Sunday, May 12, 2024
HomeQ&Aസർക്കാരിലേക്ക് നികുതി നൽകുന്നവർ സകാത്ത് നൽകേണ്ടതുണ്ടോ ?

സർക്കാരിലേക്ക് നികുതി നൽകുന്നവർ സകാത്ത് നൽകേണ്ടതുണ്ടോ ?

ചോദ്യം – ഓരോ ഇന്ത്യക്കാരനും തന്റെ വരുമാനത്തിന്റെ 10 മുതൽ 30 ശതമാനം വരെ നികുതിയായി സർക്കാരിലേക്ക് നൽകുന്നു. അതിന് പുറമേയാണ് നമ്മൾ രണ്ടര ശതമാനം സക്കാത്ത് ചോദിക്കുന്നത്. ആറാം നൂറ്റാണ്ടിൽ ഖുർആൻ വരച്ചു കാണിച്ച കാര്യങ്ങൾ നമ്മൾ ഇക്കാലഘട്ടത്തിലേക്ക് വിശാലമാക്കേണ്ടതല്ലേ?.

ഉത്തരം – ഒരു മുസ്ലിം ഏതൊരു നാട്ടിലാണോ ജീവിക്കുന്നത് ആ നാട്ടിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. വ്യക്തിജീവിതത്തില്‍ പാലിക്കാന്‍ യാതൊരു തടസ്സവുമില്ലാത്ത ഇസ് ലാമിക കല്‍പനാവിരോധങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം. വീട്ടില്‍ നമസ്കരിക്കുന്നതിനോ, സ്വന്തമായി സ്വദഖകള്‍ നല്‍കുന്നതിലോ, മദ്യപാനം ഒഴിവാക്കുന്നതിനോ ആര്‍ക്കും അയാളെ നിര്‍ബന്ധിക്കാനോ വിരോധിക്കാനോ കഴിയില്ലല്ലോ. എന്നാല്‍ നാട്ടിലെ ടാക്സ്, ഫീസുകള്‍, ഫൈനുകള്‍, ചാര്‍ജുകള്‍ പോലെയുള്ളവയൊക്കെ മറ്റ് പ്രജകളെപ്പോലെ ഓരോ മുസ്ലിമും പൂര്‍ണ്ണമായി നല്‍കേണ്ടതാണ്. എന്നല്ല, ഒരു മുസ്ലിം ഇതിനൊക്കെ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് വേണ്ടത്. ടാക്സ് വെട്ടിക്കാന്‍ വേണ്ടി കള്ളക്കണക്കുകള്‍ ഉണ്ടാക്കുന്നത് ഒരു മുസ്ലിം കച്ചവടക്കാരന് ഭൂഷണമല്ല. സർക്കാര്‍ നിശ്ചയിച്ച ടാക്സ് പൂര്‍ണ്ണമായി നല്‍കുകയാണ് വേണ്ടത്. സര്‍ക്കാര്‍ അതില്‍ വെട്ടിപ്പുകള്‍ നടത്തുന്നുണ്ടോ എന്നത് ഇയാളുടെ ഉത്തരവാദിത്തത്തില്‍ വരുന്നതല്ല. ഒരു നാട്ടിലെ പ്രജ എന്ന നിലക്ക് നാടിനോടും സര്‍ക്കാരിനോടും ഉള്ള ബാധ്യതകള്‍ നിര്‍വഹിക്കല്‍ മുസ്ലിം ബാധ്യസ്ഥനാണ്.

ഒരാളുടെ സകാത്ത് അയാളുടെ ഇസ്ലാമുമായി ബന്ധപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്. അത് കൃത്യമായി നാല്‍കാതെ ഒരാള്‍ക്ക് മുസ്ലിമായി നിലനില്‍ക്കാന്‍ സാധിക്കില്ല. സത്യസാക്ഷ്യം, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ ഒരാള്‍ മുസ്ലിമാവാനുള്ള മിനിമം കാര്യങ്ങളാണ്. അവ നിര്‍വ്വഹിച്ചാലെ ഒരാളെ മുസ്ലിമായി പരിഗണിക്കൂ. എങ്കിലേ അയാള്‍ മുസ്ലിം കമ്മ്യൂണിറ്റിയിലെ ഒരു മെമ്പര്‍ ആവൂ.

ഒരാളുടെ ഹലാലും ന്യായവുമായ, ധൂര്‍ത്തൂം ദുര്‍വ്യവുമാവാതെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാ ചെലവുകള്‍ കഴിഞ്ഞ് ബാക്കിയുള്ള സ്വത്ത് സകാത്ത് നല്‍കാന്‍ വേണ്ട മിനിമം സംഖ്യ ഉണ്ടെങ്കിലേ അയാള്‍ സകാത്ത് നല്‍കേണ്ടതുള്ളൂ. അയാളുടെ സ്വന്തം ചെലവുകള്‍, ചെലവിന് നല്‍കേണ്ട കുടുംബത്തിന്‍റെ ചെലവുകള്‍, കറണ്ട് വെള്ളം ബില്ലുകള്‍, പെട്രോള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട ടാക്സുകള്‍-ഫീസുകള്‍, ബന്ധുക്കളുടെ ആവശ്യങ്ങള്‍, അയല്‍പക്കത്തെ ആവശ്യങ്ങള്‍, നാട്ടിലെയും മഹല്ലിലെയും സംരംഭങ്ങള്‍, ഇസ് ലാമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനവ്യയങ്ങള്‍, ഒരു വര്‍ഷക്കാലം അയാള്‍ നല്‍കിയ ദാനധര്‍മ്മങ്ങള്‍ എന്നിവയൊക്കെ അയാളുടെ ചെലവില്‍ പെടുന്നത് തന്നെയാണ്. ഇവയൊക്കെ കഴിഞ്ഞും ഓരോ കൊല്ലവും കണക്ക് നോക്കുമ്പോള്‍ നിസ്വാബ് (സകാത്ത് ബാധകമാവുന്ന മിനിമം സംഖ്യ) കയ്യിലുണ്ടെങ്കില്‍ അയാള്‍ സകാത്തും നല്‍കണം.

കൊല്ലത്തിലൊരിക്കല്‍ സകാത്ത് നല്‍കുവാന്‍ വേണ്ടി സമ്പത്ത് കൂട്ടിവെക്കുകയും, സകാത്ത് നല്‍കാന്‍ സമയമാവുമ്പോള്‍ തന്‍റെ കുടുബത്തിലും അയല്‍പക്കത്തും സകാത്തിന്‍റെ അവകാശികളെ തേടിനടക്കുകയും ചെയ്യുക എന്നത് ഇസ്ലാം പഠിപ്പിക്കുന്ന കാരുണ്യത്തിനും വിശാലതയ്ക്കും നിരക്കുന്നതല്ല. അയല്‍ക്കാരന്‍ പട്ടിണി കിടക്കെ വയര്‍ നിറക്കുന്നവന്‍ വിശ്വാസിയല്ല എന്ന്‍ പഠിപ്പിക്കപ്പെട്ട സമൂഹത്തിന് എങ്ങിനെ സ്വത്ത് കൂട്ടിവെക്കാന്‍ കഴിയും!

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!