Saturday, April 27, 2024
Homeജനാസ സംസ്കരണംമരിച്ചവരുടെ പേരിൽ വിലപിക്കാമോ ?

മരിച്ചവരുടെ പേരിൽ വിലപിക്കാമോ ?

ചോദ്യം- “ബന്ധുക്കളുടെ വിലാപം മൂലം മരിച്ചവർ ശിക്ഷിക്കപ്പെടും” എന്ന ഒരു തിരുവചനം കാണാനിടയായി. “ഒരുത്തനും മറ്റൊരുത്തന്റെ പാപഭാരം പേറുകയില്ല” എന്നാണല്ലോ ഖുർആൻ പഠിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന തെറ്റിന് മരിച്ചവർ ശിക്ഷിക്കപ്പെടുമെന്ന ഹദീസും പ്രസ്തുത ഖുർആൻ വാക്യവും തമ്മിൽ എങ്ങനെ പൊരുത്തപ്പെടും? ഇൗ ഹദീസ് സ്വീകാര്യം തന്നെയോ?

ഉത്തരം- ഹദീസ് സ്വീകാര്യമാണ് എന്നതിൽ സംശയമേയില്ല. ബുഖാരിയും മുസ്ലിമും ഇബ്നു ഉമറിൽ നിന്ന് അത് ഇങ്ങനെ ഉദ്ധരിക്കുന്നു: “”ഉമറിന് കുത്തേറ്റ സന്ദർഭത്തിൽ ഹഫ്സ്വ ഉറക്കെ നിലവിളിച്ചു. അപ്പോൾ ഉമർ പറഞ്ഞു: “ശാന്തയാകൂ മകളേ! ജീവിച്ചിരിക്കുന്നവരുടെ വിലാപം മൂലം മരിച്ചവർ ശിക്ഷിക്കപ്പെടുമെന്ന് തിരുമേനി പറഞ്ഞത് നീ കേട്ടിട്ടില്ലേ?” മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം: “”ഉമറിന് കുത്തേറ്റതോടെ അദ്ദേഹം ബോധരഹിതനായി. അപ്പോൾ വിലാപമുണ്ടായി. ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു: “ജീവിച്ചിരിക്കുന്നവരുടെ വിലാപംമൂലം മരിച്ചവർ ശിക്ഷിക്കപ്പെടുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ?” ബുഖാരിയും മുസ്ലിമും അനസിൽ നിന്ന് ഉദ്ധരിച്ചതാണിത്. ബുഖാരിയും മുസ്ലിമും ഉമറിൽ നിന്ന് തന്നെ നിവേദനം ചെയ്യുന്നു: “”വിലപിക്കപ്പെടുന്ന കാര്യങ്ങളുടെ പേരിൽ മരിച്ചവർ സ്വന്തം ഖബ്റുകളിൽ ശിക്ഷിക്കപ്പെടും.” ബുഖാരി, മുസ്ലിം, അഹ്മദ്, തിർമിദി എന്നിവർ മുഗീറയിൽ നിന്ന് ഉദ്ധരിക്കുന്നു: “”ആർക്കെങ്കിലും വേണ്ടി വിലാപം നടത്തപ്പെടുന്ന പക്ഷം അവർ, വിലപിച്ച കാര്യങ്ങളാൽ ശിക്ഷിക്കപ്പെടുന്നതാകുന്നു.”

