Sunday, May 12, 2024
Homeദൈവംദിവ്യജ്ഞാനം ഇക്കാലത്തുമുണ്ടാവില്ലേ?

ദിവ്യജ്ഞാനം ഇക്കാലത്തുമുണ്ടാവില്ലേ?

ചോദ്യം- “ദീർഘകാലത്തെ മനനത്തിലൂടെ മഹാമനീഷികൾക്ക് ലഭിക്കുന്നതല്ലേ ദിവ്യജ്ഞാനം? ഇക്കാലത്തും ഇത് സാധ്യമല്ലേ?”

ഉത്തരം- ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാൻ സാധിക്കുന്നതോ മനനത്തിലൂടെ മനസ്സുകൾക്ക് ആർജിക്കാൻ കഴിയുന്നതോ അല്ല ദിവ്യസന്ദേശം. ആഗ്രഹിച്ചോ ശ്രമിച്ചോ ലഭിക്കുന്നതുമല്ല ദിവ്യബോധനം. എല്ലാവിധ ഭൗതിക വിശകലനങ്ങൾക്കും അതീതവും അതിസൂക്ഷ്മവുമായ പ്രതിഭാസമാണത്. സ്വപ്നദർശനത്തിലൂടെ ലഭ്യമാകുന്ന അറിവ് ആർജിതജ്ഞാനമോ ആഗ്രഹിച്ച് ലഭിക്കുന്നതോ അല്ലല്ലോ. എന്നാൽ സ്വപ്നജ്ഞാനം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. ദിവ്യബോധനം അതിനോടുപമിക്കാമെങ്കിലും പ്രവാചകന്മാർക്ക് വന്നെത്തുന്ന ദിവ്യസന്ദേശം ഒരിക്കലും അബദ്ധമാവുകയില്ല. സകല വിധ പ്രമാദസാധ്യതകളിൽനിന്നും മുക്തമത്രെ അത്.

പ്രവാചകത്വം ദൈവത്തിന്റെ ദാനമാണ്. അവൻ ഇഛിക്കുന്നവരെ തന്റെ ദൂതന്മാരായി തെരഞ്ഞെടുക്കുന്നു. മാനവ സമൂഹത്തിന്റെ മാർഗദർശനത്തിനായി അവരെ നിയോഗിക്കുന്നു. അതിൽ മനുഷ്യേഛക്കോ അധ്വാനപരിശ്രമങ്ങൾക്കോ ഒരു പങ്കുമില്ല. അല്ലാഹു പറയുന്നു: “”നിനക്ക് വേദം നൽകപ്പെടുമെന്ന് നീയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇത് നിന്റെ നാഥനിൽനിന്നുള്ള അനുഗ്രഹം കൊണ്ടുമാത്രമത്രെ. അതിനാൽ നീ സത്യനിഷേധികളുടെ സഹായിയാവരുത്”(28: 86).

“”അത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവൻ ഇഛിക്കുന്നവർക്ക് അവനത് നൽകുന്നു.”(62: 44)

എന്താണ് ദിവ്യബോധനമെന്നും വേദഗ്രന്ഥമെന്നും മുഹമ്മദ് നബിതിരുമേനിക്ക് നേരത്തെ അറിയുക പോലുമില്ലായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നു: “”നമ്മുടെ കൽപനയനുസരിച്ച് നാം നിനക്ക് ബോധനം നൽകിയിരിക്കുകയാണല്ലോ. വേദമെന്താണ്, സത്യവിശ്വാസമെന്താണ് എന്നൊന്നും നിനക്കൊട്ടും അറിവുണ്ടായിരുന്നില്ല. എന്നാൽ നാമതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. നാം ഉദ്ദേശിക്കുന്നവർക്ക് അതുവഴി മാർഗദർശനം നൽകുന്നു”(42: 52).

മുഹമ്മദ് നബിയുടെ ഹിറാ വാസം എന്തിന്?
ചോദ്യം-“എങ്കിൽ എന്തിനാണ് മുഹമ്മദ് നബി പ്രവാചകത്വത്തിനു മുമ്പ് ഹിറാഗുഹയിൽ പോയി ഏകാന്തവാസം അനുഷ്ഠിച്ചത്?”

