ചോദ്യം- മദ്യപിക്കുകയും അതോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
ഉത്തരം – തികച്ചും ഖേദകരമായ ഒരു കാര്യം, യഥാര്‍ഥ നമസ്‌കാരം മ്ലേച്ഛവൃത്തിക ളില്‍നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും മനുഷ്യരെ തടയുമെന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുള്ളതാണ്. മദ്യപാനമാകട്ടെ ഏറ്റവും വലിയ മ്ലേച്ഛവൃത്തിയും. അത് ബുദ്ധിയും ആരോഗ്യവും സമ്പത്തും വ്യക്തിത്വവും നശിപ്പിക്കുന്നു. കൂടാതെ കുടുംബത്തിന്നും സമൂഹത്തിന്നും വമ്പിച്ച ദ്രോഹം ചെയ്യുന്നു.
ദുര്‍ബല വിശ്വാസികളും മനസ്സുറപ്പില്ലാത്തവരും മതനിഷ്ഠകുറഞ്ഞവരുമായ ആളുകളെ പിശാച് മദ്യപാനം ശീലിപ്പിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍, മദ്യം ഭൂരിപക്ഷം കര്‍മശാസ്ത്രപണ്ഡിതരുടെയും വീക്ഷണത്തില്‍ നജസ് (അശുദ്ധം) ആണ്. അതുണ്ടാക്കുന്ന ലഹരി നമസ്‌കാരം നിര്‍വഹിക്കുന്നതിന് തടസ്സവുമാണ്. ‘വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായിരിക്കുമ്പോള്‍, പറയുന്നതെന്താണെന്ന് അറിയാന്‍ കഴിയുന്നത് വരെ നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ലഹരി തീര്‍ന്ന്, സ്വബോധം വീണ്ടുകിട്ടിയ ശേഷം മദ്യത്തിന്റെ അംശങ്ങള്‍ കഴുകിക്കളഞ്ഞ് അംഗശുദ്ധിവരുത്തി നമസ്‌കരിച്ചാല്‍ അയാളുടെ നമസ്‌കാരം ദൈവമിച്ഛിച്ചെങ്കില്‍ സ്വീകാര്യമായിത്തീരാം. പ്രസ്തുത നമസ്‌കാരം എന്നെങ്കിലുമൊരിക്കല്‍ മ്ലേച്ചവൃത്തിയില്‍നിന്ന് അയാളെ തടയുമെന്നും പ്രതീക്ഷിക്കാം.
Also read: സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?
നമസ്‌കാരം ഒരു നിര്‍ബന്ധബാധ്യതയാണ്. അയാള്‍ അതു നിര്‍വഹിക്കുന്നു. മദ്യപാനം ഒരു കുറ്റമാണ്. അയാള്‍ അതും ചെയ്യുന്നു. ഒന്ന് സത്കര്‍മം; മറ്റൊന്ന് ദുഷ്‌കര്‍മം. മനുഷ്യരെ അവരുടെ സത്ക്കര്‍മങ്ങളുടെയും ദുഷ്‌കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ് അല്ലാഹു വിചാരണ ചെയ്യുന്നത്ഓരോന്നും അണുത്തും വ്യത്യാസമില്ലാതെ, സത്കര്‍മങ്ങള്‍ അവന്റെ ആസ്തികളാണ്; ദുഷ്‌കര്‍മങ്ങള്‍ കടബാധ്യതകളും. ‘ആര്‍ അണുത്തൂക്കം സത്കര്‍മം ചെയ്യുന്നുവോ അതവന്‍ അനുഭവിക്കും; ആര്‍ അണുത്തൂക്കം ദുഷ്‌കര്‍മംചെയ്യുന്നുവോ അതും അവന്‍ അനുഭവിക്കും.’
നീ മദ്യപാനിയാണോ, എങ്കില്‍ നമസ്‌കരിക്കരുത് എന്ന് അയാളോട് നമുക്ക് പറഞ്ഞുകൂടാ. കാരണം നമസ്‌കരിക്കുന്ന ഒരാള്‍ ആത്മപരിശോധന നടത്തുകയും പാപങ്ങളുടെ മാതാവായ മദ്യപാനം ഒരുനാളുപേക്ഷിക്കുകയും ചെയ്യുമെന്ന് തന്നെ വേണം പ്രതീക്ഷിക്കാന്‍. ചോദിക്കാം, നമസ്‌കരിക്കുന്ന മദ്യപാനിയോ നമസ്‌കരിക്കാത്ത മദ്യപാനിയോ ആരാണുത്തമന്‍? നമസ്‌കരിക്കുന്ന മദ്യപാനിയാണ് നമസ്‌കരിക്കാത്ത മദ്യപനെക്കാള്‍ ഉത്തമന്‍ എന്നാണ് എന്റെ മറുപടി. അപരനെ അപേക്ഷിച്ച് അയാളുടെ ഉപദ്രവം കുറയുകയും ചെയ്യും. മദ്യപിക്കുന്ന കാരണത്താല്‍ നമസ്‌കാരത്തെ അതിന്റെ പ്രകടമായ തനിമയോടെ അനുഷ്ഠിക്കുവാനോ, നമസ്‌കാരത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ എന്ന് അല്ലാഹു വിശേഷിപ്പിച്ച വിശ്വാസികള്‍ക്ക് തുല്യം അത് നിര്‍വഹിക്കുവാനോ മദ്യപന് വിദൂര മായ സാധ്യത മാത്രമേയുമ്മവെങ്കിലും ഒട്ടും നമസ്‌കരിക്കാത്ത മദ്യപനെ അപേക്ഷിച്ച് നമസ്‌കരിക്കുന്ന മദ്യപന്‍ തന്നെയാണുത്തമന്‍. കാരണം അവനില്‍ പ്രതീക്ഷക്ക് വകയുണ്ട്. ദൈവകീര്‍ത്തനങ്ങളാല്‍ ചലനാത്മകമായിത്തീരുന്ന നാവുമായി രാത്രി കഴിച്ചുകൂട്ടുന്നവനും മദ്യത്തിന്റെ ഈര്‍പ്പവും ദുര്‍ഗന്ധവും നിറഞ്ഞ വായുമായി ബോധമറ്റ് രാത്രി ഉറങ്ങിത്തീര്‍ക്കുന്നവനും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.