Friday, April 26, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംഇതില്‍ ആരാണ് എന്റെ ഭര്‍ത്താവ്?

ഇതില്‍ ആരാണ് എന്റെ ഭര്‍ത്താവ്?

ചോദ്യം: രണ്ട് വര്‍ഷമായി ഞാന്‍ വേദനിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ അകപ്പെട്ട ദു:ഖത്തില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് എനിക്കറിയില്ല. എന്റെ ഇഹലോകവും പരലോകവും ഞാന്‍ നഷ്ടപ്പെടുത്തി! ഞാന്‍ എന്റെ മേലധികാരിയുമായി പ്രണയത്തിലായരുന്നു. അദ്ദേഹം വിവാഹിതനുമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുകയും അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ സഹശയനം നടക്കുകയും ചെയ്തു. ശേഷം സാമ്പ്രദായികമായ വിവാഹ പത്രം കൊണ്ടുവരികയും, അതില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെടുകയും, ഞാന്‍ ഒപ്പുവെക്കുകയും ചെയ്തു. അതില്‍ രണ്ട് സാക്ഷികള്‍ ഒപ്പുവെച്ചു; എന്റെ മുമ്പില്‍ വെച്ചല്ലാതെ. ഈ വിവാഹ പത്രം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, നമ്മള്‍ ഒരുമിച്ചാകുമ്പോള്‍ നമ്മെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന്. അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നീ നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്രകാരം എന്റെ പിതൃവ്യന്റെ പുത്രനുമായി വിവാഹം കഴിക്കുന്നതിന് അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയ സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോവുകയും, ആ വിവാഹത്തിന് താല്‍പര്യമില്ലെന്നും നിങ്ങള്‍ എന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരം ഇല്ല, നീ പോയി വിവാഹം കഴിക്കുക എന്നായിരുന്നു. അങ്ങനെ വിവാഹം നടന്നു. തുടര്‍ന്ന് വിവാഹ പരിപാടി നടക്കുന്ന സമയത്ത് അദ്ദേഹം എന്റെടുക്കല്‍ വന്ന് പറഞ്ഞു, ഞാനാണ് നിന്റെ ഭര്‍ത്താവ് എന്ന്. ഈയൊരു വാചകം അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. നിന്റെ രണ്ടാം വിവാഹം ശരിയല്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു, കാരണം നീ എന്റെ ഭാര്യയാണ്. വിവാഹത്തിന് ശേഷം ത്വലാഖിന് ആവശ്യപ്പെടാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കാരണം വിവാഹം ബാത്വിലാണെന്നായിരുന്നു. ഞാന്‍ ഒന്നാമത്തെ പുരുഷന്റെ ഭാര്യയാണോ അതല്ല രണ്ടാമത്തെ പുരുഷന്റെ ഭാര്യയാണോ? വിവാഹ പത്രത്തില്‍ ഒപ്പുവെച്ച രണ്ടു സാക്ഷികളില്‍ ഒരാള്‍ പറഞ്ഞത് അയാള്‍ വിവാഹ ഉടമ്പടി പത്രത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്നതാണ്.

മറുപടി: സാമ്പ്രദായികമായ വിവാഹമെന്ന് നിങ്ങള്‍ വിളിച്ച, തൊഴിലിടത്തില്‍ ഒരുമിച്ച് ജോലിചെയ്യുന്ന സുഹൃത്തിനെ നിങ്ങള്‍ വിവാഹം ചെയ്തുവെന്നത് ബാത്വിലായ കാര്യമാണ്; നിങ്ങള്‍ അയാളുടെ ഭാര്യയുമാകുന്നില്ല. വലിയ്യും (രക്ഷാധികാരി) ശുഹൂദുമില്ലാതെ (സാക്ഷികള്‍) വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു: ‘വലിയ്യും ശുഹൂദുമില്ലാതെ വിവാഹം ചെയ്യുകയും, രണ്ട് പേരും നികാഹ് മറച്ചുവെക്കുകയും ചെയ്യുകയെന്നത് ബാത്വിലായ നികാഹാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം. വലിയ്യില്ലാതെ നികാഹില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരു സ്ത്രീ വലിയ്യിന്റെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയാണെങ്കില്‍ അവളുടെ നികാഹ് ബാത്വിലാണ്. ഈ രണ്ട് പദങ്ങളും (فنكاحها باطل ) പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. സലുഫുകളില്‍ ഉള്‍പ്പെടാത്ത ഒരാള്‍ പറയുന്നു: രണ്ട് സാക്ഷികളില്ലാതെ നികാഹില്ല. ഇത് അബൂ ഹനീഫ, ശാഫിഈ, അഹ്മദ്, മാലിക് എന്നിവരുടെ അഭിപ്രായമാണ്. നികാഹ് പരസ്യപ്പെടുത്തുകയെന്നത് നിര്‍ബന്ധമാണ്. രഹസ്യ വിവാഹം വേശ്യാവൃത്തിയുടെ ഒരിനം തന്നെയാകുന്നു.’

