍ ആകൃഷ്ടരായി സ്വയം അത് സ്വീകരിക്കാന്‍ സന്നദ്ധരായവര്‍ മുസ്‌ലിംകളാവുകയും അവശേഷിക്കുന്നവര്‍ പൂര്‍വിക മതത്തില്‍തന്നെ തുടരുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പ്രബോധനവും പ്രചാരണവും ആയുധപ്രയോഗത്തിലൂടെയോ അധികാരശക്തിയുടെ നിര്‍ബന്ധം വഴിയോ ആയിരുന്നില്ല. നിഷ്പക്ഷരായ ചരിത്രകാരന്മാരെല്ലാം ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാം പ്രചരിച്ചത് വാളുകൊണ്ടാണെന്ന വ്യാജപ്രചാരണത്തെ ഖണ്ഡിച്ചുകൊണ്ട് സര്‍ തോമസ് ആര്‍ണള്‍ഡ് ബൃഹത്തായ ഒരു ഗ്രന്ഥം തന്നെ രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ‘ഇസ്‌ലാം: പ്രബോധനവും പ്രചാരവും’ എന്ന കൃതി വിവിധ നാടുകളില്‍ ഇസ്‌ലാം പ്രചരിച്ച പശ്ചാത്തലം വിശദമായി വിവരിച്ച് പാശ്ചാത്യരുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സമര്‍ഥിക്കുന്നു. മധ്യപൂര്‍വദേശത്തെ ഇസ്‌ലാമിന്റെ വ്യാപനം വിവരിച്ചുകൊണ്ട് ആര്‍ണള്‍ഡ് എഴുതുന്നു: ”മേലുദ്ധരിച്ച ഉദാഹരണങ്ങളില്‍നിന്ന് ക്രൈസ്തവ ഗോത്രങ്ങള്‍ സ്വമനസ്സാലെ ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായതെന്ന് നമുക്ക് ഊഹിക്കാം. ജേതാക്കളായ മുസ്‌ലിംകളും തുടര്‍ന്നുള്ള മുസ്‌ലിം തലമുറകളും അവരോടു കാണിച്ച സഹിഷ്ണുത അങ്ങനെ ഉറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. മുഹമ്മദീയരുടെ ഇടയില്‍ ഇപ്പോഴും ജീവിക്കുന്ന ക്രൈസ്തവ അറബികള്‍ ഈ സഹിഷ്ണുതയുടെ ജീവനുള്ള തെളിവുകളാണ്” (പേജ് 64). അദ്ദേഹം തന്നെ തുടരുന്നു: ”ക്രൈസ്തവരോട് മുസ്‌ലിം ഭരണത്തിന്റെ ആദ്യകാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തില്‍ വാളാണ് മതപരിവര്‍ത്തനത്തിന്റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു”(പേജ് 83).
ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണത്തെ സംബന്ധിച്ച് ഡോ. ഈശ്വരി പ്രസാദ് പറയുന്നു: ”ഉദ്യോഗമേന്മയ്ക്കും ഫ്യൂഡല്‍ സ്ഥാനങ്ങള്‍ക്കും കൊതിച്ചിരുന്ന കുറേയേറെ സവര്‍ണര്‍ മുസ്‌ലിം ഭരണത്തോടുകൂടി ഇസ്‌ലാമിലേക്ക് വന്നു. എന്നാല്‍ കൂടുതലും താഴ്ന്ന ജാതിയില്‍ പെട്ട അധഃകൃതരായിരുന്നു. അതിനു കാരണം ക്രൂരമായ ജാതിവ്യവസ്ഥ ഹിന്ദുമതത്തില്‍ അവര്‍ക്ക് മൃഗതുല്യത മാത്രമാണ് നല്‍കിയതെന്നും ഇസ്‌ലാം സമത്വസാഹോദര്യം സംഭാവന ചെയ്തുവെന്നതുമാണ്”(Ram Gopal, Indian Muslims A Political History, P. 2).
