Friday, April 26, 2024
Homeഅനുഷ്ഠാനംമഗ് രിബ് നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത്?

മഗ് രിബ് നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത്?

ചോദ്യം- മഗ് രിബ് ബാങ്ക് വിളിച്ചതിന്നുശേഷം ഇഖാമത്ത് വിളിക്കുന്നതിന്നു മുമ്പായി രണ്ട് റക്അത്ത് നമസ്കരിക്കുന്ന ചിലരെ കാണാം അത് തഹിയ്യത്ത് നമസ്കാരമാണോ? അതോ മഗ് രിബിന്റെ സുന്നത്തോ?

ഉത്തരം- മഗ് രിബ് നമസ്കാരത്തിന്നു മുമ്പ് പ്രബലമായ (റവാത്തിബ്) സുന്നത്ത് ഒന്നുമില്ല. ഇബ്നുഉമറും മറ്റും നിവേദനം ചെയ്തതു പ്രകാരം പ്രബലമായ സുന്നത്തുകൾ പത്ത് റക്അത്തുകളാണ്. സുബ്ഹിന്നു മുമ്പ് രണ്ട്, ളുഹ്റിന്നു മുമ്പും പിമ്പും രണ്ട് വീതം, മഗ് രിബിന്നു ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്. ഇതിന്നു പുറമെ വിത്ർ നമസ്കാരവും പ്രബലമായ സുന്നത്താണ്. ഇൗ സുന്നത്തുകൾ അനുഷ്ഠിക്കുവാൻ ഒരു മുസ്ലിം ശ്രദ്ധവെക്കേണ്ടതുണ്ട്. കാരണം ഫർദ് നമസ്കാരത്തിന്റെ ഒരു പൂർത്തീകരണവും ഫർദ് നമസ്കാരങ്ങളിൽ സംഭവിച്ചിരിക്കാവുന്ന ന്യൂനതകൾക്കും പോരായ്മകൾക്കുമുള്ള പരിഹാരവുമാണത്.

“”രണ്ട് ബാങ്കുകൾക്കിടയിൽ ഒാരോ നമസ്കാരമുണ്ട്” എന്നു തിരുദൂതർ പറഞ്ഞതായി സ്വീകാര്യമായ നിവേദനങ്ങളിൽ കാണാം. രണ്ടു ബാങ്കുകൾ എന്നതിന്റെ ഉദ്ദേശ്യം ബാങ്കും ഇഖാമത്തും ആണ്. അതിനാൽ ബാങ്കിന്നും ഇഖാമത്തിന്നുമിടയിൽ രണ്ടു റക്അത്ത് നമസ്കരിക്കുക എന്നത് അഭിലഷണീയവും (മുസ്തഹബ്ബ്) നിയമസാധുതയുള്ളതും തന്നെ. മഗ് രിബ് നമസ്കാരത്തിന്ന് മുമ്പ് അതു ചെയ്യുന്നതിൽ തെറ്റൊന്നുമില്ല.

പക്ഷേ, ഒരു ഇമാം, ബാങ്കിന്ന് ശേഷം രണ്ട് റക്അത്ത് നമസ്കരിക്കാനുള്ള സമയം വിടാതെ, ഉടനെത്തന്നെ ഫർദ് നമസ്കരിക്കുന്ന പതിവുകാരനാണെങ്കിൽ തഹിയ്യതുൽ മസ്ജിദിന്ന്കൂടി ആ ഫർദ് നമസ്കാരം മതിയാകും. പള്ളിയിൽ പ്രവേശിച്ച ശേഷം ഇഖാമത്തിന്നു മുമ്പ് വേണ്ടത്ര സമയമുണ്ടെങ്കിലല്ലാതെ തഹിയ്യത്ത് നമസ്കരിക്കേണ്ടതില്ല. പള്ളിയിൽ പ്രവേശിച്ച് ഇരിക്കുന്നതിന് മുമ്പ് അത് നിർവഹിച്ചിരിക്കണം. പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇമാം നമസ്കാരം ആരംഭിച്ചുകഴിഞ്ഞുവെങ്കിൽ ഇമാമിനെ തുടർന്ന് നമസ്കാരത്തിൽ പ്രവേശിക്കുകയാണ് വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ ഫർദ് തഹിയ്യതുൽ മസ്ജിദിന്ന് പകരം നില്ക്കും.

പള്ളിയിൽ പ്രവേശിച്ച ഉടനെ നമസ്കരിക്കുന്ന രണ്ട് റക്അത്തുകൾ തഹിയ്യത്ത് നമസ്കാരമായാണ് പരിഗണിക്കപ്പെടുക. എന്നാൽ, പള്ളിയിൽ ഇരിക്കുന്ന ഒരാൾ എഴുന്നേറ്റ് രണ്ട് റക്അത്ത് നമസ്കരിക്കയാണെങ്കിലത് മുസ്തഹബ്ബായ സുന്നത്ത് മാത്രമാണ്. ഇമാം ഇൗ നമസ്കാരം പതിവായി നമസ്കരിക്കുന്നത് അഭിലഷണീയമല്ല. ഇടക്കിടെ മാത്രമേ ചെയ്യാവൂ. ഇടക്ക് ചെയ്യാതിരിക്കുകയും വേണം. മുസ്തഹബ്ബായ കാര്യങ്ങൾ പതിവായി ചെയ്താൽ അത് പ്രബലമായ (മുഅക്കദ്) സുന്നത്തായി ആളുകൾ ധരിച്ചേക്കും. ഇമാം ജനങ്ങൾ മാതൃകയാക്കുന്ന ഒരു അംഗീകൃത പണ്ഡിതനാണെങ്കിൽ വിശേഷിച്ചും.

