ചോദ്യം- മഹത്തുക്കൾക്ക് വേണ്ടി സ്മാരകങ്ങൾ നിർമിക്കുന്നതിന്റെ വിധി എന്താണ് ?
മറുപടി: അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതമർപ്പിച്ച മഹത്തുക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളിൽ പെട്ടതാണ്. അല്ലാഹു അത്തരം ആളുകളിൽ സംതൃപ്തിയടഞ്ഞിരിക്കുന്നുവെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തുന്നു. ‘മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ആദ്യമായി മുന്നോട്ടുവന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകികൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതെത്ര മഹത്തായ ഭാഗ്യം.’ (അത്തൗബ: 100) സുകൃതങ്ങൾ ചെയ്ത് മുന്നേറുകയും, അല്ലാഹുവിന്റെ മാർഗത്തിൽ ജീവൻ അർപ്പിക്കുകയും ചെയ്ത സത്കർമികൾക്ക് സ്വർഗം ഒരിക്കുവെച്ചിരിക്കുന്നുവെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അത് മഹത്തായ സൗഭാഗ്യവുമാണ്. അത്തരത്തിൽ അല്ലാഹു സംതൃപ്തിയടഞ്ഞവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ‘വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ.’ (അൽഹജ്ജ്: 32) അല്ലാഹുവിന്റെ മാർഗത്തിൽ ജീവൻ ത്യജിച്ചവർ മരിക്കാതെ ജീവിക്കുന്നുവെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു. ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവർ എന്ന് നിങ്ങൾ പറയേണ്ട. എന്നാൽ അവരാകുന്നു ജീവിക്കുന്നവർ. പക്ഷേ, നിങ്ങൾ ബോധവാന്മാരാകുന്നില്ല.’ (അൽബഖറ: 154)
അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി ജീവാർപ്പണം നടത്തിയ, അല്ലാഹു സംതൃപ്തിയടഞ്ഞ മഹത്തുക്കൾ രക്തസാക്ഷികളായാലും ജീവിക്കുന്നുവെന്ന് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു. തഹ്‌രീർ വത്തൻവീറിൽ ത്വാഹിർ ബിൻ ആശൂർ പറയുന്നു: ”അല്ലാഹു പറയുന്നു: ‘പക്ഷേ, നിങ്ങൾ ബോധവാന്മാരാകുന്നില്ല. ‘അവർ ശാരീരകവും ഭൗതികവുമല്ലാത ആത്മീയമായ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്.’ അവരുട ബർസഖീ ജീവിതം സ്വർഗത്തിലേക്ക് തുറന്നുവെച്ചതായിരിക്കും. കൂടാതെ, ആവേശവും പ്രചോദനവുമായി അവർ വിശ്വാസികളുടെ മനസ്സുകളിൽ ജീവിക്കുന്നു. എന്നിരുന്നാലും, അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവരെ ആദരിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി സ്മാരകങ്ങൾ നിർമിക്കുകയെന്നത് അനുവദനീയമല്ല. അവരെ ആദരിക്കാനും ഓർമിക്കാനും അവരിലെ മാതൃകകൾ സ്വീകരിക്കാനുമായി സ്മാരകങ്ങൾ പണികഴിപ്പിക്കുകയെന്നത് ഇസ്‌ലാമിക അധ്യാപനങ്ങളോട് ചേർന്നുനിൽക്കുന്നില്ല.
