Wednesday, May 22, 2024
Homeഅനുഷ്ഠാനംനോമ്പ്എന്താണ് ശവ്വാല്‍ നോമ്പിന്റെ ശ്രേഷ്ഠത

എന്താണ് ശവ്വാല്‍ നോമ്പിന്റെ ശ്രേഷ്ഠത

ശവ്വാലിലെ ആറ് നോമ്പ് പല നിലക്കും പ്രാധാന്യമുള്ളതും പുണ്യകരവും ശ്രേഷ്ഠവുമാണ്. ഏതൊരു സല്‍ക്കര്‍മവും ചെയ്തുകഴിഞ്ഞാല്‍ അതു പറ്റേ ഉപേക്ഷിക്കാതെ അതുമായുള്ള ബന്ധം പറ്റെ വിഛേദിക്കാതെ, ഒരു തുടര്‍ച്ചയും നൈരന്തര്യവും ഉണ്ടാകുന്നത് ആ കര്‍മം പൂര്‍ണമായി സ്വീകരിക്കപ്പെടാനും നിര്‍ബന്ധ കര്‍മങ്ങളുടെ പ്രതിഫലം ഒട്ടും കുറയാതെ ലഭിക്കാനും നിര്‍ബന്ധ കര്‍മങ്ങളനുഷ്ഠിക്കുന്നിടത്ത് സംഭവിച്ചുപോകുന്ന സ്ഖലിതങ്ങള്‍ പരിഹരിക്കാനുമെല്ലാം സഹായകമാണ്. ഒരാളുടെ കര്‍മം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവ് കൂടിയാണ് ഇങ്ങനെയുള്ള തുടര്‍ച്ച. അല്ലാഹു പറയുന്നു: ”ഒന്നില്‍നിന്ന് വിരമിച്ചാല്‍ അടുത്തതിലേക്ക് പ്രവേശിക്കുക” (അല്‍ ഇന്‍ശിറാഹ്).

കൂടാതെ ആറ് നോമ്പിന്റെ ശ്രേഷ്ഠത പ്രത്യേകം വിവരിക്കുന്ന ഹദീസുകളും കാണാം. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) നബി(സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു:

عَنْ أَبِى أَيُّوبَ الأَنْصَارِىِّ رَضِيَ اللَّهُ عَنْهُ أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ « مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ».- رَوَاهُ مُسْلِمٌ: 2815.

”ആരെങ്കിലും റമദാന്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാലില്‍ ആറ് നോമ്പു കൂടി നോല്‍ക്കുകയും ചെയ്താല്‍ അതത്രെ ഒരു വര്‍ഷത്തെ നോമ്പ്”(മുസ്‌ലിം: 2815, അല്‍ബാനിയുടെ സ്വഹീഹ് അബീദാവൂദ് : 2102). കൂടാതെ അഹ്മദ്(5/417), തിര്‍മിദി (1164) തുടങ്ങിയവരും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗബാന്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്നു:
”ആരെങ്കിലും റമദാന്‍ വ്രതമനുഷ്ഠിച്ച് തുടര്‍ന്ന് ഈദുല്‍ ഫിത്വ്‌റിനു ശേഷം ആറ് ദിവസം കൂടി നോമ്പനുഷ്ഠിച്ചാല്‍ അത് ഒരു വര്‍ഷം പൂര്‍ണമായി നോമ്പെടുത്ത പോലെയാണ്. ആരെങ്കിലും ഒരു സല്‍ക്കര്‍മം ചെയ്താല്‍ അവന് പത്തിരട്ടി പ്രതിഫലമുണ്ടല്ലോ.”

മറ്റൊരു നിവേദനത്തില്‍ കാണാം. ”ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.”