പല വഴികളിലൂടെ വ്യത്യസ്ത പരമ്പരകളിലൂടെ സ്ഥിരീകൃതമായ ഒരു ഹദീസാണിതെന്ന് കാണിക്കുവാനാണിത്രയും വിശദീകരിച്ചത്. ഇത് മുതവാത്തിർ ആണെന്നുപോലും സുയൂത്വി പറഞ്ഞിട്ടുണ്ട്. ഏതായാലും അതിന്റെ സ്വീകാര്യതയുടെ കാര്യത്തിൽ ഒട്ടും സംശയമില്ല. ആശയമെന്ത് എന്ന് പരിശോധിക്കുകയും ഖുർആനിക സൂക്തവുമായി അതിനെ സമന്വയിപ്പിക്കുകയും മാത്രമേ ഇനി വേണ്ടൂ. പണ്ഡിതൻമാർ പണ്ടുമുതലേ അതിന് ശ്രമിച്ചിട്ടുണ്ട്. ധാരാളം വ്യാഖ്യാനങ്ങൾ നൽകപ്പെടുകയും ചെയ്തിരിക്കുന്നു. ഇബ്നു ഹജർ “ഫത്ഹുൽ ബാരി’യിൽ അവയെല്ലാം ഉദ്ധരിച്ചതു കാണാം. അവയിൽ പ്രബലമായവ എടുത്തുചേർക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. ഇബ്നുഹജർ സ്വീകരിച്ച ക്രമം പാലിക്കുവാൻ ഞാൻ നിഷ്കർഷിക്കുന്നില്ല.

ഒന്ന്: ശിക്ഷ എന്നതുകൊണ്ട് അതിന്റെ ഭാഷാർഥമായ വേദന, വിഷമം എന്നെല്ലാമാണുദ്ദേശ്യം. മരണാനന്തര ജീവിതത്തിലെ ശിക്ഷയല്ല. ബന്ധുക്കളുടെ പരിഭ്രാന്തി കാണുന്നതും അവരുടെ വിലാപം കേൾക്കുന്നതും മയ്യിത്തിന് പ്രയാസമുണ്ടാക്കും. മരിച്ചവർ സ്വന്തം ഖബ്റുകളിൽ ബന്ധുക്കളിൽ നിന്നും കുടുംബക്കാരിൽ നിന്നും അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മുക്തമായ അവസ്ഥയിലായിരിക്കയില്ല എന്നത് അറിയപ്പെട്ട കാര്യമത്രേ. “”ദാസൻമാരുടെ കർമങ്ങൾ അവരുടെ മരിച്ച ബന്ധുക്കൾക്ക് കാണിക്കപ്പെടും” എന്ന ഒരു തിരുമൊഴി സ്വീകാര്യമായ പരമ്പരയിലൂടെ ത്വബ്രി അബൂഹുറയ്റയിൽ നിന്നുദ്ധരിച്ചിട്ടുണ്ട്. നുഅ്മാനുബ്നു ബശീർ നിവേദനം ചെയ്ത മറ്റൊരു ഹദീസും ഇതിന് ഉപോദ്ബലകമായുണ്ട്. ബുഖാരിയാണ് അത് ഉദ്ധരിച്ചത്. അത് സ്വീകാര്യമായ ഹദീസാണെന്ന് ഹാകിം പ്രസ്താവിച്ചിട്ടുണ്ട്.

