Friday, November 24, 2023
HomeQ&Aസ്വര്‍ണാഭരണത്തിന്‍റെ സകാത്ത്

സ്വര്‍ണാഭരണത്തിന്‍റെ സകാത്ത്

ചോദ്യം: സ്വര്‍ണത്തിന്‍റെ സകാത്ത് ബാധകമാവുന്നത് എത്ര പവന്‍ ഉള്ളപ്പോഴാണ്?

ഉത്തരം:
• സകാത്ത് ബാധകമാവുന്ന ഏറ്റവും കുറഞ്ഞ അളവിന് “നിസ്വാബ്” എന്നാണ് സകാത്തിന്‍റെ സാങ്കേതികഭാഷയില്‍ പറയുന്നത്.
• സ്വര്‍ണ്ണം കയ്യിലുള്ള സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിസ്വാബ് എത്തിയാല്‍ സകാത്ത് നല്‍കേണ്ടതാണ്.
• നബി തിരുമേനിയുടെ (സ) കാലത്ത് സ്വര്‍ണത്തിന്‍റെ നിസ്വാബ് 20 ദീനാര്‍ ആണ്.
• ദീനാര്‍ എന്നാല്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണനാണയം ആണ്. അത് 24 കാരറ്റ് തങ്കം ആണ്.
• നമ്മുടെ കയ്യില്‍ ഉണ്ടാവുന്ന സ്വര്‍ണ്ണ കോയിന്‍, ബിസ്കറ്റ് മുതലായവ 24 കാരറ്റ് തങ്കം ആണ്.
• 20 ദീനാര്‍ ഇന്നത്തെ കിലോഗ്രാം കണക്കില്‍ 85 ഗ്രാം ആണ്.
• അങ്ങിനെ 24 കാരറ്റ് തന്നിത്തങ്കം ആയ 85 ഗ്രാം സ്വര്‍ണ്ണം കയ്യിലുള്ള വ്യക്തി സകാത്ത് നല്കണം.
• 84 ഗ്രാം വരെയും സകാത്ത് നല്‍കേണ്ടതില്ല.
• 85 ഗ്രാം തികയുമ്പോള്‍ അതിനു സകാത്ത് നല്കണം.
• 85 ഗ്രാമോ അതില്‍ കൂടുതലോ എത്ര ഗ്രാം കയ്യിലുണ്ടോ അതിന് മുഴുവന്‍ സകാത്ത് നല്കണം; 85 ഗ്രാം കഴിഞ്ഞുള്ള സ്വര്‍ണ്ണത്തിനല്ല.
• ആഭരണം ഉണ്ടാക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത് 24 കാരറ്റ് സ്വര്‍ണ്ണം അല്ല.
• സാധാരണഗതിയില്‍ അത് 22 കാരറ്റ് സ്വര്‍ണ്ണമാണ്. 20 ഉം 18 ഉം കാരറ്റ് ആഭരണങ്ങളും ഉണ്ടാവാറുണ്ട്.
• ആഭരണത്തിന്‍റെ സകാത്ത് കണക്കാക്കുമ്പോള്‍ ഈ വ്യത്യാസം പരിഗണിക്കേണ്ടതാണ്.
• ഖുര്‍ആനില്‍ സ്വര്‍ണ്ണം എന്നേ പരാമര്‍ശം ഉള്ളൂ. ആഭരണം എന്ന് പ്രത്യേകം ഇളവ് ഖുര്‍ആനില്‍ വന്നിട്ടില്ല.
• ആഭരണത്തിന് സകാത്ത് ബാധകമാണ് എന്ന സ്വഹീഹ് ആയ ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
• ധരിക്കുന്ന ആഭരണം, സൂക്ഷിയ്ക്കുന്ന ആഭരണം എന്ന വേര്‍തിരിവ് ചില ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം.
• സകാത്ത് ഒരു നിര്‍ബന്ധ ഇബാദത്ത് ആയതിനാല്‍, ആഭരണത്തിനും സകാത്ത് നല്‍കലാണ് സൂക്ഷ്മതയുടെ നിലപാട്.
• ആഭരണത്തിന്‍റെ സകാത്ത് കണക്കാക്കുമ്പോള്‍ കാരറ്റ് വ്യത്യാസം പരിഗണിക്കണം എന്ന് മുകളില്‍ പറഞ്ഞു.
• എത്ര ഗ്രാമാണോ ആഭരണം കയ്യില്‍ ഉള്ളത്, അതിനെ 24 കാരറ്റ് ആക്കി കണക്കാക്കണം.
• 15 പവന്‍ (120 ഗ്രാം) 22 കാരറ്റ് ആഭരണം കയ്യിലുള്ള ആളുടെ കണക്ക് ഇങ്ങിനെയാണ്: 120 x 22 / 24 = 110 ഗ്രാം 24 കാരറ്റ്.
• 15 പവന്‍ 18 കാരറ്റ് ആഭരണം കയ്യിലുള്ള ആളുടെ കണക്ക് ഇങ്ങിനെയാണ്: 120 x 18 / 24 = 90 ഗ്രാം 24 കാരറ്റ്.
• 22 കാരറ്റ് ആഭരണങ്ങള്‍ ആണെങ്കില്‍ 92.73 ഗ്രാം ഉണ്ടെങ്കിലേ സകാത്ത് ബാധകമാവൂ.
• നിസ്വാബ് എത്തിയ സ്വര്‍ണത്തിന്‍റെ രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്.
• 85 ഗ്രാമിന്‍റെ രണ്ടര ശതമാനം 2.125 ഗ്രാം ആണ്. 120 ഗ്രാമിന്‍റെ രണ്ടര ശതമാനം 3 ഗ്രാം ആണ്.
• എത്ര ഗ്രാം സ്വര്‍ണമാണോ കയ്യിലുള്ളത് അതിനെ 2.5 കൊണ്ട് ഗുണിക്കുക, എന്നിട്ട് 100 കൊണ്ട് ഹരിക്കുക. അങ്ങിനെ കിട്ടുന്ന സംഖ്യയാണ് സകത്തായി നല്‍കേണ്ടത്.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!