ചോദ്യം: ഇസ്‌ലാം മനുഷ്യ ജീവന് നൽകുന്ന അതിരറ്റ പരിഗണനയും ഇസ്‌ലാമിന്റെ സഹകരണ മനോഭാവവും പ്രകടമാക്കികൊണ്ടും, മസ്ജിദുന്നബവിയിൽ രോഗികളെയും, മുറിവ് പറ്റിയവരെയും ചികിത്സിക്കുന്നതിനായി കൂടാരം കെട്ടുകയും ചെയ്ത പ്രവാചക സുന്നത്തിനെ ജീവിപ്പിച്ചുകൊണ്ടും മസ്ജിദുകളെയും അതിന്റെ പരിസരങ്ങളെയും രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗപ്പെടുത്താമോ?
മറുപടി: ചിന്തയിലും, പ്രയോഗങ്ങളിലും, ചിഹ്നങ്ങളിലുമെല്ലാം ഇസ്‌ലാം ഇതര ദർശനങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. മനസ്സിലാക്കുന്നതിലെ ആഴവും, അതിരുകടക്കാത്ത മധ്യമമായ കാഴ്ചപ്പാടും, മുഴുവൻ പ്രവർത്തനങ്ങളിലെ സന്തുലിത ക്രമവും അടിസ്ഥാനമാക്കികൊണ്ടാണ് ഇസ്‌ലാം മുന്നോട്ടുപോകുന്നത്. അതിനാൽ തന്നെ ഇസ്‌ലാമിൽ മസ്ജിദുകളെന്നത്, മറ്റു മതങ്ങളെപോലെ ആരാധനകൾ നിർവഹിക്കുന്നതിന് മാത്രമുള്ള സ്ഥലമല്ല. മതപരമായ ആചാരങ്ങൾ മാത്രമാണ് ചർച്ചുകളിലും സിനഗോഗുകളിലും നിർവഹിക്കപ്പെടുന്നത്. എന്നാൽ, അല്ലാഹുവിന്റെ പ്രവാചകൻ മദീനയിൽ മസ്ജിദുന്നബവി പണികഴിക്കുമ്പോൾ, ആരാധന നിർവഹിക്കാനുള്ള ഭവനമാണെന്നതോടൊപ്പം, സംസ്കരണവും ശിക്ഷണവും നൽകുന്ന പാഠശാലയും, നേതൃത്വങ്ങളെ പ്രാപ്തമാക്കുന്ന നിർമാണശാലയും, അധികാര-ഭരണ കേന്ദ്രവും, ബൈഅത്ത് ചെയ്യുന്നതിനും കൂടിയാലോചന നടത്തുന്നതിനും സൈന്യത്തെ അണിനിരത്തുന്നതിനുള്ള ഗേഹവും, ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിവാഹങ്ങൾ നടത്തുന്നതിനുള്ള സാമൂഹിക സ്ഥാപനവും കൂടിയായിരുന്നു. അപ്രകാരം പ്രവാചകൻ(സ) അവിടെ പ്രതിനിധി സംഘങ്ങളെ എത്രത്തോളമെന്നാൽ, അമുസ്‌ലിംകളെ വരെ സ്വീകരിച്ചിരുന്നു.
