ചോദ്യം: ജുമുഅ ദിവസത്തില്‍ ആശംസ അറിയിക്കുന്നത് ബിദ്അത്താണെന്നും, അത് അനുവദനീയമല്ലെന്നും ചിലര്‍ പറയുന്നതിനെ സംബന്ധിച്ച് കുറെയാളുകള്‍ എന്നോട് ചോദിക്കുന്നു. അപ്രകാരം പറയുന്നത് ചിലയാളുകള്‍ക്കിടയില്‍ മാത്രമല്ല, ചില പണ്ഡിതര്‍ക്കിടയിലും വ്യാപകമായിട്ടുണ്ട്. അതിനാല്‍, ഇതുമായി ബന്ധപ്പെട്ട വിശദീകരണം തേടുന്നു.
ഉത്തരം: ഒന്ന്- ജുമുഅയാണോ അറഫയാണോ കൂടുതല്‍ ശ്രേഷ്ഠം?
ജുമുഅ ദിവസത്തിന് ഇസ്‌ലാമില്‍ ആഴ്ചയിലെ ദിവസങ്ങളില്‍ പ്രത്യേകതയോ ശ്രേഷ്ഠതയോ ഇല്ല. എന്നാല്‍, ചിലര്‍ ജുമുഅയെ അറഫാ ദിനത്തെക്കാള്‍ ശ്രേഷ്ഠമായി കാണുന്നു. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ജുമുഅ ദിനമാണോ അറഫാ ദിനമാണോ ശ്രേഷഠമെന്നതില്‍ പണ്ഡിതര്‍ വ്യത്യസ്ത വീക്ഷണക്കാരാണ്. രണ്ട് അഭിപ്രായമാണ് അതിലുള്ളത്. അത് ശാഫിഈ മദ്ഹബിലെ രണ്ട് വീക്ഷണമാണ്.
രണ്ട്: ജുമുഅ ദിവസത്തിന്റെ പ്രത്യേകതകള്‍
ഇബ്‌നുല്‍ ഖയ്യിം ജുമുഅ ദിവസത്തിന്റെ മുപ്പത്തി മൂന്ന് പ്രത്യേകതകള്‍ പറയുന്നുണ്ട്. അതില്‍ ചിലതാണ് താഴെ കുറിക്കുന്നത്.
ഒന്ന്, പ്രവാചകന്‍(സ) പ്രഭാതത്തില്‍ സൂറ സജദയും ഇന്‍സാനും പാരായണം ചെയ്യാറുണ്ടായിരുന്നു.
രണ്ട്, ജുമുഅ ദിനത്തിലെ രാവിലും പകലിലും അല്ലാഹുവിന്റെ റസൂലിന് ധാരാളം സ്വലാത്ത് ചൊല്ലല്‍ പുണ്യകരമാണ്.
മൂന്ന്, അല്ലാഹു ആഴ്ചയിലെ ദിവസങ്ങളില്‍ തെരഞ്ഞെടുത്ത ദിവസം. ആ ദിവസത്തിലാണ് ഇസ്ലാമിലെ നിര്‍ബന്ധ നമസ്‌കാരമായ ജുമുഅയുള്ളത്.
നാല്, ആ ദിവസം കുളിക്കാനും, സുഗന്ധം പൂശാനും, മിസ്‌വാക്ക് ചെയ്യാനും കല്‍പിക്കുന്നു. നല്ല വസ്ത്രം ധരിക്കല്‍ പുണ്യകരവുമാണ്.
അഞ്ച്, നമസ്‌കാരത്തിന് നേരത്തെയെത്തുക. ഇമാം ജുമുഅക്ക് പുറപ്പെടുന്നതുവരെ സ്വലാത്തിലും, ദിക്‌റിലും, ഖുര്‍ആന്‍ പാരായണത്തിലും വ്യാപൃതമാവുക.
ആറ്, ജുമുഅ നമസ്‌കാരത്തില്‍ സൂറ ‘അഅ്ല’, ‘ഗാശിയ’ അല്ലങ്കില്‍ ‘ജുമുഅ’, ‘മുനാഫിഖൂന്‍’ പാരായണം ചെയ്യുക. ജുമുഅ ദിവസത്തിലെ രാത്രിയിലും പകലിലും സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുക.
