ചോദ്യം: ഒരിക്കല്‍ വിത്‌റ് നമസ്‌കരിച്ച ഒരാള്‍ക്ക് വീണ്ടും നമസ്‌കരിക്കണമെന്ന് തോന്നിയാല്‍ വിത്‌റ് ആവര്‍ത്തിക്കേണ്ടതുണ്ടോ? ഒരു രാത്രിയില്‍ രണ്ട് വിത്‌റില്ല എന്ന ഹദീസിന് എതിരാവുകയില്ലേ അങ്ങനെ ചെയ്യുന്നത്.
ഉത്തരം: സ്ഥിരമായി ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ച് ശീലമുള്ളവരും, തഹജ്ജുദ് നമസ്‌കരിക്കാന്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം എഴുന്നേല്‍ക്കുമെന്ന് ഉറപ്പുള്ളവരും തങ്ങളുടെ വിത്‌റ് നമസ്‌കാരം ഏറ്റവും അവസാനത്തെ നമസ്‌കാരത്തോടൊപ്പം ആക്കേണ്ടതാണ്. തിരുമേനി പറഞ്ഞു: ”രാത്രിയില്‍ നിങ്ങളുടെ നമസ്‌കാരത്തില്‍ ഏറ്റവും അവസാനത്തേത് വിത്‌റാക്കുവിന്‍” (ബുഖാരി: 472, മുസ്‌ലിം: 751).
രാത്രിയില്‍ ഒരാള്‍ക്ക് എത്രയും നമസ്‌കരിക്കാം. പക്ഷെ, വിത്‌റായി(ഒറ്റയായി)ട്ടായിരിക്കണം അത് അവസാനിപ്പിക്കുന്നത് എന്നാണ് ഈ ഹദീസിന്റെ താല്‍പര്യം എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല തിരുമേനിയോട് ഒരാള്‍ രാത്രി നമസ്‌കാരം എങ്ങനെയാണെന്ന് ചോദിക്കുകയുണ്ടായി. അന്നേരം നബി (സ) പറഞ്ഞു: ‘രാത്രി നമസ്‌കാരം ഈരണ്ട് ഈരണ്ടായിട്ടാണ് നിര്‍വഹിക്കേണ്ടത്. അങ്ങനെ സുബ്ഹ് ആയിപ്പോവുമെന്ന് ആശങ്കിച്ചാല്‍ ഒറ്റയാക്കി അവസാനിപ്പിക്കുക (ബുഖാരി: 1137).
രാത്രി നമസ്‌കാരത്തെപ്പറ്റി നിശ്ചയമില്ലാത്ത ഒരാള്‍ അതേപ്പറ്റി ചോദിച്ചാല്‍ അദ്ദേഹത്തിന് അവ്യക്തത തോന്നാത്ത വിധം ഉത്തരം വ്യക്തമായി വിശദീകരിച്ച് കൊടുക്കേണ്ടതാണ്. അതാണ് നബി (സ) ഇവിടെ ചെയ്തതും. ഇത്ര റക്അത്തേ നമസ്‌കരിക്കാന്‍ പറ്റൂ എന്നല്ല പറഞ്ഞത്. പ്രത്യുത ഈരണ്ട് ഈരണ്ടായി പുലരുവോളം നമസ്‌കരിക്കാം, പ്രഭാതമായിപ്പോകുമെന്ന് ആശങ്കയുണ്ടായാല്‍ ഒരു റക്അത്ത് നമസ്‌കരിച്ച് അവസാനിപ്പിക്കുക എന്ന മറുപടിയിലൂടെ വളരെ വിശാലമായ ഒരു കാഴ്ചപ്പാടാണ് നബി (സ) വ്യക്തമാക്കുന്നത്.
അതിനാല്‍ ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയും സാഹചര്യവും പരിഗണിച്ചും, സൗകര്യം അനുസരിച്ചും നമസ്‌കരിക്കാവുന്നതാണ്. റക്അത്തുകളുടെ എണ്ണം കുറച്ച് ഏറെ നേരം നമസ്‌കരിക്കുന്നതായിരിക്കും ചിലര്‍ക്ക് എളുപ്പവും സൗകര്യവും. എന്നാല്‍ വേറെ ചിലര്‍ക്ക് ഏറെ നേരം നില്‍ക്കുക എന്നതായിരിക്കും വലിയ പ്രയാസം. എന്നാല്‍ സുജൂദും റുകൂഉം എത്ര വര്‍ദ്ധിപ്പിച്ചാലും പ്രശ്‌നമായിരിക്കില്ല. അത്തരക്കാര്‍ റക്അത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് നമസ്‌കരിച്ചു കൊള്ളട്ടെ. അല്ലാതെ രാത്രി നമസ്‌കാരം കൂട്ടാനോ കുറക്കാനോ പാടില്ലാത്ത വിധം കൃത്യമായ എണ്ണം റക്അത്തുകളേ പാടുള്ളൂ എന്ന് നബി(സ) പഠിപ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് അബദ്ധമാണെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ വ്യക്തമാക്കിയിട്ടുണ്ട് (മജ്മൂഉല്‍ ഫതാവാ 22/272 കാണുക).
