ചോദ്യം- എന്‍റെ ഭാര്യയുടെ കൈവശം ഡയമണ്ട് പോലെ വിലപിടിച്ച ആഭരണങ്ങള്‍ ഉണ്ട്. അതിന്‍റെ സകാത്ത് കണക്കാക്കുന്നത് എങ്ങിനെയാണ്?
ഉത്തരം – സാധാരണഗതിയില്‍ സ്വര്‍ണവും വെള്ളിയുമാണ് ആഭരണമായി ഉപയോഗിക്കുന്നത്. മറ്റ് കല്ലുകള്‍ കൊണ്ടുള്ള ആഭരണങ്ങളും ഉപയോഗിക്കാറുണ്ട്. ഭൂമിയില്‍ നിന്ന് കിട്ടുന്നതും കടലില്‍ നിന്ന് കിട്ടുന്നതുമായ കല്ലുകള്‍ ഉണ്ട്. ഇവയൊക്കെ സ്വര്‍ണത്തേക്കാള്‍ വിലകൂടിയതുമാണ്.
ആഭരണങ്ങളുടെ സകാത്ത് സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ട് എന്ന് അത് സംബന്ധമായ ചോദ്യത്തിന് മറുപടിയായി നാം പറഞ്ഞിട്ടുണ്ട്. സൂക്ഷ്മതയ്ക്ക് വേണ്ടി നിസ്വാബ് ഉള്ളപ്പോള്‍ സകാത്ത് നല്‍കുന്നതാണ് നല്ലത് എന്ന് അവിടെ പറഞ്ഞിട്ടുണ്ട്.
സ്വര്‍ണ്ണത്തിനും വെള്ളിക്കും സകാത്ത് ബാധകമാണ് എന്ന് പറഞ്ഞ ഇമാമുമാര്‍ പോലും ഡയമണ്ട് പോലുള്ള കല്ലുകള്‍ക്ക് സകാത്ത് ബാധകമല്ല എന്നാണ് പൊതുവേ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇമാം അബൂഹനീഫ (റ) മാത്രമാണ് സകാത്ത് ബാധകമാണ് എന്ന് പറഞ്ഞിട്ടുള്ളത്. അതിര് കവിഞ്ഞ ആര്‍ഭാടം ആയിത്തീരുന്നെങ്കില്‍ അതിന് സകാത്ത് നല്കണം എന്നാണ് ശാഫീ മദ്ഹബിലെ ഒരു അഭിപ്രായം. ആഭരണം ആണെങ്കില്‍ സകാത്തില്ല, എന്നാല്‍ കച്ചവടം ആണെങ്കില്‍ കച്ചവടത്തിന്റെ സകാത്ത് ബാധകമാണ് എന്നാണ് മറ്റൊരു അഭിപ്രായം.
• പഴയ കാലത്ത് ഇത്തരം കല്ലുകള്‍ കൊണ്ടുള്ള ആഭരണം ഉപയോഗിച്ചിരുന്നുവെങ്കിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മൂല്യം ഉണ്ടായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.
• ഇന്നത്തെ കാലത്ത് ഇവയുടെ മൂല്യം സ്വര്‍ണ്ണത്തിനെക്കാളും പതിന്‍മടങ്ങായിട്ടുണ്ട്.
• പലരും സ്വര്‍ണത്തേക്കാള്‍ ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത് ഇത്തരം ആഭരണങ്ങള്‍ ആയിട്ടുമുണ്ട്.
• പണം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗമായി പലരും ഇത്തരം ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാറുണ്ട്.
• സ്വര്‍ണ്ണം പോലെ തന്നെ ആവശ്യഘട്ടങ്ങളില്‍ വേഗം കാഷ് ആക്കിയെടുക്കാന്‍ കഴിയും എന്നതാണ് അതിലെ ആകര്‍ഷണം.
ഇതൊക്കെ പരിഗണിച്ച് രത്നങ്ങള്‍ക്കും കല്ലുകള്‍ക്കും സകാത്ത് നല്‍കുന്നതാണ് കൊടുത്തല്‍ സൂക്ഷ്മത എന്നാണ് കുറിപ്പുകാരന്‍ മനസ്സിലാക്കുന്നത്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1