നല്ലവരായ ആളുകളെ ആദരിച്ച് ആദരിച്ച് വിഗ്രഹങ്ങളും പ്രതിഷ്ഠകളും ദൈവങ്ങളുമാക്കി മാറ്റിയ നൂഹ് ജനതയെ കുറിച്ച് അല്ലാഹു വിശ്വാസികളെ ഓർമിപ്പിക്കുന്നു: ‘അവർ പറഞ്ഞു: ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്.’ (നൂഹ്: 23) സൂറത്ത് നൂഹിൽ പറയുന്ന ഈ വ്യക്തികൾ സത്കർമകളായിരുന്നു. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ‘വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് – നൂഹ് നബിയുടെ സമൂഹത്തിലെ സത്കർമികളായ ആളുകളായിരുന്നു. അവർ മരിച്ചപ്പോൾ, പിശാച് അവരുടെ സമൂഹത്തോട് പ്രതിഷ്ഠകൾ മജ്‌ലിസിൽ സ്ഥാപിക്കാനും, അതിനെ അവരുടെ പേരിൽ വിളിക്കാനും ഉദ്‌ബോധനം നൽകി. അവരത് ചെയ്തു. ഈയാളുകൾ മരിക്കുന്നതുവരെ അവർ ആരാധിക്കപ്പെട്ടിരുന്നില്ല. അവരെ കുറിച്ചുള്ള അറിവുകൾ മാഞ്ഞുപോവുകയും അവർ ആരാധിക്കപ്പെടുകയും ചെയ്തു.’
ആദരിച്ച് ആദരിച്ച് വീരപുരഷന്മാരും, പിന്നീട് ദൈവങ്ങളുമാക്കി മാറ്റുകയെന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുർആൻ പറയുന്നു: ‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം.’ (അൽമാഇദ: 90) ഈ സൂക്തത്തിൽ, അൻസ്വാബ്-പ്രതിഷ്ഠകൾ പൈശാചികമായ മ്ലേച്ഛവൃത്തിയാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. ബഹുമാനർഥം വ്യക്തികളെ പ്രതിഷ്ഠിക്കുന്നതും, സ്മാരകങ്ങൾ ഒരുക്കുന്നതും അവർ പ്രത്യേക ദിനത്തിൽ അനുസ്മരിക്കപ്പെടാനും, അതൊരു ആഘോഷമായി മാറാനും, തുടർന്ന് ആരാധ്യപുരുഷനും ദൈവവുമായി അവർ പരിവർത്തിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇസ്‌ലാമിക ശരീഅത്തിലെ അടിസ്ഥാന നിയമമെന്നത് തെറ്റിലേക്കുള്ള വഴി തടയുകയെന്നതാണ്. നന്മ കൊണ്ടുവരുന്നതിന് മുമ്പ് തിന്മ തടയുകയെന്നതുമാണ്.
അതുപോലെ, മഹത്തുക്കളുടെ മഖ്ബറകൾക്ക് ദൈവിക പരിവേഷം നൽകുന്നതിലേക്ക് നയിക്കുന്നതിനെ പ്രവാചകൻ തടയുന്നതായി കാണാം. ജാബിർ(റ)വിൽ നിന്ന് മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു: ‘ഖബറിൽ കുമ്മായം പൂശുന്നതും അതിന്മേൽ ഇരിക്കുന്നതും അത് കെട്ടിപൊക്കുന്നതും പ്രവാചകൻ നിഷിദ്ധമാക്കിയിരിക്കുന്നു.’ നിഷേധികൾ തങ്ങളുടെ ആചാര്യന്മാരെ മഹത്വവത്കരിക്കുന്നതിന്റെ ഭാഗമായി വിഗ്രഹങ്ങളും പ്രതിഷ്ഠകളും സ്ഥാപിക്കുന്നു. നാം അത്തരത്തിലൊരു രീതി സ്വീകരിക്കുമ്പോൾ, നാം അവരുടെ വിശ്വാസത്തോട് സാദൃശ്യപ്പെടുകയാണ്. നിഷേധികളോട് സാദൃശ്യപ്പെടുകയെന്നത് പ്രവാചകൻ വിശ്വാസികളെ തൊട്ട് വിലക്കിയതാണ്. വരും തലമുറ ഓർക്കാൻ അവരെ വിഗ്രഹവത്കരിക്കുന്നതിലേക്ക് നയിക്കാത്ത, അവരെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ, കോൺഫറൻസുകൾ തുടങ്ങിയ ആശയത്തിലേക്ക് പ്രവേശിക്കുന്നതാണ് ഉചിതം.
അവലംബം: islamqa.info, islamweb.net, drsregeb.com
വിവ- അർശദ് കാരക്കാട്