ഏഴ്, തെറ്റുകള്‍ പൊറുക്കുന്ന ദിവസം. ആ ദിവസത്തില്‍ ഉത്തരം ലഭിക്കുന്ന സമയമുണ്ട്. ഇബാദത്തില്‍ മുഴുകുന്നത് പുണ്യകരവുമാണ്.
എട്ട്, വര്‍ഷത്തിലെ ഈദ് പോലെ ആഴ്ചയിലെ ഈദ്. നമസ്‌കാരവും അര്‍പ്പണവും (ബലി) ഉള്‍പ്പെടുന്നതാണ് ഈദ്. നമസ്‌കാരത്തിന്റെ ദിവസമാണ് ജുമുഅ ദിവസം. ഇതില്‍ അല്ലാഹു ബലിക്ക് പകരമായി മസ്ജിദിലേക്ക് ധൃതിയില്‍ ചെല്ലണമെന്ന് നിശ്ചയിച്ചിരിക്കുന്നു.
ഒമ്പത്, ആ ദിവസത്തില്‍ ദാനധര്‍മങ്ങള്‍ക്ക് മറ്റ് ദവിസത്തെക്കാള്‍ ശ്രേഷ്ഠതയുണ്ട്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിലെ സ്വദഖ പോലെ, ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ജുമുഅ ദിവസത്തിലെ സ്വദഖക്ക് പ്രത്യേകതയുണ്ട്.
പത്ത്, സ്വര്‍ഗത്തില്‍ വിശ്വാസികളായ അല്ലാഹുവിന്റെ അൗലിയാക്കള്‍ക്ക് അല്ലാഹു വെളിപ്പെടുന്ന ദിവസമാണത്. അവനെ അവര്‍ സന്ദര്‍ശിക്കും. ഇമാമിനോട് അടുത്തവരിലേക്ക് അവനും അടുക്കും. ജുമുഅക്ക് തിടുക്കം കാണിച്ചവരെ സന്ദര്‍ശിക്കാന്‍ അവനും തിടുക്കം കാണിക്കും.
പതിനൊന്ന്, ആളുകള്‍ ഒരുമിച്ച് കൂടുന്ന ദിനമാണത്. അവരെ അത് തുടക്കവും മടക്കവും ഓര്‍മിപ്പിക്കുന്നു. അത്, ആകാശവും, ഭൂമിയും, പര്‍വതങ്ങളും, സമുദ്രങ്ങളും, മുഴുവന്‍ സൃഷ്ടികളും അന്ത്യദിനത്തെ പേടിക്കുന്നതുപോലെ ഭയപ്പെടുന്ന ദിനമാണ്; ജിന്നുകളും മനുഷ്യരുമൊഴിക.
പന്ത്രണ്ട്, ആഴ്ചയില്‍ ആവര്‍ത്തിക്കുന്ന ഈദ്. അതുകൊണ്ട്, ജുമുഅ ദിവസം മാത്രമായി നോമ്പെടുക്കുന്നത് വെറുക്കപ്പെട്ടതാണ്.
മൂന്ന്: ജുമുഅ ദിവസത്തിലെ ഈദിന്റെ അടയാളങ്ങള്‍
ആഴ്ചയിലെ ഈദും വര്‍ഷത്തിലെ ഈദും (ഫിത്വര്‍, അദ്ഹ) തമ്മിലെ സാദൃശ്യം പ്രകടമാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് താഴെ പറയുന്നത്.
