Home ഖു‌‍ർആൻ അസ്ഹാബുസ്സബ്ത്തിനെ കുരങ്ങന്മാരാക്കിയത്?

അസ്ഹാബുസ്സബ്ത്തിനെ കുരങ്ങന്മാരാക്കിയത്?

ചോദ്യം: അല്ലാഹു എന്ത് കാരണത്താലാണ് അസ്ഹാബുസ്സബ്ത്തിനെ കുരങ്ങന്മാരാക്കിയത്? മറ്റു ജീവികളാക്കാതെ എന്തുകൊണ്ടാണ് കുരങ്ങന്മാരാക്കി മാറ്റിയത്?

മറുപടി: ജൂതമതത്തില്‍പെട്ടവരായിരുന്നു അസ്ഹാബുസ്സബ്ത്ത്. അസ്ഹാബുസ്സബ്ത്തിനെ കുറിച്ച് അല്ലാഹു പറയുന്നു: ‘നിങ്ങളില്‍ നിന്ന് സബ്ത്ത് ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായി തീരുക. അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു തത്വോപദേശവുമാക്കി.’ (അല്‍ബഖറ: 65-66) ശൈഖ് സഅ്ദി പറയുന്നു: ‘നിങ്ങള്‍ക്ക് ഈ അവസ്ഥ ബോധ്യപ്പെടുന്നതാണ്. ‘സബ്ത്ത് ദിനത്തില്‍ നിങ്ങളില്‍ നിന്ന് അതിക്രമം കാണിച്ചവര്‍’ അവരെ കുറിച്ച് അല്ലാഹു സൂറത്ത് അല്‍അഅ്‌റാഫില്‍ പറയുന്നു: കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. (അല്‍അഅ്‌റാഫ്: 163)

അവരെ ഈ രീതിയില്‍ കഠനിമായി ശിക്ഷിച്ചു. അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രരാവുകയും, അവരെ നിന്ദ്യരായ കുരങ്ങന്മാരായി മാറ്റുകയും ചെയ്തു. ഈയൊരു ശിക്ഷ, ആ സമയത്തുള്ള സമൂഹങ്ങള്‍ക്കും ശേഷമുള്ളവര്‍ക്കും ഗുണപാഠമാണ്. അപ്രകാരം, ദാസന്മാര്‍ക്ക് മേല്‍ അല്ലാഹുവിന്റെ പ്രമാണങ്ങള്‍ ധിക്കാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിലകൊള്ളുകയുമാണ്. എന്നാല്‍, സൂക്ഷമത പാലിക്കുന്നവര്‍ക്ക് മാത്രമാണ് അത് പ്രയോജനപ്രദമായ തത്വോപദേശമായി മാറുന്നത്. മറ്റുള്ളവര്‍ക്ക് ആ സൂക്തങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.’ (തഫ്‌സീര്‍ അസ്സഅ്ദി: 53-54)

അവരെ കുരങ്ങന്മാരാക്കി ശിക്ഷിച്ചതിന്റെ കാരണമെന്തായിരുന്നു?

ഈ ശിക്ഷയുടെ പ്രത്യേകതയെന്നത് അവരുടെ തെറ്റുകള്‍ക്ക് അനുസൃതമായ ശിക്ഷയാണെന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു: ‘അവര്‍ അതിനെ(ശനിയാഴ്ചയിലെ മത്സ്യബന്ധനം) അനുവദനീയമാക്കുകയും, അതിലൂടെ അല്ലാഹുവിനെ ധിക്കരിക്കുകയുമായിരുന്നുവെന്ന് അല്ലാഹു വ്യക്തമാക്കുന്നു. മൂസായെ കളവാക്കിയും, തൗറാത്തിനെ നിഷേധിച്ചും അവരത് അനുവദനീയമാക്കിയില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, വ്യാഖ്യാനിച്ചും, അതില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് തോന്നിപ്പിച്ചുമാണ് അവരത് അനുവദനീയമാക്കിയത്. യഥാര്‍ഥത്തില്‍ അവര്‍ അല്ലാഹുവിനെ ധിക്കരിക്കുകയായിരുന്നു.

അതിനാലാണ് എല്ലാം അറിയുന്ന അല്ലാഹു അവരെ കുരങ്ങന്മാരാക്കിയത്. കാരണം, കുരങ്ങിന്റെ രൂപം മനുഷ്യ രൂപത്തോട് സാദൃശ്യപ്പെടുന്നു. കുരങ്ങിന്റെ വിശേഷണങ്ങളില്‍ ചിലത് മനുഷ്യനോട് സാദൃശ്യപ്പെടുന്നതാണ്. എന്നാലത് യഥാര്‍ഥത്തില്‍ മനുഷ്യനില്‍ നിന്ന് വിഭിന്നവുമാണ്. പൂര്‍ണാര്‍ഥത്തിലല്ലാതെ പ്രത്യക്ഷത്തില്‍ ദീനെന്ന് തോന്നുന്ന ചിലത് സ്വീകരിച്ച് ധിക്കാരികളായ അവര്‍ അല്ലാഹുവിന്റെ ദീനിന്റെ ചിത്രത്തെ മാറ്റി വരച്ചു. അല്ലാഹു അവരെ കുരങ്ങന്മാരാക്കി. പൂര്‍ണാര്‍ഥത്തിലല്ലാതെ, അവരെ മനുഷ്യരോട് സാദൃശ്യമുള്ള കുരങ്ങന്മാരാക്കി മാറ്റി. അവര്‍ക്ക് അനുയോജ്യമായ പ്രതിഫലമാണത്.’ (അല്‍ഫതാവ അല്‍കുബ്‌റ 28/6)