ഇബ്നു ഹജർ പറയുന്നു: മുൻഗാമികളിൽ നിന്ന് ത്വബ്രി സ്വീകരിച്ചിട്ടുള്ളതാണിത്. ഇബ്നുൽ മുറാബിത്വ്, ഇയാള് തുടങ്ങിയവരും അവരെ അംഗീകരിക്കുന്നവരും ഇൗ വീക്ഷണത്തിന് മുൻഗണന നൽകുന്നു. ഇബ്നുതൈമിയ്യയും പിൽക്കാലക്കാരിൽ ഒരു സംഘവും അതിനോട് യോജിക്കുന്നു. മഖ്റമയുടെ പുത്രി ഖൈലയുടെ ഹദീസാണ് അവർക്ക് അതിനുള്ള തെളിവ്. ഖൈല പറഞ്ഞു: “”തിരുദൂതരേ! ഞാൻ അവനെ പ്രസവിച്ചു. അവൻ അങ്ങയോടൊപ്പം റബ്ദ യുദ്ധത്തിൽ പടവെട്ടി. പിന്നെ അവൻ പനിപിടിച്ചു മരിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചുപോയി!” തിരുദൂതർ ചോദിച്ചു: “സ്വന്തം കുഞ്ഞിനോട് ഇൗ ലോകത്ത് നല്ലനിലയിൽ പെരുമാറുന്ന നിങ്ങൾക്ക് അവൻ മരിച്ചാൽ “ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഉൗൻ’ എന്ന് പറയാനിത്ര പ്രയാസമോ? മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനിൽ സത്യം, നിങ്ങളിലാരെങ്കിലും വിലപിക്കുന്നപക്ഷം അതിന്റെ പേരിൽ അവന്റെ മരിച്ച പ്രിയപ്പെട്ടവനും വിലപിക്കേണ്ടിവരും. അതിനാൽ ദൈവദാസരേ, നിങ്ങൾ മരിച്ചുപോയവരെ ശിക്ഷിക്കാതിരിക്കുവിൻ!” സ്വീകാര്യമായ പരമ്പരയോടുകൂടിയ ദീർഘമായ ഹദീസിന്റെ ഒരു ഭാഗമാണിത്. ഇബ്നു അബീഖൈസമ, ഇബ്നു അബീശൈബ, ത്വബ്റാനി തുടങ്ങിയവർ അത് മുഴുവനായി ഉദ്ധരിച്ചിട്ടുണ്ട്. അബൂദാവൂദ്, തിർമിദി എന്നിവർ അതിന്റെ ഒരു ഭാഗം മാത്രവും.
ഇബ്നുൽ മുറാബിത്വ് പറയുന്നു: “”ഇൗ പ്രശ്നത്തിൽ ഖൈലയുടെ ഹദീസ് ഒരു നസ്സ്വ് (വ്യക്തമായ പ്രമാണം) ആകുന്നു. അതിനെ അവഗണിക്കുവാൻ പറ്റില്ല.”

രണ്ട്: ശിക്ഷ എന്നതുകൊണ്ട്, ബന്ധുക്കൾ മരിച്ചവരെ പീഡിപ്പിക്കുന്ന അതേ വാക്കുകൾ ഉപയോഗിച്ച് മലക്കുകൾ അവരെ ആക്ഷേപിക്കുക എന്നാണ് അർഥം. അബൂമൂസായിൽനിന്ന് അഹ്മദ് ഉദ്ധരിക്കുന്ന ഒരു ഹദീസ് അത് വ്യക്തമാക്കുന്നു: “”മരിച്ചവർ ബന്ധുക്കളുടെ വിലാപം മൂലം ശിക്ഷിക്കപ്പെടും. വിലപിക്കുന്നവർ, “എന്റെ രണ്ടുകൈകളായിരുന്നവനേ!’ എന്നോ, “എന്റെ സഹായിയായിരുന്നവനേ’ എന്നോ, “എന്നെ വസ്ത്രം ധരിപ്പിച്ചിരുന്നവനേ’ എന്നോ വിലപിച്ചാൽ മലക്കുകൾ അവനെ പിടിച്ചുവലിച്ച് ചോദിക്കും: “നീ ആയിരുന്നോ അവളുടെ കൈകൾ?’ “നീ ആയിരുന്നോ അവളുടെ സഹായി’? “നീ ആയിരുന്നോ അവളെ വസ്ത്രം ധരിപ്പിച്ചിരുന്നത്?” ഇബ്നു മാജ ഉദ്ധരിച്ചത് ഇപ്രകാരമാണ്: “”മലക്കുകൾ അവനെ പരിഹസിക്കുകയും എന്നിട്ട് നീ ഇങ്ങനെയെല്ലാമായിരുന്നുവോ എന്ന് ചോദിക്കുകയും ചെയ്യും.”

തിർമിദി നിവേദനം ചെയ്യുന്നു: “”ഒരാൾ മരിക്കുകയും എന്നിട്ട് അയാളുടെ പേരിൽ വിലപിക്കുന്നവൾ “എന്റെ താങ്ങായിരുന്നവനേ!’ “എന്റെ തുണയായിരുന്നവനേ’ എന്നെല്ലാം പറഞ്ഞ് നിലവിളിക്കുകയും ചെയ്താൽ അവന്റെ കാര്യം രണ്ട് മലക്കുകളെ ഏൽപിക്കുകയും അവർ അവനോട് “നീ ഇങ്ങനെയായിരുന്നുവോ’ എന്ന് നിന്ദാപൂർവം ചോദിക്കുകയും ചെയ്യും.”

