ചോദ്യം: ഭരണാധികാരിയുടെ ഉത്തരവുകൾക്ക് വഴിപ്പെടുക, ക്രമസമാധാനം നടപ്പിലാക്കുക തുടങ്ങിയ കാരണങ്ങൾക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധം നടത്തുന്ന ആളുകളെ വധിക്കുന്നതിന്റെ മതവിധിയെന്ത്? ചില അറബ് രാജ്യങ്ങളിൽ സർവ്വ സാധാരണമായി നടക്കുന്ന സംഭവമാണിത്. ഭരണകൂടത്തിന്റെ സൈന്യവും സുരക്ഷാ സേനയും സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്കെതിരെ വെടിയുതിർക്കുന്നു. അതിൽ ചിലർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഭരണാധികാരികളുടെ ഉത്തരവുകൾ നടപ്പിലാക്കുക, ക്രമസമാധാനം നിലനിൽത്തുകയെന്നതാണ് അവരതിന് പറയുന്ന ന്യായം. ശരീഅത്ത് പ്രകാരം ഇത് അനുവദനീയമാണോ? തോക്ക് കൊണ്ട് വെടിവെച്ച് കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് സ്വേഷ്ട പ്രകാരമാണെങ്കിലും ഭരണാധികാരികളുടെ ഉത്തരവുകൾ നടപ്പിലാക്കാനാണെങ്കിലും സമാധാനം നിലനിർത്താനാണെങ്കിലും അവർ അതിന് ഉത്തരവാദികളല്ലേ? ഇഹലോകത്തും പരലോകത്തും അവർക്ക് ഈ തെറ്റിന്റെ ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാനാകുമോ?
ഉത്തരം: അല്ലാഹുവിനാണ് സർവ്വ സ്തുതിയും. തിരുനബി(സ്വ)യുടെ മേൽ സമാധാനവും രക്ഷയുമുണ്ടായിരിക്കട്ടെ. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊല്ലലും പരിക്കേൽപ്പിക്കലും നിഷിദ്ധമായ കാര്യമാണ്. കാരണം, ശരീഅത്ത് വലിയ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ശരീര സംരക്ഷണം എന്നത്.
1- അല്ലാഹു പറയുന്നത് നോക്കൂ: ‘ഒരു സത്യവിശ്വാസിയെ കരുതിക്കൂട്ടി ഒരാൾ കൊല്ലുന്ന പക്ഷം നരകമാണവന്റെ പ്രതിഫലം. അവനതിൽ ശാശ്വതവാസിയായിരിക്കും. അല്ലാഹു അവനോട് കോപിക്കുകയും അവനെ ശപിക്കുകയും ചെയ്യും. കഠോര ശിക്ഷയാണ് അവന് അല്ലാഹു തയ്യാറാക്കിവെച്ചിട്ടുള്ളത്'(നിസാഅ്: 93). ഇവിടെ പറഞ്ഞ വിധിയുടെ കാരണം കരുതിക്കൂട്ടി ചെയ്തുവെന്നതാണ്. അതിനാൽ തന്നെ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ ആയുധം ഉപയോഗിച്ച് കൊല്ലുന്നത് മനപ്പൂർവ്വം തന്നെയാണെന്നത് വ്യക്തമാണ്.
