Home അനുഷ്ഠാനം റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

ചോദ്യം: റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠയുള്ളതായി പ്രമാണങ്ങൾ വന്നിട്ടുണ്ടോ?

മറുപടി: അല്ലാഹു പവിത്രമാക്കിയ പന്ത്രണ്ട് മാസങ്ങളിലൊന്നാണ് റജബ്. അല്ലാഹു പറയുന്നു: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാൽ ആ (നാല്) മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്.’ (അത്തൗബ: 36) റജബ്, ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് പവിത്രമായ യുദ്ധം വിലക്കപ്പെട്ട ആ നാല് മാസങ്ങൾ. അബൂബക്കർ(റ)വിൽ നിന്ന് ബുഖാരിയും (4662) മുസ്‌ലിമും (1679) റിപ്പോർട്ട് ചെയ്യുന്നു: നബി(സ) പറയുന്നു: ‘വർഷമെന്നത് പന്ത്രണ്ട് മാസമാകുന്നു. അതിൽ നാലെണ്ണം വിശുദ്ധ മാസങ്ങളാണ്. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നിങ്ങനെ തുടർച്ചയായി വരുന്നതും, മുദർ ജുമാദക്കും ശഅ്ബാനുമിടയിൽ വരുന്ന റജബുമാണത്.’

രണ്ടു കാരണങ്ങൾകൊണ്ടാണ് ഈ മാസങ്ങൾ പവിത്ര മാസങ്ങളെന്ന് അറിയപ്പെടുന്നത്. ഒന്ന്, ശത്രു പക്ഷത്തുനിന്ന് യുദ്ധമുണ്ടായലല്ലാതെ യുദ്ധം നിഷിദ്ധം. രണ്ട്, നിഷിദ്ധ കാര്യങ്ങൾ ചെയ്യുകയെന്നത് മറ്റു മാസങ്ങളെക്കാൾ വലിയ നിഷിദ്ധമാണ്. അതുകൊണ്ടാണ് ഈ മാസങ്ങളിൽ തെറ്റുചെയ്യുന്നത് അല്ലാഹു നമ്മോട് വിലക്കിയത്. ‘അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്.’ (അത്തൗബ: 36) അതോടൊപ്പം, ഈ മാസങ്ങളിലും അല്ലാത്ത മാസങ്ങളിലും തെറ്റുചെയ്യുന്നത് നിഷിദ്ധവും വിലക്കപ്പെട്ടതുമാണ്. എന്നാൽ, ഈ മാസങ്ങളിൽ തെറ്റുചെയ്യുന്നത് കൊടിയ നിഷിദ്ധമാണ്.

സഅദി പറയുന്നു: ‘ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത്’ ഈ സൂക്തത്തിലെ സർവനാമങ്ങൾ പന്ത്രണ്ട് മാസങ്ങളിലേക്ക് മടങ്ങാനാണ് സാധ്യത. അത് (മാസങ്ങൾ) ദാസന്മാർക്ക് കണക്ക് നിശ്ചയിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നതാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവന് കീഴൊതുങ്ങി ജീവിക്കേണ്ടതുണ്ട്, അവന്റെ അനുഗ്രഹങ്ങൾക്കും, ദാസന്മാരുടെ നന്മക്കായി അവൻ ഒരുക്കിയ കാര്യങ്ങൾക്കും നന്ദി കാണിക്കേണ്ടതുണ്ട്. അതിനാൽ ആ മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സർവനാമങ്ങൾ സൂക്തത്തിലെ ‘നാല് മാസങ്ങൾ’ എന്നതിലേക്ക് മടങ്ങാനും സാധ്യതയുണ്ട്. ആ മാസങ്ങളിൽ പ്രത്യേകിച്ച് അക്രമം പ്രവർത്തിക്കരുതെന്ന് അവരോട് വിലക്കുകയാണിത്. അക്രമം പ്രവർത്തിക്കുന്നത് എല്ലാ സമയത്തും നിഷിദ്ധമാണെന്നിരക്കെ, വലിയ നിഷിദ്ധമാണെന്നാണിത് സൂചിപ്പിക്കുന്നത്. അതിൽ അക്രമം പ്രവർത്തിക്കുകയെന്നത് മറ്റു മാസങ്ങളെക്കാൾ വലിയ അക്രമമാകുന്നു.’

റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠതയുള്ളതായി സ്വഹീഹായ ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടിട്ടില്ല. മറ്റു മാസങ്ങളെക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വിശ്വസിച്ച് റജബ് മാസത്തിലെ ചില ദിവസങ്ങളെ പ്രത്യേകമായി കാണുന്ന ചിലയാളുകളുണ്ട്. ശറഇൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. എന്നാൽ, പവിത്രമായ മാസങ്ങളിൽ (റജബ് പവ്രത്ര മാസങ്ങളിൽ ഒന്നാകുന്നു) നോമ്പെടുക്കുന്നത് പുണ്യകരമാണെന്നത് തെളിയിക്കുന്ന പ്രവാചക വചനങ്ങൾ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘പവിത്ര മാസങ്ങളിൽ നോമ്പെടുകയും ഉപേക്ഷിക്കുകയും (ഇടവിട്ട് നോമ്പെടുക്കുക) ചെയ്യുക.’ (അബൂദാവൂദ് – 2428) ദഈഫ് അബീ ദാവൂദിൽ അൽബാനി ഈ ഹദീസ് ദുർബലമാണെന്ന് അഭിപ്രായപ്പെടുന്നു. ഇനി, ഈ ഹദീസ് സ്വഹീഹാണെങ്കിൽ, പവിത്ര മാസങ്ങളിൽ നോമ്പെടുക്കുന്നത് പുണ്യകരമാണെന്നതാണ് അത് കുറിക്കുന്നത്. അപ്രകാരം ആരെങ്കിലും റജബ് മാസത്തിൽ നോമ്പെടുക്കുകയാണ് അത് പുണ്യം നേടിത്തരാൻ കാരണമാകുന്നു. മറ്റു പവിത്ര മാസങ്ങളിൽ അതുപോലെ നോമ്പെടുക്കുന്നതിലും പ്രശ്‌നമില്ല. എന്നാൽ റജബിൽ പ്രത്യേക നോമ്പെടുക്കുന്നത് അനുവദനീയമല്ല.

മജ്മൂഉൾ ഫതാവയിൽ (25/290) ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു: ‘എന്നാൽ, റജബ് മാസത്തിൽ പ്രത്യേക നോമ്പുണ്ടെന്ന ഹദീസുകളെല്ലാം ദുർബലമാണ്. എന്നല്ല, കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസുകളാണ്. പണ്ഡിതരാരും അതിൽ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല. അത് ശ്രേഷ്ഠ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദുർബലമായ ഹദീസുകളല്ല, മറിച്ച് മുഴുവനും കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളങ്ങളാണ്. പവിത്ര മാസങ്ങളിൽ നോമ്പെടുക്കാൻ പ്രവാചകൻ കൽപിച്ചിരുന്നുവെന്നത് മുസ്‌നദിലും മറ്റു ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആ മാസങ്ങൾ റജബ്, ദുൽഖഅദ, ദുൽഹിജ്ജ, മുഹർറം എന്നിവയാണ്. ഇത് നാല് മാസങ്ങളിൽ എല്ലാവർക്കുമുള്ള നോമ്പാണ്; റജബിനെ പ്രത്യേകമാക്കുന്നവർക്കുള്ളതല്ല.’

ഇബ്‌നുൽ ഖയ്യിം പറയുന്നു: ‘റജബ് മാസത്തെ നോമ്പിനെ കുറിച്ചും ആ മാസത്തിലെ ചില രാത്രി നമസ്‌കാരത്തെ കുറിച്ചും ഉദ്ധരിക്കുന്ന എല്ലാ ഹദീസുകളും കള്ളവും കെട്ടിച്ചമക്കപ്പെട്ടതുമാണ്.’ (അൽമനാറുൽ മുനീഫ് – 96)

അൽഹാഫിദ് ഇബ്‌നു ഹജർ പറയുന്നു: ‘റജബ് മാസത്തിന്റെ ശ്രേഷഠതയെ കുറിച്ചൊന്നും വന്നിട്ടില്ല. ആ മാസത്തിലെ നോമ്പിനെയോ, പ്രത്യേക നോമ്പിനെയോ, പ്രത്യേക രാത്രി നമസ്‌കാരത്തെയോ കുറിച്ച് സ്വീകരിക്കാൻ പര്യാപ്തമായ സ്വഹീഹായ ഹദീസുകൾ വന്നിട്ടില്ല. (തബ്‌യീനുൽ അജബ് – 11)

ഫിഖ്ഹുസുന്നയിൽ (1/383) സയ്യിദ് സാബിഖ് പറയുന്നു: ‘മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ ശ്രേഷ്ഠത റജബ് മാസത്തിലെ നോമ്പിനില്ല; അത് പവിത്ര മാസങ്ങളിൽ ഉൾപ്പെടുന്നുവെന്നതല്ലാതെ. നോമ്പിന് പ്രത്യേകിച്ച് ശ്രേഷ്ഠതയുള്ളതായി സ്വഹീഹായ ഹദീസുകളൊന്നും വന്നിട്ടില്ല. എന്നാൽ അതിൽ വന്നിട്ടുള്ളതൊന്നും തെളിവെടുക്കാൻ പര്യാപ്തമല്ല.’

റജബ് മാസത്തിലെ ഇരുപത്തിയേഴാം ദിനത്തിലെ നോമ്പിനെ കുറിച്ചും രാത്രി നമസ്‌കാരത്തെ കുറിച്ചും ഇബ്‌നു ഉസൈമീൻ ചോദിക്കപ്പെട്ടു: അദ്ദേഹം മറുപടി നൽകി: ‘റജബിലെ ഇരുപത്തിയേഴാം ദിനത്തിലെ നോമ്പും രാത്രി നമസ്‌കാരവും പ്രത്യേകമായി കാണുന്നത് ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടിലാണ്.’ (മജ്മൂഅ് ഫതാവ ഇബ്‌നി ഉസൈമീൻ – 20/440)

അവലംബം: islamqa.info
വിവ- അർശദ് കാരക്കാട്

error: Content is protected !!