ഒന്ന്, കുളിയും സുഗന്ധം ഉപയോഗിക്കുന്നതും. സല്‍മാനുല്‍ ഫാരിസി(റ)വില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘ആരെങ്കിലും ജുമുഅ ദിവസം കുളിക്കുകയും, കഴിയാവുന്നത്രയും ശുദ്ധി വരുത്തുകയും, സുഗന്ധം പൂശുകയും, ശേഷം പുറപ്പെടുകയും, രണ്ടുപേരെ വേര്‍പ്പെടുത്താതിരിക്കുകയും (പള്ളിയിലെത്തിയാല്‍ ആളുകളെ മറികടക്കാതിരിക്കുക), നിശ്ചയിക്കപ്പെട്ട നമസ്‌കാരം നിര്‍വഹിക്കുകയും, ശേഷം ഇമാം (ഖുത്ബക്ക്) പുറപ്പെട്ടാല്‍ മിണ്ടാതിരിക്കുകയും ചെയ്താല്‍, ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയിലുള്ള പാപം പൊറുക്കപ്പെടുന്നതാണ്.’
ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് ഇബ്നു മാജ റിപ്പോര്‍ട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘തീര്‍ച്ചയായും ഇത് ഈദ് ദിനമാണ്. അത് അല്ലാഹു മുസ്ലിംകള്‍ക്ക് നിശ്ചയിച്ചതാണ്. ജുമുഅക്ക് ആരെങ്കിലും വരുന്നുണ്ടെങ്കില്‍, അവന്‍ കുളിക്കുകയും, സുഗന്ധമുണ്ടെങ്കില്‍ അത് പൂശുകയും ചെയ്യട്ടെ. നിങ്ങള്‍ മിസ്വാക്ക് ഉപയോഗിക്കുകയും ചെയ്യുക.’
രണ്ട്, ഏറ്റവും നല്ല വസ്ത്രം ധരിക്കുന്നത്. അബൂ സഈദില്‍ ഖുദ്രി (റ), അബൂ ഹുറൈറ(റ) എന്നിവരില്‍ നിന്ന് അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘ഒരുവന്‍ ജുമുഅ ദിവസം കുളിക്കുകയും, മിസ്വാക്ക് ഉപയോഗിക്കുകയും, സുഗന്ധമുണ്ടെങ്കില്‍ പൂശുകയും, ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും, ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും, ആളുകളുടെ ചുമലുകള്‍ മറികടക്കാതിരിക്കുകയും, ശേഷം ഉദ്ദേശിക്കുന്നത്രയും നമസ്‌കരിക്കുകയും, ഇമാം പുറപ്പെട്ടാല്‍ മിണ്ടാതിരിക്കുകയും, ഇമാം നമസ്‌കാരത്തില്‍ നിന്ന് ഒഴിയുന്നത് വരെ സംസാരിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ അവന് ആ ജുമുഅക്കും അതിന് മുമ്പുള്ള ജുമുഅക്കുമിടയിലെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.’
അബൂ ഹുറൈറ(റ) പറയുന്നു: ‘മൂന്ന് ദിവസം അധികരിച്ച് വരും. തീര്‍ച്ചയായും, നന്മക്ക് അല്ലാഹു പതിന്മടങ്ങ് പ്രതിഫലം നിശ്ചയിരിക്കുന്നു.’
മൂന്ന്, ഈദുല്‍ അദ്ഹ പോലെ ബലിയര്‍പ്പിക്കുന്നത്. അബൂ ഹുറൈറയില്‍ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘ജുമുഅ ദിവസം ജനാബത്തിന്റെ കുളി (ജനാബത്തിന്റെ കുളി പോലെ) കുളിക്കുകയും, ശേഷം പുറപ്പെടുകയും ചെയ്യുന്നവന്‍, ഒട്ടകത്തെ ബലിയര്‍പ്പിച്ചവനെ പോലെയാണ്, രണ്ടാം മണിക്കൂറില്‍ എത്തുന്നവന്‍ പശുവിനെ ബലിയര്‍പ്പിച്ചവനെ പോലെയാണ്, മൂന്നാം മണിക്കൂറില്‍ എത്തുന്നവന്‍ ആടിനെ ബലിയര്‍പ്പിച്ചവനെ പോലെയാണ്, നാലാം മണിക്കൂറില്‍ എത്തുന്നവന്‍ കോഴിയെ ബലിയര്‍പ്പിച്ചവനെ പോലെയാണ്, അഞ്ചാം മണിക്കൂറില്‍ എത്തുന്നവന്‍ മുട്ട അര്‍പ്പിച്ചവനെ പോലെയാണ്. ഇമാം (ഖുത്വ്ബക്ക്) പുറപ്പെട്ടു കഴിഞ്ഞാല്‍ മാലാഖമാര്‍ ഹാജരാകുകയും, ദിക്റ് (ഖുത്വ്ബ) കേള്‍ക്കുകയും ചെയ്യുന്നതാണ്.’