മസ്ജിദുന്നബവിയിൽ രോഗികളെയും മുറിവുപറ്റിയവരെയും ചികിത്സിച്ചിരിന്നുവെന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രാധാന്യമർഹിക്കുന്നത്. മാത്രമല്ല, സഅദ് ബിൻ മുആദ്(റ)വിനെ ചികിത്സിക്കുന്നതിന് വേണ്ടി പ്രവാചകൻ(സ) മസ്ജിദിൽ കൂടാരം കെട്ടുകയും ചെയ്തിരുന്നു. ആയിശ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ‘ഖൻദഖ് ദിനം (അഹ്സാബ് യുദ്ധ ദിനം) സഅദിന് കൈ ഞരമ്പിന് മുറിവുപറ്റി. അദ്ദേഹത്തെ വേഗത്തിൽ സന്ദർശിക്കുന്നതിനായി പ്രവാചകൻ(സ) മസ്ജിദിൽ കൂടാരം കെട്ടി.’ (ബുഖാരി, മുസ്‌ലിം) മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്: ‘ഖൻദഖ് ദിനം സഅദിന് കൈ ഞരമ്പിന് പരിക്കുപറ്റി. അദ്ദേഹത്തെ വേഗത്തിൽ സന്ദർശിക്കുന്നതിനായി പ്രവാചകൻ(സ) മസ്ജിദിൽ കൂടാരം കെട്ടി. മസ്ജിദിൽ ബനൂഗിഫാറിന്റെ കൂടാരവുമുണ്ടായിരുന്നു. അവർ അവരിലേക്ക് രക്തം ഒഴുകിയെത്തുന്നതുവരെ ഭയപ്പെട്ടിരുന്നില്ല. അവർ പറഞ്ഞു: അല്ലായോ കൂടാരത്തിൽ താമസിക്കുന്നവരേ, നിങ്ങളുടെ വശത്ത് നിന്ന് എന്താണ് ഞങ്ങളിലേക്ക് ഒഴുകി വരുന്നത്. അന്നേരം സഅദിന്റെ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുകയാണ്. അദ്ദേഹം അവിടെ തന്നെ മരിക്കുകയും ചെയ്തു.’ (ബുഖാരി, മുസ്‌ലിം)
ചികിത്സിക്കുന്നതിനായി മസ്ജിദിനകത്ത് പ്രവാചകൻ(സ) കൂടാരം കെട്ടിയിരുവെന്ന് ബുഖാരിയും, മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് വ്യക്തമാണ്. അതുപോലെ, ശ്രേഷ്ഠ സ്വഹാബി വനിത റുഫൈദ(റ) രോഗികളെ കൂടാരത്തിൽ പരിചരിച്ചിരുന്നുവെന്നത് സ്വഹീഹായ മറ്റു ഹദീസുകളിലും വന്നിട്ടുണ്ട്. ഇമാം ബുഖാരി അൽഅദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു: ‘ഖൻദഖ് ദിനം സഅദിന്റെ കൈ ഞരമ്പിന് മുറിവുപറ്റുകയും, വേദന ശക്തമാവുകയും ചെയ്തു. റുഫൈദയെന്ന് വിളിക്കപ്പെടുന്ന സ്ത്രീയുടെ അടുക്കലേക്ക് അദ്ദേഹത്തെ മാറ്റി. അവർ മുറിവുപറ്റിയവരെ ശുശ്രൂഷിക്കുന്ന സ്ത്രീയായിരുന്നു. പ്രവാചകൻ(സ) അദ്ദേഹത്തിന്റെ സമീപത്തിലൂടെ നടക്കുമ്പോൾ രാവിലെയും വൈകുന്നേരവും എങ്ങനെയുണ്ടെന്ന് ചോദിക്കുമായിരുന്നു.’ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിദ് ബിൻ അൽഅസ്ഖലാനി അൽഇസ്വാബയിൽ (4/302) വ്യക്തമാക്കുന്നു.
Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍
റുഫൈദക്ക് (അത്വബഖാത്തിൽ ഇബ്നു സഅദ് പറയുന്നു: അവരുടെ പേര് കുഅയ്ബ ബിൻത് സഅദ് അൽഅസ്‌ലമിയ്യ എന്നാണ്) കൂടാരമുണ്ടായിരുന്നുവെന്നും അവർ അവിടെ പരിക്കുപറ്റിയവരെ പരിചരിച്ചിരുന്നുവെന്നും ഇബ്നു അബ്ദിൽബർറ് അൽഇസ്തീആബിലും (3340), ഇബ്നു അസീർ അസദുൽ ഗാബയിലും (6925), ഇബ്നുഹജർ അൽഇസ്വാബയിലും (8/135) ഉദ്ധരിച്ചതായി കാണാവുന്നതാണ്. ഇബ്നു സഅദ് പറയുന്നു: ‘പ്രവാചകൻ(സ) അദ്ദേഹത്തെ മസ്ജിദിന് സമീപമുള്ള റുഫൈദയുടെ കൂടാരത്തിലാക്കാൻ കൽപ്പിച്ചു. അവർ മുറിവ് പറ്റിയവരെ പരിചരിച്ചിരുന്ന സ്ത്രീയായിരുന്നു. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: അദ്ദേഹത്തെ വേഗത്തിൽ സന്ദർശിക്കുന്നതിന് റുഫൈദയുടെ കൂടാരത്തിൽ പ്രവേശിപ്പിക്കുക.’ (ഫത്ഹുൽബാരി, കിതാബുൽ മഗാസി)
റുഫൈദ(റ)യുടെ കൂടാരത്തിൽ, മസ്ജിദുന്നബവിയുടെ ഒരുഭാഗം മുറിവുപറ്റിയവരെ ചികിത്സിക്കുന്നതിന് വേണ്ടി പ്രത്യേകമാക്കപ്പെട്ടിരിന്നുവെന്ന് ഈ ഹദീസുകളെല്ലാം വ്യക്തമാക്കുന്നു. ‘അദ്ദേഹത്തെ റുഫൈദയുടെ കൂടാരത്തിലാക്കുകയെന്നത്’ പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ടതാണ്. (സീറത്ത് ഇബ്നി ഹിശാം (2/239), ത്വബഖാത് ഇബ്നു സഅദ് (8/291), സ്വഹീഹ് മുസ്‌ലിം (2/1389), താരീഖ് ത്വബരി (2/556) തുടങ്ങിയ ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്) ഇത് ദീനിന്റെ കാരണ്യവും, മാനുഷികതയുമാണ് കുറിക്കുന്നത്, ശാരീരികവും ആത്മീയവുമായി ജീവിതത്തെ സമഗ്രമായി ഉൾകൊള്ളുന്ന വിശ്വാസത്തെയുമാണ്. ഭൂമി മുഴുവനും വിശ്വാസികൾക്ക് മസ്ജിദാണ്. അപ്രകാരം മസ്ജിദ് ജീവിതത്തെ പൂർണമായി ഉൾകൊള്ളുകയും ചെയ്യുന്നു.
ഫത്‌വ:
മുമ്പ് വിശദമാക്കിയ പ്രമാണങ്ങളെ അടിസ്ഥാനമാക്കികൊണ്ടും, കൊറോണ വൈറസ് വ്യാപനം ഭയന്ന് മസ്ജിദുകൾ അടിച്ചിട്ടിരിക്കുന്നതിനെ മുന്നിൽവെച്ചുകൊണ്ടും, രാഷ്ട്രങ്ങൾക്ക് നിലവിലെ ആശുപത്രികൾ മതിയാവാതെ അധിക സ്ഥലം ആവശ്യമായി വന്നിരിക്കുന്നതുകൊണ്ടും, രോഗികളുടെ വർധനവ് കാരണമായി ആവശ്യപ്പെടുന്ന നിർദേശങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുകൊണ്ടും- എത്രത്തോളമെന്നാൽ കായിക ക്ലബുകൾ വരെ താൽക്കാലിക ആശുപത്രിയായി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ- മസ്ജിദും പരിസരവും ഈ കൊറോണ വൈറസ് പ്രതിസന്ധി ഇല്ലാതാകുന്നതുവരെ താൽക്കാലിക ആശുപത്രിയായി മാറ്റുന്നത് അനുവദനീയമാണെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്.