ഡോ. റോയ് ചൗധരി എഴുതുന്നു: ”ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ട അധഃകൃത വര്‍ഗത്തിന് ഇസ്‌ലാം ഒരാശ്വാസവും സാന്ത്വനവുമായിരുന്നു. സവര്‍ണപീഡയില്‍നിന്നും ഒരു വരം കിട്ടിയിട്ടെന്നപോലെ അവര്‍ പിടഞ്ഞെഴുന്നേറ്റു” (Dr. Roy Choudary, Histoy of Muslim Rule, P. 14 ഉദ്ധരണം: ചരിത്രപാഠങ്ങള്‍, പേജ് 344).
ദീര്‍ഘകാലം ബംഗാള്‍ സിവില്‍ സര്‍വീസിലായിരുന്ന സര്‍ ഹെന്‍ട്രി കോട്ടന്‍ India and Home affairs എന്ന ഗ്രന്ഥത്തിലെഴുതുന്നു: ”കിഴക്കന്‍ ബംഗാളിലെ മുസ്‌ലിംകള്‍ മുഴുക്കെ അധഃകൃതരും അധഃസ്ഥിതരുമായ ഹിന്ദുക്കളുടെ സന്താനപരമ്പരയാണ്. സാമൂഹികനീതിക്കുവേണ്ടി മതപരിവര്‍ത്തനം ചെയ്തവരാണ് അവരുടെ പിതാക്കന്മാര്‍”(ഉദ്ധരണം: Ibid പേജ്:335).
ഹര്‍ബന്‍സ് മുഖിയ എഴുതുന്നു: ”മതപരിവര്‍ത്തനം നടന്നിരുന്നുവെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. ബഹുജനതലത്തിലധികവും സംഭവിച്ചത് സ്വമേധയാ ആയിരുന്നു. ജനങ്ങളുടെ ഇടയില്‍ താമസിക്കുകയും അവരോട് അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തുപോന്ന സ്വൂഫീസന്യാസിമാരുടെ സ്വാധീനശക്തികൊണ്ടാവാം അങ്ങനെ സംഭവിച്ചത്”(വര്‍ഗീയതയും പ്രാചീന ഭാരത ചരിത്രരചനയും, പേജ് 48).
മഹാത്മാഗാന്ധി എഴുതുന്നു: ”ഇന്നു മനുഷ്യവര്‍ഗത്തിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍, നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ശ്രമിച്ചു. അക്കാലത്ത് ജീവിതസരണിയില്‍ ഇസ്‌ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്കു ബോധ്യമായിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള അതിരറ്റ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു, വാളായിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലെത്തിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും”(യങ്ങ് ഇന്ത്യ 16-9-1924).
പാശ്ചാത്യന്‍ ഗ്രന്ഥകാരനായ മിസ്റ്റര്‍ റോബെര്‍ട്ട് സെന്‍ എഴുതുന്നു: ”മതാവേശവും ഇതര മതസ്ഥരോടുള്ള സഹിഷ്ണുതയുടെ ചൈതന്യവും ഒരുപോലെ നിലനിര്‍ത്തിയവര്‍ മുസ്‌ലിംകള്‍ മാത്രമാകുന്നു. അവര്‍ വാളെടുത്തതോടൊപ്പം തന്നെ ഇസ്‌ലാമില്‍ താല്‍പര്യമില്ലാത്തവരെ അവരുടെ മതം മുറുകെ പിടിക്കാന്‍ അനുവദിക്കുകയുണ്ടായി”(Civilization of Arabs, ഉദ്ധരണം: ഇസ്‌ലാമും മതസഹിഷ്ണുതയും, പേജ് 68).
പ്രവാചകന്‍ പങ്കെടുത്തതും നയിച്ചതുമായ യുദ്ധങ്ങള്‍ അനിവാര്യ സാഹചര്യത്തില്‍ അതിക്രമങ്ങളെ പ്രതിരോധിക്കാനും അനീതിയും അധര്‍മവും അവസാനിപ്പിക്കാനും വേണ്ടിയായിരുന്നുവെന്നും ഇസ്‌ലാം പ്രചരിച്ചത് വാളാലാണെന്ന വാദം വ്യാജാരോപണം മാത്രമാണെന്നും ഈ വിധം വസ്തുതകളെ വിശകലനം ചെയ്യാന്‍ സന്നദ്ധരായവരെല്ലാം സംശയലേശമന്യേ വ്യക്തമാക്കിയ വസ്തുതയത്രെ.