Friday, December 1, 2023
HomeQ&Aസകാത്ത് അടുത്ത ബന്ധുവിന് നല്‍കല്‍

സകാത്ത് അടുത്ത ബന്ധുവിന് നല്‍കല്‍

ചോദ്യം- ഉമ്മയുടെ / സഹോദരന്‍റെ സകാത്ത് ,പ്രയാസം അനുഭവിക്കുന്ന ഭര്‍ത്തൃമതിയായ മകള്‍ക്ക് / സഹോദരിക്ക് നാല്‍കാമോ?

ഉത്തരം- വര്‍ഷത്തില്‍ ഒരിക്കലാണ് വിശ്വാസി സകാത്ത് നല്‍കേണ്ടത്. ആ ഒരു വര്‍ഷത്തിനിടയില്‍ അയാള്‍ക്ക് ഉണ്ടായ ഹലാലായ, ധൂര്‍ത്തൂം ദുര്‍വ്യയവുമാവാതെ, പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള എല്ലാ ചെലവുകളും കഴിഞ്ഞ് ബാക്കിയുള്ള സംഖ്യ നിസ്വാബ് (സകാത്ത് ബാധകമാവുന്ന മിനിമം സംഖ്യ) ഉണ്ടെങ്കിലേ അയാള്‍ സകാത്ത് നല്‍കേണ്ടതുള്ളൂ.

ഇവിടെ നമ്മുടെ ഒന്നാമത്തെ ചര്‍ച്ചാ വിഷയം ഒരാളുടെ ചെലവുകള്‍ എന്തൊക്കെയാണ് എന്നാണ്. ഒരാള്‍ തന്‍റെ സ്വന്തത്തിനും, മാതാപിതാക്കള്‍ക്കും, ഭാര്യാസന്താനങ്ങള്‍ക്കും ചെലവിന് കൊടുക്കല്‍ നിര്‍ബന്ധ ബാദ്ധ്യതയാണ്. ഒരാളുടെ കുടുംബം അതിനെക്കാള്‍ കുറെക്കൂടി വിശാലമാണ്. അവിടെ സഹോദരങ്ങള്‍, പിതൃസഹോദരങ്ങള്‍, മാതൃസഹോദങ്ങള്‍ എന്നിങ്ങനെ അടുത്തതും അകന്നതുമായ ബന്ധുക്കളും, അയല്‍ക്കാരും, സുഹൃത്തുക്കളും ചേര്‍ന്നതാണ്. അവരുടെ വിഷയങ്ങളും ആവശ്യമെങ്കില്‍ പരിഹരിക്കേണ്ടത് ഇയാളുടെ കുടുംബപരമായ ബാധ്യതയാണ്. സാമൂഹിക ജീവിയായ മനുഷ്യന്‍ അവന്റെ സമൂഹത്തോടും കുറെ ബാദ്ധ്യതകളുണ്ട്. അതൊക്കെ ആവശ്യാനുസൃതം പരിഹരിക്കേണ്ടതും നിര്‍വ്വഹിക്കേണ്ടതും വിശ്വാസികള്‍ തന്നെയാണ്. അപ്പോള്‍ ഒരു വര്‍ഷത്തെ ചെലവ് എന്നാല്‍ മേല്‍പ്പറഞ്ഞവയൊക്കെ ഉള്‍ക്കൊള്ളുന്ന ഹലാലായ എല്ലാ ചെലവുകളുമാണ്.

മേല്‍പ്പറഞ്ഞ അത്രയും വിശാലമാണ് ഒരു മുസ്ലിം വ്യക്തിയുടെ കുടുംബ-സാമൂഹിക വൃത്തം എങ്കില്‍, ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട മകള്‍ / സഹോദരി ബുദ്ധിമുട്ടിലായിരിക്കെ മാതാവും സഹോദരനുമൊക്കെ എങ്ങിനെയാണ് സകാത്ത് കൊടുക്കാന്‍ തക്ക പണം ഒരു കൊല്ലം കൈവശം വെക്കുകയും, സകാത്ത് കണക്കാക്കുമ്പോള്‍ മാത്രം ഈ മകളേയും സഹോദരിയെയുമൊക്കെ ഓര്മ്മ വരുകയും ചെയ്യുന്നത്! ഇസ്ലാമിന്‍റെ കാരുണ്യത്തിനും പരസ്പര സഹകരണത്തിനും വിരുദ്ധമാണ് ഈ നടപടി. അയല്‍വാസി പട്ടിണി കിടക്കെ വയര്‍ നിറക്കാന്‍ അനുവാദമില്ലാത്ത വിശ്വാസി എങ്ങിനെ മകളേയും സഹോദരിയെയും ബുദ്ധിമുട്ടാനായി വിട്ടേക്കും!

വിവാഹിതയായ മകള്‍ക്ക് / സഹോദരിക്ക് ചെലവിന് നല്കാന്‍ മാതാവോ സഹോദരനോ നേര്‍ക്കുനേരെ ഉത്തരവാദിയല്ല എന്നതിനാല്‍, അവര്‍ സകാത്ത് നല്‍കുന്ന വേളയില്‍ (വ്യക്തിതലത്തിലാണ് നല്‍കുന്നതെങ്കില്‍) അവര്‍ ആദ്യം പരിഗണിക്കേണ്ടത് ഈ മകളെ / സഹോദരിയെ ആണ്. കാരണം അത് സകാത്ത് വീട്ടലും കുടുംബബന്ധം ചേര്‍ക്കലും എന്ന് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!