2- ‘സത്യവിശ്വാസികളെ, വധിക്കപ്പെട്ടവരുടെ കാര്യത്തിൽ സ്വതന്ത്രനുപകരം സ്വതന്ത്രൻ, അടിമക്ക് അടിമ, വനിതക്കു വനിത എന്നിങ്ങനെ നിങ്ങൾക്ക് പ്രതിക്രിയ നിശ്ചയിക്കപ്പെട്ടിരിക്കുന്നു'(ബഖറ: 178) എന്ന ഭീഷണാത്മകമായ സൂക്തം അതിന്റെ പൂർത്തീകരണമാണ്. വിശുദ്ധ ഖുർആൻ പറയുന്നത് പോലെത്തന്നെ നിർബന്ധമായും നടപ്പിൽ വരുത്തേണ്ട കാര്യമാണിത്. അതെല്ലാം കൊലയാളികളിലും അങ്ങനെ തന്നെയാണ്. എന്നാൽ, പിഴവിലൂടെ കൊന്നാൽ അവനെതിരെ പ്രതിക്രിയ നടപ്പിലാക്കുകയില്ല. പരസ്പരം സന്ധിയിലായതിന് ശേഷം അതിക്രമം കാണിച്ച് കൊല നടത്തുന്നവരും പ്രതിക്രിയക്ക് വിധേയരാകുന്നതാണ്.
Also read: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിൻെറ വിധി?
സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ ആരെങ്കിലും മനപ്പൂർവ്വം കൊന്നാൽ മേൽപറഞ്ഞ സൂക്തം അവനിലും നടപ്പിലാക്കപ്പെടേണ്ടതാണ്. ആരെങ്കിലും അതിന് എതിര് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ വലിയ പാപമാണ് ചെയ്യുന്നത്. കൊലയാളിയെ സഹായിച്ച് പ്രാമാണികതയെ നിരസിക്കാനും അവന്റെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാനുമാണ് അവൻ ശ്രമിക്കുന്നത്. ‘ഒരു സത്യവിശ്വാസിയെ ആരെങ്കിലും കരുതിക്കൂട്ടി കൊന്നാൽ’ എന്ന ഖുർആനിക വചനം സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കൊല്ലുന്നവരെയും ഉൾകൊള്ളുന്നുണ്ടെന്നതിൽ ഒട്ടും സംശയമില്ല. ‘കൊലപാതകം നടത്തുന്നവരിൽ പ്രതിക്രിയ നിശ്ചയിക്കപ്പെട്ടിരിക്കുന്നു’, ‘ഈ പ്രതിക്രിയാനടപടിയിലാണ്, ബുദ്ധിമാന്മാരെ, നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്'(ബഖറ: 179) , ‘ജൂതന്മാർക്ക് നാം തൗറാത്തിൽ ഇപ്രകാരം നിയമം നിശ്ചയിച്ചിരുന്നു: ജീവനു പകരം ജീവൻ, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മറ്റു മുറിവുകൾക്ക് തതുല്യ പ്രതിക്രിയ'(മാഇദ: 45), തുടങ്ങിയ സൂക്തങ്ങളിലും ‘ഈ പ്രദേശത്ത്, ഈ മാസത്തിൽ, ഈ ദിവസത്തിൽ രക്തച്ചൊരിച്ചിൽ നടത്താതെ പവിത്രത കാത്തുസൂക്ഷിക്കുന്നതു പോലെ നിങ്ങൾ പരസ്പരം രക്തച്ചൊരിച്ചിൽ നടത്തുന്നതും നിഷിദ്ധമാണ്’ എന്ന തിരുമൊഴിയിലും പറഞ്ഞ വിധിന്യായം ഇവിടെയും കടന്നുവരും.
കൊലപാതകത്തിന്റെ വിധിന്യായങ്ങൾ പറയുന്ന പ്രമാണങ്ങൾ അനവധിയാണ്. സ്വന്തം ശരീരത്തെയും അഭിമാനത്തെയും സംരക്ഷിക്കേണ്ടി വരുന്നതൊഴികെ മറ്റെല്ലാ സമയത്തും മനപ്പൂർവ്വം കൊലപാതകം നടത്തുന്നതിന് ഖുർആനിലും ഹദീസിലും പറഞ്ഞ വിധി തന്നെയാണ്. ഇവിടെ സ്വന്തം ശരീരത്തിനും അഭിമാനത്തിനും സമ്പത്തിനും മുമ്പിൽ കൊലനടത്താൻ നിർബന്ധിക്കപ്പെചട്ടവൻ മനപ്പൂർവ്വം തന്നെയാണത് ചെയ്യുന്നത്. എന്നാൽ, സമാധാനപരമായി പ്രതിഷേധം നടത്തുന്നവരുടെ കാര്യത്തിൽ അത്തരമൊരു സാധ്യതയേ ഇല്ല.
