‘അത്തൗബ’ അധ്യായം ‘ബിസ്മി’ ഇല്ലാതെ അവതരിപ്പിച്ചത് എന്തു കൊണ്ടാണ്?
ഉത്തരം: അത്തൗബ അധ്യായം ബിസ്മി കൂടാതെ അവതരിപ്പിച്ചതിന് പണ്ഡിതൻമാർ പല കാരണങ്ങളും പറയുന്നുണ്ട്. അവയിൽ ഏറ്റവും സ്വീകാര്യമായി എനിക്കു തോന്നിയത് അലിയ്യുബ്നു അബീത്വാലിബിന്റെ വിശദീകരണമാണ്. അദ്ദേഹം പറയുന്നു: “പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ എന്നു പറയുന്നത് ഒരു അഭയവും സംരക്ഷണവുമാണ്. ബറാഅ:( ഈ അധ്യായത്തിൻറെ മറ്റൊരു പേര്) അധ്യായമാകട്ടെ സംരക്ഷണ ബാധ്യത എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ്. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇടയിൽ നിലനിന്നിരുന്ന സന്ധികളും ഉടമ്പടികളും- സമയ ബന്ധിത ഉടമ്പടികളൊഴിച്ച് – ദുർബലമാക്കിക്കൊണ്ടുള്ള പരസ്യപ്രഖ്യാപനമാണ് യഥാർഥത്തിൽ ഈ അധ്യായം. ഉടമ്പടി ചെയ്ത മുസ്ലിംകൾ അതു ലംഘിച്ചിട്ടില്ല. അങ്ങനെ ഒരു ആരോപണം അവരിൽ ആർക്കെതിരെയും പ്രതിയോഗികൾ ഉന്നയിച്ചിട്ടുമില്ല. പക്ഷേ, വിഗ്രഹാരാധകർ മുസ്ലിംകൾക്കെതിരെ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നു; അവരുടെ മേൽ പീഡനങ്ങൾ ഏൽപ്പിക്കുന്നു; കുത്സിതമനസ്കരായ ജൂതൻമാരുമായി സഹകരിക്കുന്നു; മുസ്ലിംകളെ ചതിയിൽ പെടുത്തുന്നു. ആ നിലക്ക് അവർ ഉടമ്പടിയോ സന്ധിയോ മാനിക്കുന്നില്ല; ഉടമ്പടി വ്യവസ്ഥകളോ നിയമങ്ങളോ പാലിക്കുന്നില്ല. അതിനാൽ, ഇനി ഇസ്ലാമിന് അവരോട് കണക്കു തീർക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അല്ലാഹുവും അവന്റെ ദൂതനും അവരോട് ചെയ്ത ഉടമ്പടികൾ ദുർബലപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് “അത്തൗബ’ അധ്യായം അവതരിച്ചത്. “(മുസ്ലിംകളേ!) ബഹുദൈവവിശ്വാസികളിലാരുമായി നിങ്ങൾ സമാധാന സന്ധി ചെയ്തിട്ടുണ്ടോ അവരോട് അല്ലാഹുവിനും അവന്റെ ദൂതനും യാതൊരു ബാധ്യതയുമില്ല” എന്ന സൂക്ത
ത്തോടെയാണതിന്റെ തുടക്കം.
Also read: പ്രവാചകന് എന്തുകൊണ്ട് നാലിലധികം പത്നിമാർ ?
അല്ലാഹുവിന്റെ കരുണാമയൻ, പരമകാരുണികൻ തുടങ്ങിയ വിശേഷണങ്ങളോടെയുള്ള ആരംഭം ഈ വിഗ്രഹാരാധകർക്ക് ചില അഭയവും ശരണവും നൽകൽ ബാധ്യതയാക്കിത്തീർക്കുന്നു. എന്നാൽ, ഈ അധ്യായത്തിലാകട്ടെ, ഒരു സംരക്ഷണ ബാധ്യതയും പരാമർശിക്കപ്പെടുന്നില്ല. “ബഹുദൈവവിശ്വാസികളോട് കണ്ടുമുട്ടുന്നേടത്തുവച്ച് യുദ്ധം ചെയ്തുകൊള്ളുക; അവരെ പിടികൂടുകയും ഉപരോധിക്കുകയും അവരെ കാത്ത് എല്ലായിടത്തും പതിയിരിക്കുകയും ചെയ്തുകൊള്ളുക.”ബഹുദൈവ വിശ്വാസികൾ നിങ്ങളോടൊന്നായി യുദ്ധം ചെയ്യുന്നതുപോലെ നിങ്ങളും അവരോടൊന്നടങ്കം യുദ്ധം ചെയ്ത് കൊള്ളളുക” എന്നല്ലാമാണ് ‘അത്തൗബ’ അധ്യായത്തിലെ ആഹ്വാനം. ഇവരോട് യുദ്ധമല്ലാത്ത വഴിയില്ല! കാരുണ്യത്തിനും സംരക്ഷണത്തിനും ഇനി പ്രസക്തിയില്ല!