ചോദ്യം: റജബിൽ സ്വലാത്തുർറഗാഇബ് എന്ന പേരിൽ ഒരു നമസ്കാരം സുന്നത്തുണ്ടോ?
മറുപടി: റജബിൽ സ്വലാത്തുർറഗാഇബ് (ആഗ്രഹ സഫലീകരണ നമസ്കാരം) എന്ന പേരിൽ ഒരു നമസ്കാരം സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഇമാം നവവി(റഹി) പറയുന്നു:
സ്വലാത്തുർ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇശാക്കും ഇടയിൽ നമസ്കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നമസ്കാരം, അതുപോലെ ശഅ്ബാൻ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റക്അത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുൽ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീൻ’ എന്ന ഗ്രന്ധത്തിലോ അവ പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടിട്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിൻറെ മതവിധി വ്യക്തമല്ലാത്തതിനാൽ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകൾ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവർക്ക് ആ വിഷയത്തിൽ തെറ്റുപറ്റിയിരിക്കുന്നു.
ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദുർറഹ്മാൻ ബ്ൻ ഇസ്മാഈൽ അൽ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തിൽ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിർവഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. (അൽമജ്മൂഅ്,ശർഹുൽ മുഹദ്ദബ്: 4/56).
وَقَالَ الإِمَامُ النَّوَوِيُّ: الصَّلَاةُ الْمَعْرُوفَةُ بِصَلَاةِ الرَّغَائِبِ، وَهِيَ ثِنْتَيْ عَشْرَةَ رَكْعَةً، تُصَلَّى بَيْنَ الْمَغْرِبِ وَالْعِشَاءِ لَيْلَةَ أَوَّلِ جُمُعَةٍ فِي رَجَبٍ، وَصَلَاةُ لَيْلَةِ نِصْفِ شَعْبَانَ مِائَةُ رَكْعَةٍ، وَهَاتَان الصَّلَاتَان بِدْعَتَانِ، وَمُنْكَرَانِ قَبِيحَتَانِ. وَلَا يُغْتَرُّ بِذِكْرِهِمَا فِي كِتَابِ قُوتِ الْقُلُوبِ وَإِحْيَاء عُلُومِ الدِّينِ، وَلَا بِالْحَدِيثِ الْمَذْكُورِ فِيهِمَا، فَإِنْ كُلَّ ذَلِكَ بَاطِلٌ، وَلَا يُغْتَرُّ بِبَعْضِ مَنْ اشْتَبَهَ عَلَيْهِ حُكْمُهُمَا مِنْ الْأَئِمَّةِ، فَصَنَّف وَرَقَاتٍ فِي اسْتِحْبَابَهِمَا، فَإِنَّه غَالِطٌ فِي ذَلِكَ. وَقَدْ صَنَّفَ الشَّيْخُ الْإِمَامُ أَبُو مُحَمَّدٍ عَبْدُ الرَّحْمَنِ بْنُ إسْمَعِيلَ الْمَقْدِسِيّ كِتَابًا نَفِيسًا فِي إِبْطَالِهِمَا فَأَحْسَنَ فِيهِ وَأَجَادَ، رَحِمَهُ اللَّهُ.-شَرْحُ الْمُهَذَّبِ: 4/56، مَسَائِلَ تَتَعَلَّقُ بِصَلَاة التَّطَوُّع.
ഇമാം ഇബ്നു ഹജർ അൽ ഹൈതമി തൻറെ ഫതാവയിലും ഈ ഭാഗം അതേപടി എടുത്തു ചേർത്തിട്ടുണ്ട്.