ചോദ്യം: വുദൂ എടുക്കുമ്പോള്‍ സ്ത്രീകള്‍ മക്കന തടവുന്നത് അനുവദനീയമാണോ?
മറുപടി: തലമക്കന തടവുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതര്‍ക്കിടയില്‍ മൂന്ന് അഭിപ്രായമാണുള്ളത്:-
ഒന്ന്: മക്കന മാത്രമായി തടവുന്നത് അനുവദനീയമല്ലെന്നതാണ് ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായം. ഇമാം അഹ്മദിൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരമുള്ള അഭിപ്രായമാണിത്. തലമക്കന നേർത്തതാവുകയും അതിലൂടെ വെള്ളം ഇറങ്ങുകയും ചെയ്തുകൊണ്ടല്ലാതെ, വുദൂ എടുക്കുമ്പോൾ മക്കന തടവുകയാണെങ്കിൽ നമസ്‌കാരം ശരിയാവുകയില്ലെന്ന് അവർ വിധിക്കുന്നു. ‘അൽമുദവ്വന അൽകുബറയിൽ’ (124/1) മക്കന തടവുന്നതിനെ കുറിച്ച് ഇമാം മാലിക്ക് പറയുന്നു: ‘അവൾ വുദൂഉം നമസ്‌കാരവും ആവർത്തിക്കേണ്ടതുണ്ട്.’
ഇനി, സ്ഥിരപ്പെട്ട പ്രവാചക വചനത്തെ മുന്നിൽ വെച്ച് തലേക്കെട്ട് (ഇമാമഃ) തടവുന്നത് അനുവദനീയമാണെന്ന ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായത്തിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്. സ്വഹീഹ് മുസ്‌ലിമിലെ (275) ബിലാൽ(റ)വിൽ നിന്നുളള ഹദീസ് സ്ഥിരപ്പെട്ടതാണ്: ‘പ്രവാചകൻ(സ) ഇരു കാലുറകളിലും തലക്കെട്ടിലും തടവി.’ ഹദീസിൽ വന്ന ‘ഖിമാർ’ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് തലേക്കെട്ടാണ്. കാരണം അത് തല മറയ്ക്കുന്നതാണ്. അതിനാൽ, പുരുഷുന്മാരുടെ തലക്കെട്ടും, സ്ത്രീകളുടെ മക്കനയും തടവുന്നത് അനുവദനീയമായി കാണുന്നവരിൽ ഇമാം ശാഫിഈ(റ)വും ഉൾപ്പെടുന്നു.
രണ്ട്: തങ്ങളുടെ ഇമാമുമാരിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് പ്രകാരം ഹമ്പലീ വീക്ഷണക്കാർ, മക്കന തടവുന്നത് അനുവദനീയമാണെന്നും വുദൂ ശരിയാകുമെന്നും അഭിപ്രായപ്പെടുന്നു. ഇബ്‌നു ഹസമിനുള്ളതും ഈ അഭിപ്രായമാണ്. അദ്ദേഹം പറയുന്നു: ‘തലേക്കെട്ട്, മക്കന, തൊപ്പി, തലയുറ, പടതൊപ്പി തുടങ്ങിയ തലയിൽ ധരിക്കുന്ന ഓരോന്നും തടവിയാൽ മതിയാകുന്നതാണ്. കാരണമുണ്ടായാലും ഇല്ലെങ്കിലും സ്ത്രീയും പുരഷനും അക്കാര്യത്തിൽ തുല്യരാണ്.’ (അൽമുഹല്ല: 303/1)
മൂന്ന്: തലയിൽ നിന്ന് മക്കന നീക്കം ചെയ്യുന്നത് പ്രയാസരഹിതമാവുക, പ്രയാസമാവുക എന്നിങ്ങനെ വേർതിരിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം. മക്കന നീക്കുന്നത് പ്രയാസകരമാവുകയാണെങ്കിൽ തടവുന്നത് അനുവദനീയമാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ഇമാം ഇബ്‌നു തൈമിയയുടെ അഭിപ്രയാവും ഇതുതന്നെയാണ്. ആധുനിക പണ്ഡിതരിൽ നിന്ന് ശൈഖ് ഉസൈമീനും ഈ വീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്.
