ഞാനൊരു പെയിൻറു കടയിൽ സെയിൽസ്മേനാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നത് പലപ്പോഴും ഉപഭോക്താവിന്റെ തൊഴിലാളികളായിരിക്കും. അവർ കമീഷൻ ആവശ്യപ്പെടാറുണ്ട്. 150 രൂപ വിലയുള്ള ഒരു ടിന്നിന് ഞങ്ങൾ 180 രൂപ തന്നെ വിലയിടുകയും അവരിൽ നിന്ന് 145 ക. സ്വീകരിക്കുകയും ചെയ്യുന്നു. ഈ കച്ചവടം നിഷിദ്ധമാണോ.
ഉത്തരം- തൊഴിലാളിക്ക്, അല്ലെങ്കിൽ ഉപഭോക്താവിന്റെയും കച്ചവടക്കാരന്റെയും ഇടയിലുള്ള മധ്യവർത്തിക്ക് കമ്മീഷൻ കൊടുക്കുന്നത് ചില കച്ചവടങ്ങളിൽ ഒരംഗീകൃത സമ്പ്രദായമാണ്. മരമില്ലുകൾ ആശാരിക്കും ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്നവർ വയർമാന്നും കമ്മീഷൻ കൊടുക്കുന്നത് ഇതിന് ഉദാഹരണമാണ്. അങ്ങനെ ഒരു കമ്മീഷൻ ഏർപ്പാടുണ്ട് എന്നു അറിഞ്ഞുകൊണ്ടുതന്നെ യാണ് ഉപഭോക്താക്കൾ അവരെ ആശ്രയിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യത്തിന് ഏറ്റവും യോജിച്ച സാധനങ്ങൾ തെരെഞ്ഞെടുക്കുക എന്നൊരു സേവനം ഇക്കൂട്ടർ ചെയ്യുന്നുണ്ട്.
ഇത്തരം ഇടപാടുകളിൽ കമ്മീഷൻ കൊടുക്കുകയോ വാങ്ങുകയോ ചെയ്യു നതിന് വിരോധം ഒന്നും ഇല്ല. ഇടത്തട്ടുകാരന് കമ്മീഷൻ കൊടുക്കുന്നതിന്റെ പേരിൽ ഉപഭോക്താവ് വഞ്ചിക്കപ്പെടാനോ ചൂഷണം ചെയ്യപ്പെടാനോ പാടില്ലെന്നു മാത്രം.
യഥാർത്ഥ വില 145 ക, യായ സാധനത്തിന് ഇടത്തട്ടുകാരന്റെ കമ്മീഷനു വേണ്ടി 150 ക. ബില്ലെഴുതുകയാണെങ്കിൽ അത് ഉപഭോക്താവിനെ വഞ്ചിക്കലും നിഷിദ്ധവുമാണ്. ഇടത്തട്ടുകാരനെ കമ്മീഷൻ കൊടുത്തു പാട്ടിലാക്കി ഗുണമേൻമ ഇല്ലാത്തതോ ആവശ്യമില്ലാത്തതോ ആയ സാധനങ്ങൾ ഉപഭോക്താവിന്റെ തലയിൽ കെട്ടി വെക്കുന്നതും അപ്രകാരം തന്നെ.
എന്നാൽ വ്യക്തികളോ സ്ഥാപനങ്ങളോ പർച്ചേസ് ഉദ്യോഗസ്ഥരായി നിയമിച്ചിട്ടുള്ളവർ വ്യാപാരികളിൽ നിന്ന് കമ്മീഷൻ വാങ്ങുന്നതിന് ശറഇയായ ന്യായീകരണമില്ല. കാരണം, ഉപഭോക്താവിന്റെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ വസ്തുക്കൾ ആദായകരമായ വിലയ്ക്ക് വാങ്ങുക എന്നതാണ് അവരുടെ തൊഴിൽ. ആ തൊഴിലിനാണ് അവർ വേതനം പറ്റുന്നത്. അതു കൊണ്ട് അവർക്ക് വ്യാപാരികളിൽ നിന്ന് ലഭിക്കുന്ന ഏതാനുകൂല്യവും തൊഴിലുടമക്ക് അവകാശപ്പെട്ടതാണ്. അതുപോലെ വ്യാപാരിയിൽ നിന്നുള്ള ഇളവ് തനിക്ക് ലഭിക്കുന്നതിന് വേണ്ടി ഉപഭോക്താവ് ഏർപ്പെടുത്തിയ ഇടനിലക്കാരൻ അത് സ്വന്തമായി എടുക്കുന്നത് ശരിയല്ല.