നാല്, ജുമുഅ ദിവസം മാത്രമായി നോമ്പെടുക്കുന്നത്. അബൂ ഹുറൈറയില്‍ നിന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘രാത്രിയിലെ നമസ്‌കാരങ്ങള്‍ക്കിടയില്‍ ജുമുഅ ദിനത്തിലെ രാത്രിയെ നിങ്ങള്‍ പ്രത്യേകമാക്കരുത്. മറ്റ് ദിവസങ്ങളില്‍ എടുക്കുന്ന നോമ്പില്‍ നിന്ന് ജുമുഅ ദിവസത്തെ നിങ്ങള്‍ പ്രത്യേകമാക്കരുത് (വെള്ളിയാഴ്ച മാത്രമായി നോമ്പെടുക്കരുത്); നിങ്ങളില്‍ ഒരുവന്‍ നോമ്പെടുക്കുന്നവനായികൊണ്ടല്ലാതെ (വെള്ളിയാഴ്ചക്ക് മുമ്പോ ശേഷമോ നോമ്പെടുക്കുക).’
നാല്: ജുമുഅ ദിനം ആശംസ അറിയിക്കുന്നതിന്റെ വിധി
ജുമുഅ ദിവസം ആശംസ അറിയിക്കുന്നത് ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. അതിന് സഹായകരമായിട്ടുളളത് സമൂഹ മാധ്യമങ്ങളാണ്. പല ഭാഗത്തുനിന്നുമായി പത്തിലധികം സന്ദേശങ്ങള്‍ ലഭിച്ചിട്ടല്ലാതെ ഒരു ജുമുഅയും കഴിഞ്ഞുപോകുന്നില്ല. വെള്ളിയാഴ്ച ദിവസത്തെ അനുഗഹങ്ങളും ആശംസകളും അറിയിച്ചുള്ള വ്യത്യസ്ത സന്ദേശങ്ങളാണ് വന്നെത്തുന്നത്. ഇത് മുമ്പുണ്ടായിരുന്നില്ല.
സത്യത്തില്‍, ജുമുഅ ദിനത്തില്‍ ആശംസ അറിയിക്കണമെന്ന സ്വഹീഹായ ഹദീസുകളൊന്നും വന്നിട്ടില്ല. വന്നിട്ടുള്ളതെല്ലാം കെട്ടിച്ചമച്ച സ്വീകാര്യമല്ലാത്ത ഹദസീകുളാണ്. അല്ലാഹുവിന്റെ റസൂലിലേക്ക് ചേര്‍ത്ത് ഇബ്‌നു അബ്ബാസ്(റ) നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ‘ജുമുഅ പിരിഞ്ഞുപോകുമ്പോള്‍ തന്റെ സഹോദരനെ കാണുന്നവന്‍ പറയട്ടെ; ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ (നമ്മളില്‍ നിന്നും നിന്നില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ). നിങ്ങളുടെ രക്ഷിതാവിന് വേണ്ടി ചെയ്യേണ്ട നിര്‍ബന്ധ കാര്യമാണത്.’ ഈ ഹദീസ് കെട്ടിച്ചമച്ചതാണെന്ന് ഹദീസ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഇത്, ഇമാം ശൗക്കാനിയുടെ ‘അല്‍ഫവാഇദുല്‍ മജ്മൂഅ’യിലും, അല്‍കെത്താനിയുടെ ‘തന്‍സീഹുശ്ശരീഅത്തില്‍ മര്‍ഫൂഅ അനില്‍ അഖ്ബാരിശ്ശനീഅത്തില്‍ മൗദൂഅ’യിലും, അല്‍ബാനിയുടെ ‘സില്‍സിലത്തുല്‍ അഹാദീസില്‍ ദഈഫ വല്‍മൗദൂഅ വ അസറുഹ അസ്സയിഅ് ഫില്‍ ഉമ്മ’യിലും ഇതുസംബന്ധിയായി കാണാവുന്നതാണ്.
