ചോദ്യം: സാധാരണ വധുവിന്റെ രക്ഷിതാവും വരനും തമ്മിലാണല്ലോ നികാഹ് നടക്കാറുള്ളത്. ചിലപ്പോഴൊക്കെ പെണ്ണിന്റെ രക്ഷിതാവ് നികാഹ് നടത്താൻ മറ്റൊരാളെ വകാലത്താക്കുകയും അങ്ങനെ അദ്ദേഹം നികാഹ് ചെയ്തുകൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ പ്രതിശ്രുത വരൻ മറ്റൊരാളെ വകാലത്ത് ഏൽപിച്ച് നികാഹ് നടത്താമോ? അവനിൽനിന്ന് വകാലത്ത് ഏറ്റെടുത്ത ആ വ്യക്തി നികാഹ് ഖബൂലാക്കിയാൽ മതിയാകുമോ? മതിയാകുമെന്നാണെങ്കിൽ എങ്ങനെയാണ് അതിന്റെ രൂപം?
മറുപടി: യോഗ്യരായ രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിൽ വധുവിന്റെ രക്ഷിതാവും വരനും തമ്മിൽ നിശ്ചിത വാചകങ്ങളിലൂടെ നടത്തുന്ന വിശുദ്ധ ഇടപാടാണ് നികാഹ്. എന്നാൽ നികാഹിൽ രക്ഷിതാവും വരനും തന്നെ നേരിട്ട് പങ്കെടുക്കണമെന്ന നിർബന്ധമില്ല. അവരുടെ പ്രതിനിധികൾ മുഖേനയും നികാഹ് നടത്താവുന്നതാണ്.
വധുവിന്റെ രക്ഷിതാവ് അവളെ നികാഹ് ചെയ്തുകൊടുക്കാൻ മറ്റൊരാളെ വകാലത്ത് ഏൽപിക്കൽ അനുവദനീയമാണ്. അപ്രകാരം തന്നെ തനിക്ക് വേണ്ടി നികാഹിനെ ഖബൂലാക്കാൻ വേണ്ടി വരൻ മറ്റൊരാളെ വകാലത്ത് ഏൽപിക്കുകലും അനുവദനീയമാണ്.
Also read: നമസ്കരിക്കാത്ത യുവാവിനെ വിവാഹം ചെയ്യുന്നത്?
വധുവിന്റെ രക്ഷിതാവും വരനും രക്ഷിതാവിന്റെ പ്രതിനിധിയും വരനും രക്ഷിതാവും വരന്റെ പ്രതിനിധിയും രക്ഷിതാവിന്റെയും വരന്റെയും പ്രതിനിധികൾ എന്നിങ്ങനെയെല്ലാം നികാഹ് നടത്താവുന്നതാണ്.
നികാഹ് നടത്തുന്നത് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലായിരിക്കണമെന്നാണ് നിയമം. രക്ഷിതാവോ വരനോ വകാലത്ത് വഴിയാണ് നികാഹ് നടത്തുന്നതെങ്കിൽ ആ പ്രതിനിധി സാക്ഷികളുടെ സാന്നിധ്യത്തിൽ ഹാജറായി നികാഹ് നടത്തുകയാണ് വേണ്ടത്. എങ്കിൽ വകാലത്ത് ഏൽപിച്ച രക്ഷിതാവ് / വരൻ നികാഹിന്റെ സദസ്സിൽ ഹാജറാവണമെന്നില്ല.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തുന്നു:
നികാഹിനെ ഖബൂലാക്കാൻ വേണ്ടി വരൻ മറ്റൊരാളെ വകാലത്താക്കൽ അനുവദനീയമാണ്. വധുവിന്റെ രക്ഷിതാവ് വരന്റെ വകീലിനോട് ഇപ്രകാരമാണ് പറയേണ്ടത്. زَوَّجْتُ بِنْتِي فُلَانَ بْنِ فُلَانٍ (എന്റെ മകളെ ഞാൻ ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവന് ഇണയാക്കി കൊടുത്തു.)
അപ്പോൾ വരന്റെ പ്രതിനിധി قَبِلْتُ نِكَاحَهَا لَهُ (അദ്ദേഹത്തിന് വേണ്ടി അവളെ നികാഹ് ചെയ്തുതന്നതിനെ ഞാൻ സ്വീകരിച്ചു) എന്നു പറയണം. ലഹു എന്ന പദം ഒഴിവാക്കിയാൽ നികാഹ് സ്വഹീഹാവുകയില്ല. (ഫത്ഹുൽ മുഈൻ പേജ് 365).