പ്രതിഷേധമെന്നത് ആഗോള തലത്തിൽ സർവ്വ സാധാരണമായി നടക്കുന്ന പ്രതിഭാസമാണ്. ശരീഅത്തും ജനാധിപത്യവും നിയമവും അത് അംഗീകരിക്കുന്നുമുണ്ട്. പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധം നടത്താനും അഭിപ്രായ പ്രകടനങ്ങൾ നടത്താനുമുള്ള അവകാശങ്ങൾ നൽകപ്പെടണമെന്ന ഉപാദികളോടെയാണ് ഓരോ അധികാരിയും ഭരണത്തിലേറുന്നത്. പ്രതിഷേധക്കാരെ അക്രമിക്കുന്ന പക്ഷം അവൻ ഈ കരാറിന് എതിര് പ്രവർത്തിച്ചും അകാരണമായി രക്തച്ചൊരിച്ചിലുകൾ നടത്തിയും രണ്ട് കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്; ഭരണഘടനയുടെ ഉപാധികൾക്കെതിര് പ്രവർത്തിച്ചുവെന്ന തെറ്റും അകാരണമായി രക്തച്ചൊരിച്ചിൽ നടത്തിയെന്ന കുറ്റവും.
3- സുരക്ഷാ സൈനികരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കാൻ കൽപിക്കപ്പെടുന്നവർ അതിന് വഴിപ്പെടൽ അനുവദനീയമല്ല. കാരണം, ഭരണകൂടത്തെയും ഭരണാധികാരികളെയും അംഗീകരിക്കുകയും വഴിപ്പെടുകയും ചെയ്യുകയെന്നത് നിബന്ധനകൾക്ക് അതീതമായി മാത്രമാണ്. അടിസ്ഥാനപരമായി അല്ലാഹുവിനെയും മുഹമ്മദ് നബി(സ്വ)യെയുമാണ് ഉപാദികൾക്കതീതമായി വഴിപ്പെടേണ്ടത്. അല്ലാഹുവിനെയും നബി(സ്വ)യെയും വഴിപ്പെടുകയെന്നത് ഭരണാധികാരികൾക്ക് എതിര് പ്രവർത്തിക്കലാകില്ലല്ലോ. അതുകൊണ്ട് കൊല്ലരുതെന്ന ദൈവിക കൽപനയുണ്ടാകുമ്പോൾ കൊല്ലണമെന്ന ഭരണാധികാരിയുടെ കൽപന അസ്ഥാനത്താണ്. അതുകൊണ്ടാണ് കർമ്മശാസത്ര പണ്ഡിതന്മാർ ഭരണാധികാരികളെ വഴിപ്പെടുന്നതിന് ചില നിബന്ധനകൾ വെച്ചത്: ‘ശരീഅത്തിന് വിരുദ്ധമായ കാര്യത്തിലേക്കാണ് ഭരണാധികാരി ക്ഷണിക്കുന്നതെങ്കിൽ അവരെ വഴിപ്പെടേണ്ടതില്ല’. ഇതിന് ഉപോത്ബലകമാകുന്ന നിരവധി ഹദീസുകൾ മുസ്ലിം ഇമാം ഉദ്ധരിക്കുന്നുണ്ട്.