Also read: വിവാഹത്തിന് മുമ്പുള്ള പ്രണയം?

ഇതാണ് സാക്ഷിയും രക്ഷാധികാരിയുമില്ലാതെ നടക്കുന്ന വിവാഹത്തെ കുറിച്ച് ശൈഖുല്‍ ഇസ്‌ലാം പറഞ്ഞത്. നിങ്ങള്‍ വിശേഷിപ്പിച്ച സാമ്പ്രദായിക വിവാഹമെന്നത് തികച്ചും വ്യഭിചാരമാണ്. അല്ലാഹുവോട് ശരണം! സംഭവിച്ച തെറ്റില്‍ ഖേദിച്ച് നിങ്ങള്‍ രണ്ട് പേരും അല്ലാഹുവിലേക്ക് മടങ്ങുക. അത് ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്യുക. അയാള്‍ നിങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് വഞ്ചിച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. നിങ്ങളോട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത്, നിങ്ങള്‍ അയാളുടെ ഭാര്യയല്ലെന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണ്. തന്റെ ഉത്തരവാദിത്തത്തിലുള്ള ഇണയോട് ഭര്‍ത്താവ് മറ്റൊരാളെ വിവാഹം കഴിക്കാന്‍ കല്‍പിക്കുകയെന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. അതിനാല്‍ നിങ്ങള്‍ ആ വ്യക്തിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ഇസ്‌ലാമിക വിധി പ്രകാരം നിങ്ങള്‍ പിതൃവ്യ പുത്രന്റെ ഭാര്യയാണ്. എല്ലാ കാര്യങ്ങളും നിങ്ങള്‍ മറച്ചുവെക്കുക. പ്രവാചകന്‍(സ) പറയുന്നു: ‘അല്ലയോ ജനങ്ങളേ, അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് (അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ നിന്ന്) വിട്ടുനില്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമായിരിക്കുന്നു. ആരെങ്കിലും ഈ ചീത്തകാര്യങ്ങളില്‍ (വ്യഭിചാരം, വ്യഭിചാരാരോപണം, മദ്യപാനം തുടങ്ങിയവ) വല്ലതും ചെയ്യുകയാണെങ്കില്‍ അവര്‍ അത് അല്ലാഹുവിലേക്ക് മറച്ചുവെക്കട്ടെ (പശ്ചാത്തപിക്കട്ടെ, അല്ലാഹുവിലേക്ക് മടങ്ങട്ടെ). എന്നാല്‍ ആരെങ്കിലും നമ്മോട് ആ ഭാഗം വെളിപ്പെടുത്തുകയാണെങ്കില്‍ അല്ലാഹുവിന്റെ കിതാബ് പ്രകാരം ശിക്ഷ നടപ്പാക്കുന്നതുമാണ്’ -ഇമാം മാലിക് മുവത്വയില്‍ ഉദ്ധരിക്കുന്നു.

Also read: അമുസ്ലിം യുവാവുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം

അല്ലാഹുവിന്റെ നിയമത്തെ ധിക്കരിച്ചതിന്റെ ഫലമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് തിരിച്ചറിയുക. അന്യപുരുഷന്മാരുമായി തനിച്ചാകുന്നതിനെ ഇസ്‌ലാം വിലക്കുന്നു. കണ്ണുകള്‍ താഴ്ത്തുവാനും, കൊഞ്ചികുഴഞ്ഞ് സംസാരിക്കാതിരിക്കാനും കല്‍പിക്കുന്നു. അങ്ങനെ ഇസ്‌ലാം വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാ വഴികളും തടയുകയാണ്. ആരെങ്കിലും അല്ലാഹുവിന്റെ നിയമത്തെ ലംഘിച്ച് പിശാചിന്റെ പാത പിന്തുടരുകയാണെങ്കില്‍ അവര്‍ മ്ലേച്ഛതയില്‍ തുടരുന്നതായിരിക്കും. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും.’ (അന്നൂര്‍: 21)

അവലംബം: islamweb.net

Recent Posts

Related Posts

error: Content is protected !!