ഇതിന് ഉപോദ്ബലകമായി “അൽ മഗാസി’യിൽ ബുഖാരി ഉദ്ധരിച്ച നുഅ്മാനുബ്നു ബശീറിന്റെ ഹദീസ് എടുത്തുകാണിക്കപ്പെടുന്നു. നുഅ്മാൻ പറയുന്നു: “”അബ്ദുല്ലാഹിബ്നു റവാഹക്ക് ബോധക്ഷയം ഉണ്ടായപ്പോൾ അദ്ദേഹത്തിന്റെ സഹോദരി “എനിക്ക് താങ്ങായിരുന്നവനേ’ തുടങ്ങിയ കാര്യങ്ങൾ വിളിച്ചുപറഞ്ഞ് വിലപിക്കുവാൻ തുടങ്ങി. ബോധം തെളിഞ്ഞപ്പോൾ ഇബ്നു റവാഹ പറഞ്ഞു: “നീ പറഞ്ഞ കാര്യങ്ങളെക്കുറിച്ചെല്ലാം “നീ അങ്ങനെയായിരുന്നുവോ’ എന്ന് ഞാൻ ചോദ്യം ചെയ്യപ്പെടുകയുണ്ടായി.”

മൂന്ന്: ബുഖാരി ഖണ്ഡിതമായി പറഞ്ഞ അഭിപ്രായം: ഹദീസിൽ പറഞ്ഞ വിലാപത്തിന്റെ ഉദ്ദേശ്യം പ്രത്യേക സ്വഭാവത്തോടു കൂടിയ അട്ടഹാസം, കൂട്ടനിലവിളി പോലുള്ള വിലാപമാണ്. അതുപോലെ മരിച്ചവർ എന്നത് ചില ആളുകൾക്കു മാത്രം ബാധകമാണ്- കൂട്ടവിലാപം ജീവിതചര്യയും ആചാരരീതിയുമായി കരുതുന്നവർക്കു മാത്രം. തന്റെ ബന്ധുക്കൾക്ക് വളരെ ചീത്തയായ ഒരു സമ്പ്രദായം ആചാരമാക്കുകയാണയാൾ. അല്ലെങ്കിൽ ബന്ധുക്കൾക്ക് ഇങ്ങനെയൊരു സമ്പ്രദായമുണ്ടെന്നും അതിന് നിരോധം ഏർപ്പെടുത്തുന്നത് നിഷ്ഫലമാണെന്നും അറിയുന്ന ആളുകൾ മരിച്ചാൽ അവർക്ക് മാത്രം ബാധകമാണിത്.

ഇൗ വിഷയം പ്രതിപാദിക്കുന്ന അധ്യായത്തിന്റെ ആരംഭത്തിൽ ബുഖാരി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവുകൾ നിരത്തിയിട്ടുണ്ട്. “”വിശ്വാസികളേ! നിങ്ങൾ നിങ്ങളെയും സ്വന്തം കുടുംബത്തെയും നരകത്തിൽ നിന്ന് കാത്തുകൊൾക!”( അത്തഹ് രീം 6 ) എന്ന സൂക്തമാണ് ഖുർആനിലെ തെളിവ്. ഹദീസിൽ നിന്ന് രണ്ട് തെളിവുകൾ അദ്ദേഹം നിരത്തുന്നു: ഒന്ന്, “”നിങ്ങളെല്ലാം ഭരണാധികാരികളാണ്; സ്വന്തം ഭരണീയരെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്”( ബുഖാരി, മുസ് ലിം) എന്ന ഹദീസ്. രണ്ട്: “”അതിക്രമിയായി വധിക്കപ്പെടുന്ന ഒാരോരുത്തരുടെയും വധത്തിൽ ആദം സന്തതികളിൽ ആദ്യത്തെയാൾക്ക് ഉത്തരവാദിത്വമുണ്ട്. കാരണം, അദ്ദേഹമാണ് കൊല തുടങ്ങിവെച്ചത്”( ബുഖാരി) എന്ന ഹദീസും.