ഇബ്‌നു കസീര്‍ പറയുന്നു: ‘അല്ലാഹു പറയുന്നു: ‘നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു’ അല്ലയോ ജൂതന്മാരേ, അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിച്ച ഗ്രാമവാസികള്‍ക്ക് മേല്‍ ദുരിതം ഇറങ്ങിയിരിക്കുന്നു. സബ്ത്തിനെ മഹത്തായ ദിനമായി കാണുന്നതിനും, അല്ലാഹുവിന്റെ കല്‍പനകളെ അംഗീകരിക്കുന്നതിനുമായി അല്ലാഹുവിനോട് ചെയ്ത കരാര്‍ അവര്‍ ലംഘിച്ചു. അവര്‍ക്ക് മേല്‍ നിയമമാക്കപ്പെട്ട സന്ദര്‍ഭം, ശനിയാഴ്ച മീന്‍ പിടിക്കുന്നതിന് അവര്‍ കുതന്ത്രം മെനഞ്ഞു (ശനിയാഴ്ച മത്സ്യബന്ധനത്തിന് അവര്‍ക്ക് വിലക്കുണ്ടായിരുന്നു). കൊളുത്തും, മീന്‍ പിടിക്കുന്നതിനുള്ള കയറും, കുഴിയുമെല്ലാം ശനിയാഴ്ചക്ക് മുമ്പ് ഒരുക്കുകയും, ശനിയാഴ്ചയായപ്പോള്‍ മത്സ്യം ധാരാളമാവുകയും, അവര്‍ മെനഞ്ഞ തന്ത്രത്തില്‍ മത്സ്യങ്ങള്‍ കുടുങ്ങുകയും ചെയ്തു. അന്നേ ദിവസം അവര്‍ക്കതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച കഴിഞ്ഞ്, രാത്രിയായപ്പോള്‍ അവരത് പിടിക്കുകയും ചെയ്തു. അപ്രകാരം അവര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അല്ലാഹു അവരെ കുരങ്ങിന്റെ രൂപത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു. പ്രത്യക്ഷ രൂപത്തില്‍ മനുഷ്യരോട് ഏറ്റവും കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്ന ജീവിയാണ് കുരങ്ങുകള്‍. യഥാര്‍ഥത്തില്‍ അത് മനുഷ്യനല്ലതാനും. അപ്രകാരം തന്നെയായിരുന്നു അവരുടെ പ്രവര്‍ത്തനവും കുതന്ത്രവും. പ്രത്യക്ഷത്തില്‍ സത്യത്തോട് സാദൃശ്യമുണ്ടായിരിക്കുകയും പരോക്ഷമായി സത്യത്തോട് എതിരിടുകയും ചെയ്യുന്നു. അവരുടെ പ്രതിഫലം പ്രവര്‍ത്തനത്തിനനുസൃതമായിരുന്നു.’ (തഫ്‌സീര്‍ കസീര്‍: 1/288)

അപ്രകാരം മഹാസിനുത്തഅ്‌വീലില്‍ (212/5) അല്‍ഖാസിമി പറയുന്നു: ‘അതുകൊണ്ട്, എല്ലാം അറിയുന്ന അല്ലാഹു അവരെ കുറങ്ങന്മാരാക്കി. കാരണം കുരങ്ങിന്റെ രൂപം മനുഷ്യരൂപത്തോട് സാദൃശ്യപ്പെടുന്നു. മനുഷ്യ വിശേഷണങ്ങള്‍ കുരങ്ങില്‍ കാണാവുന്നതാണ്. എന്നാല്‍, യാഥാര്‍ഥ്യത്തില്‍ അത് മനുഷ്യനില്‍ നിന്ന് വിഭിന്നമാണ്. പൂര്‍ണാര്‍ഥത്തിലല്ലാതെ പ്രത്യക്ഷത്തില്‍ ദീനെന്ന് തോന്നുന്ന ചിലത് സ്വീകരിച്ച് ധിക്കാരികളായ അവര്‍ അല്ലാഹുവിന്റെ ദീനിന്റെ ചിത്രത്തെ മാറ്റി വരച്ചു. അല്ലാഹു അവരെ കുരങ്ങന്മാരാക്കി. പൂര്‍ണാര്‍ഥത്തിലല്ലാതെ, അവരെ മനുഷ്യരോട് സാദൃശ്യമുള്ള കുരങ്ങന്മാരാക്കി മാറ്റി. അവര്‍ക്ക് അനുയോജ്യമായ പ്രതിഫലമാണത്.’

അവലംബം: islamqa.info
വിവ- അർശദ് കാരക്കാട്

error: Content is protected !!