Also read: ഇസ്‌ലാമും പരിണാമസിദ്ധാന്തവും
നബി(സ്വ) പറയുന്നു: ‘തിന്മകൾ കൽപിക്കാത്ത കാലത്തോളം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഭരണാധികാരിയെ വഴിപ്പെടൽ ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം അനിവാര്യമാണ്. ഇനിയവൻ തെറ്റുകൊണ്ട് കൽപിക്കുകയാണെങ്കിൽ അവന് ചെവികൊടുക്കുകയോ വഴിപ്പെടുകയോ ചെയ്യേണ്ടതില്ല'(1469/3), ഉമ്മുൽ ഹുസൈൻ ഉദ്ധരിക്കുന്നു; ഹജ്ജത്തുൽ വിദാഇന്റെ വേളയിൽ അല്ലാഹുവിന്റെ പ്രവാചകൻ(സ്വ) പറഞ്ഞു: ‘കറുത്തൊരു അടിമയാണ് നിങ്ങൾക്ക് ഭരണാധികാരിയായി വന്നതെങ്കിൽ, അല്ലാഹുവിന്റെ വചനംകൊണ്ട് നിങ്ങളെ നയിക്കുന്ന കാലത്തോളം നിങ്ങളവനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം'(1468/3).
നേതൃത്വത്തെ അംഗീകരിക്കാനുള്ള ഉപാധി അവൻ ദൈവിക ഗ്രന്ഥമനുസരിച്ച് സമൂഹത്തെ നയിക്കണമെന്നതാണ്. അതിനാൽതന്നെ വിശുദ്ധ ഖുർആനിനും ശരീഅത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും കൽപനകൾ പുറപ്പെടീക്കുന്നവരെയും അനുസരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടതില്ല. ശരീഅത്തിന്റെ കൽപനകൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നതാണ് ഒരു അധികാരിയുടെ നിബന്ധനയായി പറഞ്ഞത്. അതിന് എതിര് പ്രവർത്തിക്കുന്നവൻ അംഗീകാരം അർഹിക്കുന്നേയില്ല. ഇതാണ് ഇസ്ലാമിന്റെ രാഷ്ട്രീയ രീതി. ഇതടിസ്ഥാനമാക്കിയാണ് ‘ഭരണാധികാരി പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കണം. എന്നാൽ, ശരീഅത്തിന് വരുദ്ധമായതൊന്നും തന്നെ അംഗീകരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യേണ്ടതില്ല. നീതിമാനായ ഭരണാധികാരിയാണെങ്കിൽ പോലും ദൈവിക ചര്യകൾക്ക് എതിര് പ്രവർത്തിക്കാൻ കൽപിക്കുന്നവനാണെങ്കിൽ അവനെ അംഗീകരിക്കേണ്ടതില്ല’ എന്ന് പണ്ഡിതന്മാർ പറഞ്ഞത്.
അതുകൊണ്ടാണ് പണ്ഡിതനായ ഇബ്‌നു അബ്ദിസ്സലാം ശരീഅത്തിന് യോചിക്കാത്ത കാലത്തോളം വിഡ്ഢികളായ രാജാക്കന്മാരെയോ ഭരണാധികാരികളെയോ അംഗീകരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. കാരണം, അവരവരുടെ കൽപനകളെ ശരീഅത്തിന്റെ കൽപനകളുമായി ചേർത്ത് സത്യവും അസത്യവും നന്മയും തിന്മയും തമ്മിൽ കൂട്ടിക്കലർത്താൻ ശ്രമിക്കും. അതിന് ഉപോത്ബലകമാകുന്നൊരു ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നു; ‘വിഡ്ഢികളായ ഭരണാധികാരികളെ അവർ തിരഞ്ഞെടുത്തു. തന്മൂലം അവർ അജ്ഞരായി ഫതുവകൾ നൽകുകയും വഴിപിഴച്ചു പോവുകയും ചെയ്തു’. വിഡ്ഢികളായ ഭരണാധികാരികളെ അംഗീകരിക്കൽ നിരപാധികം തെറ്റാണ്. ഇനിയവൻ ശരീഅത്തിനോട് യോചിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ അവനെ പിന്തുടരുകയും മറിച്ചാണെങ്കിൽ അംഗീകരിക്കാതിരിക്കുകയും ചെയ്യണം. ഇബ്‌നു അബ്ദിസ്സലാം പറയുന്നു: ‘ശരീഅത്തിൽ അനുവദനീയമായ കാര്യങ്ങൾകൊണ്ടാണ് ഭരണാധികാരി കൽപിക്കുന്നതെന്ന് വ്യക്തമാകാത്ത കാലത്തോളം വിഡ്ഢികളായ ഭരണാധികാരികളെ പിന്തുടരേണ്ടതില്ല’.