عَنْ أَبِى أَيُّوبَ الأَنْصَارِىِّ رَضِيَ اللَّهُ عَنْهُ عَنْ رَسُولِ اللهِ صَلَّى الله عَليْهِ وسَلَّمَ أَنَّهُ قَالَ : « مَنْ صَامَ سِتَّةَ أَيَّامٍ بَعْدَ الْفِطْرِ، كَانَ تَمَامَ السَّنَةِ، مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا».- رَوَاهُ ابْنُ مَاجَةْ: 1715، وَصَحَّحَهُ الأَلْبَانِيُّ

ഒരു മാസവും ഒരാഴ്ചയും നോമ്പെടുത്തവന് ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്റെ പ്രതിഫലം എന്ന് പറയുന്നതും പത്തിരട്ടി പ്രതിഫലം എന്ന് പറയുന്നതും തുല്യമാണ്. മറ്റൊരു രീതിയിലും കണക്കുകൂട്ടാം. റമദാന്‍ മാസം ചിലപ്പോള്‍ 29ഉം ചിലപ്പോള്‍ 30ഉം ദിവസങ്ങളായിരിക്കും. ശവ്വാല്‍ മാസത്തിലെ ‘ആറ് നോമ്പ്’ കൂടി ഇതിനോടൊപ്പം ചേര്‍ത്താല്‍ വര്‍ഷാന്ത നോമ്പ് 35 അല്ലെങ്കില്‍ 36 ദിവസങ്ങളായിരിക്കും. ഇതിനെ പത്തുകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 350 അല്ലെങ്കില്‍ 360. ഇതിന്റെ ശരാശരിയായ 355 ദിവസങ്ങളാണ് ഒരു ശരാശരി ചാന്ദ്രവര്‍ഷത്തിലും ഉള്ളത്.

ശവ്വാല്‍ ആറ് നോമ്പ് തുടര്‍ച്ചയായി ഒന്നിച്ച് അനുഷ്ഠിക്കേണ്ടതുണ്ടോ

ശവ്വാല്‍ നോമ്പ് പെരുന്നാള്‍ പിറ്റേന്നു തന്നെ തുടങ്ങി ആറും തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതാണ് ഏറെ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാല്‍ ഇടവിട്ട ദിവസങ്ങളില്‍ ആയാലും കുഴപ്പമില്ല.

ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്ന് ആ പ്രയോഗം കുറിക്കുന്നില്ല. ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ (ശറഹുല്‍ മുഹദ്ദബ് 6/379).

പെരുന്നാളിന്റെ പിറ്റേ ദിവസം തന്നെ തുടങ്ങുന്നതാണ് ഉത്തമമെങ്കിലും, ബന്ധുക്കളെയും വിരുന്നുകാരെയുമൊക്കെ പരിഗണിച്ച് അവരോടൊപ്പം സന്തോഷത്തിന് വല്ലതും തിന്നുകയോ കുടിക്കുകയോ ഒക്കെ ചെയ്യുന്നത് ബന്ധങ്ങള്‍ ഊഷ്മളമാകുന്നതിന് ഉപകരിക്കുമെന്നതിനാല്‍ അതിന് മുന്‍ഗണന നല്‍കി ശവ്വാല്‍ അവസാനിക്കും മുമ്പ് ആറു നോമ്പുകള്‍ സൗകര്യം പോലെ അനുഷ്ഠിക്കാവുന്നതാണ്. കുറഞ്ഞ ലീവിന് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വേണ്ടി വരുന്ന ഭര്‍ത്താക്കന്മാരെ പരിഗണിച്ച് ഭാര്യമാര്‍ സുന്നത്ത് നോമ്പുകള്‍ നീട്ടിവെക്കുന്നതാണ് ഉത്തമം. ഭര്‍ത്താവിന് സമ്മതമില്ലെങ്കില്‍ ഭാര്യ സുന്നത്ത് നോമ്പുകളനുഷ്ഠിക്കുന്നത് അനുവദനീയമല്ല.

Recent Posts

Related Posts

error: Content is protected !!