വിവിധ മതസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് കഴിഞ്ഞയാഴ്ച്ച ഞങ്ങളുടെ നാട്ടിലെ മസ്ജിദില്‍ ഒരു പരിപാടി നടന്നപ്പോള്‍ ഒരു ക്രിസ്ത്യന്‍ സഹോദരനും സ്വഫ്ഫില്‍ അണിനിന്ന് നമസ്‌കരിച്ചു. വുദുവെടുക്കാത്ത ആ സഹോദരന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് നിരീക്ഷിച്ച് അതിനെ പിന്തുടര്‍ന്നു. എന്നാല്‍ പല മുസ്‌ലിം സഹോദരങ്ങളിലും ഇത് അസ്വസ്ഥതയുണ്ടാക്കി. ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ ശരിയായ കാഴ്ച്ചപ്പാട് എന്താണ്?
മറുപടി: മുഴുവന്‍ ആളുകളോടും മാന്യമായും ദയവോടെയും പെരുമാറാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുസ്‌ലിംകളല്ലാത്തവരോടുള്ള ഇടപഴകലുകള്‍ ഇസ്‌ലാമിന്റെ നന്മകള്‍ പ്രകടമാക്കാനുള്ള ഒരു അവസരം കൂടിയാണ്. ഒരു മുസ്‌ലിം നമസ്‌കരിക്കുമ്പോള്‍ വുദു നിര്‍ബന്ധമാണ്. അതേസമയം മുസ്‌ലിംകളോടുള്ള ആദരവിന്റെയോ ഇസ്‌ലാമിലെ നമസ്‌കാരത്തെ കുറിച്ച് പഠിക്കുന്നതിനോ ഒരു അമുസ്‌ലിം നമസ്‌കാരത്തില്‍ പങ്കുകൊള്ളുന്നുവെങ്കില്‍ അതിന് അദ്ദേഹത്തെ അനുവദിക്കണം. ആ വ്യക്തിയെ ഇസ്‌ലാമുമായി അടുപ്പിക്കാനും ഒരുപക്ഷേ സന്‍മാര്‍ഗത്തില്‍ എത്തിക്കുന്നതിനും അത് കാരണമായി മാറിയേക്കാം. ഒരു മുസ്‌ലിം വുദുവെടുക്കാതെ നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം സ്വീകാര്യമാവുകയില്ലെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അദ്ദേഹത്തിന് വുദുവില്ല എന്നത് അതേ സ്വഫ്ഫില്‍ നിന്ന് നമസ്‌കരിക്കുന്ന മറ്റുള്ളവരുടെ നമസ്‌കാരത്തെ അസാധുവാക്കുകയില്ല.