ഇക്കാരണങ്ങൾ കൊണ്ടെല്ലാമാണ് നാല് മദ്ഹബിലെയും കർമ്മശാസ്ത്ര പണ്ഡിതന്മാർ കൊലപാതകത്തെ ശക്തിയുക്തം എതിർക്കുന്നത്. ഒരു ഭരണാധികാരി ഒരാളെ അതിന് നിർബന്ധിച്ചാലും അവനതിന് മുതിരരുത്. അല്ലാത്തപക്ഷം, അവനതിന്റെ ഉത്തരവാദിയായിത്തീരുന്നതാണ്.
Also read: നിക്കാഹ് മാത്രം കഴിഞ്ഞവർക്കിടയിലെ അനന്തരാവകാശം?
ശാഫിഈ മദ്ഹബിലെ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയുന്നു: ഒരു മുസ്ലിമായ വ്യക്തി കാഫിറായ ഒരാളെ കൊന്നതിന് സാക്ഷി നിൽക്കാൻ ഹനഫിയായ ഒരു ഭരണാധികാരി അവനെ ക്ഷണിച്ചാൽ അവനത് അംഗീകരിക്കേണ്ടതില്ല. കാരണം, അത് അവന് തന്നെ വിനയായി സംഭവിച്ചേക്കാം. അപ്രകാരം തന്നെ ഹനഫിയായ ഒരു വിധികർത്താവ് കാഫിറിനെ വധിച്ചതിന്റെ പേരിൽ മുസ്ലിമിന് വധശിക്ഷ നടപ്പിലാക്കാൻ കൽപിച്ചാൽ ശാഫിഇയായ ഒരു ആരാച്ചാർക്ക് അത് അംഗീകരിക്കൽ അനുവദനീയമല്ല. എന്ന് മാത്രമല്ല, അത് നിഷിദ്ധവുമാണ്. ഹനഫി കർമ്മശാസ്ത്ര പ്രകാരം കാഫിറായ ഒരു വ്യക്തിയെ കൊന്നതിന്റെ പേരിൽ മുസ്ലിമായ ഒരുത്തനെ വധിക്കാൻ രാജാവ് ഒരു ആരാച്ചാറെ ഏൽപ്പിച്ചാൽ രാജാവിന്റെ മദ്ഹബുകാരനല്ലെങ്കിൽ അത് നടപ്പിൽ വരുത്തേണ്ടതില്ല. അവനതിന് വഴിപ്പെട്ടാൽ പിന്നെ അവനതിന് ഉത്തരവാദിയാകും. മാലിക്കി മദ്ഹബ് പ്രകാരം, മോഷ്ടാവിന്റെ കൈവെട്ടാൻ അക്രമിയായ ഒരു ഭരണാധികാരി നിന്നെ വിളിച്ചാൽ, അവൻ പറഞ്ഞതല്ലാതെ അത് സത്യമാണെന്ന ബോധ്യമില്ലെങ്കിൽ അത് നീതിയാണെന്ന് വ്യക്തമാകാത്ത കാലത്തോളം അവനെ അംഗീകരിക്കേണ്ടതില്ല.