ഇത്തരം മുസ്തഹബ്ബായ കാര്യങ്ങൾ ഒരു ബാധ്യതയായി ജനങ്ങൾ ധരിക്കാതിരിക്കുവാൻ ഇമാം ഇടക്കൊക്കെ അതുപേക്ഷിക്കുന്നത് വളരെ നല്ലതാണെന്ന് സൂക്ഷ്മാലുക്കളായ പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഇതേ കാരണത്താൽ അവർ പ്രബലമായ ചില സുന്നത്തുകൾ ഉപേക്ഷിക്കുന്നതു പോലും അനുവദനീയമാക്കിയിരിക്കുന്നു. വെള്ളിയാഴ്ച ദിവസത്തിലെ സുബ്ഹ് നമസ്കാരത്തിൽ ഇമാം ചില അവസരങ്ങളിൽ സജദ അധ്യായം പാരായണം ചെയ്യാതിരിക്കുന്നത് നല്ലതാണെന്ന് ഇമാം മാലിക് പറഞ്ഞത് ഒരുദാഹരണം. വെള്ളിയാഴ്ചകളിലെ സുബ്ഹ് നമസ്കാരത്തിൽ സജദ അധ്യായം പാരായണം ചെയ്യൽ നിർബന്ധമാണെന്ന് ജനങ്ങൾ വിശ്വസിച്ചുപോകാതിരിക്കാൻ വേണ്ടിയത്രേ ഇത്.

ചില നാടുകളിലെ ജനങ്ങൾ വെള്ളിയാഴ്ചകളിലെ സുബ്ഹ് നമസ്കാരത്തിൽ സജദ അധ്യായം പാരായണം ചെയ്യൽ നിർബന്ധമാണെന്ന് വിശ്വസിച്ചുവരുന്നതായി എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സുബ്ഹിൽ മൂന്ന് സുജൂദുള്ള ഒരു റക്അത്തുണ്ട് എന്ന് അവരിൽ ചിലർ പറഞ്ഞുകേട്ടു. സജദ സൂറത്തിലൊരിടത്തുള്ള സുജൂദുത്തിലാവ ഒഴിച്ചുകൂടാത്ത ഒന്നാണെന്ന ധാരണയാലാണിത്. ഇതിന്ന് എതിരായി വിശ്വസിച്ച ഒരു ഇമാമിനെ ജനങ്ങൾ നിരസിക്കുകയും ആ സുജൂദ് ചെയ്യാത്തതുമൂലം നമസ്കാരം അസ്വീകാര്യമായി പരിഗണിക്കുകയുമുണ്ടായി! ജനങ്ങൾ മാതൃകയാക്കുന്ന ഇമാമുകൾ മുസ്തഹബ്ബായ ചില കാര്യങ്ങൾ ചില സന്ദർഭങ്ങളിൽ ഒഴിവാക്കുന്നത് നല്ലതാണെന്ന് ഇമാം മാലികും മറ്റും അഭിപ്രായപ്പെടുവാൻ ഇതാണ് കാരണം. ചില റവാത്തിബുകൾപോലും ഇങ്ങനെ ഒഴിവാക്കണമെന്നാണവരുടെ പക്ഷം. പള്ളിയിൽ നമസ്കാരത്തിന്നെത്തുന്ന ഭൂരിപക്ഷം ആളുകളും ജോലിത്തിരക്കുമൂലമോ മറ്റോ മഗ്രിബിന്റെ ബാങ്കിന്നും ഇഖാമത്തിനും ഇടയ്ക്കുള്ളതോ മറ്റോ ആയ മുസ്തഹബ്ബായ നമസ്കാരങ്ങൾ അനുഷ്ഠിക്കാത്തവരാണെങ്കിൽ ഇമാം അവർക്ക് എതിരായി പ്രവർത്തിച്ചുകൂടാ. ഇനി, അവർ നമസ്കരിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇമാം അതിന്നനുവദിക്കുകയും വേണം. ന്യൂനപക്ഷം ഭൂരിപക്ഷത്തെ അനുധാവനം ചെയ്യുക എന്നതാണിവിടെ സ്വീകരിക്കേണ്ട നയം. നമസ്കരിക്കുന്നവരും നമസ്കരിക്കാത്തവരും തമ്മിലുള്ള ഭിന്നവീക്ഷണം പള്ളിയിൽ ഒരു കലഹത്തിന്നിടയാക്കുന്ന അവസ്ഥ ഉണ്ടാക്കിക്കൂടാ. ഇത്തരം കലഹത്തിന്നുള്ളതല്ലല്ലോ പള്ളികൾ. പള്ളിയിൽ ജമാഅത്തു നമസ്കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ഹൃദയങ്ങളെ പരസ്പരം ഇണക്കുവാനും ആളുകൾ അന്യോന്യം പരിചയപ്പെടുവാനും അവർക്കിടയിൽ സ്നേഹവും സൗഭ്രാത്രവും പുലരുവാനും ദൈവഭക്തിയിലും സത്കാര്യങ്ങളിലും പരസ്പരം സഹകരിക്കുവാനും വേണ്ടിയാണ്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!