يَقُولُ الشَّيْخُ زَيْنُ الدِّينِ الْمَلَيْبَارِي: وَيَقُولُ الْوَلِيّ لِوَكِيلِ الزَّوْجِ: [زَوَّجْتُ بِنْتِي لِفُلَانِ بْنِ فُلَانٍ] فَيَقُولُ وَكِيلُهُ كَمَا يَقُولُ وَلِيُّ الصَّبِيِّ حِينَ يَقْبَلُ النِّكَاحَ لَهُ: [قَبِلْتُ نِكَاحَهَا لَهُ].-فَتْحُ الْمُعِينِ: بَابُ النِّكَاحِ.
Also read: മുഹമ്മദ് നബിയുടെ ഫോട്ടോ?
വിവാഹത്തില്‍ വകാലത്താക്കുന്നതിന്റെ രൂപം
ഇമാം നവവി പറയുന്നു: വലിയ്യിന്റെ വകീൽ, ഇന്നയാളുടെ മകളെ ഞാൻ താങ്കൾക്കു വിവാഹം ചെയ്തുതന്നിരിക്കുന്നു [زَوَّجْتُك بِنْتَ فُلَانٍ] എന്നു പറയേണ്ടതാണ്. ഭർത്താവിന്റെ വകീലിനോടാണെങ്കിൽ പറയേണ്ടത് എന്റെ മകളെ ഞാൻ ഇന്നയാൾക്ക് വിവാഹം ചെയ്തുതരുന്നു [زَوَّجْت بِنْتِي فُلَانًا]എന്നാണ്. അപ്പോൾ അയാൾക്കു വേണ്ടി ഞാൻ അവളുടെ നികാഹ് സ്വീകരിച്ചിരിക്കുന്നു [قَبِلْت نِكَاحَهَا لَهُ]എന്ന് വരന്റെ വകീലും പറയേണ്ടതാണ്. (മിൻഹാജ്: നികാഹിന്‍റെ അധ്യായം).
وَقَالَ الإِمَامُ النَّوَوِيُّ: وَلْيَقُلْ وَكِيلُ الْوَلِيِّ: [زَوَّجْتُك بِنْتَ فُلَانٍ]، وَلْيَقُلْ الْوَلِيُّ لِوَكِيلِ الزَّوْجِ: [زَوَّجْت بِنْتِي فُلَانًا]، فَيَقُولُ وَكِيلُهُ: [قَبِلْت نِكَاحَهَا لَهُ].-مِنْهَاج الطَّالِبِين: كِتَابِ النِّكَاحِ.
ഇതിനെ വിശദീകരിക്കവേ, ഇമാം ഖത്വീബുശ്ശർബീനി പറയുന്നു: മകന് വേണ്ടി രക്ഷാധികാരിയായ പിതാവാണ് നികാഹ് സ്വീകരിക്കുന്നതെങ്കിൽ, എന്റെ മകളെ ഞാൻ താങ്കളുടെ മകന് വിവാഹം ചെയ്തുതന്നിരിക്കുന്നു [ زَوَّجْت فُلَانَةَ بِابْنِك] എന്നാണ് പറയേണ്ടത്. അപ്പോൾ, അവളുടെ നികാഹ് ഞാൻ എന്റെ മകനുവേണ്ടി സ്വീകരിച്ചിരിക്കുന്നു [قَبِلْت نِكَاحَهَا لِابْنِي] എന്ന് ആ പിതാവും പറയണം.-(മുഗ്നിൽ മുഹ്താജ്).
وَقَالَ الْعَلَّامَةُ مُحَمَّدٌ الشِّرْبِينِيُّ الْخَطِيبُ: وَلَوْ أَرَادَ الْأَبُ أَنْ يَقْبَلَ النِّكَاحَ لِابْنِهِ بِالْوِلَايَةِ فَلْيَقُلْ لَهُ الْوَلِيُّ: [ زَوَّجْت فُلَانَةَ بِابْنِك]، فَيَقُولُ الْأَبُ: [قَبِلْت نِكَاحَهَا لِابْنِي].-مُغْنِي الْمُحْتَاجِ: فَصْلٌ فِي مَوَانِعِ وِلَايَةِ النِّكَاحِ.
