ചോദ്യം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചും പ്രസ്തുത മാസത്തിലൊരു ദിവസമെങ്കിലും നോമ്പെടുക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുള്ള തിരുവചനങ്ങൾ ഉദ്ധരിച്ച് പല ജുമുഅ പ്രസംഗങ്ങളും കേൾക്കാറുണ്ട്. ‘റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ എന്റെ സമുദായത്തിന്റെയും’ എന്ന വചനം അതിൽപെടുന്നു. ഈ ഹദീസുകളുടെ അവസ്ഥയെന്താണ്? വ്യാജഹദീസുകൾ നബി(സ)യിലേക്ക് ചേർത്ത് ഉദ്ധരിക്കുന്നവരെ സംബന്ധിച്ച വിധിയെന്താണ്?
ഉത്തരം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഒറ്റ ഹദീസും സ്വഹീഹല്ല. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്ന് എന്ന സവിശേഷത മാത്രമേ അതിനുള്ളൂ. റജബ്, ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. ‘അവയിൽ നാലെണ്ണം പവിത്രമാണ്’ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവയിൽ റജബിന് മാത്രം വല്ല പ്രത്യേകതയും ഉള്ളതായി സ്പഷ്ടമാക്കുന്ന സ്വീകാര്യമായ തിരുവചനങ്ങളൊന്നും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ‘ഹസൻ’ (നല്ലത്) ആയ ഒരു ഹദീസുണ്ട്. അത് ഇപ്രകാരമാണ്: തിരുദൂതർ ശഅ്ബാൻ മാസത്തിലാണ് ഏറ്റവും കൂടുതൽ നോമ്പ് നോറ്റിരുന്നത്. അതുസംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘റജബിനും റമദാന്നുമിടയിൽ ജനങ്ങൾ മറന്നുപോകുന്ന ഒരു മാസമാണത്.’ ഈ വചനം റജബിന് ഒരു സവിശേഷതയുണ്ട് എന്ന് കുറിക്കുന്നു. എന്നാൽ, ‘റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ എന്റെ സമുദായത്തിന്റെയും’ എന്ന ഹദീസ് അത്യന്തം ദുർബലമാണ്. അതൊരു വ്യാജനിർമിതിയാണെന്നത്രെ പണ്ഡിതമതം. റജബിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന മറ്റു ഹദീസുകളുടെ സ്ഥിതിയും ഭിന്നമല്ല. റജബിലെ നമസ്‌കാരത്തിനും പാപമോചനപ്രാർഥനക്കും പ്രത്യേക പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വചനങ്ങൾ ഉദാഹരണം. അവയിൽ കാണുന്ന അതിശയോക്തിയും അതിരുവിട്ട ഭീഷണിയും അവ വ്യാജമാണെന്ന് തെളിയിക്കുന്നു. ഒരു ഹദീസിൽ നിസ്സാര കാര്യത്തിന് വൻ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ഒരു കൊച്ചുതെറ്റിന് കഠിനശിക്ഷ വിധിക്കുന്നതും അത് വ്യാജമാണ് എന്നതിന്റെ ലക്ഷണമാണ്. ‘വിശക്കുന്നവന് ഒരുപിടി ആഹാരം നൽകുന്നത് ആയിരം പള്ളികൾ പണിയുന്നതിലും ഉത്തമമാണ്’ എന്ന വചനം ഇയ്യിനത്തിൽ പെടുന്നു. കാരണം, വിശക്കുന്നവന് ഒരുപിടി ആഹാരം നൽകുന്നത് ആയിരം പള്ളികൾ നിർമിക്കുന്നതിലും പ്രതിഫലാർഹമാവുകയെന്നത് യുക്തിസഹമല്ല.
റജബിനെക്കുറിച്ച് വന്ന ഹദീസുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ഇത്തരം ഹദീസുകളെക്കുറിച്ച് പണ്ഡിതന്മാർ ബോധവാന്മാരാകേണ്ടതും അവ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകേണ്ടതുമുണ്ട്. ‘ഒരു ഹദീസ് വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് അത് ഉദ്ധരിക്കുന്നവൻ വ്യാജനിർമാതാക്കളിലൊരുവനാണ്’ എന്ന് തിരുവചനമുണ്ട്.2 താനുദ്ധരിക്കുന്ന ഒരു ഹദീസ് വ്യാജമാണെന്ന് ഒരാൾക്ക് അറിയാതെ വരാം. പക്ഷേ, അത് അറിയാൻ അയാൾ ബാധ്യസ്ഥനാണ്. അയാൾ ഹദീസുകളെ അതിന്റെ ഉപാദാനങ്ങളിൽ നിന്ന് പഠിക്കണം. അവലംബനീയമായ ഹദീസ് ഗ്രന്ഥങ്ങളേറെയുണ്ട്. ദുർബലവും വ്യാജവുമായ ഹദീസുകൾ സമാഹരിച്ച പ്രത്യേകം കൃതികളുമുണ്ട്. സഖാവിയുടെ ‘അൽമഖാസ്വിദുൽ ഹസന’, ഇബ്‌നുദ്ദൈബഗിന്റെ ‘തമ്മീസുത്ത്വയ്യിബി മിനൽ ഖബീസി ലിമാ യദൂറു അലാ അൽസിനതിന്നാസി മിനൽ ഹദീസി’, അജലൂനിയുടെ ‘കശ്ഫുൽഖഫാ വൽ ഇൽബാസി ഫീമശ്തഹറ മിനൽ അഹാദീസി അലാ അൽസിനതിന്നാസി’ തുടങ്ങിയ കൃതികൾ ഉദാഹരണം. ഇത്തരം കൃതികൾ ധാരാളമുണ്ട്. പ്രസംഗകൻമാർ അവ അറിഞ്ഞിരിക്കണം.
norgerx.com
ഒരു ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച് ഉത്തമവിശ്വാസമില്ലാതെ അത് ഉദ്ധരിച്ചുപോകാതിരിക്കാൻ മുൻചൊന്ന ഗ്രന്ഥങ്ങളെക്കുറിച്ച അറിവ് അനിവാര്യമാണ്. വ്യാജവും കടത്തിക്കൂട്ടിയതുമായ ഇത്തരം ഹദീസുകളാണ് ഇസ്‌ലാമിക സംസ്‌കാരം നേരിടുന്ന വിപത്തുകളിലൊന്ന്. അവയാകട്ടെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ജനഹൃദയങ്ങളിലും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു! അതിനാൽ അത്തരം കള്ളച്ചരക്കുകളുടെ സ്വാധീനത്തിൽനിന്ന് ഇസ്‌ലാമിക സംസ്‌കാരത്തെ ശുദ്ധീകരിക്കാൻ നമുക്ക് ബാധ്യതയുണ്ട്.