മരിച്ചയാൾ ശിക്ഷിക്കപ്പെടുന്നത് അയാൾ തന്റെ കുടുംബാംഗങ്ങൾക്ക് ശിക്ഷണം നൽകുന്നതിൽ വീഴ്ച വരുത്തിയതുകൊണ്ടും അവർക്ക് അറിവും പരിശീലനവും നൽകുന്നതിൽ അലംഭാവം കാണിച്ചതുകൊണ്ടുമാകുന്നു. അവരുടെ കാര്യത്തിൽ അല്ലാഹു തന്നിലേൽപിച്ച ചുമതല നിർവഹിക്കുന്നതിൽ അയാൾ പരാജയപ്പെട്ടു. സ്വയം നരകത്തിൽ നിന്ന് രക്ഷ തേടാൻ പരിശ്രമിക്കുന്നതുപോലെ അയാൾ സ്വകുടുംബത്തെയും നരകത്തിൽ നിന്ന് രക്ഷിക്കേണ്ടതായിരുന്നു. അപ്പോൾ, അയാൾ ശിക്ഷിക്കപ്പെടുന്നുവെങ്കിൽ അത് സ്വന്തം കുറ്റം കൊണ്ടാണ്; കുടുംബത്തിന്റെ കുറ്റം കൊണ്ടല്ല. അയാൾ പേറുന്നത് മറ്റാരുടെയും പാപഭാരമല്ല എന്നർഥം.

ജാഹിലിയ്യാ അറബികളിൽ മരണശേഷം തനിക്കുവേണ്ടി വിലാപം സംഘടിപ്പിക്കുവാൻ വസ്വിയ്യത്ത് ചെയ്യുന്നവർ ഉണ്ടായിരുന്നു എന്ന വസ്തുത ഇൗ വ്യാഖ്യാനത്തെ പ്രബലമാക്കുന്നു. “”ഞാൻ മരിച്ചാൽ ഞാൻ അർഹിക്കുന്നവിധം എനിക്കുവേണ്ടി വിലാപം ആചരിക്കുക. എന്റെ പേരിൽ കുപ്പായം വലിച്ചുകീറുകയും ചെയ്യുക!” എന്ന് ജാഹിലിയ്യാ കവികളിലൊരാളായ ത്വറഫ പാടിയത് ഇൗ സമ്പ്രദായത്തിലേക്ക് വിരൽചൂണ്ടുന്നു.
എന്നാൽ ഇൗ ഇനത്തിൽ പെട്ടതല്ലാത്ത കരച്ചിൽ ശിക്ഷാഹേതുകമല്ല. അബൂമസ്ഉൗദിൽ അൻസ്വാരി, ഖുർളതുബ്നു കഅ്ബ് എന്നിവർ പറയുന്നു: “”ആപത്തുകൾ സംഭവിക്കുമ്പോൾ വിലാപത്തിന്റെ സ്വഭാവത്തിലല്ലാതെ കരയുവാൻ ഞങ്ങൾക്ക് ഇളവ് നൽകപ്പെട്ടിരിക്കുന്നു.” ഇബ്നു ശൈബ, ത്വബറാനി എന്നിവരാണ് ഉദ്ധരിച്ചത്. ഇത് സ്വീകാര്യമാണെന്ന് ഹാകിം പ്രസ്താവിച്ചിരിക്കുന്നു.