ഈയൊരു സന്ദർഭത്തിൽ ഏതൊരു രോഗിക്കും മസ്ജിദിലും അതിന്റെ പരിസരങ്ങളിലും തങ്ങുന്നതിൽ യാതൊരു പ്രയാസമുണ്ടാകുന്നില്ല. കാരണം, ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മസ്ജിദിന്റെ വിധി ഇവിടെ ബാധകമാകുന്നില്ല. എന്നാൽ, ആരോഗ്യ നിർദേശങ്ങൾ പാലിച്ച് നമസ്കരിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നത് മസ്ജിദുൽ ഹറാമിൽ പ്രത്യേകമാക്കപ്പെട്ടതാണ്. പക്ഷേ, ആവശ്യം ശക്തമാവുകയാണെങ്കിൽ, മസ്ജിദുന്നബവിയിലെ റുഫൈദ(റ)യുടെ കൂടാരത്തെപോലെ മസ്ജിദുൽ ഹറാമിന്റെ ഭാഗം താൽക്കാലിക ആശുപത്രിയാക്കുന്നതിൽ തടസ്സമൊന്നുമില്ല. മുമ്പ് വന്ന ഹദീസുകളിൽ, മസ്ജിദനകത്ത് റുഫൈദ(റ)യുടെ കൂടാരത്തിൽ നിന്ന് ബനൂഗിഫാറുകാരുടെ കൂടാരത്തിലേക്ക് സഅദിന്റെ രക്തമൊഴിയിരുന്നുവെന്നത് വ്യക്തമാണ്. എന്നാൽ, കഴിയാവുന്നത്രയും മസ്ജിദിന്റെ തേട്ടമനുസരിച്ച് പരിപാലിക്കുന്നതിൽ ശ്രദ്ധ കാണിക്കേണ്ടതുണ്ട്.
രോഗം ബാധിച്ചവരോ സന്നദ്ധ മേഖയിൽ സജീവമാകുന്ന പ്രവർത്തകരോ അമുസ്‌ലിംകളാണെങ്കിൽ അതിന്റെ വിധിയെന്താണെന്ന് ഇവിടെ ചോദിക്കപ്പെടാവുന്നതാണ്? അതിനുള്ള ഉത്തരം, പറയപ്പെടാവുന്ന ശക്തമായ വിയോജിപ്പില്ലാതെ വിശ്വാസികളുടെ അനുമതിയോടെ അമുസ്‌ലിംകൾക്ക് മസ്ജിദിൽ പ്രവേശിക്കാവുന്നതാണ് എന്നതാണ്. എന്നാൽ മസ്ജദുൽ ഹറാം ഇതിൽ നിന്ന് അപവാദമാണ്. ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പുള്ളത് അമുസ്‌ലിംകൾ മസ്ജിദുൽ ഹറാമിലോ അല്ലെങ്കിൽ മുസ്‌ലിംകളുടെ അനുവാദമില്ലാതെ മസ്ജിദുകളിലോ പ്രവേശിക്കുന്നതിലാണ്. അതാണ് താഴെ വരുന്നത് വിശദീകരിക്കുന്നത്.
Also read: പ്രത്യേക വസത്രം ധരിക്കുന്ന ഡോക്ടർമാർക്ക് നമസ്കാരം ജംഅ് ചെയ്യാമോ?
ഒന്ന്: സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു: ‘അല്ലാഹുവിന്റെ റസൂൽ സഖീഫ് പ്രതിനിധികളെ (അവർ നിഷേധികളായിരിക്കെ) മസ്ജിദുന്നബവയിൽ സ്വീകരിച്ചു.’ ഇമാം അബൂദാവൂദ് തന്റെ സുനനിൽ പരമ്പര ഹസനായ ഹദീസ് റിപ്പോർട്ട് ചെയ്യുന്നു: ‘സഖീഫ് പ്രതിനിധികൾ അല്ലാഹുവിന്റെ റസൂലിലേക്ക് വന്നപ്പോൾ അവരുടെ മനസ്സിനെ ഇണക്കമുള്ളതാക്കുന്നതിന് പ്രവാചകൻ അവരെ മസ്ജിദിൽ സ്വീകരിച്ചു.’ ഹദീസിന്റെ പരമ്പര ഹസനാണെന്ന് ഇബ്നു മുലഖൻ അൽബദറുൽ മുനീറിൽ (4/27) പറയുന്നു. ഇബ്നുവസീർ അൽയമാനി അൽഅവാസിം വൽഖവാസിമിൽ (2/213) പരമ്പര സ്വഹീഹാണെന്ന് പറയുന്നു. ഇമാം അബൂദാവൂദ് മറാസീലിൽ (124) ഹസനുൽ ബസ്വരിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘സഖീഫ് പ്രതിനിധികൾ പ്രവാചകന്റെ അടുക്കലേക്ക് വന്നു. വിശ്വാസികളുടെ നമസ്കാരവും സുജൂദും റുകൂഉം കാണുന്നതിന് പ്രവാചകൻ മസ്ജിദിന്റെ പിൻഭാഗത്ത് അവർക്ക് قبة – കൂടാരം കെട്ടി. അപ്പോൾ ചോദിക്കപ്പെട്ടു: അവർ നിഷേധികളായിരിക്കെ മസ്ജിദിലേക്ക് പ്രവേശിക്കുകയോ? പ്രവാചകൻ(സ) പറഞ്ഞു: തീർച്ചയായും ഭൂമി മലിനമാവുകയില്ല.’ സഖീഫ് പ്രതിനിധികൾ പ്രവാചകന്റെ അടുക്കൽ വന്ന സംഭവം പ്രസിദ്ധവും, മിക്ക ഹദീസ് ഗ്രന്ഥങ്ങൾ- സ്വഹീഹുൽ മുസ്‌ലിം (328), സുനൻ അബീദാവൂദ് (1393), ഇബ്നു മാജ (1345), അഹ്മദ് (19020)- ഉദ്ധരിച്ചതുമാണ്. ഇതുകൊണ്ടാണ് ഇമാം ശൗക്കാനി അസ്സൈലുൽ ജർറാറിൽ (1/180) സംഭവം സ്ഥിരപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടത്.
രണ്ട്: പ്രവാചകൻ(സ) നജ്റാനിലെ നസാറകളെ മസ്ജിദുന്നബവിയിൽ സ്വീകരിക്കുകയും, അവരുടെ പ്രാർഥന സമയമായപ്പോൾ അവർ അവിടെ നമസ്കരിക്കുകയും ചെയ്ത സംഭവം. ഇബ്നുൽഖയ്യിം അഹ്കാം അഹ്‌ലിദിമ്മയിൽ പറയുന്നു: ‘പ്രവാചകൻ(സ) നജ്റാനിലെ നസാറകളെ മസ്ജിദുന്നബവിയിൽ സ്വീകരിക്കുകയും, അവരുടെ പ്രാർഥന സമയമായപ്പോൾ അവർ അവിടെ നമസ്കരിക്കുകയും ചെയ്തത് പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ട സംഭവമാണ്. അത് ആമുൽവുഫൂദിലായിരുന്നു (عام الوفود- ഹിജ്റ ഒമ്പതാം വർഷം മദീനയിലേക്ക് പ്രവാചകനെ കാണാൻ ധാരാളം പ്രതിനിധി സംഘങ്ങൾ വന്നിരുന്നു, അപ്രകാരം ആ വർഷം ആമുൽവുഫൂദ് എന്നറിയപ്പെടുന്നു).’ ഇബ്നുകസീറിൽ ഇപ്രകാരം കാണാവുന്നതാണ്: ‘ഇബ്നു ഇസ്ഹാഖ് പറയുന്നു: മുഹമ്മദ് ബിൻ ജഅ്ഫർ ബിൻ സുബൈർ എന്നോട് പറഞ്ഞു: അവർ (നജ്റാനിൽ നിന്നുള്ള ക്രിസ്ത്യാനികൾ) പ്രവാചകൻ(സ)യെ കാണാൻ മദീനയിലേക്ക് വന്നു. തുടർന്ന് അവർ മസ്ജിദുന്നബവിയിൽ പ്രവേശിച്ചു. അങ്ങനെ അവരുടെ പ്രാർഥന സമയമായപ്പോൾ അവർ മസ്ജിദിൽ നമസ്കരിക്കുകയും ചെയ്തു. പ്രവാചകൻ (സ) പറഞ്ഞു: അവരെ വിടുക, കിഴക്കോട്ട് തിരിഞ്ഞാണ് അവർ പ്രാർഥിക്കുന്നത്.’
