ചോദ്യം: മസ്ജിദിലേക്ക് പ്രവേശിക്കുന്ന സമയത്ത് രണ്ട് ജമാഅത്ത് ഒരേസമയം നടക്കുകയാണെങ്കിൽ ഏത് ജമാഅത്തിനൊപ്പമാണ് ചേരേണ്ടത്? പ്രത്യേകിച്ച്, ഒരേ ഹാളിലല്ലാതെ മതിലുകളുടെ വ്യത്യാസത്തിൽ രണ്ട് ജമാഅത്തും ഒരു മസ്ജിദിൽ നടക്കുകയാണെങ്കിൽ?
മറുപടി: ഒരേസമയം ഒരേ മസ്ജദിൽ രണ്ട് ജമാഅത്ത് നിർവഹിക്കാൻ പാടില്ല. അത് വിശ്വാസികൾക്കിടയിൽ വേർതിരിവും, ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ്. മനഃപൂർവമല്ലാതെ അങ്ങനെ സംഭവിക്കുകയാണെങ്കിൽ (ഉദാഹരണം: മസ്ജിദിന് രണ്ട് ഹാൾ ഉണ്ടാകുന്നതിലൂടെ രണ്ടാമത്തെ ജമാഅത്ത് നടത്തുന്നവർ ഒന്നാമത്തെ ജമാഅത്തിനെ കുറിച്ച് അറിയാതിരിക്കുക) രണ്ട് ഇമാമുമാരിൽ ഏറ്റവും നല്ല ഇമാമുമായി ചേരുകയാണ് വേണ്ടത്. രണ്ട് ഇമാമുമാരിൽ ഒരാൾ ഏറ്റവും നന്നായി ഖുർആൻ പാരായണം നടത്തുന്നവനോ മറ്റൊരുവൻ നിരക്ഷരനോ അധാർമികനോ ദീനിൽ കൂട്ടിച്ചേർക്കുന്നവനോ എന്ന കാര്യത്തിൽ തീർപ്പില്ലാതിരിക്കുകയും, ശ്രേഷ്ഠതയുടെ കാര്യത്തിൽ രണ്ടു പേരും തുല്യരാവുകയും, അവരുടെ അവസ്ഥ അറിയാതിരിക്കുകയുമാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ തുടരുന്ന ഇമാമുമായി ചേരേണ്ടതാണ്. പ്രവാചകൻ(സ) പറയുന്നു: ‘ഒറ്റക്ക് നമസ്‌കരിക്കുന്നതിനെക്കാൾ മറ്റൊരാളോടൊപ്പം ചേർന്ന് നമസ്‌കരിക്കുന്നതാണ് ഉത്തമം. ഒരാൾക്കൊപ്പം ചേർന്ന് നമസ്‌കരിക്കുന്നതിനെക്കാൾ രണ്ട് പേർക്കൊപ്പം നമസ്‌കരിക്കുന്നതാണ് ഉത്തമം. ആളുകൾ കൂടുകയാണെങ്കിൽ അത് അല്ലാഹുവിന്റെ അടുക്കൽ ഇഷ്ടപ്പെടുന്ന കാര്യമാണ്.’ (അബൂദാവൂദ്, നസാഈ)
വിവ- അർശദ് കാരക്കാട്
അവലംബം: islamweb.net