ചോദ്യം – വിഗ്രഹാരാധനയെ ശക്തമായെതിർക്കുന്ന മതമാണല്ലോ ഇസ്‌ലാം. എന്നിട്ടും കഅ്ബയിൽ ഒരു കറുത്ത കല്ല് (ഹജറുൽ അസ്‌വദ്) പ്രതിഷ്ഠിച്ചത് എന്തിനാണ്? മറ്റെല്ലാ ബിംബങ്ങളെയും എടുത്തുമാറ്റിയപ്പോൾ അതിനെ മാത്രം നിലനിർത്തിയത് എന്തിന്?
ഉത്തരം – ഈ ചോദ്യം സമൂഹത്തിൽ നിലനിൽക്കുന്ന വ്യാപകമായ തെറ്റുധാരണയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനാൽ ചില കാര്യങ്ങളിവിടെ വ്യക്തമാക്കാനാഗ്രഹിക്കുന്നു:
1. കഅ്ബയിലെ കറുത്ത കല്ല്(ഹജറുൽ അസ്‌വദ്) ചരിത്രത്തിലൊരിക്കലും ആരാലും ആരാധിക്കപ്പെട്ടിട്ടില്ല. വിശുദ്ധ കഅ്ബയിലും പരിസരത്തും മുന്നൂറ്റി അറുപതിലേറെ വിഗ്രഹങ്ങൾ പൂജിക്കപ്പെട്ടപ്പോഴും ആരും അതിനെ പൂജിച്ചിരുന്നില്ല. പ്രവാചകനിയോഗത്തിനു മുമ്പുള്ള വിഗ്രഹാരാധനയുടെ കാലത്തും ഹജറുൽ അസ്‌വദ് ആരാധ്യവസ്തുവായിരുന്നില്ലെന്നതാണ് വസ്തുത.
2. ലോകത്തിലെ ഏത് പൂജാവസ്തുവും അതിന്റെ സ്വന്തം പേരിലറിയപ്പെടാറില്ല. ഏതിന്റെ പ്രതിഷ്ഠയാണോ അതിന്റെ പേരിലാണത് അറിയപ്പെടുക. ബ്രഹ്മാവ്, വിഷ്ണു, ശിവൻ, കൃഷ്ണൻ, ഗുരുവായൂരപ്പൻ പോലുള്ളവരുടെ വിഗ്രഹങ്ങൾ അവരുടെ പേരിലാണ് വിളിക്കപ്പെടുക. അല്ലാതെ കല്ലിൻ കഷണം, മരക്കുറ്റി, ഓട്ടിൻകഷണം, മൺകൂന എന്നിങ്ങനെ, എന്തുകൊണ്ടാണോ അവ നിർമിക്കപ്പെട്ടത് അവയുടെ പേരിലല്ല. എന്നാൽ കഅ്ബയിലെ കറുത്ത കല്ല് അതേ പേരിലാണ് അറിയപ്പെടുന്നത്. കറുത്ത കല്ല് എന്നതിന്റെ അറബിപദമാണ് ‘ഹജറുൽ അസ്‌വദ്’ എന്നത്. അത് പ്രതിഷ്ഠയോ പൂജാവസ്തുവോ വിഗ്രഹമോ അല്ലെന്നതിന് ഈ നാമം തന്നെ മതിയായ തെളിവാണ്.
Also read: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിൻെറ വിധി?
3. നൂറും അഞ്ഞൂറും ആയിരവും മീറ്റർ ഓട്ടമത്സരം നടക്കുമ്പോൾ ഓട്ടം ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്ബക്കു ചുറ്റും പ്രയാണം നടത്തുമ്പോൾ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുൽ അസ്‌വദ്. അതിനപ്പുറം അതിന് പ്രത്യേക പുണ്യമോ ദൈവികതയോ കൽപിക്കാൻ പാടില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചകന്റെ അടുത്ത അനുയായിയും രണ്ടാം ഖലീഫയുമായ ഉമറുൽ ഫാറൂഖ് ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ആ കല്ലിന് പ്രത്യേക പുണ്യം ആരും കൽപിക്കാതിരിക്കാനായി അദ്ദേഹം പറഞ്ഞു: ”നീ കേവലം ഒരു കല്ലാണ്. നബി തിരുമേനി നിന്നെ ചുംബിച്ചില്ലായിരുന്നുവെങ്കിൽ നിന്നെ ഞാനൊരിക്കലും മുത്തുമായിരുന്നില്ല.”
കഅ്ബക്കു ചുറ്റുമുള്ള പ്രയാണത്തിന് പ്രാരംഭം കുറിക്കാൻ അടയാളമായി കല്ലുതന്നെ വേണമെന്നുണ്ടോ? എന്നും ചോദിക്കാം.