ഇമാം നവവി തന്നെ പറയുന്നു: ”വിത്‌റാക്കുകയും എന്നിട്ട് ഐഛികമോ അല്ലാതെയോ നമസ്‌കരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ യാതൊരു കറാഹത്തും കൂടാതെ അനുവദനീയമാകും. എന്നാല്‍ വീണ്ടും വിത്‌റാക്കരുത്. ആഇശ(റ)യുടെ ഹദീസാണ് അതിന് തെളിവ്” (ശറഹുല്‍ മുഹദ്ദബ് 3/512).
ചുരുക്കത്തില്‍, രാത്രി നമസ്‌കാരം അവസാനിക്കുമ്പോള്‍ റക്അത്തുകളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം. മൊത്തം റക്അത്തുകളുടെ എണ്ണമാണ് ഇവിടെ പരിഗണനീയം. അഥവാ ഒരിക്കല്‍ വിത്‌റ് നമസ്‌കരിച്ചയാള്‍ വീണ്ടും വിത്‌റ് നമസ്‌കരിക്കരുത് എന്നര്‍ത്ഥം. പതിനൊന്ന് റക്അത്ത് നമസ്‌കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കുന്നുവെന്നിരിക്കട്ടെ. എങ്കില്‍ അയാള്‍ക്ക് താഴെപ്പറയുന്ന രണ്ടിലേതെങ്കിലും ഒരു മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.
ഒന്ന്: ആദ്യം ഒരു റക്അത്ത് നമസ്‌കരിക്കുക. അപ്പോള്‍ നേരത്തെ നമസ്‌കരിച്ച പതിനൊന്ന് റക്അത്ത് എന്നത് പന്ത്രണ്ട് റക്അത്തായി. തുടര്‍ന്ന് ഈരണ്ട് വിതം നമസ്‌കരിച്ച് അവസാനം ഒറ്റ റക്അത്ത് വരും വിധം നമസ്‌കാരം അവസാനിപ്പിക്കുക. സ്വഹാബിമാരില്‍ ഉസ്മാന്‍(റ), ഇബ്‌നു ഉമര്‍(റ) തുടങ്ങിയവര്‍ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. പക്ഷെ, ഈ രൂപത്തില്‍ ചെയ്യുന്നത് ആഇശ(റ) ശക്തമായി നിരൂപണം ചെയ്യുകയും ഇവര്‍ നമസ്‌കാരം കൊണ്ട് കളിക്കുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു (തുഹ്ഫത്തുല്‍ അഹ്‌വദി).
രണ്ട്: ഏറ്റവും ഉത്തമമായ രൂപം ഇതാണ്. നേരത്തെ വിത്‌റ് നമസ്‌കരിച്ച ഒരാള്‍ ഉറങ്ങിയെഴുന്നേറ്റ് വീണ്ടും നമസ്‌കരിക്കണമെന്ന് ഉദ്ദേശിച്ചാല്‍ പിന്നീട് വിത്‌റ് നമസ്‌കരിക്കേണ്ടതില്ല. ഈരണ്ട് വീതം എത്രയും നമസ്‌കരിക്കാം. മൊത്തം അദ്ദേഹം നമസ്‌കരിച്ചത് കണക്കുകൂട്ടുമ്പോള്‍ ഒറ്റയില്‍ ആയിരിക്കും അവസാനിച്ചിട്ടുണ്ടാവുക. പതിനൊന്ന് നമസ്‌കരിച്ചവര്‍ വീണ്ടും രണ്ട് റക്അത്ത് നമസ്‌കരിക്കുമ്പോള്‍ പതിമൂന്ന് റക്അത്താവും. അങ്ങനെ അവസാനം ഒറ്റയില്‍ തന്നെയാവും അവസാനിക്കുക. അബൂബകര്‍(റ) അങ്ങനെയായിരുന്നു ചെയ്തിരുന്നത് എന്ന് ആഇശ(റ) വ്യക്തമാക്കുന്നുണ്ട്. ഇബ്‌നു അബ്ബാസിനെപ്പോലുള്ള പ്രമുഖരായ പണ്ഡിതസ്വഹാബിമാരും, സുഫ്‌യാനുസ്സൗരി, ഇമാം മാലിക്, ഇമാം അഹ്മദ്, ഇമാം ശാഫിഈ വരെ ഈ വീക്ഷണക്കാരാണ്.