ജുമുഅക്ക് ആശംസ അറിയിക്കുന്നതിനെ സംബന്ധിച്ച് പ്രവാചകന്മാരില്‍ നിന്നും പൂര്‍വികരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇതുപോലെയുള്ള കാര്യങ്ങള്‍ നിഷിദ്ധമാകുന്നില്ലെന്നാണ് ഞാന്‍ കാണുന്നത്. അനുവദനീയമാണെന്ന് പറയുന്നത് പരിശുദ്ധ ഇസ്ലാമിക ശരീഅത്തിന്റെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. അക്കാര്യങ്ങളാണ് താഴെ സൂചിപ്പിക്കുന്നത്.
ഒന്ന്, ജുമുഅക്കും അല്ലാതെയും ആശംസ അറിയിക്കുന്നത് ആദാത്തുകളില്‍ (ശീലങ്ങളില്‍) പെടുന്നതാണ്, ഇബാദാത്തുകളിലല്ല. ശീലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിസ്തൃതമാണ്.
രണ്ട്, ഇത്തരം ശീലങ്ങളുടെ അടിസ്ഥാനം അനുവദനീയമാണ് എന്നതാണ്. നിഷിദ്ധമാണെന്ന് കുറിക്കുന്ന തെളിവില്ലെങ്കില്‍ അത് അനുവദനീയമാകുന്നു.
മൂന്ന്, ഇത്തരം ആശംസകള്‍ അറിയിക്കുന്നത് തടഞ്ഞുകൊണ്ടുള്ള പ്രമാണങ്ങള്‍ വന്നിട്ടില്ല. പ്രമാണങ്ങള്‍ വന്നിട്ടില്ലാത്തതിനാല്‍ കാര്യം അതിന്റെ അടിസ്ഥാനത്തിലായിരിക്കും. കാര്യങ്ങളുടെ അടിസ്ഥാനം അനുവദനീയമാണ് എന്നതാണ്.
നാല്, ഈ ആശംസകള്‍ ആളുകള്‍ക്ക് സുപരിചിതമാണ്. ആശംസ അറിയിക്കുന്നതില്‍ ദീനിനോട് എതിരിടുന്ന യാതൊന്നുമില്ലെങ്കില്‍ അതില്‍ പ്രശ്‌നമില്ല.
അഞ്ച്, സ്‌നേഹവും സന്തോഷവുമാണ് ഈ ആശംസകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് സന്തോഷിക്കുന്നതില്‍ അടിമക്ക് യാതൊരു വിലക്കുമില്ല. അല്ലാഹു പറയുന്നു: ‘പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ.’ (യൂനുസ്: 58)
ആറ്, ജുമുഅ ദിവസത്തിലെ സുന്നത്തുകളും ആദാബുകളും (മര്യാദകളും) ഉള്‍പ്പെടുത്തികൊണ്ടാവുമ്പോള്‍, ആശംസ അറിയിക്കുന്നതിന് യാതൊരു തടസ്സവുമില്ല.
ഏഴ്, വര്‍ഷത്തിലെ ആഘോഷങ്ങളായ ഈദുല്‍ അദ്ഹയിലെയും ഫിത്വറിലെയും ദിനങ്ങളില്‍ ആശംസ അറിയിക്കുന്നത് അനുവദനീയമാണെത് മുന്നില്‍ വെച്ച് ആഴ്ചയിലെ ഈദില്‍ ആശംസ അറിയിക്കുന്നതിലും വിലക്കില്ല. ഈദുല്‍ ഫിത്വറിലും അദ്ഹയിലും ആശംസ അറിയിക്കുന്നതിനെ സംബന്ധിച്ച് സ്വഹാബികളില്‍ നിന്നും താബിഉകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
വിവ: അര്‍ശദ് കാരക്കാട്