ഉത്തരം- ദിവ്യബോധനം സ്വീകരിക്കുന്ന വ്യക്തി അതിനർഹനായിരിക്കണമല്ലോ. എല്ലാ അർഥത്തിലും സുസജ്ജനും. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മുഹമ്മദ് നബിയും ദൈവികസന്ദേശം ഏറ്റുവാങ്ങാൻ പറ്റും വിധം വളർത്തപ്പെടുകയായിരുന്നു. ആവശ്യമായ യോഗ്യതയാലും സിദ്ധിയാലും അനുഗ്രഹിക്കപ്പെടുകയായിരുന്നു. അതിനാൽ എല്ലാവിധ ദുശ്ശീലങ്ങളിൽനിന്നും പാപവൃത്തികളിൽനിന്നും തീർത്തും മുക്തനായി പരമ പരിശുദ്ധനായാണ് നബിതിരുമേനി വളർന്നുവന്നത്. വിശ്വസ്തനായി പരക്കെ അറിയപ്പെടുമാറ് കുറ്റമറ്റതായിരുന്നു തിരുമേനിയുടെ ജീവിതം. നാൽപതു വയസ്സോടടുത്തപ്പോൾ ദൈവികമായ ഉൾവിളി സ്വീകരിച്ച്, മലീമസമായ ചുറ്റുപാടിൽനിന്നു മാറി ഹിറാഗുഹയിൽ ഏകാന്തവാസമനുഷ്ഠിച്ചു. അങ്ങനെ പ്രവാചകത്വം ഏറ്റുവാങ്ങാനാവശ്യമായ മാനവികമായ പൂർണത പ്രാപിക്കുകയായിരുന്നു മുഹമ്മദ് നബി. അഥവാ, ദൈവം തന്റെ അന്ത്യദൂതനായി നിയോഗിക്കാൻ പോകുന്ന വ്യക്തിയെ അതിനനുയോജ്യമാം വിധം വളർത്തിക്കൊണ്ടുവരികയായിരുന്നു. ഹിറാ ഗുഹയിലെ ധ്യാനനിരതമായ ജീവിതം അതിന്റെ ഭാഗമായിരുന്നു.

ദൈവദൂതനെ എങ്ങനെ തിരിച്ചറിയും?
ചോദ്യം- “എങ്ങനെയാണ് ഒരാൾ ദൈവദൂതനാണോ അല്ലേയെന്ന് തിരിച്ചറിയുക?”

ഉത്തരം- സമകാലീന സമൂഹത്തിലെ സത്യസന്ധനായ ഏതൊരാൾക്കും തിരിച്ചറിയാൻ സാധിക്കുമാറ് സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയായിരിക്കും ദൈവദൂതൻ. അദ്ദേഹം പരമപരിശുദ്ധനായിരിക്കും. ജീവിതത്തിലൊരിക്കലും കള്ളം പറയില്ല. സത്യവിരുദ്ധമായി ഒന്നും പ്രവർത്തിക്കുകയില്ല. പ്രകൃതം തീർത്തും പാവനമായിരിക്കും. ചീത്ത വാക്കോ ദുർവൃത്തിയോ ദൈവദൂതനിൽനിന്നൊരിക്കലുമുണ്ടാവുകയില്ല. സത്യവും നീതിയും സൽക്കർമവും മറ്റുള്ളവരോട് ഉപദേശിക്കുന്നതോടൊപ്പം സ്വയം നടപ്പാക്കുകയും ചെയ്യും. പറയുന്നതിനെതിരെ പ്രവർത്തിച്ചതിന് ഒരൊറ്റ ഉദാഹരണം പോലും കാണപ്പെടുകയില്ല. എപ്പോഴും ഋജുവും ശ്രേഷ്ഠവും സുതാര്യവും സംശുദ്ധവും സംശയരഹിതവുമായ മാർഗമേ അവലംബിക്കുകയുള്ളൂ. സകല വിധ സ്വാർഥതകളിൽനിന്നും തീർത്തും മുക്തനായിരിക്കും. ആരെയും വാക്കാലോ പ്രവൃത്തിയാലോ ദ്രോഹിക്കുകയില്ല. ആരുടെയും അവകാശം അശേഷം കവർന്നെടുക്കുകയില്ല. സത്യസന്ധത, ത്യാഗശീലം, ശ്രേഷ്ഠ ചിന്ത, സന്മാർഗനിഷ്ഠ, നന്മ പോലുള്ള ഉത്തമ ഗുണങ്ങൾക്ക് എക്കാലത്തെയും ഏറ്റവും നല്ല മാതൃകയായിരിക്കും. ആരെത്ര ശ്രമിച്ചാലും ദൈവദൂതന്റെ ജീവിതത്തിൽ ന്യൂനത കണ്ടെത്തുക സാധ്യമല്ല.

കവിയെ അയാളുടെ കവിതയിലൂടെയും കലാകാരനെ അയാളുടെ വരകളിലൂടെയും തിരിച്ചറിയുന്നപോലെ സമൂഹം പ്രവാചകനെ അദ്ദേഹത്തിന് അവതീർണമാകുന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കുക തന്നെ ചെയ്യും. അന്യർക്ക് ഉൗഹിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ദൈവദൂതന്റെ മനസ്സിൽ അനായാസം തെളിഞ്ഞുവരുന്നു. അവയൊക്കെ ശരിയാണെന്ന് സമൂഹത്തിന് ബോധ്യമാവുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാ ദൈവദൂതന്മാരും തങ്ങളുടെ സമൂഹത്തിലെ സകല സുമനസ്സുകളാലും തിരിച്ചറിയപ്പെടുന്നു.

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!