ഇൗ അഭിപ്രായങ്ങളെല്ലാം ഉദ്ധരിച്ചതിനു ശേഷം ഇബ്നുഹജർ പറയുന്നു: ഇൗ അഭിപ്രായങ്ങളിലോരോന്നും പ്രത്യേക വ്യക്തികൾക്ക് ബാധകമാക്കിക്കൊണ്ട് അവ തമ്മിൽ ഒരു സമന്വയം സാധ്യമാണ്. ഉദാഹരണമായി നമുക്ക് ഇങ്ങനെ പറയാം: “മരിച്ചവർക്കുവേണ്ടിയുള്ള വിലാപം ഒരു ആചാരമായി കരുതിയതിനാൽ സ്വന്തം കുടുംബം പ്രസ്തുത ആചാരമനുസരിച്ച് പ്രവർത്തിക്കുകയോ അല്ലെങ്കിൽ അയാൾ പ്രസ്തുത ആചാരം അനുഷ്ഠിക്കുവാൻ സ്വന്തം കുടുംബത്തെ വസ്വിയ്യത് ചെയ്കമൂലം അവർ അത് ആചരിക്കുകയോ ചെയ്താൽ മരിച്ചയാൾ അതിന്റെ പേരിൽ ശിക്ഷിക്കപ്പെടും. തന്റെ കുടുംബം വിലാപം നടത്തുമെന്ന് ഒരാൾക്ക് അറിവുണ്ട്. തന്റെ നിരോധം നിഷ്ഫലമാവുകയും ചെയ്തു. അതിലദ്ദേഹം സംതൃപ്തനാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടും, സംതൃപ്തനല്ലെങ്കിൽ അയാൾ നിന്ദിക്കപ്പെടുകയേ ഉള്ളൂ. എന്തുകൊണ്ട് നിരോധം നിഷ്ഫലമായി എന്ന് അയാളോട് ചോദിക്കും. ഇപ്പറഞ്ഞ വിഭാഗത്തിലൊന്നും പെടാത്തവർ സ്വകുടുംബത്തെ വിലക്കിയിട്ടും അവർ അയാൾക്കെതിരായി പ്രവർത്തിക്കുകയാണെങ്കിൽ അവർ തനിക്കെതിര് പ്രവർത്തിച്ചതും സ്വന്തം നാഥനെ ധിക്കരിച്ചതും കണ്ടതുമൂലമുണ്ടായ മനഃപ്രയാസം മാത്രമായിരിക്കും അയാൾക്കുള്ള ശിക്ഷ-ശരിയായ വ്യാഖ്യാനം അറിയുന്നവൻ അല്ലാഹു മാത്രം.( ഫത്ഹുൽ ബാരി ഭാ​ഗം 3, പേജ് 393-397 )

അൽ അല്ലാമാ അൽ മുനാവി തന്റെ “ഫൈദുൽ ഖദീർ’ എന്ന ഗ്രന്ഥത്തിൽ ഇൗ പ്രശ്നത്തിന് മറ്റൊരു വ്യാഖ്യാനം നൽകിയിട്ടുണ്ട്. അതനുസരിച്ച് ഹദീസിലെ “മയ്യിത്’ എന്ന പദത്തിന്റെ ആശയം മരണം ആസന്നമായവൻ എന്നാണ്. മരണം ആസന്നമായ വേളയിൽ ചുറ്റും കൂടിനിൽക്കുന്നവർ നടത്തുന്ന കൂട്ടവിലാപവും അട്ടഹാസവും അയാളുടെ ക്ലേശം വർധിപ്പിക്കുകയും മരണവേദന രൂക്ഷമാക്കുകയും ചെയ്യും. അതാണ് ശിക്ഷ. ഇറാഖി പറയുന്നു: “”കൂട്ടക്കരച്ചിലിന്റെ ആരവം കേൾക്കുന്നതു തന്നെ ഒരു പീഡയാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ നമുക്ക് പ്രയാസമാവാറുണ്ടല്ലോ.” പ്രസ്തുത ഹദീസിൽ പ്രത്യേകാർഥത്തെ കുറിക്കുന്ന സൂചനകളൊന്നുമില്ല. കിർമാനിയും ഇത് ശരിവെച്ചിരിക്കുന്നു.( ഫത്ഹുൽ ഖദീർ ഭാ​ഗം 2, പേജ് 397 )

ഇവിടെ ശിക്ഷ ഒന്നാമത്തെ വീക്ഷണത്തിലെന്നപോലെ അതിന്റെ ഭാഷാപരമായ അർഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. പക്ഷേ, “മയ്യിത്’ എന്ന പദത്തിന് “മരണം ആസന്നമായാൽ’ എന്ന് അർഥം നൽകിയിരിക്കുന്നു.