മൂന്ന്: ഇമാം ബുഖാരിയും (469 ، 462 ، 4372 ، 2422 ، 2423), ഇമാം മുസ്‌ലിമും (1764), അബൂദാവൂദും (2679), ഇബ്നുഹിബ്ബാനും (1239) റിപ്പോർട്ട് ചെയ്യുന്നു: ‘പ്രവാചകൻ(സ) നജ്ദിന്റെ ഭാഗത്തേക്കായി ചെറിയ സൈന്യത്തെ നിയോഗിച്ചു. സുമാമത് ബിൻ ഉസാൽ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയെ കൊണ്ടവരപ്പെട്ടു. അവർ മസ്ജിദിന്റെ തൂണുകളിൽ ഒന്നിൽ അദ്ദേഹത്തെ ബന്ധിയാക്കി.’
അതിനാൽ തന്നെ, അമുസ്‌ലിമായ ഡോക്ടറുടെ സാന്നിധ്യമോ അല്ലെങ്കിൽ മസ്ജിദിനകത്തോ പുറത്തോ അമുസ്‌ലിമായ വ്യക്തിയെ ശുശ്രൂഷിക്കുന്നതോ ഇസ്‌ലാമിൽ പ്രശ്നമാകുന്നില്ല. മസ്ജിദുൽ ഹറാം ഇതിൽ നിന്ന് അപവാദമാണെന്ന് മുമ്പെ വ്യക്തമാക്കിയതാണല്ലോ.
Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍
ഫത്‌വയുടെ ഉദ്ദേശലക്ഷ്യങ്ങൾ:
ഒന്ന്: കൊറോണ വൈറസ് മൂലം ലക്ഷണക്കിന് ആളുകൾ മാറിനിൽക്കുന്ന മസ്ജിദിനെ സജീവമാക്കാനും, ഉപയോഗപ്പെടുത്താനും, വീണ്ടും പ്രവർത്തന മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാനും, പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകർ അല്ലെങ്കിൽ അവരിലെ അധികപേരും ആരോഗ്യ നിർദേശ പ്രകാരം നമസ്കരിക്കുന്നതിനും അവസരമുണ്ടാകുന്നു.
രണ്ട്: മസ്ജിദിന്റെ അനുഗ്രഹങ്ങളെ അനുഭവവേദ്യമാക്കി രോഗികൾക്ക് മേലുള്ള സമ്മർദം ലഘൂകരിക്കുന്നതിലും, പൊതു ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിലും പങ്കാളികളാവുക.
മൂന്ന്: രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നീക്കുന്നതിന് മുസ്‌ലിം മസ്ജിദുകൾ കൈകോർക്കുന്നുവെന്ന സന്ദേശം ലോകത്തിന് കൈമാറുന്നതിന് വഴിയൊരുങ്ങുന്നു.
നാല്: ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് മാനസികമായ സമാധാനം പകരുക. പ്രത്യേകിച്ച് വിശുദ്ധ ഖുർആൻ കേൾക്കുന്നത് അവരെ സന്തോഷിപ്പിക്കുന്നതാണ്.
ഈയൊരു കാഴ്ചപ്പാടിനെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരേണ്ടത് അതാത് മേഖലയിലെ മസ്ജിദിന്റെ ഉത്തരവാദപ്പെട്ട വ്യക്തികളാണ്. അതുപോലെ, ആരോഗ്യ മേഖലയിലെ ഉത്തരവാദപ്പെട്ട വ്യക്തികളുമാണ്. അതുകൊണ്ട് ഈ രണ്ട് വിഭാഗങ്ങൾക്കുമിടയിൽ പൂർണമായ സഹകരണമുണ്ടാകേണ്ടതുണ്ട്. അത് ഏറ്റവും നല്ല രീതിയിൽ ആയിരിക്കേണ്ടതുമുണ്ട്.
(ലോക പണ്ഡിതസഭ ജനറൽ സെക്രട്ടറി)