”ഇതിന്റെ കാരണം തീർത്തും ചരിത്രപരമാണ്. അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി നിർമിക്കപ്പെട്ട ഭവനമാണ് കഅ്ബ. ദൈവം നിശ്ചയിച്ച സ്ഥലത്ത് ഇബ്‌റാഹീം നബിയും മകൻ ഇസ്മാഈൽ നബിയും കൂടിയാണത് നിർമിച്ചത്. ആ വിശുദ്ധ മന്ദിരത്തിന്റെ ഭാഗമെന്ന് തീർച്ചയുള്ള കല്ലാണ് ഹജറുൽ അസ്‌വദ്. അതിനാൽ പ്രവാചകൻമാർ പണിത ദേവാലയത്തിന്റെ ഭാഗമെന്ന ചരിത്രപരമായ പ്രാധാന്യമാണ് ആ കറുത്ത കല്ലിനുള്ളത്.
ദിവ്യത്വം കൽപിക്കപ്പെടുന്ന ആരാധ്യവസ്തുവല്ലെങ്കിൽ എന്തിനാണ് അതിനെ ചുംബിക്കുന്നത്? എന്നും സാധാരണ ചോദിക്കാറുണ്ട്.
മനുഷ്യർ പതിവായി ചുംബിക്കാറുള്ളത് ആരാധ്യവസ്തുക്കളെയല്ലല്ലോ; സ്‌നേഹിക്കപ്പെടുന്നവയെയാണല്ലോ. തന്റെ പൂർവികരായ ഇബ്‌റാഹീം നബിയും ഇസ്മാഈൽ നബിയും പണിത ദൈവിക ഭവനത്തിന്റെ ഭാഗമെന്ന നിലയിൽ മുഹമ്മദ് നബി അതിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. തന്റെ വിടവാങ്ങൽ തീർഥാടനത്തിൽ പ്രവാചകൻ അതിനെ ചുംബിച്ചു. അതിനാൽ എക്കാലവും എല്ലാ തീർഥാടകരും അതിനെ ചുംബിച്ചുവരുന്നു. പിന്നാലെ വരുന്ന വിശ്വാസികൾ തന്റെ മാതൃക പിന്തുടരുമെന്ന് പ്രവാചകന്നറിയാമായിരുന്നു. എന്നിട്ടും പ്രവാചകനതു ചെയ്തു. പിൻഗാമികളുടെ ചുണ്ടുകൾ തന്റെ ചുംബനത്തിന്റെ ഓർമകളുമായി കറുത്ത കല്ലിൻമേൽ പതിയുമെന്ന പ്രതീക്ഷയോടെത്തന്നെ. അതിനാൽ ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വെറുമൊരു കല്ല് മാത്രമാണതെന്ന് അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു.
Also read: സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കൊല്ലുന്നതിൻെറ വിധി
ഹജറുൽ അസ്‌വദിനുള്ള ചുംബനം പ്രവാചകനോടുള്ള സ്‌നേഹപ്രകടനം മാത്രമത്രെ. അതിൽ ആരാധനാവികാരമില്ല. ഉണ്ടാകാവതുമല്ല. കാലത്തിനപ്പുറത്തേക്ക് തന്റെ മുഴുവൻ അനുയായികൾക്കുമായി നബിതിരുമേനി അർപ്പിച്ച പ്രതീകാത്മകമായ പരിരംഭണത്തിൽ പങ്കുചേരുകയാണ് അതിനെ ഉമ്മവയ്ക്കുന്നവരൊക്കെയും. നിരവധി നൂറ്റാണ്ടുകളിലെ അനേകം തലമുറകളിലെ കോടാനുകോടി വിശ്വാസികളുടെ അധരസ്പർശമേറ്റിടത്ത് സ്വന്തം ചുണ്ടുകൾ വയ്ക്കുന്നതിലൂടെ വിശ്വാസി തന്നെ പൂർവികരുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ അവിരാമം തുടർന്നുവരുന്ന വിശ്വാസി സമൂഹത്തിന്റെ മഹാപ്രവാഹത്തിലെ ഒരു കണിക മാത്രമാണ് താനെന്ന ബോധം അത് തീർഥാടകനിലുണർത്തുന്നു. അങ്ങനെ നിരവധി നൂറ്റാണ്ടുകളിലൂടെ പരന്നുകിടക്കുന്ന പൂർവികരുമായി തന്നെ വൈകാരികമായി ബന്ധിക്കുന്നു. അത് മാനവതയുടെ ഏകതയെക്കുറിച്ച അവബോധം വളർത്തുകയും അവാച്യമായ അനുഭൂതി നൽകുകയും ചെയ്യുന്നു. അതിനപ്പുറം ആ കറുത്ത കല്ലിന് ദൈവികത കൽപിക്കുകയോ, അതിനെ പ്രതിഷ്ഠയായി ഗണിക്കുകയോ, ആരാധനാ വികാരത്തോടെ തൊടുകയോ ചുംബിക്കുകയോ വീക്ഷിക്കുകയോ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അത് ഇസ്‌ലാം കണിശമായി വിലക്കിയ ബഹുദൈവാരാധനയുടെ ഭാഗമത്രെ.