അബ്‌സീനിയയിലായിരുന്ന ഉമ്മു ഹബീബ(റ)യെ മദീനയിലുള്ള നബി(സ്വ) വിവാഹം ചെയ്തതാണ് ഇതിനു തെളിവായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നത്.
Also read: അത്തൗബ’ അധ്യായത്തിലെ ‘ബിസ്മി’
ഉറച്ച ഇസ്‌ലാം മതവിശ്വാസിയായ ഉമ്മു ഹബീബ എന്ന റംല (റ) നബി(സ)യുടെ കടുത്ത ശത്രുവായിരുന്ന അബൂസുഫ്‌യാന്റെ മകളായിരുന്നു. ഭർത്താവായ ഉബൈദുല്ലാഹിബ്‌നുൽ ജഹ്ശിയോടൊപ്പം അവർ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. അവിടെയെത്തിയ ശേഷം ഭർത്താവ് ക്രിസ്തുമതം സ്വീകരിച്ചു. റംലയാകട്ടെ ഇസ്‌ലാം മതത്തിൽ തന്നെ ഉറച്ച് നിന്നു. അന്യനാട്. സംരക്ഷിക്കേണ്ട പിതാവ് ഇസ്‌ലാമിന്റെ ബദ്ധവൈരി. ആരുമില്ല തുണയായി. അല്ലാഹുവിന്റെ റസൂൽ ആ വിശ്വാസിനിയോട് കരുണ കാണിച്ചു; അവരെ വിവാഹം ചെയ്തു ജീവിത പങ്കാളിയാക്കി.
ഉമ്മു ഹബീബ (റ) യെ സംബന്ധിച്ച് ഉർവ നിവേദനം ചെയ്യുന്നു: അവർ ഉബൈദുല്ലാഹിബിനു ജഹ്ശിന്റെ ഭാര്യയായിരുന്നു. അദ്ദേഹം അബ്സീനിയയിൽ വച്ച് മരണപ്പെട്ടുകയുണ്ടായി. അങ്ങനെ നജ്ജാശി അവരെ നബി (സ) ക്ക് വിവാഹം ചെയ്തു കൊടുത്തു. നബി (സ) ക്ക് വേണ്ടി മഹ്റായി 400 ദീനാറും അദ്ദേഹം കൊടുത്തു. എന്നിട്ട് ശുറഹ്ബീലുബ്നു ഹസനയോടൊപ്പം അവരെ റസൂൽ (സ) യുടെ അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. -അബൂദാവൂദ്: 2109, ഹാകിം: 2741).
عَنْ عُرْوَةَ عَنْ أُمِّ حَبِيبَةَ أَنَّهَا كَانَتْ تَحْتَ عُبَيْدِ اللَّهِ بْنِ جَحْشٍ فَمَاتَ بِأَرْضِ الْحَبَشَةِ فَزَوَّجَهَا النَّجَاشِىُّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَمْهَرَهَا عنه أَرْبَعَةَ آلاَفٍ وَبَعَثَ بِهَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَعَ شُرَحْبِيلَ ابْنِ حَسَنَةَ. قَالَ أَبُو دَاوُدَ حَسَنَةُ هِىَ أُمُّهُ.-رَوَاهُ أَبُو دَاوُد: 2109، وَصَحَّحَهُ الأَلْبَانِيُّ. ورَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ: 2741، وَقَالَ: هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَلَمْ يُخَرِّجَاهُ. وَقَالَ الذَّهَبِيُّ: عَلَى شَرْطِ الْبُخَارِيِّ وَمُسُلِمٍ.
തനിക്കു വേണ്ടി അവരെ വിവാഹം ചെയ്യാനായി അംറുബ്നു ഉമയ്യത്തുദ്ദമരി എന്ന സ്വഹാബിയെ നബി (സ) നജ്ജാശിയുടെയടുത്തേക്ക് പറഞ്ഞയക്കുകയും അങ്ങനെ അദ്ദേഹമാണ് നബി (സ) ക്ക് വേണ്ടി ആ നികാഹ് സ്വീകരിച്ചത് എന്നും ഇമാം ബൈഹഖി റിപ്പോർട്ടു ചെയ്യുന്നു. – (അസ്സുനനുൽ കുബ്റാ: 14169).