norgerx.com
ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു: ‘കഴുത്തിനെ വലയം ചെയ്ത് മൂടുന്ന വസ്ത്രം സ്ത്രീകൾ തടവുന്നതുമായി രണ്ട് റിപ്പോർട്ടുകളാണുള്ളത്. തടവുന്നത് അനുവദനീയമല്ലെന്നതാണ് ഒന്നാമത്തെ റിപ്പോർട്ട്. ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള പ്രമാണം കൃത്യമായും പുരുഷന്മാരെ കുറിച്ചാണ് പറയുന്നത്. സ്ത്രീകൾ അതിൽ സംശയാസ്പദമായ നിലയിലാണ്. കാരണം, സംരക്ഷണാർഥമായാണ് സ്ത്രീകളത് തലയിൽ ധരിക്കുന്നത്. തടവുന്നത് അനുവദനീയമാണെന്നതാണ് രണ്ടാമത്തെ റിപ്പോർട്ട്. ‘ഇരുകാലുറയും തലക്കെട്ടും തടവുക’ എന്ന പ്രവാചക വചനത്തിൽ നിന്ന് പൊതുവായി വെളിപ്പെടുന്നതാണത്. (ഇമാം അഹ്മദ്: 325/39) ഹദീസ് ഗവേഷകർ പറയുന്നു: വാക്കുകൊണ്ടല്ല, പ്രവർത്തനംകൊണ്ട് സ്ഥിരപ്പെട്ട ഹദീസാണത്. കാലുറ തടവുന്നതിൽ സ്ത്രീകൾ വരുന്നതുപോലെ, മുകളിൽ പറഞ്ഞ സംബോധനയിൽ പുരുഷന്മാരെ തുടർന്ന് സ്ത്രീകളും വരുന്നതാണ്. കാരണം, തലയിലെ വസ്ത്രം പുരുഷന് തടവുന്നത് അനുവദനീയമാണെന്ന പോലെ, സ്ത്രീകൾക്കും തടവുന്നത് അനുവദനീയമാണ്. തലയിൽ ധരിക്കുന്നത് അനുവദനീയമായ വസ്ത്രം അഴിക്കുന്നത് മിക്കതും പ്രയാസകരമാണ്. ഉദാഹരണമായി, പുരുഷൻ ധരിക്കുന്ന തലേക്കെട്ട്. സ്ത്രീകൾ ധരിക്കുന്ന മക്കന പുരുഷന്മാരെക്കാൾ കൂടുതലായി ശരീരഭാഗങ്ങൾ മറയ്ക്കുന്നതാണ്. അത് അഴിക്കുകയെന്നത് അതിനെക്കാൾ പ്രയാസകരമാണ്. കാലുറ തടവുന്നതിനെക്കാൾ ശക്തമായ ആവശ്യവുമാണത്.’ (ശർഹുൽ ഉംദ: 265-266/1)
ശൈഖ് ഉസൈമീൻ പറയുന്നു: ‘അവിടെ, തണുപ്പുകൊണ്ടോ, അഴിച്ചുമാറ്റുന്നത് കൊണ്ടോ, വീണ്ടും ചുറ്റുന്നതിലോ പ്രയാസമുണ്ടാവുകയാണെങ്കിൽ അത് തടവുന്നതിൽ പ്രശ്‌നമില്ല. അല്ലെങ്കിൽ, തടവാതിരിക്കുകയെന്നതാണ് ഉത്തമം. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രമാണങ്ങൾ വന്നിട്ടില്ല.’ (ശർഹുൽ മുംമ്ത്തിഅ് അലാ സാദുൽ മുസ്തക്‌നിഅ്: 239/1)
പ്രബലമായത് മൂന്നാമത്തെ അഭിപ്രായമാണ്. ഇമാമഃ-തലേക്കെട്ട് തടവുന്നത് അനുവദനീയമാണെന്ന് പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ടതാണ്. സ്ത്രീകളുടെ മക്കനയും പുരുഷന്റെ തലേക്കെട്ടും തമ്മിൽ വ്യത്യാസപ്പെടുന്നില്ല. മറിച്ച്, ശൈഖുൽ ഇസ്‌ലാം പറഞ്ഞ കാരണം മുന്നിൽവെക്കുമ്പോൾ, സ്ത്രീകൾക്ക് കൂടുതൽ അനുവദനീയമാവുകയാണ് ചെയ്യുന്നത്. ഈയൊരു അടിസ്ഥാനത്തിൽ, തല മറക്കുന്ന എല്ലാം തടവുകയെന്നത് അനുവദനീയമാകുന്നില്ല. എന്നാൽ തല മറക്കുകയും, അതഴിക്കുമ്പോൾ മുടി കാണുമോയെന്ന് ഭയക്കുകയോ തണുപ്പ് കൊണ്ട് ജീവനിൽ ഭയമുണ്ടാവുകയോ ചെയ്യുകയാണെങ്കിൽ തടവുന്നത് അനുവദനീയമാണ്. അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒഴിവുകഴിവുണ്ടാകുമ്പോഴും മക്കന തടവുന്നത് അനുവദനീയമാണ്.
അവലംബം: islamqa.info
വിവ- അർശദ് കാരക്കാട്