ചോദ്യം- ഞാന്‍ ബാഗ്, ചെരുപ്പ് മുതലായ ലെതര്‍ ഐറ്റങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് നടത്തുന്ന ആളാണ്. ഷോപ്പ് വാടകയ്ക്ക് എടുത്തിരിക്കുന്നതാണ്. ഷോപ്പ് എടുത്തത്തിന് ഒരു സംഖ്യ ഡെപ്പോസിറ്റ് ആയി കൊടുത്തിട്ടുമുണ്ട്. ഷോപ്പ് ഡെക്കോറേഷന്‍ ലൈറ്റിംഗ് മുതലായവയ്ക്ക് വലിയൊരു സംഖ്യയും ചെലവായിട്ടുണ്ട്. ഈ ഷോപ്പിന്‍റെ സകാത്ത് കണക്കാക്കുന്നത് എങ്ങിനെയാണ്?
ഉത്തരം – ഷോപ്പിന് സകാത്ത് ഇല്ല. കച്ചവടത്തിന് സകാത്ത് നല്‍കണം.
ഷോപ്പ് കിട്ടാന്‍ വേണ്ടി കൊടുത്തിരിക്കുന്ന ഡെപ്പോസിറ്റ് സംഖ്യ അത് എത്ര വലുതാണെങ്കിലും തല്‍ക്കാലം അതിന് സകാത്ത് നല്‍കേണ്ടതില്ല. കാരണം ആ സംഖ്യയുടെ ഉടമസ്ഥാവകാശം തല്‍ക്കാലം താങ്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പൂര്‍ണ്ണ ഉടമസ്ഥാവകാശം ഉള്ള വസ്തുവിലാണ് സകാത്ത് നിര്‍ബന്ധം.
ഷോപ്പ് ഡെക്കോറേഷന്‍, ലൈറ്റിംഗ്, ഓട്ടോമേഷന്‍, ഷോപ്പിലേക്കുള്ള വാഹനം, ഫര്‍ണിച്ചര്‍ എന്നിവയ്ക്കൊന്നും സകാത്ത് നല്‍കേണ്ടതില്ല. അത് ഷോപ്പിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ അല്ലെങ്കില്‍ ഫിക്സഡ് അസറ്റ്സ് ആണ്. അതിനും സകാത്ത് നല്‍കേണ്ടതില്ല. അവ ഉണ്ടെങ്കിലേ ഷോപ്പ് നടത്താന്‍ കഴിയൂ.
കച്ചവടത്തിന് കൊല്ലത്തിലൊരിക്കല്‍ സകാത്ത് നല്‍കണം. കച്ചവടം തുടങ്ങിയ അന്ന് മുതലാണ് സകാത്ത് വര്‍ഷം ആരംഭിക്കുന്നത്. 85 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് തുല്യമായ സംഖ്യയാണ് കച്ചവടത്തിന്‍റെ നിസ്വാബ് (സകാത്ത് ബാധകമാവുന്ന മിനിമം സംഖ്യ). അതില്‍ കുറവാണെങ്കില്‍ സകാത്ത് നല്‍കാന്‍ ബാധകമായ കച്ചവടം അല്ല അത്. അതില്‍ കൂടുതല്‍ എത്ര സംഖ്യ ഉണ്ടോ അതിന് മൊത്തം രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്.