عَنِ ابْنِ إِسْحَاقَ حَدَّثَنِى أَبُو جَعْفَرٍ قَالَ بَعَثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَمْرَو بْنَ أُمَيَّةَ الضَّمْرِىَّ إِلَى النَّجَاشِىِّ فَزَوَّجَهُ أُمَّ حَبِيبَةَ بِنْتَ أَبِى سُفْيَانَ وَسَاقَ عَنْهُ أَرْبَعَمِائَةِ دِينَارٍ.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 14169.
ഇമാം ഖത്ത്വാബിയും ഇക്കാര്യം പറയുന്നുണ്ട്.(മആലിമുസ്സുനൻ: 1019).
قَالَ الْخَطَّابِيُّ: وَكَانَ الّذِي عَقِدَ عَلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَمْرُو بْنُ أُمَيَّةَ الضَّمْرِيُّ، وَوَكَّلَه بِذَلِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَبَعَثَ بِهِ إلَى الْحَبَشَةِ فِي ذَلِكَ، وَقَدْ رُوِيَ أَنَّ الَّذِي وَلِيَ تَزْوِيجِهَا بِالْعَقْدِ عَلَيْهَا، خَالِدُ بْنُ سَعِيدٍ بْنِ الْعَاصِ، وَهُوَ ابْنُ عَمِّ أَبِي سُفْيَانَ، إذْ كَانَ أَبُوهَا أَبُو سُفْيَانَ كَافِراً لَا وِلَايَةَ لَهُ عَلَى مُسْلِمَةٍ.-مَعَالِمُ السُّنَنِ: 1019.
Also read: പ്രവാചകന് എന്തുകൊണ്ട് നാലിലധികം പത്നിമാർ ?
ഉപര്യുക്ത സംഭവം ഉദ്ധരിച്ച ശേഷം അല്ലാമാ ശൗകാനി പറയുന്നു: തനിക്കു വേണ്ടി നികാഹ് സ്വീകരിക്കാൻ പറ്റിയയാളെ വക്കീലാക്കാൻ പറ്റുമെന്ന് ഈ ഹദീസിൽ തെളിവുണ്ട്. -(നൈലുൽ ഔത്വാർ: 6/221).
قَالَ الْعَلَّامَة الشَّوْكَانِيُّ قَوْلُهُ: (زَوَّجَهَا النَّجَاشِيُّ) فِيهِ دَلِيلٌ عَلَى جَوَازِ التَّوْكِيلِ مِنْ الزَّوْجِ لِمَنْ يَقْبَلُ عَنْهُ النِّكَاحَ، وَكَانَتْ أُمُّ حَبِيبَةَ الْمَذْكُورَةُ مُهَاجِرَةً بِأَرْضِ الْحَبَشَةِ مَعَ زَوْجِهَا عَبْدِ اللَّهِ بْنِ جَحْشٍ، فَمَاتَ بِتِلْكَ الأَرْضِ فَزَوَّجَهَا النَّجَاشِيُّ النَّبِيَّ صَلَّى اللَّه عَلَيْهِ وَسَلَّمَ.-نَيْلُ الْأَوْطَارِ: 6/221.
തനിക്കു വേണ്ടി ഉമ്മു ഹബീബയെ വിവാഹം ചെയ്യാനായി, അംറുബ്നു ഉമയ്യത്തുദ്ദമരിയെ നബി (സ) വക്കാലത്താക്കി എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, നികാഹ് കരാറിൽ വക്കാലത്താക്കൽ അനുവദനീയമാകുന്നു.-മുഹദ്ദബ്: വക്കാലത്തിന്‍റെ അധ്യായം).
وَيَجُوزُ التَّوْكِيلُ فِي عَقْدِ النِّكَاحِ لِمَا رُوِيَ « أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَكُلّ عَمْرِو بْنِ أُمَيَّةَ الضَّمْرِىِّ فِي نِكَاحِ أُمِّ حَبِيبَةَ ».- الْمُهَذَّبُ: فَصْلٌ فِي التَّوْكِيلِ فِي النِّكَاحِ، وَنَجِدُ فِي شَرْحِهِ: أَمَّا الْأَحْكَامِ فَإِنَّهُ يَصِحُّ مِنْ كُلِّ مِنْ صَحَّ تَصَرُّفُهُ فِي شَيّ بِنَفْسِهِ وَكَانَ مِمَّا تَدْخُلُهُ النِّيَابَةُ كَالزَّوَاجِ.-شَرْحُ الْمُهَذَّبِ: كِتَابُ الْوَكَالَةِ.