Home സ്ത്രീ, കുടുംബം, വീട് വിവാഹം അവിശ്വാസിനിയെ വിവാഹം കഴിക്കാമോ?

അവിശ്വാസിനിയെ വിവാഹം കഴിക്കാമോ?

ചോദ്യം: മുസ്‌ലിമായ യുവാവിന് യൂറോപ്യന്‍ വനിതയെയോ ക്രിസ്തുമത വിശ്വാസിനിയെയോ വിവാഹം കഴിക്കാമോ? വിശദീകരണം അറിയാന്‍ ആഗ്രഹിക്കുന്നു.

മറുപടി: വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വിശ്വാസിനികളെ വിവാഹം കഴിക്കുന്നത് അല്ലാഹു അനുവദിച്ചിരിക്കുന്നു. ബഹുദൈവാരാധകയായ അത് ഏതായാലും, വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: ബഹുദൈവവിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. (അല്‍ബഖറ: 221) അതിന്റെ കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. (അല്‍ബഖറ: 221)

എന്നാല്‍, അല്ലാഹു വേദഗ്രന്ഥം നല്‍കപ്പെട്ട ബഹുദൈവാരാധകരെ (ക്രിസ്ത്യാനികള്‍, ജൂതന്മാര്‍) അതില്‍ നിന്ന് ഒഴിവാക്കുന്നു. അത് അഹ്‌ലുകിതാബുകാര്‍ (വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍) മുസ്‌ലിംകളുമായി ചില വിശ്വാസകാര്യങ്ങളില്‍ യോജിക്കുന്നുവെന്നതിനാലാണ്. ഉദാഹരണം: അല്ലാഹുവിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, വിചാരണ-ശിക്ഷയിലുള്ള വിശ്വാസം തുടങ്ങിയവ. ഒരുപക്ഷേ, ഇത് അവരെ ഇസ്‌ലാമിലേക്ക് നയിക്കുന്നതിന് സഹായകരമായിരിക്കാം എന്നതുകൊണ്ടാണ്.

Also read: അമുസ്ലിം യുവാവുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം

അഹ്‌ലുകിതാബുകാരെ വിവാഹം കഴിക്കുന്നത് അനുവദനീയമാക്കുമ്പോള്‍ അതില്‍ ചില നിബന്ധനകള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. അവര്‍ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നതാണത്. അല്ലാഹു പറയുന്നു: എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുളള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടരിക്കുന്നു. (അല്‍മാഇദ: 5) പതിവ്രതകളല്ലെങ്കില്‍ അവരെ വിവാഹം കഴിക്കുന്നതിന് അനുവാദമില്ല. അതില്‍ നിന്ന് ഉമര്‍(റ) തടഞ്ഞതും, സ്വഹാബികള്‍ നിരോധിച്ചതും അതുകൊണ്ടാണ്.

പല കാരണങ്ങളാല്‍ വിശ്വാസിനിയായ സ്ത്രീയെ വിവാഹം കഴിക്കുന്നതിനാണ് വിശ്വാസിയായ പുരുഷന്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്നാണ്. ഒന്ന്, വിശ്വാസിനിയായ സ്ത്രീ അവരുടെ കുഞ്ഞിനെ ഇസ്‌ലാമിക ചിട്ടയില്‍ വളര്‍ത്തുന്നു. അവര്‍ രണ്ടുപേരും ഒരു വിശ്വാസത്തിന്റെ ഭാഗമാകയാല്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയില്ല. ത്വലാഖോ മരണമോ കാരണമായി വേര്‍പിരിയുന്ന അവസ്ഥയില്‍ മക്കളെ അവരോടൊപ്പം നിര്‍ത്തുന്നതിലും പ്രശ്‌നമുണ്ടാകുന്നില്ല.

രണ്ട്, മക്കള്‍ മാതാവിന്റെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടുകയില്ല. മാതാവ് അഹ്‌ലുകിതാബാണെങ്കില്‍ മക്കള്‍ അവരുടെ വിശ്വാസത്തിന്റെയും രീതികളുടെയും സ്വാധീനത്തിലായിരിക്കും വളരുക.

Also read: വിവാഹത്തിന് മുമ്പുള്ള പ്രണയം?

മൂന്ന്, അവര്‍ അധികപേരും പ്രത്യേകിച്ച് യൂറോപ്യന്മാര്‍ അവരിലേക്ക് ചേര്‍ക്കുന്ന വിശ്വാസത്തിന്റെ ഭാഗമായിരിക്കുകയില്ല. മറിച്ച്, മറ്റു പ്രത്യയശാസ്ത്രങ്ങളെയോ ആദര്‍ശങ്ങളെയോ സ്വാംശീകരിക്കുന്നവരായിരിക്കും. അസ്തിത്വവാദം, നിരീശ്വരവാദം തുടങ്ങിയവ ഉദാഹരണം. അവര്‍ക്ക് അവരുടെ ദീനുമായി യാതൊരു ബന്ധവും ഉണ്ടാവുകയില്ല. യഥാര്‍ഥത്തില്‍, അവര്‍ ദീനിന്റെ അടിസ്ഥാനത്തിലല്ലാതെ ജീവിക്കുന്നവരായിരിക്കും. അതുപോലെ, ജീവിത വിശുദ്ധ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലെ സൂക്ഷ്മത അവരില്‍ കുറവുമായിരിക്കും. അഹ്‌ലുകിതാബിനെ വിവാഹം കഴിക്കുന്നതിനുള്ള നിബന്ധനയാണത്. എന്നാല്‍, വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണെന്ന് ബോധ്യപ്പെടുകയും, അവര്‍ അവരുടെ ദീനില്‍ വിശ്വാസിക്കുകയും ചെയ്യുന്ന പക്ഷം വിവാഹം കഴിക്കുന്നത് അനുവദനീയമാണ്. ഇത് അനിവാര്യമായ സാഹചര്യത്തിലാണ് സ്വീകരിക്കേണ്ടതെന്നാണ് ഉപദേശിക്കാനുള്ളത്. അവിശ്വാസികളെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവരുമായുള്ള ബന്ധം തടയുകയെന്നതല്ല, ആ വിവാഹം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാതാക്കുകയെന്നതാണ്.

അവലംബം: islamweb.net

error: Content is protected !!