ചുരുക്കത്തിൽ, വ്യാഖ്യാനത്തിന് ഒന്നിലേറെ യുക്തിഭദ്രമായ സാധ്യതകളുള്ള ഇൗ ഹദീസ് ആരും മറ്റൊരാളുടെ പാപഭാരം പേറുകയില്ലെന്ന ഖുർആനിക സിദ്ധാന്തത്തെ നിരാകരിക്കുന്നില്ലെന്ന് ഗ്രഹിക്കാം. ഹദീസിന്റെ സ്വീകാര്യതയുടെ കാര്യത്തിലാകട്ടെ യാതൊരു സന്ദേഹത്തിനും ഇടമില്ലെന്നും വ്യക്തമാണ്.

അൽ അല്ലാമാ അൽ മുനാവി പറയുന്നു: “”ചില മഹാൻമാർ പറയുകയുണ്ടായി: “ഇത്രയും സ്ഥാപിതമായിക്കഴിഞ്ഞ നിലക്ക് ആരും മറ്റൊരാളുടെ പാപഭാരം പേറുകയില്ല എന്ന സൂക്തം കേട്ട മാത്രയിൽ അമ്പരന്നുപോവുകയോ പരാമൃഷ്ട ഹദീസിന്റെ ഉദ്ധാരകർക്ക് തെറ്റുപറ്റിയതായി കരുതുകയോ ചെയ്തവർക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു എന്ന കാര്യം വ്യക്തം.” ( ഫത്ഹുൽ ഖദീർ ഭാ​ഗം 2, പേജ് 397 )

ഇസ്സന്ദർഭത്തിൽ ഒരു സംഗതി പരാമർശിക്കാതെ വിട്ടുകൂടാ. ഇൗ ഹദീസ് കേട്ടമാത്രയിൽ ചോദ്യകർത്താവിനുണ്ടായ അതേ സംശയം പ്രവാചക പത്നി ആഇശ(റ)ക്കുണ്ടായി. പ്രസ്തുത ഹദീസിന്റെ ഉദ്ധാരകരെ അവർ അംഗീകരിച്ചില്ല. കാരണം, അത് ഖുർആൻ സൂക്തത്തിന് വിരുദ്ധമാണ് എന്ന് ആഇശക്കുതോന്നി. ഇബ്നു ഉമറിൽ നിന്ന് പ്രസ്തുത ഹദീസ് അത് തെറ്റായി ഉദ്ധരിക്കുകയോ മറന്നുപോവുകയോ ചെയ്തിട്ടുണ്ടെന്ന് അവർ ധരിച്ചു. അല്ലെങ്കിൽ അവർ ഇബ്നു ഉമറിൽ നിന്ന് യഥാരൂപം കേട്ടതാവില്ല. ആഇശ പറഞ്ഞതായി മുസ്ലിം ഉദ്ധരിക്കുന്നു: “”മരിച്ചവർ അവരുടെ കുറ്റം മൂലം അല്ലെങ്കിൽ പാപം മൂലം ശിക്ഷിക്കപ്പെടും. അയാളുടെ ബന്ധുക്കൾ അയാൾക്കുവേണ്ടി കരയുകയും ചെയ്യും എന്നു മാത്രമാണ് തിരുമേനി പറഞ്ഞത്.”

ബുഖാരിയുടെ ഒരു റിപ്പോർട്ടിൽ ആഇശ ഇങ്ങനെ പറഞ്ഞതായി കാണാം: “”തിരുമേനി ഒരു ജൂതസ്ത്രീയുടെ ജഡത്തെ കടന്നുപോയി. ആ സ്ത്രീയുടെ ബന്ധുക്കൾ അവൾക്കുവേണ്ടി വിലപിക്കുന്നുണ്ടായിരുന്നു. അപ്പോൾ തിരുമേനി പറഞ്ഞു: അവർ അവൾക്കുവേണ്ടി വിലപിക്കുന്നു. അവളാകട്ടെ സ്വന്തം ഖബ്റിൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.”