4- കൊല്ലാൻ വേണ്ടി ഒരു വ്യക്തിയെ നിർബന്ധിക്കാൻ ഒരാൾക്കും അവകാശമില്ല. സൈനികൻ വധിക്കാൻ നിർബന്ധിക്കപ്പെട്ടതാണെന്ന് പറയുന്നവരുണ്ട്. ഒരാൾക്കും ഒരാളെയും കൊലപാതകത്തിന് നിർബന്ധിക്കാൻ അവകാശമില്ലെന്നത് പണ്ഡിതന്മാരുടെ ഐക്യകണ്ഠമായ തീരുമാനമാണെന്നതാണ് അവരോട് പറയാനുള്ളത്. ഇബ്‌നു അറബി പറയുന്നു: ഒരാൾ കൊലപാതകത്തിന് നിർബന്ധിക്കപ്പട്ടാൽ എന്താണ് ചെയ്യേണ്ടതെന്നതിൽ അഭിപ്രായ ഭിന്നതയില്ല. മറ്റൊരാളെ കൊന്ന് അവന്റെ ശരീരത്തെ സ്വയം ബലിയാടാക്കേണ്ടതില്ല. അവന് വന്നു ഭവിച്ച പരീക്ഷണത്തിൽ അവൻ ക്ഷമ കൈകൊള്ളണം(അഹ്കാമുൽ ഖുർആൻ- 160/3). കൊലപാതകം നടത്തിയ വ്യക്തിയുടെ മേൽ പ്രതക്രിയ നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും. ശാഫിഈ ഇമാം തന്റെ ഉമ്മ് എന്ന ഗ്രന്ഥത്തിൽ പറയുന്നു: അതിക്രമമായാണ് താൻ ഒരാളെ കൊല്ലുന്നതെന്ന് കൽപിക്കപ്പെട്ടവന് ഉറപ്പുണ്ടെങ്കിൽ അവനെയും ഭരണാധികാരിയെയും പ്രതിക്രിയക്ക് വിധേയമാക്കപ്പെടും.
നിർബന്ധിതനായിത്തന്നെ ഒരു സൈനികൻ പ്രതിഷേധക്കാരിൽ പെട്ട ഒരാളെ കൊന്നാൽ അവന്റെ മേലും അവനെ നിർബന്ധിച്ചവന്റെ മേലും പ്രതിക്രിയ നിശ്ചയിക്കപ്പെടും. ഇതാണ് ഹമ്പലി മദ്ഹബിന്റെ പക്ഷം. ശാഫിഈ ഇമാമും അത് അംഗീകരിക്കുന്നു. എന്നാൽ നിർബന്ധിച്ചവനെയാണ് പ്രതിക്രിയക്ക് വിധേയനാക്കേണ്ടതെന്നാണ് ഇമാം അബൂ ഹനീഫയുടെ കാഴ്ചപ്പാട്. എന്നാൽ, അബദ്ധവശാൽ ഒരാളെ കൊന്ന വ്യക്തയുടെ മേൽ ഇതൊന്നും തന്നെ ബാധകമാവുകയില്ല.
Also read: ഭാര്യയുടെ മൊബൈൽ പരിശോധിക്കാൻ അനുവാദമുണ്ടോ?
രത്‌നച്ചുരുക്കം: സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്കെതിരെ വെടിയുതിർക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത്, ഏത് വിധേനയാണെങ്കിലും ശരീഅത്തിന്റെ കാഴ്ചപ്പാട് പ്രകാരം നിഷിദ്ധമാണ്. അവനതിന് ഉത്തരവാദിയായിത്തീരുകയും ചെയ്യും. ഇതിൽ നിന്നും അവന് രക്ഷയാകുന്ന തരത്തിലുള്ള ഒരു പ്രമാണവും വന്നിട്ടില്ല. അതിനാൽതന്നെ ആരെങ്കിലും അതിന് മുതിർന്നാൽ അവൻ കുറ്റക്കാരനാകും. അവന്റെമേൽ പ്രതിക്രിയ നിശ്ചയിക്കപ്പെടുകയും ചെയ്യും.
വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