കച്ചവടത്തിന്റെ സകാത്ത് കണക്കാക്കുന്നത് ഷോപ്പിലുള്ള മൊത്തം സ്റ്റോക്കിന്‍റെ വാങ്ങിയ വില (ലാണ്ടിംഗ് കോസ്റ്റ്) + ബാങ്കിൽ അക്കൌണ്ടില്‍ ഉള്ള പൈസ + കയ്യിലുള്ള പൈസ എന്നിവ കൂട്ടി, അതിൽ നിന്ന് ഈ ഒരു കൊല്ലം അടച്ചു തീര്‍ക്കാനുള്ള കടം, ഡെഡ് സ്റ്റോക്ക്, കിട്ടാക്കടം, മറ്റ് മൊത്തം ചെലവുകൾ എന്നിവ കുറച്ച ശേഷം ബാക്കിയുള്ള സംഖ്യയുടെ രണ്ടര ശതമാനം സക്കാത്ത് നൽകണം. കടയുടെ വാടക, കറണ്ട് ബില്ലുകള്‍, തൊഴിലാളികളുടെ ശമ്പളം, ആനുകൂല്യങ്ങള്‍, ടാക്സുകള്‍, മറ്റ് ചെലവുകള്‍ ഒക്കെ ചെലവില്‍ കണക്കാക്കാം. അങ്ങിനെ കിട്ടുന്ന സംഖ്യ മുകളില്‍ പറഞ്ഞ നിസ്വാബ് ഉണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. മൊത്തം സംഖ്യയുടെ നാല്‍പതില്‍ ഒരു ഭാഗമാണ് രണ്ടര ശതമാനം എന്ന് പറയുന്നത്.
ഷോപ്പുകളില്‍ സാധങ്ങള്‍ കടമായി വാങ്ങലും വില്‍പനയും സാധാരണ നടക്കുന്നതാണല്ലോ. അതിനാല്‍ ഈ സകാത്ത് വര്‍ഷത്തില്‍ കടമായി വാങ്ങിയിട്ടുള്ള സാധനങ്ങള്‍ ഇക്കൊല്ലം സ്റ്റോക്കില്‍ വരുമെങ്കിലും, ആ കടം മുഴുവന്‍ ഇക്കൊല്ലം കൊടുത്തു തീര്‍ക്കാന്‍ സാധ്യത കുറവാണ്. ഇക്കൊല്ലം വാങ്ങിയത് മുഴുവന്‍ സ്റ്റോക്കില്‍ ചേര്‍ക്കുകയും, കൊടുത്ത പണം മാത്രം ചെലവില്‍ പെടുത്തുകയും ചെയ്യുക. ഇക്കൊല്ലം സ്റ്റോക്ക് കൂടുതലും ചെലവ് കുറവും ആയിരിയ്ക്കും. അതിനാല്‍ സകാത്ത് അല്പം കൂടുതല്‍ കൊടുത്തിട്ടുണ്ടാവും. എന്നാല്‍ അടുത്ത കൊല്ലം സ്റ്റോക്ക് കുറവും കടം വീട്ടുന്ന ചെലവ് കൂടുതലും ആയിരിയ്ക്കും. അപ്പോള്‍ സകാത്ത് കുറച്ചേ കൊടുക്കേണ്ടതുള്ളൂ.
കടമായി കൊടുത്ത സാധനങ്ങളും ഇങ്ങിനെ കണക്കാക്കാം. കൊടുത്ത സാധനം ഇക്കൊല്ലത്തെ വില്‍പനയില്‍ ചേര്‍ക്കുക. അത് ഇക്കൊല്ലത്തെ സ്റ്റോക്കിലും വരുമാനത്തിലും കുറവ് വരുത്തും. അതിനാല്‍ സകാത്ത് കുറച്ചേ നല്‍കേണ്ടി വരൂ. എന്നാല്‍ അടുത്ത കൊല്ലം കടം തിരികെ കിട്ടുന്നതിനാല്‍ വരുമാനത്തില്‍ കൂടുതല്‍ ഉണ്ടാവും; സകാത്ത് കൂടുതല്‍ നല്‍കേണ്ടിയും വരും. അതൊരു സൈക്കിള്‍ ആയി തുടരും.
ഡെഡ് സ്റ്റോക്ക് ഉണ്ടെങ്കില്‍ അത് കൊണ്ട് സ്ഥലം മിനക്കെടുത്താതെ എത്രയും പെട്ടെന്ന് ഒഴിവാക്കുക.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1