മറ്റൊരു നിവേദനം ഇങ്ങനെയുണ്ട്: “”ആഇശ പറഞ്ഞു: പക്ഷേ, റസൂൽ തിരുമേനി പറഞ്ഞത് ബന്ധുക്കളുടെ വിലാപംമൂലം അല്ലാഹു അവിശ്വാസികൾക്ക് ശിക്ഷ അധികരിപ്പിച്ചുകൊണ്ടേയിരിക്കുമെന്നാണ്. ആഇശ തുടർന്നു: “”നിങ്ങൾക്ക് “ഒരുത്തനും മറ്റൊരുത്തന്റെ പാപഭാരം പേറുകയില്ല’ എന്ന ഖുർആൻ സൂക്തം മതി.” (ബുഖാരി)

ഹാഫിളുബ്നു ഹജർ പറയുന്നു: “”ആഇശയുടെ ഇൗ വ്യാഖ്യാനങ്ങളെല്ലാം പരസ്പര വിരുദ്ധങ്ങളാണ്. ഒരു ഹദീസിനെ മറ്റൊരു ഹദീസുകൊണ്ട് തിരസ്കരിക്കുകയില്ല. മറിച്ച്, ഖുർആന്ന് വിരുദ്ധമാണെന്ന കാരണത്താൽ തിരസ്കരിക്കുകയാണ് ചെയ്തത് എന്നതിന് അതിൽ സൂചനയുണ്ട്.”
അതേസമയം, ആഇശയുടെ ഒടുവിലത്തെ റിപ്പോർട്ടിൽ ബന്ധുക്കളുടെ വിലാപം മൂലം മരിച്ചവരുടെ ശിക്ഷ വർധിച്ചുകൊണ്ടേയിരിക്കുമെന്ന് സമ്മതിക്കുന്നുണ്ട്. മറ്റുള്ളവരുടെ ചെയ്തികൾ മൂലം മരിച്ചവർക്ക് ശിക്ഷ അധികരിപ്പിച്ചുകൊണ്ടിരിക്കുക എന്നതും ശിക്ഷ ലഭിക്കുക എന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? അതിന്റെ പ്രത്യക്ഷമായ അർഥം തന്നെ എടുത്താൽ പോലും അതും ഖുർആന്ന് വിരുദ്ധം തന്നെ.
അതിനാൽ, ആഇശയുടെ നിലപാട് പണ്ഡിതൻമാർക്ക് തൃപ്തികരമായി തോന്നിയിട്ടില്ല – ദൈവദൂതൻമാർക്കല്ലാതെ മറ്റാർക്കും പാപസുരക്ഷിതത്വമില്ലല്ലോ.

ഖുർത്വുബി പറയുന്നു: “”ആഇശയുടെ തിരസ്കാരവും, നിവേദകൻമാർക്ക് തെറ്റുപറ്റി; അവർ മറന്നുപോയി; യഥാരൂപം കേട്ടില്ല ആദിയായ നിഗമനങ്ങളും സത്യത്തിൽ നിന്ന് ബഹുദൂരം അകലെയാണ്. കാരണം, ഇൗ അർഥത്തിൽ ധാരാളം പേർ ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. അവരെല്ലാം ഖണ്ഡിതമായി അതു പറഞ്ഞിട്ടുമുണ്ട്. ശരിയായ ധാരാളം വ്യഖ്യാനങ്ങൾക്ക് പഴുതുള്ളതോടൊപ്പം അവ തള്ളിക്കളയുവാൻ ന്യായമൊന്നുമില്ല.”
ശൈഖുൽ ഇസ്ലാം ഇബ്നുതൈ്തമിയ്യ പറയുന്നു: “”ചില വ്യാഖ്യാനങ്ങളുടെയും ഇജ്തിഹാദിന്റെയും അടിസ്ഥാനത്തിലും ആശയം അബദ്ധമാണെന്ന വിശ്വാസത്താലും യഥാർഥത്തിൽ അങ്ങനെയല്ലാത്ത ഹദീസുകൾ തിരസ്കരിച്ച വേറെയും ഉദാഹരണങ്ങൾ ആഇശയിൽ നിന്നുണ്ടായിട്ടുണ്ട്.”( ഫത്ഹുൽ ഖദീർ ഭാ​ഗം 2, പേജ് 397 )

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!